വിപണി ഊഹക്കച്ചവടക്കാര്‍ക്ക് നല്‍കണോ?

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
29/06/2013 ലെ കേരള കൌമുദി ദിനപത്രത്തില്‍ ബി.സുനേഷ് എന്നായാള്‍ എഴുതിയ ലേഖനം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.ദേശാഭിമാനിക്കു പുറമേ മറ്റൊരു പത്രം കൂടി ഉരുണ്ടു കൂടുന്ന ദുരന്തം ചൂണ്ടിക്കാണിക്കുമ്പോള്‍ അത് നിങ്ങളുമായി പങ്കു വൈക്കാതിരിക്കാനാവില്ല.അതിനാല്‍ വായിക്കുക:-
                   ലക്കും ലഗാനുമില്ലാതെ ധനകാര്യ ഉത്പന്നങ്ങളുടെ വിപണി വളരുന്നതിന്റെ ദുഷ്ഫലങ്ങളാണ് ഇപ്പോള്‍ ആഗോള സാമ്പത്തീക മേഖല നേരിടുന്നത്.ഓഹരിവ്യാപാരത്തിലെ പരീക്ഷണണങ്ങള്‍ കമ്പോള ഉത്പന്നങ്ങളിലേക്കും നാണയ വിപണിയിലേയ്ക്കും വ്യാപിച്ചത്തോടെ ഊഹക്കകവടക്കാര്‍ ഈ മേഖല പൂര്‍ണമായും കീഴടക്കിക്കഴിഞ്ഞു. പ്രതീക്ഷകളില്‍ മുന്നോട്ടു പോകുന്ന വ്യാപാരമാണ് ധനകാര്യവിപനിയില്‍ നടക്കുന്നത്.നാളെ നടക്കാനിടയുള്ള കാര്യങ്ങള്‍ വിശകലനം നടത്തിയോ മറ്റേതെങ്കിലും വിധത്തില്‍ മുന്‍‌കൂട്ടി അറിഞ്ഞോ നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച ലാഭം നേടാന്‍ കഴിയുന്ന വ്യാപാരമാണിത്.രാഷ്ട്രീയം,സാമൂഹികം,സാമ്പത്തീകം തുടങ്ങിയ സകല മേഖലകളിലെ ചലനങ്ങളും ധനകാര്യവിപണിയെ സ്വാധീനിക്കുന്നു. സര്‍ക്കാരുകളുടെ നയരൂപീകരണം രാജ്യാന്തര മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുതല്‍ കാലാവസ്ഥ വരെ കണക്കിലെടുത്താണ് നിക്ഷേപകര്‍ ധനകാര്യരംഗത്ത് പണം മുടക്കുന്നത്.സ്വാഭാവികമായും ഈ രംഗങ്ങളിലെ തീരുമാനങ്ങള്‍ എടുക്കുന്നവരുമായി അടുപ്പമുള്ളവര്‍ക്ക് ഓരോ ചലനങ്ങളും അറിഞ്ഞ് ലാഭം നേടാനും അവസരം ലഭിക്കുന്നു.
                       ഉദാഹരണത്തിന് കനത്ത തകര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി വന്‍‌മുന്നേറ്റം നടത്തിയതിനു കാരണം പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളാണ്.പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തീക ഉപദേഷ്ടാവ് സി രംഗരാജന്റെ അധ്യക്ഷതയിലുള്ള ഉന്നത തലസമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ആഭ്യന്തരകമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്താന്‍ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു.അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രകൃതിവാതകത്തിന്റെ വില മില്യണ്‍ മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 8.4 ഡോളറായാണ് വര്‍ദ്ധിപ്പിച്ചത്.രാജ്യത്തെ മുന്‍ നിര എണ്ണ ഉല്‍പ്പാദക കമ്പനികളായ ഒ.എന്‍.ജി.സി.,റിലയന്‍സ് ഇന്‍ഡസ്ട്രീസ് , ഓയില്‍ ഇന്ത്യ തുടങ്ങിയവയുടെ പ്രവര്‍ത്തനലാഭം ഗണ്യമായി കൂടാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന വിലയിരുത്തലില്‍ വെള്ളിയാഴ്ച്ച ഈ കമ്പനികളുടെ ഓഹരിവിലയില്‍ വന്‍‌വര്‍ദ്ധനയാണ് ദൃശ്യമായത്.ഇത് സ്വാഭാവികമാണ്.എന്നാല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ റിലയന്‍സിന്റേയും ഓ എന്‍ ജി സിയുടേയും ഓഹരികള്‍ ചില നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയിരുന്നു.ഇതാണ് പരിശോധിക്കേണ്ടത്.പ്രകൃതിവാതക വിലവര്‍ദ്ധനയുടെ കാര്യം മാത്രമല്ല കേന്ദ്രസര്‍ക്കാറിന്റെ പല നിര്‍ണ്ണായകതീരുമാനങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇവ നേരിട്ട് ബാധിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ വില്‍പ്പനയോ വാങ്ങലോ ദൃശ്യമാകാറുണ്ട്.മുന്‍‌കൂര്‍ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടി നടക്കുന്ന ഇടപാടുകളാണത്.ഇന്‍സൈഡര്‍ ട്രേഡിങ്ങ് എന്നറിയപ്പെടുന്ന ഒരു കുറ്റകൃത്യമാണത്.അമേരിക്കയില്‍ വന്‍‌കിട നിക്ഷേപകര്‍ പലരും ശിക്ഷിക്കപ്പെട്ടത് ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ പേരിലാണ്.നമ്മള്‍ നിയമത്തിലൊന്നും വലുതായി വിശ്വസിക്കാത്തതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലും നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്കു സമയമില്ല.ഇനി അഥവാ എന്തെങ്കിലും ആരോപണം മാധ്യമങ്ങളിലൊക്കെ വന്നാല്‍ വേണമെങ്കില്‍ പരിശോധിച്ച് കുറ്റക്കാര്‍ക്ക് താക്കീത് നല്‍കിവിടും.
                         കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന വിവരങ്ങള്‍ മുന്‍‌കൂട്ടി അറിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഊഹക്കച്ചവടക്കാര്‍ നേട്ടമുണ്ടാക്കുന്നത് പുതിയ കാര്യമല്ല.ചില പ്രമുഖ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ പോലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.അനധികൃതമായി നയതീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കി രാജ്യത്തെ ലക്ഷോപലക്ഷം സാധാരണ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന നടപടികള്‍ ഗൌരവം അര്‍ഹിക്കുന്നതായി സര്‍ക്കാറിനും തോന്നുന്നില്ല.
                  സ്വര്‍ണ്ണം വെള്ളി ക്രൂഡോയില്‍ മറ്റ് കമ്പോള ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണിയിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്.അവധിവ്യാപാരമെന്ന ഓമനപ്പേരിട്ട് ഊഹക്കച്ചവടക്കാര്‍ വന്‍ നേട്ടമുണ്ടാക്കുന്നതിനും ആര്‍ക്കും വലിയ പരാതിയൊന്നുമില്ല.വില കുറഞ്ഞാലും കൂടിയാലുമൊക്കെ ഇവര്‍ക്ക് ലോട്ടറിയാണ്.സര്‍ക്കാരറിയാതെ നടക്കുന്ന സംഭവമൊന്നുമല്ല.സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയില്‍ നടക്കുന്ന ഓണ്‍ ലൈന്‍ ചൂതാട്ടമാണിത്.കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കമ്പനികള്‍ക്കും നഷ്ടസാദ്ധ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അവധിവ്യാപാരത്തിന് ഇപ്പോള്‍ നേട്ടം മുഴുവന്‍ കൊയ്യുന്നത് പണത്തിന്റെ കരുത്തില്‍ വിപണി നിയന്ത്രിക്കുന്ന വങ്കിട ഊഹക്കച്ഛവടസ്ഥാപനങ്ങളാണെന്നതാണ് വാസ്തവം.
                         സ്വര്‍ണവില മൂക്കുകുത്തിയതിനും രൂപയുടെ മൂല്യം പാതാളത്തോളം ഇടിയുന്നതിനു പിന്നിലും ഈ ഊഹക്കച്ചവടക്കാരുടെ പങ്കാണുള്ളത്.ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിന് പ്രാധാന്യം ഏറിയതോടെ പ്രൊഫഷണല്‍ കൈയ്യൊപ്പോടെയാണ് ഈ വിപനികലില്‍ ചൂതാട്ടം നടക്കുന്നത്. സാധ്യതകളുടെ ചിറകിലേറി നിക്ഷേപസ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ വിലയിടിക്കുകയും കുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.അമേരിക്ക അടുത്ത വര്‍ഷം സാമ്പത്തിക ഉത്തേജക പാക്കേജ് പിന്‍‌വലിച്ചേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടേയും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും ഒക്കെ വില ഇടിക്കുന്നത്.അപ്പോള്‍ സ്വാഭാവീകമായ സംശയം ഇതാണ്.ശരിക്കും അമേരിക്ക സാമ്പത്തീക ഉത്തേജക പദ്ധതി നിറുത്തലാക്കിയാല്‍ എന്താവും അവസ്ഥ? വലുതായൊന്നും സംഭവിക്കില്ലെന്നാണ് വാസ്തവം.കാരണം അടുത്ത വര്‍ഷം വിപണിയെ നിയന്ത്രിക്കുക ഭാവിയില്‍ സംഭവിക്കാനിടയുള്ള മറ്റു ചില കാര്യങ്ങളാകും.അപ്പോഴും പൂര്‍വാധികം ശക്തിയോടെ ഊഹക്കച്ചവടക്കാര്‍ ലാഭം കൊയ്യാന്‍ രംഗത്തുണ്ടാകും.
Post a Comment