ആടിനെ പട്ടിയാക്കാമോ?

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                  ഴയ ബാലരമ ബാലഭൂമി ബാലമാസികകളിലൊക്കെ വന്നിരുന്ന ഒരു പസിലുണ്ട്. “ആടിനെ പട്ടിയാക്കാമോ?“, അല്ലെങ്കില്‍ “കുഞ്ഞന്നാമ്മയെ കൊച്ചുറാണിയാക്കാമോ” എന്നൊക്കെയായിരിക്കും അതിന്റെ തലക്കെട്ട്.സംഭവം നിസ്സാരമായിരിക്കും. ആടിനെ പട്ടിയാക്കുന്നതിങ്ങനെയായിരിക്കും, ആട് എന്ന വാക്കില്‍ നിന്നും ഒരക്ഷരം മാറ്റി അര്‍ഥമുള്ള മറ്റൊരു വാക്കുണ്ടാക്കുക,പിന്നെയും ഒരക്ഷരം മാറ്റി വേറൊരു വാക്ക്,അങ്ങനെ മാറ്റി മാറ്റി പട്ടിയാക്കുക.ഉദാഹരണത്തിനിവിടെ ആട്- ആല് - പാല് - പട്ടി. എപ്പടി?
              ഈ പസിലിപ്പോഴെനിക്കോര്‍മ്മ വന്നത് ഇന്ന് കേരളത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സരിതാചരിത്രം വായിച്ചു വരുമ്പോഴാണ്.ഓര്‍മ്മയുണ്ടോ സരിതാചരിത്രം നമ്മുടെ സ്മൃതിമണ്ഡലങ്ങളില്‍ എങ്ങനെയാണ് ആദ്യം രേഖപ്പെടുത്തിയതെന്ന്?(ഇന്ന് വായിച്ചത് നാളത്തെ പത്രം വായിക്കുമ്പോള്‍ മറന്ന് അതാണ് ശരിയെന്ന് മറ്റന്നാളത്തെ പത്രം വരുന്നതുവരെ വിശ്വസിക്കുന്നവരാണല്ലോ നമ്മള്‍.) അപ്പോള്‍ ഇങ്ങനെയാണ് സരിതാചരിത്രം ആരംഭിക്കുന്നത്, ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളെ സരിതയും ബിജു രാധാകൃഷ്ണനും തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു എന്നൊരു വെളിപ്പെടുത്തല്‍.ആരാണീ സരിതയും ബിജുവും? പോലീസന്വേഷിച്ചുകൊണ്ടിരിക്കുന്ന രണ്ടു പിടികിട്ടാപ്പുള്ളികള്‍,ഒളിവിലാണെന്ന് പോലീസ് പറയുന്നവര്‍.അവരാണ് ഉമ്മന്‍ ചാണ്ടിയുടെ സഹായികളെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നത്.
                   ഇതിനെന്താണു പ്രത്യേകത എന്നു ചോദിച്ചാല്‍ നമ്മുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സ്വന്തമായി ടെലിഫോണ്‍ ഉപയോഗിക്കാത്ത ആളാണത്രെ.തന്നെയുമല്ല അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സഹായികളുടെ ഫോണുകളാണു താനും.അതായത് ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ വിളിക്കണമെങ്കില്‍ ഇവരുടെ നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നര്‍ത്ഥം.അപ്പോള്‍ സരിത വിളിച്ച വിളികളൊക്കെ ആര്‍ക്കു വേണ്ടിയിട്ടായിരുന്നു എന്നതാണ് ഇവിടെ ഉയര്‍ന്ന ചോദ്യം, പ്രത്യേകിച്ചും സോളാര്‍ പാനലുകളും സബ് സ്റ്റേഷനുകളും വച്ചുകൊടുക്കാമെന്ന് പറഞ്ഞ് നിരവധിപേരെ പറ്റിച്ച് ലക്ഷങ്ങളോ കോടികളോ സമ്പാദിച്ചതിന് അന്വേഷണം നേരിടുന്നവരാണിവര്‍.അപ്പോള്‍ സംഗതി എന്തായി? മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട അഴിമതി കേസ്.അതില്‍ മുഖ്യന് പങ്ക് എന്നുവരെ വാര്‍ത്തകള്‍.
             ഈ സമയത്ത് സരിതാ ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായവര്‍ കൂടുതല്‍ വരികയും അവരൊക്കെ കേസുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.അതിലൊരാളാണ് ശ്രീധരന്‍ നായര്‍.ശ്രീധരന്‍ നായര്‍ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപയോ ( നാല്‍‌പത് ലക്ഷം രൂപയോ) മറ്റോ ആണ്.ഇത്രയും തുകയുടെ ചെക്ക് കൈപറ്റാനായി സരിത നായരെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചുവത്രെ.അവിടെ വച്ച് നായര്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചെന്ന് പറയപ്പെടുന്നു.തന്നെയുമല്ല ഇത്രയും വലിയ തുകയുടെ ചെക്ക് കിട്ടിയപ്പോള്‍ സരിതയും മുഖ്യമന്ത്രിയുടെ ഓഫീസിലെ സഹായിയും സന്തോഷാതിരേകത്താല്‍ കെട്ടിപ്പിടിച്ച് ചുമ്പിക്കുകയും ചെയ്തെന്നും പറയപ്പെടുന്നു.
                  ഈ സമയത്ത് പുതിയൊരു വാര്‍ത്ത പ്രത്യക്ഷപ്പെടുന്നു,സരിത ആഭ്യന്തര മന്ത്രിയേക്കൂടി വിളിച്ചിട്ടുണ്ടത്രെ.അപ്പോള്‍ കഥയ്ക്ക് പുതിയൊരു ട്വിസ്റ്റ് വരുന്നു, മുഖ്യന്‍ മാത്രമല്ല ആഭ്യന്തരന്‍ കൂടിയുണ്ട് കഥയില്‍.സരിത അറസ്റ്റിലായെങ്കിലും സരിതയുടെ ഭര്‍ത്താവ് (?) ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോയ്യി ഒളിവിലിരുന്നുകൊണ്ട് ഏഷ്യാനെറ്റുമായി അഭിമുഖം സംഘടിപ്പിക്കുന്നു.അദ്ദേഹം പറയുന്നു, താന്‍ മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം രഹസ്യമായി ചര്‍ച്ച നടത്തിയെന്നും കേരളത്തിലെ അറിയപ്പെടുന്ന ഒരു എം പി (പേരും പറഞ്ഞു) ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തിയതെന്നും പറഞ്ഞു.സംസാരിച്ചത് കുടുംബകാര്യമാണെന്നും അത് വെളിപ്പെടുത്താന്‍ നിര്‍വാഹകമില്ലെന്നും മുഖ്യമന്ത്രി.ഇതിനിടയില്‍ മറ്റൊരു കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു,ശാലുമേനോന്‍.ഇവരെ താന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്ന് ആഭ്യന്തരന്‍, ഫോണ്‍ വിളിച്ച തെളിവുമായി ചാനലുകള്‍, എന്നെ പലരും വിളിച്ചിട്ടുണ്ടാവും ഞാനും വിളിച്ചിട്ടുണ്ടാവും എന്നാല്‍ വീട്ടില്‍ പോയിട്ടില്ലെന്ന് ആഭ്യന്തരന്‍.വീട്ടില്‍ ചെന്നെന്ന് ശാലുവിന്റെ അമ്മ, പോയി രണ്ടു സെക്കന്റ് ചെലവഴിച്ചെന്ന് ആഭ്യന്തരന്‍.ശാലുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങാണ് രംഗം.ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ വിരട്ടി ഫോട്ടോകള്‍ മുഴുവന്‍ നശിപ്പിച്ചെന്ന വാദം പൊളിച്ചു കൊണ്ട് മനോരമ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നു.         പിറ്റേന്നതാ സരിതയും ശാലുവുമായി നിരന്തരം ബന്ധപ്പെട്ടെന്ന വാര്‍ത്തയുമായി നിരവധി മന്ത്രിമാരുടേയും യു ഡി എഫ് എം എല്‍ എ മാരുടേയും പെരുകള്‍ വരുന്നു.
                   ലേശം ബോറടിച്ചല്ലെ ഈ ചര്‍വിത ചര്‍വണം തന്നെ വായിച്ച് വായിച്ച്.പക്ഷെ ഈ വായനയില്‍ നിന്നു മാത്രമല്ല സരിതാ ചരിത്രത്തില്‍ നിന്ന് പതിയെ പതിയെ വലതു മാധ്യമങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയ ചില വാക്കുകളുണ്ട്, അഴിമതി, സോളാര്‍ പാനല്‍, ചെക്കുകള്‍,കോടികള്‍,ശ്രീധരന്‍ നായര്‍ തുടങ്ങിയവയാണാ വാക്കുകള്‍. ശരിക്കും ബാ‍ലരമാ സ്റ്റൈല്‍.സത്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും ബാലരമാ പ്രോഡക്റ്റുകളാണല്ലോ .ഒന്നുകില്‍ ബാലരമ അല്ലെങ്കില്‍ ബാലജനസഖ്യം.തങ്ങളുടെ സന്താനങ്ങള്‍ താല്‍ക്കാലികമായി പെണ്ണുകേസില്‍ പെട്ടാലും ( അത് പിടിപ്പുകേട് ) അഴിമതിക്കേസില്‍ പെടരുതെന്ന് ചില നിര്‍ബന്ധങ്ങള്‍ മാധ്യമവലതുപക്ഷക്കാര്‍ക്കുള്ളതുപോലെ ഒരു തോന്നല്‍.അഴിമതിക്കേസില്‍ അകത്തായാല്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ചിലപ്പോള്‍ ആജീവനാന്തവിലക്കേര്‍പ്പെടുത്തും.പെണ്ണുകേസ് അത്രയും സാധാരണ വരാറില്ല.
                         അങ്ങനെയാണ് ബാലരമയിലെ വേഡ് പസില്‍ സമര്‍ത്ഥമായി ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.സരിത ജോപ്പനെ വിളിച്ചു, പണം തട്ടിപ്പിനൊന്നിച്ച് നിന്നു,പിന്നെ മുഖ്യമന്ത്രിയെ വിളിച്ചു, ശ്രീധരന്‍ നായരെക്കുറിച്ച് സംസാരിക്കുന്നു, പിന്നെ ആഭ്യന്തരനെ വിളിക്കുന്നു,അയാളെ വിളിക്കുന്നു,ഇയാളെ വിളിക്കുന്നു,എം എല്‍ എ മാരെ വിളിക്കുന്നു.ഓകെ സാര്‍ അപ്പോള്‍ അഴിമതിയോ? എന്ത് അഴിമതിയോ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലല്ലോ ഞങ്ങള്‍ ചാനലുകള്‍.ഞങ്ങള്‍ വഴിയല്ലെ നിങ്ങള്‍ ജനങ്ങള്‍ കാര്യങ്ങളറിയുന്നത്? ഞങ്ങള്‍ പറയാതെ നിങ്ങളിതെങ്ങനെ അറിഞ്ഞൂ?            അല്ല പോലീസ്......... പോലീസോ അവരന്വേഷിക്കുകയല്ലേ, റിസല്‍റ്റ് വരട്ടെ, എന്നു വരും? അതെങ്ങനാ പറയുക, വിശദമായിട്ടന്വേഷിക്കേണ്ടതല്ലെ ചിലപ്പോള്‍ കാലങ്ങളെടുത്തേക്കാം.ചിലപ്പോള്‍ ഒരിക്കലും തെളിഞ്ഞില്ലെന്നും വരാം.അപ്പോള്‍ കുറ്റവാളികളെ ശിക്ഷിക്കേണ്ടേ? അതിനല്ലേ ഒന്നു രണ്ടുപേരെ അകത്തിട്ടിരിക്കുന്നത്, കണ്ടില്ലെ ഇവരെയൊക്കെ പുറത്താക്കുകയും ചെയ്തില്ലേ? പിന്നേന്താ?
അപ്പോള്‍ സര്‍വം മംഗളം.
                            ഇതിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒന്നു രണ്ടു സംഭവങ്ങള്‍ കൂടി സൂചിപ്പിക്കുന്നു.അല്ലേലും ഉടുത്തൊരുങ്ങി ഒരു പെണ്ണ് നടന്നുപോയ്യാല്‍ അവളുടെ നേരെ നോക്കി വായില് വെള്ളോം ഒലിപ്പിച്ച് സര്‍വവും മറന്നു നില്‍ക്കുന്നവരാണല്ലോ നമ്മള്‍.ഞാന്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
1.ലീഗിന്റെ നോമിനിയായ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസറുടെ ബാങ്ക് അക്കൌണ്ടുകള്‍ സി ബി ഐ മരവിപ്പിച്ചത്.കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് നടന്ന ചില ദേശദ്രോഹപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സി ബി ഐ അന്വേഷിക്കുന്നത് ഈ അന്വേഷണം നീണ്ടു ചെന്നാല്‍ അതെത്തുക ലീഗിന്റെ ഒരു കേന്ദ്രമന്ത്രിയിലേയ്ക്കും മറ്റ് ലീഗ് നേതാക്കളിലേയ്ക്കുമായിരിക്കും എന്ന് പറയപ്പെടുന്നു.
2.ലീഗ് മന്ത്രിയുടെ മുഖ്യ സഹായി മരണപ്പെട്ടു.ആയുധക്കടത്തുമായി സി ബി ഐ ചോദ്യം ചെയ്യാനിരുന്ന ആളാണത്രെ അയാള്‍.പ്രായാധിക്യവും രോഗവുമാണ് പ്രത്യക്ഷമരണകാരണമെങ്കിലും....................
3.സര്‍വപ്രധാനമായ മറ്റൊരു കാര്യം രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് ഒരു പത്തിന പരിപാടി പുറത്തിറക്കി എന്നുള്ളതാണ്.തിളങ്ങുന്ന ഇന്ത്യക്കുമപ്പുറം ആം ആദ്മിയ്ക്കുമപ്പുറം ഒരു ആത്മാര്‍ത്ഥത ഈ പത്തിന പരിപാടിയില്‍ ദൃശ്യമാണ്.ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു വിലയിരുത്തലും നാം നേരിടുന്ന പ്രശ്നങ്ങള്‍ക്കൊരു ജനകീയ പരിഹാരനിര്‍ദ്ദേശങ്ങളുമാണതിന്റെ പ്രത്യേകത.അവയിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍ ഇവയാണ്:-
       ക. രാജ്യത്ത് ഭൂപരിഷ്കരണം നടപ്പിലാക്കണം.വീടില്ലാത്തവര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യുകയും ചെയ്യണം.ബലാല്‍ക്കാരമായി ഭൂമി ഏറ്റെടുക്കുന്ന നടപടി അവസാനിപ്പിക്കണം.
    ഖ.അടിസ്ഥാനസൌകര്യവികസനത്തിനായി പൊതുമേഖലയെ ഉപയോഗിക്കുക.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പരിപാടികള്‍ തുടങ്ങുക.ഖനികളും ഓയില്‍ കമ്പനികളും ദേശസാല്‍ക്കരിക്കുക.
   ഗ.നികുതി പിരിവിലെ അറ്റയ്ക്കുക,നികുതി പിരിവ് ഊര്‍ജിതമാക്കുക,നിയമപ്രകാരം കിട്ടേണ്ട തുക മുഴുവന്‍ പിരിച്ചെടുക്കുക.ഊഹക്കച്ചവടവും പണത്തിന്റെ ഒഴുക്കും നിയന്ത്രിക്കുക,ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം വേണ്ടെന്നു വൈക്കുക.
 ഘ.ഇന്ത്യയിലാകമാനം പൊതുവിതരണസംബ്രദായം നടപ്പിലാക്കുകയും  അതുവഴി ഒരോ കുടുംബത്തിനും കിലോയ്ക്ക് 2 രൂപ നിരക്കില്‍ മാസം 35 കിലോ ഭക്ഷ്യധാന്യം ലഭ്യമാക്കുകയും അതിനായി ഒരു ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുകയും ചെയ്യുക.
  ങ.മതവും ഭരണകൂടവും രണ്ടും രണ്ടായിത്തന്നെ നിലനിറുത്തുകയും അതിനായി കൃത്യമായ നടപടികള്‍ എടുക്കുകയും ചെയ്യുക.മതതീവ്രവാദികളെ ശക്തമായി അടിച്ചമര്‍ത്തുക.
ച.ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള വിഹിതം വര്‍ധിപ്പിക്കുക.ഇവ രണ്ടും പൊതുമേഖലയില്‍ നിലനിരുത്തുക.വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുക.
ഛ.ഉയര്‍ന്ന നിലയിലുള്ള അഴിമതി അവസാനിപ്പിക്കുക.സ്വതന്ത്രമായ അന്വേഷണ സംവിധാനത്തോടുകൂടിയ ലോക്പാല്‍ നിയമം പാസാക്കുക.തിരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക.
ജ.എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത നല്‍കുക.എല്ലാ ഭരണകേന്ദ്രങ്ങളിലും മൂന്നിലൊന്ന് പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കുക.ദളിതുകളുടെ സംവരണം സംരസ്ഖിക്കുകയും എസ്/എസ്സി വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും സംവരണം അനുവദിക്കും.രംഗനാഥകമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നടപ്പാക്കും.ആദിവാസികള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുക.
ത്ധ. തൊഴിലെടുക്കുന്നവര്ഉടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുക.മിനിമം കൂലി ഉറപ്പാക്കുകയും എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക.കോണ്ട്രാക്ട് സംബ്രദായം അവസാനിപ്പിക്കുക.
ഞ.സ്വതന്ത്രമായ ഒരു വിദേശനയം രൂപീകരിക്കുക.
                        ഇവയാണാ അവകാശപത്രിക.ഇന്നാട്ടിലെ സാധാരണാക്കാര്‍ക്ക് പണിയെടുക്കുന്നവര്‍ക്ക് ചൂഷണം അനുഭവിക്കുന്നവര്‍ക്ക് എല്ലാ തരത്തിലും ആശ്വാസം നല്‍കുന്നതാണീ അവകാശ പത്രിക എന്നു കാണാം.എന്നാലീ അവകാശപത്രിക പുറത്തിറങ്ങിയ വിവരം ഇന്നാട്ടിലെ പത്ര ദൃശ്യമാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല.അവര്‍ക്ക് ഇപ്പോഴും പ്രിയം സരിതാ ശാലൂദ്വന്ദങ്ങളാണ്.
                           ജനോപകാരപ്രദമായ വാര്‍ത്തകള്‍ തമസ്കരിക്കാന്‍ പരസ്പരം മത്സരിക്കുന്ന ഈ പടുകാലത്ത് സോഷ്യല്‍ സൈറ്റുകളാണ് അതിലെ കമന്റുകളും ലൈക്കുകളും ഒക്കെയാണ് അല്പമെങ്കിലും സത്യസന്ധമായി ജനങ്ങളിലേയ്ക്ക് വിവരങ്ങള്‍ എത്തിക്കുന്നത്.

2 comments :

  1. ഇവയാണാ അവകാശപത്രിക.ഇന്നാട്ടിലെ സാധാരണാക്കാര്‍ക്ക് പണിയെടുക്കുന്നവര്‍ക്ക് ചൂഷണം അനുഭവിക്കുന്നവര്‍ക്ക് എല്ലാ തരത്തിലും ആശ്വാസം നല്‍കുന്നതാണീ അവകാശ പത്രിക എന്നു കാണാം.എന്നാലീ അവകാശപത്രിക പുറത്തിറങ്ങിയ വിവരം ഇന്നാട്ടിലെ പത്ര ദൃശ്യമാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല.അവര്‍ക്ക് ഇപ്പോഴും പ്രിയം സരിതാ ശാലൂദ്വന്ദങ്ങളാണ്.
    ജനോപകാരപ്രദമായ വാര്‍ത്തകള്‍ തമസ്കരിക്കാന്‍ പരസ്പരം മത്സരിക്കുന്ന ഈ പടുകാലത്ത് സോഷ്യല്‍ സൈറ്റുകളാണ് അതിലെ കമന്റുകളും ലൈക്കുകളും ഒക്കെയാണ് അല്പമെങ്കിലും സത്യസന്ധമായി ജനങ്ങളിലേയ്ക്ക് വിവരങ്ങള്‍ എത്തിക്കുന്നത്.

    ReplyDelete
  2. കോണ്‍ഗ്രസിനോട് എന്തെങ്കിലും അനുഭാവമുള്‍ലവര്‍ പോലും തിരിഞ്ഞ് ചിന്തിക്കാന്‍ തുടങ്ങുന്ന സംഭവവികാസങ്ങള്‍

    ReplyDelete