അട്ടപ്പാടിയില്‍ കാണേണ്ടത്.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(പുതിയ ലക്കം യുക്തിരേഖയിലാണ് അട്ടപ്പാടിയില്‍ കേരള യുക്തിവാദിസംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും കൊടുത്തിട്ടുള്ളത്. വാല്യം 28,ലക്കം 7, 2013 ജൂലൈ ലക്കം,നിങ്ങള്‍ക്കതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം.എന്നാലും സര്‍ക്കാര്‍ കൊടുക്കുന്ന ആഹാരം കഴിക്കാത്തതുകൊണ്ടാണെന്നും സ്ത്രീകള്‍ ചാരായം കുടിക്കുന്നതിനാലാണ് അവിടെ കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്നുമുള്ള മന്ത്രി മൊഴികളേല്‍ക്കാള്‍ )
                     പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസിമേഖലയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ മെയ് വരേയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ മുപ്പതോളം കുട്ടികളാണ് മരണമടഞ്ഞത്.പ്രസ്തുത സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്രമായ ഒരു പഠനം നടത്തുവാന്‍ കേരള യുക്തിവാദി സംഘം പാലക്കാട് ജില്ലാക്കമ്മിറ്റി തീരുമാനിച്ചു.അങ്ങനെ 31/05/2013 ന് ഒരു പഠനസംഘം അട്ടപ്പാടി സന്ദര്‍ശിക്കുകയുണ്ടായി.പഠനസംഘത്തില്‍ മാണി പറമ്പോട്ട്,കെ.ശിവരാമന്‍ (കണ്‍‌വീനര്‍ )എന്‍ .കൃഷ്ണന്‍ , കെ. ശെല്‍‌വന്‍ ,കെ എസ് ജെയിംസ് ,സലോമി കദീജ,ചന്ദ്രന്‍ തച്ചമ്പാറ ,ശശികുമാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
                  വെന്തപ്പെട്ടി പട്ടിമാളം മേലെ ചാവടിയൂര്‍ പലകയൂര്‍ കല്‍ക്കണ്ടിയൂര്‍ തുടങ്ങിയ ഊരുകളും വിവിധ അംഗനവാടികളും സംഘം സന്ദര്‍ശിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( പ്രോജക്റ്റ്) പ്രോജക്റ്റ് ഓഫീസര്‍ ജനപ്രതിനിധികള്‍ പൌരപ്രമുഖന്മാര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി.
ആദിവാസികളുടെ പാരമ്പര്യ ഭക്ഷണ രീതികള്‍ :- 192 ഊരുകളിലായി 30,000 തോളം വരുന്ന ആദിവാസികള്‍ അധിവസിക്കുന്ന വിശാലമായ വനപ്രദേശമാണ് അട്ടപ്പാടി.കൃഷിയെ ആശ്രയിച്ചാണ് ജനതയുടെ ജീവിതം മുന്നോട്ട് പോയിരുന്നത്.തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന കൃഷിയിടങ്ങളില്‍ റാകി, തുവര, ചോളം,മുതിര,ചാമ,വെരഗ് എന്നിവ സമൃദ്ധമായി കൃഷി ചെയ്തിരുന്നത്.ഈ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കൊപ്പം കാട്ടില്‍ ലഭ്യമായ മുരിങ്ങയില ഡാക് (വിവിധയിനം കറിയിലകള്‍ ), കാട്ടുകിഴങ്ങ് , നൂറന്‍ കിഴങ്ങ്, മുളയരി,മുളംകൂമ്പ് , പഴവര്‍ഗങ്ങള്‍ , എന്നിവയും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. തിനയും തേനും ചേര്‍ത്ത പ്രത്യേകഭക്ഷണം അവര്‍ക്കുണ്ടായിരുന്നു.കാട്ടിലെ ചെറു മൃഗങ്ങളുടേയും പക്ഷികളുടേയും ഇറച്ചിയും മറ്റു വനവിഭവങ്ങളും ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.പോഷകസമൃദ്ധമായ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചും കാട്ടിലെ കൃഷിയിടങ്ങളില്‍ അധ്വാനിച്ചും ജീവിച്ചുവന്ന ആദിവാസിക്ക് ആധുനീകരോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ എന്തെന്നറിയില്ലായിരുന്നു.എന്നാല്‍ കൃഷി ചെയ്തവരുടെ ഉല്‍പ്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് വന്തവാസികളായ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥ സംജാതമായപ്പോള്‍ ദാരിദ്ര്യംഅവരെ പിടികൂടുവാന്‍ തുടങ്ങി.ഈ സാഹചര്യത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആദിവാസികളില്‍ നിന്ന് സംഭരിക്കുവാന്‍ ഗവണ്മെന്റ് തയ്യാറായതുമില്ല.അവര്‍ കൃഷിഭൂമി വന്തവാസികള്‍ക്ക് പാട്ടത്തിനു നല്‍കി ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാന്‍ തുടങ്ങിയതോടെ ദാരിദ്ര്യം മാറിയില്ലെങ്കിലും കൃഷിഭൂമി അന്യാധീനപ്പെടുവാന്‍ തുടങ്ങുകയും ചെയ്തു.അതോടൊപ്പം തങ്ങളുടെ പാരംബര്യ ഭക്ഷണരീതികളില്‍ നിന്ന് , കാര്‍ഷിക വൃത്തിയില്‍ നിന്ന് ആദിവാസി പിന്തള്ളപ്പെട്ടു.രേഖകളില്‍ കര്‍ഷകരും മികച്ച വിളവും ലഭിക്കുന്നതിനാല്‍ ഭക്ഷ്യസ്വയം പര്യാപ്തതയുള്ളവരായി കണക്കാക്കി.ഇവരുടെ ദരിദ്രാവസ്ഥ ആരും ശ്രദ്ധിക്കാതെ വന്നതിനാല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാതെയുമായി.
അഹാഡ്സിന്റെ വരവ്:- പരിസ്ഥിതി പുനസ്ഥാപനം, ആദിവാസി ക്ഷേമം, എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച അട്ടപ്പാടി ഹിത്സ് ഏരിയ ഡവലപ് മെന്റ് സൊസൈറ്റി (അഹാഡ്‌സ് ) ഈ മേഖലയില്‍ സമൃദ്ധമായ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചു.കൃഷിയിടങ്ങളില്‍ അദ്വാനിച്ചു ജീവിച്ചുവന്ന ആദിവാസിയെ കോണ്‍ക്രീറ്റ് പണികളിലും നിര്‍മ്മാണമേഖലയിലും ജോലി നല്‍കി അവരുടേതായ തൊഴില്‍ ഇല്ലാതാക്കി.കൃഷി ചെയ്ത് ദാരിദ്ര്യം അനുഭവിച്ചുവരുന്ന ആദിവാസിയെ ഈ പുതിയ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അഹാഡ്‌സിനു എളുപ്പത്തില്‍ കഴിയുകയും ചെയ്തു.കോളനികളില്‍ കൂട്ടായി താമസിച്ചു വന്നവരെ ഒറ്റപ്പെട്ട് താമസിപ്പിക്കുകയും വീടും വസ്ത്രങ്ങളും ഭക്ഷണവും പുത്തന്‍ രീതികളിലേക്ക് മാറ്റുകയും ചെയ്തു.ഇത് ആദിവാസിയുടെ പരമ്പരാഗതമായ സംസ്കാരത്തെ അന്യമാക്കുകയായിരുന്നു.അഹാഡ്‌സ് സംഘടിപ്പിച്ച പാരമ്പര്യ കൂത്തു മത്സരത്തില്‍ പാരമ്പര്യവേഷം ധരിച്ചുവെന്ന കാരണത്താല്‍ ഒരു ടീമിനെ കളിപ്പിക്കുകയില്ലെന്ന സംഘാടകരുടെ തീരുമാനം മാറ്റാന്‍ കാണികള്‍ ഇടപെടേണ്ടി വന്ന സംഭവം പോലും ഉണ്ടായി.ആദിവാസി സംസ്കാരത്തെ ഇല്ലായ്മ ചെയ്യാന്‍ അഹാഡ്‌സ് നടത്തിയ ശ്രമങ്ങള്‍ ബോധപൂര്‍വം തന്നെയായിരുന്നുവെന്ന് ഈ സംഭവത്തില്‍ നിന്ന് അനുമാനിക്കാവുന്നതാണ്.ഊരു വികസനസമിതികള്‍ വഴി വന്‍ തോതില്‍ പണം കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ ആദിവാസികളുടെ ക്ഷേമത്തെ ഒട്ടും പരിഗണിക്കാതെ സ്വന്തം സംസ്കാരത്തെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കാനാണ് ശ്രമിച്ചത്.
                          1970 കള്‍ മുതല്‍ പാരംബര്യ ആവാസവ്യവസ്ഥയില്‍ നിന്നും ജീവിതശൈലീകളില്‍ നിന്നും മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട ആദിവാസികളുടെ ശേഷിച്ച പാരംബര്യരീതികളേക്കൂടി ഉന്മൂലനം ചെയ്ത് ആദിവാസിജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാന്‍ അഹാഡ്‌സ് നടത്തിയ ശ്രമങ്ങള്‍ സദുദ്ദേശത്തോടെ മാത്രമായിരുന്നുവെങ്കിലും മുന്നൊരുക്കങ്ങളുടേയും ആവശ്യമായ പഠനങ്ങളുടേയും അഭാവം കൊണ്ട് സംഭവിച്ച ആസൂത്രണവൈകല്യം തികഞ്ഞ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.അഹാഡ്‌സിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അവര്‍ നല്‍കിയ തൊഴിലും ഇല്ലാതായി.അത് പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുകയായിരുന്നു.പരിസ്ഥിതി പുനസ്ഥാപനവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ ചെറുതായി കണ്ടുകൊണ്ടല്ല ഞങ്ങളീ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇന്നത്തെ ആദിവാസി:- കൃഷി ചെയ്ത് ദരിദ്രരായി മാറുന്ന ആദിവാസിയുടെ ഭൂമി അന്യാധീനപ്പെട്ടുപോയ കാര്യങ്ങള്‍ ഇന്നും പരിഹാരമാകാത്ത പ്രശ്നമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണെങ്കിലും അവശേഷിച്ച ഭൂമിയും വന്തവാസികള്‍ക്ക് പാട്ടത്തിനു നല്‍കി അതേ ഭൂമിയില്‍ തന്നെ കൂലിപ്പണിക്കാരായി ജീവിക്കുന്ന ആദിവാസികളുടെ ദയനീയാവസ്ഥ ഗൌരവത്തോടെ കാണാന്‍ ആരും ശ്രമിക്കുന്നില്ല.
                         വന്യമൃഗങ്ങളുടെ ഉപദ്രവവും ജലദൌര്‍ലഭ്യവും കാരണമായി പറഞ്ഞ് സ്വന്തം കൃഷിയിടത്തില്‍ ആദിവാസി കൃഷി ചെയ്യാതിരിക്കുമ്പോള്‍ ഇതേ ഭൂമി പാട്ടത്തിനെടുത്ത വന്തവാസികള്‍ മലമുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്തും വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഇലട്രിക് ഫെന്‍സുകള്‍ സ്ഥാപിച്ചും വന്‍‌തോതില്‍ കൃഷി ചെയ്തു വരുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് ആദിവാസി.കൃഷിയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള സാമ്പത്തീക ശേഷിയില്ലായ്മയും കൂലിപ്പണിയില്‍ നിന്നിവര്‍ക്ക് ലഭിക്കുന്ന വരുമാനം കൃഷിപ്പണിയില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലായതിനാലും ആണ് ഇവര്‍ കൃഷിയുപേക്ഷിച്ച് പോയത്.മാത്രമല്ല കൃഷി ചെയ്യുവാന്‍ തയ്യാറാവുന്ന ആദിവാസിക്ക് കൃഷിവകുപ്പില്‍ നിന്നോ പട്ടിക ജാതി വകുപ്പില്‍ നിന്നോ സബ്‌സിഡികളോ സഹായങ്ങളോ നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇല്ലാത്ത് അവസ്ഥയാണ് .തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടുമില്ല.എന്നാല്‍ ഇവിടെ പാട്ടഭൂമിയിലും മറ്റും കൃഷി ചെയ്യുന്ന വന്തവാസികള്‍ക്ക് നിര്‍ലോഭം കാര്‍ഷികാ‍ാനുകൂല്യങ്ങള്‍ ലഭിക്കുന്നുമുണ്ട്.
                    (  ശേഷം അടുത്ത പോസ്റ്റില്‍ ) 

4 comments :

  1. കൃഷി ചെയ്യുവാന്‍ തയ്യാറാവുന്ന ആദിവാസിക്ക് കൃഷിവകുപ്പില്‍ നിന്നോ പട്ടിക ജാതി വകുപ്പില്‍ നിന്നോ സബ്‌സിഡികളോ സഹായങ്ങളോ നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇല്ലാത്ത് അവസ്ഥയാണ് .തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടുമില്ല.എന്നാല്‍ ഇവിടെ പാട്ടഭൂമിയിലും മറ്റും കൃഷി ചെയ്യുന്ന വന്തവാസികള്‍ക്ക് നിര്‍ലോഭം കാര്‍ഷികാ‍ാനുകൂല്യങ്ങള്‍ ലഭിക്കുന്നുമുണ്ട്.

    ReplyDelete
  2. കാണേണ്ടത് കാണേണ്ടവര്‍ കാണുന്നില്ല!!

    ReplyDelete
  3. കൈയൂക്കുള്ളവൻ എവിടേയും കാര്യക്കാരൻ..

    ReplyDelete
  4. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

    ReplyDelete