അട്ടപ്പാടിയില്‍ കാണേണ്ടത്, ഭാഗം 2

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച..........
............... കൃഷിക്കാരനല്ലാതായി മാറിയ ആദിവാസിയുടെ ധാന്യപുരയും ഭക്ഷ്യസ്വയംപരിയാപ്തതയും ഇല്ലാതാകുകയും വനനശീകരണം മൂലം കാട്ടുകിഴങ്ങും വനവിഭവങ്ങളും ലഭ്യമല്ലാതാവുകയും ചെയ്തു.അവശേഷിച്ച വനത്തില്‍ പോകുവാന്‍ അവസരമോ താല്പരിയമോ അവര്‍ക്ക് ഇല്ലാതാകുകയും ചെയ്തു.പോഷകസമൃദ്ധമായ അവരുടെ ഭക്ഷണത്തിന്റെ   സ്ഥാനത്ത് റേഷനരി മാത്രമായി അവശേഷിച്ചു.വിശേഷദിവസങ്ങളില്‍ മാത്രം അരിഭക്ഷണം കഴിച്ചിരുന്ന ആദിവാസി പച്ചക്കറികളോ പഴങ്ങളോ ഇല്ലാതെ സ്ഥിരം അരിയാഹാരം ശീലമാക്കിയതോടെ ആരോഗ്യം ക്ഷയിക്കുകയും ഇവര്‍ വിവിധരോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു.കാന്‍സര്‍ ലുക്കേമിയ, സിക്കിള്‍സെന്‍, അനീമിയ, പ്രമേഹം, രക്തസമ്മര്‍ദ്ദം, സാംക്രമികരോഗങ്ങള്‍ എന്നിവയോടൊപ്പം വിരല്‍ മുറിയല്‍ രോഗവും വ്യാപിച്ചുകൊണ്ടിരിക്കുന്നു.പാരമ്പര്യഭക്ഷണത്തില്‍ നിന്നും ലഭിച്ചിരുന്ന പ്രതിരോധശേഷി ഇല്ലാതായതും ഇതിന് മുഖ്യ കാരണമാണ്.സാര്‍വത്രികമായ മദ്യപാനം ശീലമാക്കിയത് മറ്റൊരു കാരണമായും വിലയിരുത്താവുന്നതാണ്.
                         ഇത്തരം രോഗങ്ങളോടൊപ്പം അട്ടപ്പാടിയിലെ ഏതാണ്ട് എല്ലാ ഊരിലും ബുദ്ധിമാന്ദ്യവും മാനസികവൈകല്യവും ബാധിച്ച കുട്ടികളുടേയും സ്ത്രീകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.ഇത് പ്രത്യേകപഠനം നടത്തി ശാശ്വതപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
                   മേല്‍‌വിവരിച്ച സാഹചര്യത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതകവൈകല്യങ്ങളും തൂക്കക്കുറവും സ്വാഭാവികം തന്നെയാണ്.ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന് അതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.
ജനസംഖ്യയില്‍ വന്ന മാറ്റവും വന്തവാസികളുടെ ആധിപത്യവും:-   അട്ടപ്പാടി ആദിവാസികളുടേതായിരുന്നു.ജനങ്ങളില്‍ 90 ശതമാനവും ആദിവാസികളായിരുന്നു.ഈ ആദിവാസിമേഖലയില്‍ വന്തവാസികളുടെ വരവ് ക്രമേണ വര്‍ദ്ധിക്കുകയും ഇപ്പോള്‍ 60% വന്തവാസികളും 40% മാത്രം ആദിവാസികളുമെന്ന നിലയിലേയ്ക്ക് എത്തുകയും ചെയ്തു.ജനസംഖ്യയില്‍ വന്ന ഈ മാറ്റം വന്‍‌പ്രത്യാഘാതങ്ങളാണീ മേഖലയില്‍ സൃഷ്ടിച്ചത്.ഏറ്റവും പ്രധാനം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വന്തവാസികളുടെ ആധിപത്യത്തിന്‍ കീഴിലായി എന്നതാണ്.ആദിവാസി മേഖലയെന്ന നിലയില്‍ ലഭ്യമായ വന്‍‌തോതിലുള്ള ഫണ്ടുകള്‍ ആദിവാസികളുടെ പേരില്‍ വന്തവാസിജനതയുടെ സാമ്പത്തീകാഭിവൃദ്ധിക്കും സാമൂഹ്യസുരക്ഷിതത്വത്തിനും ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞത് ഗൌരവത്തോടെ നോക്കിക്കാണേണ്ടതാണ്.ന്യൂനപക്ഷമായിത്തീര്‍ന്ന ആദിവാസി ജനതയെ ഭരിക്കുവാന്‍ വന്തവാസികള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല.ഭൂരിപക്ഷം വരുന്ന വന്തവാസികളുടെ താല്പര്യാനുസരണം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പ്രസിഡണ്ടുമാരും ആദിവാസികളാണെങ്കില്‍ തന്നെ അവര്‍ നിസ്സഹായരായി മാറുന്നതും നമുക്ക് കാണാന്‍ കഴിയും.
                ഇതോടൊപ്പം അവരുടെ ജീവിതരീതിയിലും സംസ്കാരത്തിലും വന്തവാസിരീതികള്‍ പ്രകടമായിത്തുടങ്ങി.പൊറോട്ടയും പാക്കറ്റ് ഭക്ഷണവും പാന്‍‌പരാഗ് പോലുള്ള പുകയില ഉല്‍പ്പന്നങ്ങളും അവര്‍ ശീലമാക്കി.മദ്യനിരോധിതമേഖലയില്‍ മദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യമായതിനാല്‍ സ്ത്രീകള്‍ കൂടി മദ്യത്തിനടിമപ്പെടാന്‍ കാരണമായി.ഭക്ഷണരീതിക്കൊപ്പം വസ്ത്രധാരണത്തിലും ജീവിതശൈലിയിലും വന്തവാസിക്കൊപ്പമെത്താന്‍ ആദിവാസികള്‍ മത്സരിക്കുകയാണിന്ന്.ആദിവാസിയുടെ തനതു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത് മദ്യാസക്തിക്കടിമപ്പെടുത്തിയതിനാല്‍ ആര്‍ക്കും എങ്ങനേയും ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധമുള്ള ഒരു ദരിദ്രജനതയായി ആദിവാസി മാറി.സര്‍ക്കാര്‍ സംവിധാനങ്ങളും അഹാഡ്സും ഇത്തരമൊരു പതനത്തിലേയ്ക്ക് ഇവരെ തള്ളിവിടാന്‍ ബോധപൂര്‍വമല്ലെങ്കിലും കാരണക്കാരായി എന്നതും മറച്ചുവൈക്കാന്‍ കഴിയുന്നതല്ല.
                     ഒരു ദരിദ്രജനതയെ അവരുടെ തനത് സംസ്കാരത്തേയും ജീവിതരീതികളേയും പണത്തിന്റേയും രാഷ്റ്റ്രീയത്തിന്റേയും സ്വാധീനം ഉപയോഗപ്പെടുത്തി തകര്‍ക്കുകയും അവരെ അടിമകളായി നിലനിര്‍ത്തുന്നതിന് ശ്രമിക്കുകയും ചെയ്ത വന്തവാസികള്‍ക്കൊപ്പം തന്നെയാണ് ഭരണകൂടവും നിലകൊണ്ടത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച്ചകള്‍
സാമൂഹ്യക്ഷേമവകുപ്പ്:- ഈ മേഖലയില്‍ 172 അംഗന്‍‌വാടികള്‍ പ്രവര്‍ത്തിച്ചുവരുന്നു.172 അംഗന്‍‌വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ഉണ്ടെങ്കിലും അപൂര്‍വം ചിലരൊഴികെ ബഹുഭൂരിപക്ഷം വര്‍ക്കര്‍മാരും ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ രണ്ടുവര്‍ഷകാലയളവില്‍ അംഗനവാടികളില്‍ ഹാജരായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഹെല്‍പ്പര്‍മാര്‍ തദ്ദേശഊരുകാരായതിനാല്‍ അംഗനവാടികളുടെ പ്രവര്‍ത്തനം മുടങ്ങിയിട്ടുമില്ലയെന്നത് യാഥാര്‍ത്ഥ്യമാണ്.
                      അംഗന‌വാടികളിലൂടെ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും വിതരണം ചെയ്യേണ്ട മുട്ട,പാല്‍,പയര്‍,എന്നിവ വിതരണം നടത്തിയതായി പറയുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ വിതരണം നടന്നതായി അറിയുന്നില്ല.വല്ലപ്പോഴും നടത്തുന്ന പോഷകാഹാരവിതരണം അവകാശബോധമില്ലാത്ത ആദിവാസിസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ ധാരാളമാണ്.അതുകൊണ്ടുതന്നെ അന്വേഷകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുവാന്‍ പ്രയാസമാണ്.
                 അംഗന്‍‌വാടികളുടെ മേല്‍നോട്ടം നടത്താന്‍ 9 സൂപ്പര്‍‌വൈസര്‍മാര്‍ വേണമെന്നിരിക്കെ ഒരാള്‍ മാത്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അംഗന്‍‌വാടികള്‍ വഴി മരണമടഞ്ഞ കുട്ടികളുടെ അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് പോഷകാഹാരം നല്‍കുന്നതില്‍ പരാജയപ്പെടുകയും കൌമാരക്കാര്‍ക്കുള്ള പോഷകാഹാരവിതരണവും ബോധവല്‍ക്കരണവും ഇല്ലാതാവുകയും ചെയ്തു.മാത്രമല്ല ഗര്‍ഭിണികള്‍ക്കും നവജാതശിശുപരിചരണത്തിനും ആവശ്യമായ ബോധവല്‍ക്കരണം നടന്നിട്ടില്ല.അംഗനവാടികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ഗ്രാമപംചായത്ത് പദ്ധതികളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള നടപടികളുടെ അഭാവം ഗുരുതരമായ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യവകുപ്പ്:- ആരോഗ്യവകുപ്പിന് പോഷകാഹാര പദ്ധതിയില്ലെന്നാണ് അധികാരികള്‍ പറയുന്നത്.എന്നാല്‍ 28 സബ് സെന്ററുകളിലായി JHI മാരും 3 മൊബൈല്‍ യൂണിറ്റുകളും 85 ആശാവര്‍ക്കര്‍മാരും ഉള്ളതായി അറിയുന്നു.കൂടാതെ ആനക്കട്ടി,പുതൂര്‍,ഷോളയൂര്‍,കോട്ടത്തറ,അഗ്ഗളി തുടങ്ങിയ സ്ഥലങ്ങളില്‍ ആശുപത്രികളും  പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനങ്ങളിലൂടെയാണ് രോഗപ്രതിരോധകുത്തിവൈപ്പുകള്‍ ഗര്‍ഭകാലശുശ്രൂഷ അവര്‍ക്കുള്ള മരുന്നു വിതരണം പ്രസവസഹായങ്ങള്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ബോധവല്‍ക്കരണക്ലാസുകള്‍ എന്നിവ നടത്തുന്നത്.വിപുലമായ ഈ സംവിധാനങ്ങള്‍ പ്രായോഗീകതലത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നില്ല.സബ്സെന്ററുകളില്‍ ആരും താമസവുമില്ല.ഗര്‍ഭിണികളുടെ പരിചരണവും നവജാതശിശുക്കള്‍ക്കുള്ള കുത്തിവൈപ്പും ഉണ്ടാകുന്നില്ല.ബോധവല്‍ക്കരണക്ലാസുകള്‍ പ്രഹസനമായി അവശേഷിക്കുന്നു.
                     ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവമാണ് മറ്റൊരു കാര്യം.ലാബ്,സ്കാന്‍,ബ്ലഡ് ബാങ്ക് , തുടങ്ങിയ സൌകര്യങ്ങളോ ആംബുലന്‍സോ ആവശ്യത്തിനില്ല.ഒ.പി സൌകര്യങ്ങള്‍ മുടങ്ങിക്കിടക്കുന്നു. ഈ പരിമിതികളൊക്കെ സഹിച്ച് ആശുപത്രിയില്‍ എത്തുന്ന ആദിവാസികള്‍ക്ക് ലഭിക്കുന്നത് (ഡോക്ടറുണ്ടെങ്കില്‍) പുറത്തുള്ള മരുന്നു ഷാപ്പില്‍ നിന്നും മരുന്നു വാങ്ങാനുള്ള കുറിപ്പടി മാത്രമാണ്.ദരിദ്രനായ ആദിവാസി മരുന്നു വാങ്ങാന്‍ കഴിയാതെ രോഗത്തോട് മല്ലടിച്ച് കഴിയാന്‍ നിര്‍ബന്ധിതനാകുന്നു.ITDP യില്‍ നിന്നും ചികിത്സാസഹായം ലഭിക്കുന്നത് അവര്‍ അറിയുന്നില്ല.കാരണം ITDP ഓഫീസില്‍ നിന്നും ആര്‍ക്കും ഇത്തരം സഹായം കൊടുക്കാറില്ലാത്തതാണ്.
                          ഇതിനൊരു ഉദാഹരണമാണ് വെന്തപ്പെട്ടി ഊരിലെ കവിതയുടേ മറണം.മേഴ്സി കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്ന കവിത പനി ബാധിച്ച് ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കഴുത്തുവേദനയും തലവേദനയും ഉണ്ടായതിനേതുടര്‍ന്ന് 12 കിലോ മീറ്റര്‍ കാട്ടിലെ ദുര്‍ഘടവഴികളിലൂടെ ജീപ്പില്‍ സഞ്ചരിച്ച് കോട്ടത്തറ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിയെങ്കിലും സ്കാനിങ്ങ് സൌകര്യം ഇല്ലാത്തതിനാല്‍ ആംബുലന്‍സ് സൌകര്യം പോലും നല്‍കാതെ അതേ ജീപ്പില്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് അയക്കുകയും വഴിമദ്ധ്യേ മരണപ്പെടുകയും ചെയ്തു.
                    ഈ മരണത്തിനുശേഷം ബന്ധുക്കളെ സന്ദര്‍ശിക്കുവാനോ ആശ്വസിപ്പിക്കുവാനോ ധനസഹായം നല്‍കുന്നതിനോ ബന്ധപ്പെട്ട ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പൌരപ്രമുഖരോ എത്തിയില്ല.ലുക്കേമിയ മൂലമാണ് കവിത കൊല്ലപ്പെട്ടതെന്ന് ആരോഗ്യവകുപ്പില്‍ നിന്ന് ഞങ്ങള്‍ അറിഞ്ഞെങ്കിലും കവിതയുടെ വീട്ടുകാര്‍ക്ക് അസുഖത്തെ സംബന്ധിച്ച് യാതൊരു അറിവുമില്ല.
                                                            ( ശേഷം തുടരും)
Post a Comment