ഹിമാലയദുരന്തം നമുക്ക് നല്‍കുന്ന പാഠം.

**Mohanan Sreedharan | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടുണ്ടായ  നൂറുകണക്കിനാളുകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അവീടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്ക് വളരെപ്പെട്ടെന്നൊരു മോചനം ആശംസിക്കുകയും ചെയ്യുന്നു.


                                            ഹിമാലയം - ഹിന്ദുക്കളുടെ ,ബുദ്ധമതക്കാരുടെ ഒക്കെ പുണ്യമായ ഭൂമി.ദൂരെ നിന്നു പോലും ഹിമാലയത്തിനെ നമിച്ച് ദിനകൃത്യങ്ങള്‍ ആരംഭിക്കുന്നവര്‍ തൊട്ട്  അങ്ങ് ദൂരെ ഹിമാലയത്തിന്റെ മഞ്ഞുഭൂമികളിലെവിടയോ പാര്‍ക്കുന്ന ആ അല്‍ഭുത സന്യാസിമാര്‍ക്കായി കാത്തിരിക്കുന്നവര്‍ വരെ ഉത്തരേന്ത്യയില്‍ സമൃദ്ധമാണ്.അതുകൊണ്ടു തന്നെ ഈ മതക്കാരുടെയൊക്കെ നിരവധി ആരാധനാലയങ്ങള്‍ ഇവിടങ്ങളിലുണ്ട്.ഇവിടങ്ങളിലേക്ക് തീര്‍ത്ഥയാത്ര പോവുക, ആ യാത്രക്കിടയില്‍ ആ മഞ്ഞുമലകളുടെ നിറുകയിലെവിടെയെങ്കിലും വീണ് മരിക്കുക എന്നത് വലിയൊരു പുണ്യമാണ് അവര്‍ക്ക്.അതുകൊണ്ടുതന്നെ വര്‍ഷം തോറും അവിടേയ്ക്ക് തീര്‍ത്ഥയാത്ര ചെയ്യുവാന്‍ ആയിരങ്ങളാണെത്തുന്നത്.ഒറ്റപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഇതു പോലത്തെ കൂട്ടമരണങ്ങള്‍ അപൂര്‍വമായെങ്കിലും സംഭവിക്കാറുണ്ട്.എന്നാല്‍ ഇത്തവണത്തെ പോലത്തെ മരണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.നമുക്കിതിന്റെ ഉള്ളുകള്ളികളിലേക്കൊന്നിറങ്ങി നോക്കിയാലോ?
                                  ഭൂമിശാസ്ത്രപരമായി ഹിമാലയപര്‍വതം രൂപം കൊണ്ടിരിക്കുന്നത് ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ ( ) കൂട്ടിയിടിച്ചതുകൊണ്ടാണെന്നാണ്.ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റുകളാവട്ടെ വര്‍ഷത്തില്‍ ശരാശരി 15 മില്ലിമീറ്റര്‍ എന്ന തോതില്‍ നീങ്ങി 40 - 50 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറേഷ്യന്‍ ഭൂഖണ്ഡവുമായി കൂട്ടിയിടിക്കുകയും അതിന്റെ ഫലമായി ഇടി നടന്ന അരികിലെ പ്ലേറ്റ് ഒടിഞ്ഞ് നുറുങ്ങി മുകളിലേയ്ക്കുയര്‍ന്ന് വന്നു.അതാണത്രെ ഹിമാലയം.ഇതിന്റെ ഏറ്റവും വലിയ തെളിവായി അവര്‍ പറയുന്നത് ഹിമാലയത്തിലെ മണ്ണിനുള്ള ഉറപ്പില്ലായ്മയാണ്.അതോടൊപ്പം തന്നെ ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടിയില്‍ മിക്കവാറും കാണപ്പെടുന്നത് കടല്‍ത്തട്ടിലെ ചുണ്ണാമ്പ് കല്ലാണത്രെ.തീര്‍ന്നില്ല വിശേഷങ്ങള്‍ - ഈ പ്ലേറ്റുകള്‍ ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ്, പ്രതിവര്‍ഷം ഏതാണ്ട് 67 മില്ലിമീറ്റര്‍ നിരക്കില്‍.ഇതിന്റെ ഫലമായി ഹിമാലയം മുകളിലേയ്ക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ് പ്രതിവര്‍ഷം 5 മില്ലീമീറ്റര്‍ നിരക്കില്‍.ആ മേഖലയില്‍ ഭൂമികുലുക്കങ്ങള്‍ സര്‍വസാധാരണമായതിന്റെ ഒരു കാരണം ഇതാണത്രെ.
               അപ്പോള്‍ ഹിമാലയവും അതിന്റെ ഘടനയും വളരെ ലോലമാണെന്നുകാണാം.വന്‍‌തോതിലുള്ള കയ്യേറ്റം ഹിമാലയത്തെ മാത്രമല്ല അതിന്റെ ചുവട്ടിലുള്ള പ്രദേശത്തെയാകെ നശിപ്പിച്ചിരിക്കും.അതുകൊണ്ടു തന്നെ വളരെ ശ്രദ്ധാപൂര്‍വം നടപ്പാക്കേണ്ട ഒന്നായിരുന്നു ഹിമാലയത്തിലെ വികസനപ്രവര്‍ത്തികള്‍.എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിമോഹവുമായി എന്തിനേയും മുച്ചൂടും നശിപ്പിച്ച് തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനായി ഇറങ്ങിയ ഒരു കൂട്ടം കാട്ടുകള്ളന്മാരുടെ കയ്യിലായിപ്പോയി ഹിമാലയത്തിന്റെ വികസനം.അവര്‍ ഒരല്‍പ്പം തീര്‍ത്ഥാടകപ്രാധാന്യമുള്ള സ്ഥലങ്ങളൊക്കെയും കയ്യേറി വെളുപ്പിച്ച് അംബരചുമ്പികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാരംഭിച്ചു.ഹിമാലയത്തിന്റെ സന്തുലനം ശ്രദ്ധിക്കാതെ എവിടെയും എന്തും ചെയ്യാം എന്ന സമീപനം അവര്‍ സ്വീകരിച്ചു.ഇതിന്റെ മാത്രം പരിണിതഫലമാണ് ഇപ്പോള്‍ ഹിമാലയത്തിലുണ്ടായ ദുരന്തം.അതുകൊണ്ടുമാത്രമാണ് ദുരന്തം നടന്നയുടനെ ചില ശാസ്ത്രജ്ഞന്മാര്‍ ഇത് പ്രകൃതിദുരന്തമല്ല പിന്നയോ മനുഷ്യരുണ്ടാക്കിയ ദുരന്തമാണെന്ന് പ്രഖ്യാപിച്ചത്.
                  ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.ദേശാഭിമാനി വാരികയില്‍ ‘ഗോമുഖ് : അനുഭൂതികളുടെ മേഘസ്പോടനങ്ങള്‍ ‘ എന്ന പേരില്‍ ഹിമാലയ യാത്രാ വിശേഷങ്ങള്‍ എഴുതുന്ന കെ ആര്‍ അജയന്‍ ഇങ്ങനെ എഴുതുന്നു:- “ .................... ഞങ്ങളുടെ മുന്നിലേയ്ക്ക് താഴെ കുത്തിറക്കത്തില്‍ നിന്ന് ഒരു വൃദ്ധ നടന്നടുക്കുന്നു.കിതച്ചുവീഴുന്ന പ്രായത്തിലും വേയ്ക്കാതെ മുന്നിലെത്തി അവര്‍ പുഞ്ചിരിച്ചു.കണ്ടാലറിയാം സന്യാസിനിയാണ്.കഴുത്തില്‍ പിണഞ്ഞൊട്ടിക്കിടക്കുന്ന രുദ്രാക്ഷമാലകളാണതിന് അതിന് ആദ്യതെളിവ്.പക്ഷെ പിന്നിലേക്ക് വാര്‍ന്നിറങ്ങിയൊഴുകുന്ന മുടിയിഴകള്‍ സന്യാസിനിയുടേതിനേക്കാള്‍ സഞ്ചാരിയുടെ ഓര്‍മ്മയുണര്‍ത്തി.വിനയനാണ് അവരെ ആദ്യം അടുത്തേക്ക് ക്ഷണിച്ചത്.കൊപ്രയും ഉണക്കമുന്തിരിയും ഉണങ്ങിപ്പിളര്‍ന്ന ഈന്തപ്പഴവുമെല്ലാം ഒന്നോ രണ്ടോ വീതം ഞങ്ങളില്‍ നിന്നെടുത്ത് ഭക്ഷിച്ച് അവര്‍ തീര അകലെയല്ലാതെ ഇരുന്നു.ഹിമാലയത്തിലെ സന്യാസജീവിതത്തെക്കുറിച്ച് പലതും ഒളിപ്പിച്ചൊളിപ്പിച്ച് ആ അമ്മ പറഞ്ഞു  ........................................................................ ആ സന്യാസിനിയമ്മയുടെ നേര്‍ത്ത വാക്കുകള്‍ക്കും ആ കുളിരുണ്ട്. പെട്ടെന്ന് അവര്‍ ഞെട്ടിയെഴുനേറ്റു. ‘നിങ്ങള്‍ പൊയ്ക്കൊള്ളു.കഴിയുമെങ്കില്‍ താഴ്വാരത്തിലേയ്ക്ക് ഓടിക്കൊള്ളൂ.എന്തോ സംഭവിക്കാന്‍ പോകുന്നു.” ഇത്രമാത്രം പറഞ്ഞ് അവര്‍ മുന്നിലേക്കോടിക്കയറി വളവുതിരിഞ്ഞു.അവരുടെ പരിഭ്രമം ഞങ്ങളെ സത്യത്തില്‍ ഭയപ്പെടുത്തിക്ക.അവിശ്വാസികളായ ഞങ്ങളില്‍ പലരിലേയ്ക്കും ആ ഭയം പടര്‍ന്നു കയറി. .................................................... ഹിമാലയത്തില്‍ ഒന്നും പ്രവചിക്കാനാവില്ല. എന്തും സംഭവിക്കാം.ഞങ്ങള്‍ തോള്‍ സഞ്ചികളുമായി ഒറ്റയടിപ്പാതയില്‍ ഇരുന്നും കിടന്നും ഓടിയും കുറേ മീറ്ററുകള്‍ മുന്നിലെത്തി.
                       ഒന്നു തിരിയുമ്പോള്‍ ഞെട്ടല്‍ എന്ന വാക്ക് അതിന്റെ പരമാവധി അര്‍ത്ഥത്തില്‍ നെഞ്ചിലേയ്ക്ക് കുത്തിക്കയറുകയാണ്.തൊട്ടുമുന്‍പ് ഞങ്ങള്‍ ഇത്തിരി വിശ്രമിച്ച ആ സന്യാസിനിയമ്മക്കൊപ്പം ചെലവിട്ട ആ പാറ കാണുന്നില്ല.പകരം അവിടേയ്ക്ക് മുകളില്‍ നിന്ന് ഒരു കൊച്ചുകുന്ന് ഇടിഞ്ഞു കിടക്കുന്നു.
              -------------------------------------------------------------------------------------------------------------------------------
------------------------ തലേന്ന് ചിര്‍ബാസയിലെ ചെറിയൊരു ധാബയില്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആ പഴയ സന്യാസിനിയമ്മ  ഞങ്ങള്‍ക്കു മുന്നിലെത്തി. .......................................................................... വിനയന്‍ തന്നെയാണ് ദിവ്യദൃഷ്ടിയെക്കുറിച്ച് ആരാഞ്ഞത്. ................................. സന്യാസിനിയമ്മയുടെ ചുണ്ടിന്റെ കോണില്‍ വിരിഞ്ഞ ചിരി ഭക്തിയുടെ വശ്യതയല്ല ,അല്ലയോ വിഡ്ഡികളെയെന്ന സംബോധനയുടെ ധ്വനിയായിരുന്നു.
                              അന്ന്  ആ പാറമേലിരുന്നപ്പോള്‍ ഞങ്ങള്‍ ശ്രദ്ധിച്ചത് സന്യാസിനിയുടെ വാക്കുകളായിരുന്നു.ഞങ്ങള്‍ ഹിമാലയത്തെ നൊക്കിയതേയില്ല.അവരുടെ വാക്കുകളില്‍ ഭ്രമിച്ചിരിക്കുകയായിരുന്നു.പക്ഷെ ആ സന്യാസിനിയുടെ കണ്ണുകള്‍ നോക്കിയത് ഞങ്ങളേയല്ല ഹിമാലയത്തേയായിരുന്നു.ചെറിയൊരു കാറ്റടിച്ചാല്‍ പോലും പൊഴിയുന്നതാണ് ഹിമാലയന്‍ കുന്നുകള്‍.പ്രത്യേകിച്ചും തലേന്ന് ഒരു ചാറ്റല്‍ മഴയുണ്ടായാല്‍ പറയുകയും വേണ്ട.ഞങ്ങളാ പാറമേല്‍ വിശ്രമിക്കുമ്പോള്‍ അങ്ങകലെ കുന്നിന്മീതെ ആടുകള്‍ മേയുകയായിരുന്നു , പൊട്ടുപോലെ.. പാറക്കൂട്ടങ്ങള്‍ക്കു മീതെ കയറിയിറങ്ങിപ്പോയ ആട്ടിന്‍ കൂട്ടമായിരുന്നു സന്യാസിനിയമ്മയുടെ ജ്ഞാനദൃഷ്ടി.അതിലൊന്നിന്റെ കാലിടറിയാല്‍ ഒന്നിന്റെ വേഗം ഒന്നുകൂടിയാല്‍ മാത്രം മതി ഒരു ചെറിയ പാറ ഇളകാന്‍.ഒന്നിളകിയാല്‍ പിന്നാലെ മഴ പോലെ പെയ്യാന്‍ തൊട്ടരികില്‍ മണ്ണിലുറയ്ക്കാത്ത ഉരുളന്‍ പാറകള്‍ ആയിരക്കണക്കിനുണ്ട്.
                         അപ്പോള്‍ ഇതാണു സ്ഥിതി. ഈ ഭൂമിയില്‍ ലക്കും ലഗാനുമില്ലാതെ അനധികൃതമായ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടെ നടത്തിയാലോ? അതാണ് ഹിമാലയത്തിലീ ദുരന്തം വിതച്ചത്.
                     മനുഷ്യന്റെ ദുരയും ലക്കും ലഗാനുമില്ലാത്ത ലാഭക്കൊതിയും കൂടി വരുത്തി വച്ച ഈ ദുരന്തത്തിന് നിരവധി വ്യാഖ്യാനങ്ങള്‍ രചിക്കുന്നവരേയും കാണാനൊത്തു.ദുരന്തഭൂമിയില്‍ നിന്ന് പട്ടാളത്തിന്റേയും ഹെലികോപ്ടറുകളുടേയും ഒക്കെ സഹായത്തോടെ രക്ഷപെട്ട് സുരക്ഷിതസ്ഥാനത്ത് എത്തിക്കഴിഞ്ഞവര്‍ തട്ടി വിടുന്ന ഗീര്‍‌വാണങ്ങള്‍ ചെടിപ്പുളവാക്കുന്നു.ഭഗവാനെ സ്നരിച്ച് ഭഗവന്നാമം ഉരുവിട്ടിരുന്നതിനാല്‍ തനിക്കും കൂട്ടര്‍ക്കും യാതൊരു വിധ ദുരിതങ്ങളും ഭഗവാന്‍ തന്നില്ല / ആ നാ‍മജപമാണ് തങ്ങളുടെ ജീവരക്ഷക്കുതകിയത് എന്ന് തട്ടിവിടാനുള്ള ആ ഉളുപ്പില്ലായ്മ നമിക്കപ്പെടേണ്ടതു തന്നെ.ഇവിടെ ദുരന്ത ഭൂമിയില്‍ കഷ്ടപ്പെട്ട് സ്വജീവന്‍ പണയം വച്ച് ഇവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകരെ ഇത്തരം പ്രസ്താവനകള്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്നു തന്നെയല്ല , ഹിമാലയത്തിലീ ദ്രോഹം നടത്തിയ കൊള്ളക്കാരെ ഭാഗികമായി വെള്ള പൂശുകയും ചെയ്യുന്നു ഈ പ്രസ്ഥാവനകള്‍.നിങ്ങള്‍ ചെയ്യാവുന്ന ദ്രോഹങ്ങള്‍ ചെയ്തോളൂ, , ഞങ്ങള്‍ ദൈവത്തെ വിളിച്ച് രക്ഷപെട്ടോളാം എന്നല്ലെ അതിന്റെ ധ്വനി.തീര്‍ന്നില്ല അവിടെ മരിച്ചു വീണ അല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെന്നെത്താന്‍ കഴിയാതെ ദുരന്തത്തെ നേരില്‍ കാണുന്ന ആ ഹതഭാഗ്യര്‍ മുഴുവന്‍ ദൈവനിഷേധികള്‍ എന്നു കൂടി അതിനര്‍ഥമുണ്ട് സഹോദരാ.
                തീര്‍ന്നില്ല. എന്താണ് കേരളത്തിന്റെ സ്ഥിതി? കാടായ കാടൊക്കെ വെട്ടി, കുളമായ കുളമൊക്കെ തൂര്‍ത്ത് ഷോപ്പിങ്ങ് കോമ്പ്ലക്സ് കെട്ടി, വയലായ വയലൊക്കെ നികര്‍ത്ത് അവിടെയൊക്കെ ഫ്ലാറ്റ് കെട്ടി, കുന്നായ കുന്നൊക്കെ ഇടിച്ചു നിരത്തി കുഴിയായ കുഴിയൊക്കെ നികത്തി കേരളത്തെ ഒരു വലിയ ഫുട്ബോള്‍ മൈതാനമാക്കി മാറ്റി ഇവിടിത്തെ ഭൂമാഫിയ.എന്താണിതിന്റെ ഫലം? ഒരു മഴ പെയ്താല്‍ വെള്ളക്കെട്ട്, വെള്ളപ്പൊക്കം.ആ മഴ മാറിയാല്‍ തുടങ്ങുകയായി വരള്‍ച്ച, കുടിവെള്ളക്ഷാമം.. ഇപ്പോഴും യാതൊരു തടസ്സവും കൂടാതെ തുടരുന്ന ഈ പ്രക്രിയ നമ്മെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത് ഹിമാലയ ദുരന്തത്തേക്കാള്‍ വലിയ ഒരു ദുരന്തത്തിലേയ്ക്കാണെന്നത് നിസ്സംശയമായ കാര്യം.ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപര്‍വതത്തിനു മുകളിലാണ് നമ്മുടെ ജീവിതം.ഈ അഗ്നിപര്‍വതം പൊട്ടിയാല്‍ , കേരളത്തിന്റെ ഭൂപ്രകൃതി വച്ച് ഒരു ദൈവത്തിനു പോലും നമ്മെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് വാസ്തവം.ദുരന്തം ഉണ്ടായത് ഹിമാലയത്തിലാണെങ്കിലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സൂക്ഷിക്കേണ്ടത് നമ്മള്‍ കേരളീയരാണെന്നത് നാം മറക്കുന്നു,എന്നിട്ട് ദൈവമെന്ന ആ മായാരൂ‍പത്തിനു പിന്നാലെ പായുന്നു.ഇതല്ലെ സത്യം?

Post a Comment