വരുന്നൂ സീ പ്ലെയിന്‍

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ശാസ്ത്രഗതില്‍ അഡ്വ.എം.ഗോപകുമാര്‍ എഴുതിയ ലേഖനം വാല്യം 48,ലക്കം 12.)
                               ത് അച്ചടിച്ചു വരുമ്പോഴേക്കും കായലില്‍ കപ്പലല്ല വിമാനമിറങ്ങിയിട്ടുണ്ടാകും.തോട്ടുംകരയിലല്ല കായലില്‍തന്നെ വിമാനമിറക്കാന്‍ സര്‍ക്കാറിന് കഴിയുമെങ്കില്‍ അതല്ലാതെ മറ്റെന്താണ് വികസനം?(എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പുമൂലം പരീക്ഷണ ലാന്റിങ്ങ് പോലും നടത്താതെ തല്‍ക്കാലം സര്‍ക്കാര്‍ പിന്‍‌വാങ്ങിയിരിക്കയാണ്.- എം എസ് മോഹനന്‍.)അങ്ങനെ കേരളം വെച്ചടി വെച്ചടി വളരുകയാണ്.എമര്‍ജിങ്ങ് കേരള വികസനമാമാങ്കം കഴിഞ്ഞിട്ട് കാലമേറെയായി.അതിവേഗ ട്രെയിന്‍, അതിവേഗവിമാനം - എന്തെല്ലാം ധാരണാ പത്രങ്ങളാണുണ്ടായത്. എല്ലാത്തിനും ഒരു പൊതുസ്വഭാവമുണ്ടായിരുന്നു.നമ്മുടെ നാടിന്റെ പ്രകൃതിസമ്പത്തിനെ മൂലധനത്തിന് കണ്ണുമടച്ച് തുറന്നുകൊടുക്കുന്ന തീറെഴുതുന്ന പദ്ധതികളായിരുന്നു എമര്‍ജ് ചെയ്തത്.എമര്‍ജിങ്ങ് കേരള സംഗമം കഴിഞ്ഞ് കൊല്ലം ഒന്നാകുമ്പോഴേക്കും സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നു.എവിടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപങ്ങള്‍?യാഥാര്‍ത്ഥ്യബോധമില്ലാത്ത പദ്ധതി നിര്‍ദ്ദേശങ്ങള്‍ അധികാരികളെ തിരിഞ്ഞു കുത്തുകയാണ്.പിടിവള്ളി തേടിയുള്ള പരക്കം പാച്ചിലില്‍ കിട്ടിയ തുരുമ്പാണ് ‘ജലവിമാനപദ്ധതി’.മുന്പും പിന്‍പും നോക്കാതെ കായലില്‍ വിമാനമിറക്കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.ടൂറിസം വികസിപ്പിക്കുകയാണത്രെ ലക്ഷ്യം.എന്താണീ സീ പ്ലെയിന്‍? എന്താണ് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് നല്‍കുന്ന സംഭാവന?

എന്താണ് സീ പ്ലെയിന്‍

പേര്‍ സീ പ്ലെയിന്‍ എന്നാണെങ്കിലും  സംഗതി കരയിലും കായലിലും പിന്നെ കടലിലും ഇറങ്ങും വിമാനം തന്നെ.
ഉഭയജീവിയെപ്പോലെയാണ്.കരയില്‍ ഇറങ്ങാനും അവിടെ നിന്ന് പറന്നുയരാനും ചക്രങ്ങള്‍.വെള്ളത്തില്‍ തെന്നി നീങ്ങാന്‍ പാകത്തില്‍ പൊങ്ങുകള്‍(floats).കരയില്‍ നിന്നും വെള്ളത്തിലേയ്ക്കോ വെള്ളത്തില്‍ നിന്നും വെള്ളത്തിലേയ്ക്കോ സര്‍വീസ് നടത്താം.
                     പലവിധ കാര്യങ്ങള്‍ക്കായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സീ പ്ലെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.സംരക്ഷിത വനമേഖലകളിലും മറ്റും നിരീക്ഷണം നടത്താനും ദ്വീപസമൂഹങ്ങള്‍ക്കിടയിലെ അടിയന്തിര യാത്രാസൌകര്യമൊരുക്കാനും ജലവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.കേരളത്തിലെ സീപ്ലെയിന്‍ പദ്ധതി വിനോദയാത്രികരെ ലക്ഷ്യം വയ്ക്കുന്നതാണ്.സംസ്ഥാനത്തിനകത്തെ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുന്നതായിരിക്കും സീ പ്ലെയിനുകള്‍.ആന്‍ഡമാനിലല്ലാതെ മറ്റൊരു സ്ഥലത്തും ഇന്ത്യയില്‍ സീപ്ലെയിന്‍ സര്‍വീസ് നിലവിലില്ല.
ജലവിമാനം കേരളത്തില്‍
നേരത്തെ സൂചിപ്പിച്ചതു പോലെ വിനോദയാത്രികരാണ് കേരള ജലവിമാന പദ്ധതിയുടെ ലക്ഷ്യം.വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തമ്മില്‍ വേഗത്തില്‍ ബന്ധിപ്പിച്ച് ദൈവത്തിന്റെ സ്വന്തം നാടിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം.നിലവിലുള്ള വിമാനത്താവളങ്ങള്‍ അടിസ്ഥാനമാക്കി കായലുകളില്‍ നിര്‍മ്മിക്കുന്ന ജലത്താവളങ്ങളിലേക്ക് (water drome) ആയിരിക്കും സര്‍വീസ്.തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടങ്ങി അഷ്ടമുടിയേയും വേമ്പനാടിനേയും ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ആദ്യം സര്‍വീസ് ആരംഭിക്കുക.പൊങ്ങുകള്‍ (floats) ഉപയോഗിച്ച് തെന്നി നീങ്ങി പറന്നുയരും,തെന്നി നീങ്ങി നില്‍ക്കും.Kerala Tourism Infrastructure Ltd എന്ന ടൂറിസം വകുപ്പിന്റെ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ വിശദമായ പദ്ധതി രേഖ പോസ്റ്റ് ചെയ്തിട്ടുണ്ട്.(www.trkl.in/fpr/fdr/html) ഇങ്ങനെ വിമാനം പറന്നുയരാനുള്ള സ്ഥലത്തിന്  water way (Runwayപോലെ)എന്നാണ് പറയുക. ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന ജലവിമാനത്തിന് 2500 അടിയില്‍ കുറയാത്ത വേണം.കുറഞ്ഞത് 1.5മീറ്റര്‍ ആഴവും വേണം.water way യോട് ചേര്‍ത്താവും ടെര്‍മിനല്‍ നിര്‍മ്മിക്കുക.പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ചമയങ്ങളാകും ഇവിടെ ഉണ്ടാവുക.സൌകര്യപ്രദമായ സ്ഥലത്ത് നിര്‍മ്മിച്ച് കെട്ടിവലിച്ച് water drome നിശ്ചിത സ്ഥലത്ത് എത്തിക്കാവുന്നതേയുള്ളൂ എന്നര്‍ത്ഥം.എത്ര എളുപ്പം.9-10 പേര്‍ക്ക് ഇരിക്കാവുന്ന വിമാനങ്ങളാണ് ഇപ്പോള്‍ അഷ്ടമുടി - വേംബനാട് സെക്ടറില്‍ സര്‍വീസ് നടത്തുക.ശേഷി പരമാവധി 15-19 വരെയാക്കാന്‍ ആയേക്കുമെന്നാണ്  DPR ല്‍ പറയുന്നത്.
ജലത്താവളം മാനദണ്ഡങ്ങള്‍
പദ്ധതി രേഖ, ജലത്താവളത്തിന് വേണ്ട മിനിമം ഗുണങ്ങള്‍ വിശദമാക്കുന്നുണ്ട്.
1.വിമാനസംരക്ഷണത്തിന് അനുഗുണമായ വിധം ഈ ജലപരിസരം സംരക്ഷിക്കണം.
2.പ്രാദേശിക യാത്രായാനങ്ങളുടെയും മീന്‍‌വലകളുടേയും പടവുകളുടേയുമൊന്നും ഉപദ്രവമില്ലാത്ത   
   പ്രദേശമാകണം.(ചുരുക്കത്തില്‍ water drome, water way എന്നീ സ്ഥലങ്ങളില്‍ മീന്‍ പിടിത്തം, വള്ളങ്ങള്‍
    തുടങ്ങിയ  ഏര്‍പ്പാടുകളൊന്നും നടപ്പില്ല.  
3.0-25 മീറ്ററില്‍ അധികം ഉയരമുള്ള തിരകളോ ശക്തമായ ഒഴുക്കോ കാറ്റോ ഉള്ള സ്ഥലങ്ങളില്‍ ഈ
   ഏര്‍പ്പാട് പറ്റില്ല.
ഇപ്പോള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ ഉപ്പു വെള്ളത്തില്‍ അതിവേഗം കേടുപാടുകള്‍ വരുന്ന ലോഹങ്ങള്‍കൊണ്ട് നിര്‍മ്മിച്ചവയാണ്.ഇതിനു പകരം ഫൈബര്‍ ഉപയോഗിച്ചാല്‍ പ്രശ്നം തീരും.പക്ഷെ എത്ര യാത്രക്കാരുണ്ടാകും, എത്ര പാസഞ്ചര്‍ ട്രിപ്പ് നടത്താനാകും തുടങ്ങിയ വിപണി ബാധ്യതകള്‍ സൂചിപ്പിക്കുന്നത് അത്തരത്തില്‍ ആധുനിക വിമാനത്തിലേയ്ക്കുള്ള മാറ്റം ഉടന്‍ നടക്കില്ല എന്നതാണ്. എന്നാല്‍ ഉപ്പുവെള്ളത്തില്‍ ജലവിമാനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ നല്ല ചെലവ് വരും.അപ്പോള്‍ പിന്നെ മാര്‍ഗമെന്താണ്?ഉപ്പുകുറഞ്ഞ / ഇല്ലാത്ത തിരയും ഒഴുക്കും കുറഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക തന്നെ.തിരുവനന്തപുരം വിമാനത്താവളം ബേസ് സ്റ്റേഷനാക്കി അഷ്ടമുടിയേയും തണ്ണീര്‍ മുക്കം ബണ്ടിന് തെക്കുള്ള വേംബനാടിനേയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.ഉപ്പ് അധികം കയറാത്ത പ്രദേശം. - ഇതാണ് പരിഗണന.
               തണ്ണീര്‍ മുക്കം ബണ്ട് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറെക്കാലമായി ചര്‍ച്ചയാണല്ലോ?ബണ്ടിനു തെക്കുള്ള വേമ്പനാട് വേലിയേറ്റ വേലിയിറക്കങ്ങള്‍ ബാധിക്കാത്ത ഉപ്പുകയറാത്ത ഒരു ജലാശയമായി മാറിയിട്ടുണ്ട്.വേമ്പനാട്ടിലേയും കുട്ടനാട്ടിലേയും ആലപ്പുഴയിലേയും പരിസ്ഥിതി നാശത്തിനും കള കീട വര്‍ദ്ധനവിനുമെല്ലാം ഓരുജലത്തിന്റെ അസാന്നിദ്ധ്യമാണ് പ്രധാന കാരണമെന്ന് എല്ലാവരും അംഗീകരിക്കുന്നു.ബണ്ടിനു തെക്കേ വേമ്പനാട്ടുകായലില്‍ കക്കയും മീനും ഗണ്യമായി കുറഞ്ഞിരിക്കുന്നു.20000 ത്തിലധികം മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയാണ് ഇല്ലാതായത്.തണ്ണീര്‍‌മുക്കം ബണ്ടിന്റെ പ്രവര്‍ത്തന പുനക്രമീകരണം സംബന്ധിച്ച് ചെന്നൈ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിലുണ്ട്. ബണ്ടിനു തെക്ക് നിശ്ചിത ഓരു നില ഉറപ്പാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.ഇതിനനുസരിച്ച് കുട്ടനാട്ടിലെ കൃഷി കലണ്ടര്‍ ക്രമപ്പെടുത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്.
             സീപ്ലെയിനോടെ കാര്യങ്ങള്‍ക്ക് ഏതാണ്ട് തീര്‍പ്പായിരിക്കുന്നു.തണ്ണീര്‍‌മുക്കത്തിന് തെക്ക് ഓരുനില കൂടുന്ന ഒരു മാറ്റവും അത്രവേഗം സാധ്യമാകില്ല.കാരണം ഉപ്പുവെള്ളം വിമാനത്തിന് കേടുണ്ടാക്കുന്‍.ഈ വസ്തുത കൌശലപൂര്‍വം മറച്ചു വച്ചിരിക്കുന്നു.
ജലവിമാനം പാരിസ്ഥിതിക പരിഗണനകള്‍:
              സീപ്ലെയിന്‍ പദ്ധതിരേഖ പറയുന്നത് ഇത് ഗണ്യമായ ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാക്കില്ല എന്നാണ്.  എന്നാല്‍ ലോകത്തൊരിടത്തും ജലവിമാന സര്‍വീസുകളുടെ പരിസ്ഥിതി ആഘാതം സംബന്ധിച്ച് ഗൌരവമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നാണ് പദ്ധതിരേഖകളില്‍ പറയുന്നത്.പിന്നെ പദ്ധതിരേഖ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന് അടിസ്ഥാനം എന്താണ്?
               ഈ പ്രദേശങ്ങളിലെ ഹൌസ്ബോട്ടുകള്‍ സൃഷ്ടിക്കുന്ന മലിനീകരണം വച്ചുനോക്കുമ്പോള്‍ ജലവിമാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കുറവായിരിക്കും എന്നതാണ് പറയുന്ന കാരണം.
               ആലപ്പുഴയില്‍ നിന്നുമാത്രം ആയിരത്തിലധികം ഹൌസ് ബോട്ടുകളാണ് വേമ്പനാട് കായലില്‍ വിനോദ സര്‍വീസ് നടത്തുന്നത്. ഇവയെ നിയന്ത്രിക്കേണ്ടതുണ്ട്  എന്നത് എത്ര കാലമായുള്ള ആവശ്യമാണ്.അതു ചെയ്യാതെ ജലവിമാനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മോട്ടോര്‍ ബോട്ടുകളുടെ മലിനീകരണവുമായി തട്ടിച്ചു നോക്കി ന്യായീകരിക്കാനുള്ള ശ്രമം പഠനങ്ങളുടെ ആവശ്യകതയെപോലും തള്ളിക്കളയാനുള്ള വ്യഗ്രതയില്‍ നിന്നും ഉണ്ടാകുന്നതാണ്.
             വേമ്പനാടിന്റെ വിധി നിര്‍ണ്ണയിച്ച തണ്ണീര്‍‌മുക്കം ബണ്ടിനു മേല്‍ സീപ്ലെയിന്‍ സര്‍വീസ് തീര്‍ക്കുന്ന ബാധ്യതകളാണ് ഈ പ്രദേശത്തെ മുഖ്യ പാരിസ്ഥിതിക ആഘാതം.അത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
               water wayയും അനുബന്ധ പ്രദേശങ്ങളും അടക്കം water drome area ഏതാണ്ട് പൂര്‍ണ്ണമായും തദ്ദേശവാസികളില്‍ നിന്നും മത്സ്യബന്ധനത്തില്‍ നിന്നുമെല്ല്ലാം സംരക്ഷിക്കപ്പെട്ട പ്രദേശമായിരിക്കും.ഈ വസ്തുത പദ്ധതിരേഖയും അംഗീകരിക്കുന്നു.take off and landing are ഇളകി മറിഞ്ഞ് ആ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള കായല്‍ പ്രദേശത്തെ ജൈവസമ്പത്തിനേയും നശിപ്പിക്കും.ഇങ്ങനെയുണ്ടാകുന്ന ഇളകിമറിയലിന്റെ (turbulance) സ്വഭാവം എന്തായിരിക്കും?അത് എത്ര ദൂരെ എങ്ങനെ ബാധിക്കും?ഈ പ്രതിഭാസത്തെ ബോട്ടുകള്‍ സൃഷ്ടിക്കുന്ന മായി താരതമ്യപ്പെടുത്തി ന്യായീകരിക്കാനാണ് DPR ശ്രമിക്കുന്നത്.
                     അഷ്ടമുടിയും വേംബനാടും അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍തടവ്യവസ്ഥകളാണ് (wetlands of international importance) എന്ന് അംഗീകരിച് (റാംസര്‍ പ്രദേശങ്ങള്‍) ഒരു അന്തര്‍ദ്ദേശീയ പ്രമാണത്തില്‍ നാം ഒപ്പു വച്ചിട്ടുണ്ട് എന്നോര്‍ക്കണം.
റാംസര്‍ പ്രദേശങ്ങള്‍
               വേമ്പനാടും അഷ്ടമുടിയും റാംസര്‍ പ്രദേശങ്ങളാനെന്ന് സൂചിപ്പിച്ചുവല്ലോ.മാനവരാശിയുടെ പൊതുസമ്പത്തായി കണക്കാക്കുന്നത്ര പ്രാധാന്യമുള്ള തണ്ണീര്‍തടങ്ങളാണ്  റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്.ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള മനുഷ്യജീവിതത്തെ ജലമായും തൊഴിലായും ഗതാഗതമായും മലിനീകരണനിയന്ത്രണമായും മത്സ്യമായും കൃഷിയായും എല്ലാം ഏറ്റവും അധികം സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥ എന്ന നിലയിലാണ് തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ വിവേകപൂര്‍ണ്ണമായ വിനിയോഗത്തിനും വേണ്ടിറാംസര്‍ ഉടമ്പടി ഉണ്ടാക്കിയത്.റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെടുന്ന കായലുകള്‍ക്കും മറ്റും ചില നിബന്ധനകളും മാനദണ്ഡങ്ങളും ബാധകമാണ്.വിവേകത്തോടെയുള്ള വിനിയോഗം  (wise use concept) എന്നതാണ് ഇതിന്റെ സംക്ഷിപ്തം.
                    മാനവരാശിയുടെ പൊതുനന്മക്കായി തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരവികസനത്തിനായി വിവേകത്തോടെ വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് ന്റെ മര്‍മ്മം.(www.ramsar.org) റാംസര്‍ പ്രദേശങ്ങള്‍ അതീവപരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളാണ്. - സംരക്ഷിതപ്രദേശങ്ങള്‍(protected area).കാട്ടില്‍ സംരക്ഷിത പ്രദേശങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്! കായലിലാകുമ്പോള്‍ അതിനെ ആകെ ഇളക്കി മറിക്കുകയും അടിസ്ഥാനസ്വഭാവങ്ങളെപോലും മാറ്റി മറിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കായാലും പരിസ്ഥിതി ആഘാത പരിശോധന പോലും വേണ്ടതില്ല എന്നതാണ് സ്ഥിതി.
                സംരക്ഷിത പ്രദേശങ്ങളില്‍ ജലവിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പദ്ധതിരേഖ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.എന്നാല്‍ വേമ്പനാടും അഷ്ടമുടിയും ഇത്തരത്തിലുള്ള സംരക്ഷിതപ്ര്ദേശങ്ങളടങ്ങുന്ന പരിസ്ഥിതി പ്രധാനമേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണെന്ന വസ്തുത പദ്ധതിരേഖ സൌകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു.പഠനത്തിന്റേയും ജനകീയ ചര്‍ച്ചയുടേയുമെല്ലാം അസൌകര്യം ഒഴിവാക്കാമല്ലോ.
കായലും കടലും ആര്‍ക്ക് സ്വന്തം?
                   കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് 4 വര്‍ഷം കഴിഞ്ഞു.കഴിഞ്ഞ സര്‍ക്കാര്‍ സ്ഥാനം ഒഴിയുമ്പോള്‍ 1200 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബാക്കി ഭൂമി ഏറ്റെടുക്കുന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമം.വിമാനത്താവളത്തിന്റെ ചെലവിന്റെ സിംഹഭാഗം ഭൂമിവിലയാണ്.ഈ ചെലവ് ഒഴിവാകുന്നു എന്നതാണ് ജലവിമാനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.ഇത് പദ്ധതിരേഖ തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്.ഭൂമി ഏറ്റെടുക്കുന്നതിന് നിയന്ത്രണങ്ങളും ചട്ടങ്ങളുമുണ്ട്.അതിന് സ്വകാര്യ ഉടമസ്ഥതയുണ്ട്.കായലിന്റെ കാര്യമോ?അത് സ്വകാര്യ മൂലധനത്തിന് തുറന്നുകൊടുക്കുന്നതിന് യാതൊരു തടസ്സവുമില്ല.അവിടെ മീന്‍ പിടിക്കുന്നവരെ ഓടിക്കാം,ജലയാനങ്ങളെ തടയാം.കായലാകെ ഇളക്കിമറിച്ചും ഓരുകയറ്റം തടഞ്ഞും അതിന്റെ അടിസ്ഥാനസ്വഭാവം തന്നെ തകര്‍ക്കാം.നിയമവും ചട്ടവും ഒന്നും ബാധകമല്ല.മൂലധനത്തിന്റെ സൌകര്യത്തിന് തടസ്സമൊന്നുമില്ലാതെ തുറന്നുകൊടുക്കാവുന്ന പ്രകൃതിസമ്പത്താണ് കായലും കടലും എന്നതിനാലാണ് എമര്‍ജിങ്ങ് കേരള പദ്ധതികളില്‍ ആദ്യത്തേത് ഈ മേഖലയിലാകുന്നതെന്ന് കാണാം.
              കായലിനും കടലിനും ഉടമകളാരാണ്? ഉടമസ്ഥത (ownership) എന്നത് പ്രകൃതിസമ്പത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ദ്യോതിപ്പിക്കുന്നതിന് ഉതകുന്ന ഒരു നിയമസംജ്ഞ അല്ല.ഇവയ്ക്കുമേലുള്ള അവകാശം സ്വതവകാശമല്ല (property right) മറിച്ച് ഉപയോഗ അവകാശമാണ് (use right).അപ്പോള്‍ അതിന്റെ ഉടമസ്ഥത ആര്‍ക്കുമില്ല എന്നുവരും.മറ്റൊരു തരത്തില്‍ ഇത് എല്ലാവരുടേയും അവകാശമാണ് - പൊതു അവകാശം.(common right) ഇത് കാത്തുസൂക്ഷിക്കുവാനുള്ള പൊതുമുതല്‍ സൂക്ഷിപ്പവകാശം (public trust) സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നു വരുന്നു.പക്ഷെ ഒരു പ്രകൃതി വിഭവത്തിന്റെ ഉപയോഗ അധികാരം അനുഭവിക്കുന്ന ജനവിഭാഗം എത്ര ദുര്‍ബലരാണോ അത്ര വേഗത്തില്‍ ഈ പൊതുവിഭവം സര്‍ക്കാര്‍ തന്നെ മൂലധനത്തിനു തുറന്നുകൊടുക്കും.പരമ്പരാഗത അവകാശങ്ങളും വിനിയോഗരീതികളും ചവിട്ടിമെതിക്കുകയും ചെയ്യും.ഇതാണ് കായല്‍ - കടല്‍ കയ്യേറ്റത്തിന്റെ കാരണം.പൊതുവിഭവങ്ങള്‍ തീറെഴുതപ്പെടുന്ന ദുര്യോഗമാണ് ഇവിടേയും നടക്കുന്നത്.
                എന്തിനുവേണ്ടിയാണിത്?ടൂറിസത്തിന്റെ വലര്‍ച്ചയ്ക്കും വികസനത്തിനുമാണ് എന്നാണ് മറുപടി.യാഥാര്‍ത്ഥ്യമെന്താണ്?
സീപ്ലെയിനും ടൂറിസവും
           കാര്‍ഷികമേഖലയുടെ വളര്‍ച്ച അധോഗതിയായതോടെ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായാണ് ടൂറിസത്തെ കാണുന്നത്.നമ്മുടെ സംസ്ഥാനത്തെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ (GSDP) 9%  വിനോദസഞ്ചാരമേഘലയുടെ സംഭാവനയാണ്.കൃഷിയുടെ പങ്ക് അനുക്രമമായി കുറഞ്ഞ് 2011 ല്‍ 10.1% ആയി തീര്‍ന്നിരിക്കുന്നു.കേരള സമ്പദ് ഘടനയില്‍ മോശമല്ലാത്ത ഒരു പങ്കാണ് ടൂറിസത്തിനുള്ളതെന്ന് കാണാം.സാമ്പത്തീകറിവ്യൂ നല്‍കുന്ന കണക്കുകള്‍ പ്രകാരം 2011 ല്‍ കേരളം സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണം 7,32,985 ആണ്.ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണമാകട്ടെ 93,81,455 ആണ്.കൊല്ലം ആലപ്പുഴ ജില്ലകളെയാണല്ലോ സീ പ്ലെയിന്‍ ഉപയോഗിച്ച് ആദ്യം ബന്ധിപ്പിക്കുന്നത്.കൊല്ലത്ത് 9,317 വിദേശ ടൂറിസ്റ്റുകളും 2,10,808 അഭ്യന്തര ടൂറിസ്റ്റുകളും ആണ് 2011 ല്‍ എത്തിച്ചെര്‍ന്നത്.ആലപ്പുഴയിലാകട്ടെ ഇത് 46,019 ഉം 1,99,670 ഉം ആണ്.കോട്ടയത്ത് 37,573 വിദേശടൂറിസ്റ്റുകളും 3,34,747 ആഭ്യന്തര ടൂറിസ്റ്റുകളും സന്ദര്‍ശനം നടത്തി.ടൂറിസത്തില്‍ നിന്നുള്ള കേരളത്തിന്റെ വിദേശനാണ്യവരുമാനം 4221.9 കോടി രൂപയും അറ്റാദായം 19037 കോടി രൂപയുമാണ്.
                  കേരളത്തിന്റെ സാമ്പത്തീക റിവ്യൂ (economic review) പറയുന്നത് നമ്മുടെ കായലും കാടും കുന്നും മലയും പുഴയും മഴയുമെല്ലാമാണ് കേരളത്തെ വിദേശസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.ഈ പ്രിയതരമാം കാഴ്ച്ചകളെ അനുഭവങ്ങളെ പ്രകൃതിപ്രതിഭാസങ്ങളെ അപ്പാടെ മാറ്റി മറിച്ചുകൊണ്ട് നമുക്കെങ്ങിനെയാണ് ടൂറിസത്തെപ്പോലും സുസ്ഥിരമാക്കാന്‍ കഴിയുക?
                  ടൂറിസം വളര്‍ച്ചയ്ക്ക് ജലവിമാനം എന്ത് സംഭാവനയായിരിക്കാം നല്‍കുക? പത്തു പേര്‍ക്കിരിക്കാവുന്ന ഒരു സെക്കന്റ് ഹാന്റ് വിമാനം ദിവസം പ്രതി ഏതാനും സര്‍വീസ് നടത്തിയാല്‍ ഏതാണ്ട് ഒരു കോടി വന്നു പോകുന്ന നമ്മുടെ വിനോദസഞ്ചാരമേഖലയില്‍ അത് എന്തുണര്‍വാണ് സൃഷ്ടിക്കാന്‍ പോകുന്നത്?മറിച്ച് കായലുകള്‍ കുറച്ചുകൂടി മലിനമായാല്‍ സ്വകാര്യ താല്പര്യങ്ങള്‍ക്ക് തീറെഴുതപ്പെട്ടാല്‍ സഞ്ചാരികള്‍ക്ക് താല്പര്യം കുറയുകയേയുള്ളു എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
                 അപ്പോള്‍ എല്ലാ എമര്‍ജിങ്ങ് കേരള പദ്ധതികളെയും പോലെ പ്രകൃതിസമ്പത്ത് കുത്തിവാരിയെടുത്ത് ഒറ്റയടിക്ക് ലാഭം കൊയ്യാനുള്ള യുക്തികളുടെ തുടക്കമാണ് ജലവിമാന പദ്ധതി.പ്രാകൃതമൂലധനസഞ്ചയത്തിന് അധികാരികള്‍ അരുനില്‍ക്കുന്ന ഒരു പദ്ധതി.ഇത് ടൂറിസത്തെ പോലും പുഷ്ടിപ്പെടുത്തുന്നില്ല.പ്രകൃതി വിഭവത്തേയും അതിന്മേലുള്ള സാധാരണക്കാരന്റെ അവകാശങ്ങളേയും വില്പനയ്ക്ക് വയ്ക്കുക മാത്രം.


ശാസ്ത്രഗതി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖമാസിക.ഒറ്റപ്രതി 12/- വാര്‍ഷിക വരിസംഖ്യ 125/‌-
വരിക്കാരാകുവാന്‍ എഴുതുക: മാനേജിങ്ങ് എഡിറ്റര്‍,ശാസ്ത്രഗതി,പരിഷത് ഭവന്‍,എ.കെ.ജി റോഡ്,ഇടപ്പള്ളി,682 024, ഫോണ്‍ 0484 253 2723, 0484 253 2675.














3 comments :

  1. അപ്പോള്‍ എല്ലാ എമര്‍ജിങ്ങ് കേരള പദ്ധതികളെയും പോലെ പ്രകൃതിസമ്പത്ത് കുത്തിവാരിയെടുത്ത് ഒറ്റയടിക്ക് ലാഭം കൊയ്യാനുള്ള യുക്തികളുടെ തുടക്കമാണ് ജലവിമാന പദ്ധതി.പ്രാകൃതമൂലധനസഞ്ചയത്തിന് അധികാരികള്‍ അരുനില്‍ക്കുന്ന ഒരു പദ്ധതി.ഇത് ടൂറിസത്തെ പോലും പുഷ്ടിപ്പെടുത്തുന്നില്ല.പ്രകൃതി വിഭവത്തേയും അതിന്മേലുള്ള സാധാരണക്കാരന്റെ അവകാശങ്ങളേയും വില്പനയ്ക്ക് വയ്ക്കുക മാത്രം.

    ReplyDelete
  2. നാം എന്തുചെയ്യും??

    ReplyDelete
  3. പ്രകൃതി കുന്തം കുറുവടി എന്നൊക്കെ പറഞ്ഞിരുന്നാല്‍ കേരളം ഏറ്റവും നശിച്ച സംസ്ഥാനമായി മാറും.എന്നാല്‍ വികസനക്കാരുടെ എല്ലാ വാദങ്ങളും ശരിയല്ല താനും.അപ്പോള്‍ എന്തു ചെയ്യും എന്നുള്ളതാണ് ചോദ്യം.

    ReplyDelete