അട്ടപ്പാടിയില്‍ കാണുന്നത് 3

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ രണ്ടു ഭാഗങ്ങള്‍ക്കു ശേഷം അവസാനഭാഗം.
ആദ്യം മുതല്‍ വായിക്കേണ്ടവര്‍ക്കായി
അട്ടപ്പാടിയില്‍ കാണേണ്ടത്
അട്ടപ്പാടിയില്‍ കാണുന്നത് 2
ഇനി ബാക്കി വായിക്കുക

ഗ്രാമപഞ്ചായത്തുകള്‍ :-  അംഗനവാടികളിലൂടെ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാരം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല.ഇതിന്നാവശ്യമായ ഫണ്ടുകള്‍ വകയിരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.കഴിഞ്ഞ രണ്ടു വര്‍ഷമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.അംഗന്‍‌വാടി വര്‍ക്കര്‍മാര്‍ മുട്ട പാല്‍ പഴം എന്നിവ സ്വന്തം നിലയില്‍ വാങ്ങി വിതരണം ചെയ്യുവാന്‍ നല്‍കിയ നിര്‍ദ്ദേശം ഗുരുതരമായ വീഴ്ച്ചയാണ്.
                            ആദിവാസികള്‍ ഈ മേഖലയില്‍ ന്യൂനപക്ഷമായി തീര്‍ന്നതിനാല്‍ അവരുടെ ഊരുകളുടെ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോ , അവര്‍ക്കാവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനോ കഴിയാത്തവിധം പരിമിതികള്‍ ബാധിച്ചിരിക്കുന്നു.ആദിവാസിക്ഷേമത്തിനായുള്ള പദ്ധതികളില്‍ ബഹുഭൂരിപക്ഷവും വന്തവാസികളുടെ കൃഷിയും വ്യാപാരവും അടിസ്ഥാനസൌകര്യങ്ങളും കൂടി വര്‍ദ്ധിപ്പിക്കുന്ന വിധത്തിലേയ്ക്ക് മാറ്റപ്പെട്ടു.
                       നേതൃസ്ഥാനത്ത് ഇപ്പോഴും ആദിവാസികള്‍ ഉണ്ടെങ്കിലും പ്രായോഗീകതലത്തില്‍ അറിവും വിദ്യാഭ്യാസവുമുള്ള വന്തവാസികള്‍ ഭരണം കൈക്കലാക്കി.വെന്തപ്പെട്ടി ഊരില്‍ ലുക്കേമിയ ബാധിച്ച് മരണപ്പെട്ട കവിതയുടെ പിതാവ് നഞ്ചന്‍ മുന്‍‌പഞ്ചായത്ത് പ്രസിഡണ്ടാണെങ്കിലും കോളനിയിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിനോ കോലനിയില്‍ കുടിവെള്ളം എത്തിക്കുന്നതിനോ കഴിഞ്ഞിട്ടില്ല.
                        അട്ടപ്പാടിയിലെ ഊരുകളിലേക്കുള്ള റോഡുകള്‍ ഭൂരിഭാഗവും ടാര്‍ ചെയ്ത് കാണുന്നുണ്ടെങ്കിലും കുടിവെള്ളത്തിന്റെ ദൌര്‍ലഭ്യം മുഖ്യപ്രശ്നമായി നിലനില്‍ക്കുന്നു.ആദിവാസിമേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം ഒരു പ്രശ്നമായി ഗ്രാമപഞ്ചായത്തുകള്‍ കാണുന്നില്ല.ദാരിദ്രനിര്‍മ്മാര്‍ജന പദ്ധതികളൊന്നും കാര്യക്ഷമമായി നിര്‍വഹിക്കുവാന്‍ ഗ്രാമപഞ്ചായത്തിനു കഴിഞ്ഞിട്ടില്ല.ഇത് ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ച്ചയല്ല; ജനപ്രതിനിധികള്‍ക്ക് അവരുടെ കര്‍ത്തവ്യം നിര്‍‌വഹിക്കുവാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്.
മദ്യവിപത്ത്:- മദ്യനിരോധനമേഖലയായ അട്ടപ്പാടി മദ്യവാറ്റിന്റെ കേന്ദ്രമായി മാറിയത് സമീപകാലത്തൊന്നുമല്ല.കാണേണ്ടവര്‍ ബോധപൂര്‍വം കാണാതാകുമ്പോള്‍ മദ്യക്കടത്തും മദ്യവാറ്റും പടര്‍ന്ന് പന്തലിക്കുക തന്നെ ചെയ്യും.ഒരു ഗ്ലാസ് മദ്യത്തിന് 30 രൂപ നിരക്കില്‍ ( പുറത്തുള്ളവര്‍ക്ക് 40 രൂപ) വില്ക്കപ്പെടുന്നു.വാറ്റുജോലികള്‍ ചെയ്യുന്നത് ആദിവാസികള്‍ തന്നെയാണെങ്കിലും വാറ്റുകേന്ദ്രത്തിന്റെ ഉടമകള്‍ വന്തവാസികള്‍ തന്നെയാണ്.ആദിവാസിസ്ത്രീകളും വ്യാപകമായ തോതില്‍ മദ്യം ഉപയോഗിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
                         2002 ല്‍ പലകയൂരിലെ ചെന്തുമ്പി മലയില്‍ വാറ്റുകാര്‍ തമ്മിലുണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് വെള്ളങ്കരി എന്ന ആദിവാസിയെ മദ്യമൊഴിച്ച് തീവച്ചു കൊന്ന കേസില്‍ ആരേയും ഇന്നുവരെ അറസ്റ്റ് ചെയ്യാതിരുന്നത് മദ്യലോബിയുടെ സ്വാധീനത്തില്‍ തന്നെയാണ്.പലകയൂരിലെ ബഹുഭൂരിപക്ഷം വീടുകളും ഒഴിഞ്ഞുകിടക്കുന്നത് കുടുംബാംഗങ്ങള്‍ മദ്യപാനം മൂലം മരിച്ചുപോയതിനാലാണെന്നറിയാന്‍ കഴിഞ്ഞത് അന്വേഷകസംഘത്തെ ഞെട്ടിച്ച സംഭവമാണ്.
                      അട്ടപ്പാടിയിലെ ചെന്തുമ്പി മല (പലകയൂര്‍ ) നാഗര്‍കോണേ വെന്തപ്പെട്ടി താഴെ ചീരക്കടവ് അരളിക്കോണം ചൂട്ടറ മേലെ മുള്ളി അബണ്ണൂര്‍ ചെമ്മണ്ണൂര്‍ പൊട്ടിക്കല്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍‌തോതില്‍ മദ്യം ഉല്‍പ്പാദിപ്പിച്ച് മറ്റു ഊരുകളിലേയ്ക്ക് അക്ടത്തിക്കൊണ്ടുവരികയാണ്. ഈ വിതരണ ശൃംഖല പരസ്യമായ രഹസ്യമാണെങ്കിലും നടപടിയെടുക്കേണ്ടവര്‍ കുറ്റകരമായ മൌനം പാലിക്കുകയാണ്.അട്ടപ്പാടിലെവിടേയും ഫോണ്‍ വിളിച്ചാല്‍ ഓട്ടോയില്‍ മദ്യമെത്തിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതും ആരുടേയും ശ്രദ്ധയില്‍ പെടാത്തതും വലിയ വിപത്താണ്.ആദിവാസികളെ മദ്യപരെന്നു മുദ്രകുത്തി പുച്ഛിക്കുന്നതിനേക്കാള്‍ നല്ലത് അവരെ മദ്യത്തില്‍ മുക്കികൊല്ലുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്.
                     മദ്യവാറ്റിന്റെ വിഷയത്തില്‍ ഇവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം കുറ്റകരമായ മൌനം പാലിക്കുകയാണ്.വോട്ടുബാങ്കുകള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ മദ്യലോബിക്കെതിരെ പ്രതികരിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരാത്തത് അന്വേഷിക്കേണ്ടതാണ്.
ഐ ടി ഡി പി:- മേല്പറഞ്ഞ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ പൊതുസമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ആദിവാസി സമൂഹത്തിന്റെ മാത്രം ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാര്‍ ഏജെന്‍സിയാണ് ഐ ടി ഡി പി.സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്കൊപ്പം പ്രാദേശീക സാഹചര്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി നടപ്പിലാക്കാനും ഐ ടീ ഡി പിക്കു കഴിയുന്നതാണ്.എന്നാല്‍ ഈ സ്ഥാപനം ദീര്‍ഘകാലം ഇന്‍ ചാര്‍ജ് ഭരണത്തിലായിരുന്നു.
                  പ്രോജക്റ്റ് ഓഫീസറും ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍‌മാരും 135 പ്രൊമോട്ടര്‍മാരും മറ്റ് അനുബന്ധ ജീവനക്കാരുമുള്ള ഈ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നടത്തിപ്പുമാത്രമാണ് തങ്ങളുടെ പണിയെന്നു കരുതുന്നു.ആദിവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മറ്റുവകുപ്പുകള്‍ക്കാണ് ഉത്തരവാദിത്വമെന്നവര്‍ ആധികാരികമായി പറയുന്നു.ഡി എം ഒ ഐ സി ഡി എസ് എന്നിവരുടെ പരാജയം അക്കമിട്ട് നിരത്തുകയാണ് ഐ ടി ഡി പി പ്രോജക്റ്റ് ഓഫീസര്‍.
                  ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം (സൌജന്യ പോഷകാഹാര വിതരണ പദ്ധതി )പോലും കാര്യക്ഷമമായി നടത്തുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.സൌജന്യ അരി വിതരണം നടത്തുവാന്‍ കഴിഞ്ഞിട്ടില്ല.കാരണം ആദിവസികള്‍ നേരിടുന്ന ദാരിദ്രാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ക്ക് അറിയില്ലെന്നതു തന്നെ. എസ് ടി പ്രൊമോട്ടര്‍ മാര്‍ മുഖേന ആദിവാസികളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ പ്രതിമാസയോഗങ്ങള്‍ ഗൌരവത്തോടെ നടത്താനും കഴിഞ്ഞിട്ടില്ല.
                 ഐ ടി ഡി പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ അവസ്ഥ ദയനീയമാണ്.ഡൊക്റ്റര്‍മാരും അനുബന്ധ ജീവനക്കാരും ആവശ്യത്തിനില്ല.ആംബുലന്‍സുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ആക്സിഡന്റായ ആംബുലന്‍സ് നിരത്തിലിറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നില്ല.ചികിത്സാസഹായം നല്‍കുന്ന വിവരം ആദിവാസികളെ അറിയിക്കാന്‍ പോലും തയ്യാറായില്ല.
                   മരണമടഞ്ഞ ശിശുക്കളുടെ അമ്മമാര്‍ ഗര്‍ഭകാലത്ത് ആ‍ാവ്ശ്യമായ പരിചരണം ലഭിക്കാത്തവരാണ്.ഇവരുടെ ഗര്‍ഭകാലചികിത്സയ്ക്ക് ധനസഹായവും നല്‍കിയിട്ടില്ല.വല്ലപ്പോഴും പ്രമോട്ടര്‍മാര്‍ ഊരുസന്ദര്‍ശനം നടത്താറുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവരാരും ഊരുകളില്‍ പോകാറില്ലെന്നത് തന്നെയാണ് ഈ വീഴ്ച്ചക്കു കാരണം.
                      വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ലെന്ന് പരാതിപ്പെടുന്നതിനു പകരം വിവിധ വകുപ്പുകളെ ഐ സി ഡി എസ് , ഗ്രാമപഞ്ചായത്ത് , ആരോഗ്യവകുപ്പ് എന്നിവകളെ ഏകോപിപ്പിച്ച് തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്.ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഐ ടി ഡി പി ക്ക് കഴിയില്ല.
                    ആദിവാസി സമൂഹത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി യാഥാര്‍ത്ഥ്യബോധത്തോടെ , പ്രാദേശികപ്രശ്നങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കി പുത്തന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ കഴിവുള്ള ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ഈ സ്ഥാപനത്തിന്റെ മേധാവിയാക്കി നിയമിക്കുന്ന പക്ഷം കുത്തഴിഞ്ഞ ഇന്നത്തെ അവസ്ഥയ്ക്ക്  പരിഹാരമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.
                അട്ടപ്പാടിയിലെ ആദിവാസികളുടെ വംശനാശം ഒഴിവാക്കുന്നതിനും തനതു സംസ്കാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നതിനും താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

യുക്തിവാദിസംഘം നിര്‍ദ്ദേശങ്ങള്‍
1. ദാരിദ്ര്യമാണ് മുഖ്യപ്രശ്നം.അതുകൊണ്ടു തന്നെ അവരുടെ ഉടമസ്ഥതയിലുള്ളതും അന്യാധീനപ്പെട്ടതും പാട്ടത്തിന് നല്‍കിയതുമായ കൃഷിഭൂമി വീണ്ടേടുക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
2.ആദിവാസികളുടെ കൃഷിഭൂമിയിലെ കാര്‍ഷികജോലികള്‍ തൊഴിലുറപ്പുപദ്ധതി മുഖേന നിര്‍വഹിച്ചുകൊടുക്കേണ്ടതാണ്.
3.വന്യമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് തടയുവാനായി വൈദ്യുതി കമ്പിവേലികള്‍ സ്ഥാപിച്ചു നല്‍കേണ്ടതാണ്.
4.കൃഷിഭൂമിയിലേക്കാവസ്യമായ ജലസേചനത്തിന് പമ്പുസെറ്റുകള്‍ സ്ഥാപിക്കണം.
5.കാര്‍ഷിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ കൈവശാവകാശരേഖകള്‍ സുതാര്യമായി നല്‍കേണ്ടതാണ്.
6.ഉഴവുകാളകള്‍ വളം വിത്ത് എന്നിവ വിതരണം ചെയ്യുക.
7.ആടുവലര്‍ത്തല്‍ പശുവളര്‍ത്തല്‍ എന്നിവയ്ക്ക് ധനസഹായം നല്‍കി പ്രോത്സാഹിപ്പിക്കുക.
8.അവരുടെ എല്ലാ കൃഷിയും സര്‍ക്കാര്‍ ചിലവില്‍ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് നല്‍കി സംരക്ഷിക്കുക.
9.കാര്‍ഷികവൃത്തിയിലേയ്ക്ക് തിരിച്ചുവരുന്ന ആദിവാസിയ്ക്ക് 25,000 രൂപ യുടേയെങ്കിലും ധനസഹായം പ്രോത്സാഹനമായി ചെയ്യുക.
10.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കുകയും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന റാഗി , തുവര, വെരഗ് , തുടങ്ങിയവ അടങ്ങിയ പോഷകാഹാരങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്യുക.
11. ആദിവാസിയുടെ ക്ഷേമത്തിനും വികസനത്തിനും ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ പദ്ധതികള്‍ നിര്‍ബന്ധമായും നടപ്പിലാക്കുക.
12.അംഗന്‍ വാടികള്‍ , ഹോസ്പിറ്റലുകള്‍ മുഖേന നടപ്പിലാക്കുന്ന പൊഷകാഹാര പദ്ധതികളും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെ സുതാര്യമായ രീതിയില്‍ നടപ്പിലാക്കുക.
13.ഈ മേഖലയില്‍ ഇപ്പോഴുള്ള അഞ്ഞൂറോളം ഗര്‍ഭിണികള്‍ക്കാവശ്യമായ ചികിത്സയും പോഷകാഹാരവിതരണവും സത്വരമായി നടപ്പിലാക്കുക.
14.ആദിവാസികളില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൌമാരപ്രായക്കാര്‍ക്കും ആവശ്യമായ പോഷകാഹാരവിതരണം നടത്തുക.
15.ആദിവാസി സമൂഹത്തില്‍ നിലനില്‍ക്കുന്ന മദ്യാസക്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
16.വാറ്റുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനും മദ്യക്കടത്ത് തടയുന്നതിനുമുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെ നടപ്പിലാക്കുക.
17.തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികള്‍ക്കൂള്ള കൂലി അതതു ദിവസം തന്നെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
18.മട്ടയരി കഴിക്കാത്ത ആദിവാസികള്‍ക്കായി റേഷന്‍ കടകള്‍ മുഖേന വെള്ളയരി വിതരണം ഉറപ്പുവരുത്തുക.
19.ആദിവാസി ജനതയുടെ വംശനാശം തടയുന്നതിനായി സമഗ്രമായ ഹെല്‍ത്ത് സര്‍വേ ജനപങ്കാളിത്തത്തോടെ നടത്തുക.
20 ആദിവാസികളുടെ ചികിത്സ, ആംബുലന്‍സ് വാടക ( ജീപുവാടകയുള്‍പ്പെടെ) മരുന്നുകള്‍ എന്നിവയ്ക്കായി ട്രൈബല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ചിലവില്‍ നടപ്പിലാക്കുക.
21 ഓരോ ഊരിലും നിലവിലുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ ചികിത്സയും ധനസഹായവും നല്‍കുക.
22.മദ്യപാനം രോഗങ്ങള്‍ എന്നിവ കൊണ്ട് രക്ഷിതാക്കള്‍ മരണമടഞ്ഞ കുട്ടികളെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുക.
23.ഐ ടി ഡീ പി യുടെ പൌരാവകാശരേഖ ഓരോ കുടുംബത്തിലും അടിയന്തിരമായി എത്തിക്കുക.
24.ആദിവാസി സമൂഹത്തിനു വേണ്ടി ഗവണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളും ധനസഹായം നല്‍കുന്ന വിവരങ്ങളും സംബന്ധിച്ച വിശദമായ ചുവരെഴുത്തുകളും പരസ്യങ്ങളും അടിയന്തിരമായി സല്‍കേണ്ടതാണ്.
25.ഐ ടി ഡി പി നേതൃത്വത്തില്‍ വിവിധവകുപ്പുകളുടെ പ്രതിമാസയോഗം വിളിച്ചുചേര്‍ത്ത് അവലോകനം നടത്തുക.
26ഐ ടി ഡി പി മേധാവിയായി ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുക.
27.ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതായ അഹന്ത മാറ്റി ആദിവാസിയുടെ സഹായിയും വഴികാട്ടിയുമായി മാറേണ്ടതാണ്.അതത് ഊരുകളിലുള്ളവരെ നിയമിക്കുവാന്‍ പരമാവധിശ്രമിച്ചാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതാണ്.
28.ട്രൈബല്‍ എക്സ്ടെന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് വാഹനമുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നല്‍കുക.ചുമതലകള്‍ വീതിച്ചു നല്‍കി ഊരുകളില്‍ ഇവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക.
29.അംഗനവാടി വര്‍ക്കര്‍മാരുടെ ഹാജര്‍ ഉറപ്പുവരുത്തേണ്ടതും ഗൃഹസന്ദര്‍ശനപരിപാടികള്‍ നടത്തേണ്ടതുമാണ്.
30.അംഗനവാടികളിലൂടെ നടപ്പാക്കേണ്ട പദ്ധതികള്‍ക്കാവശ്യമായ പദ്ധതിവിഹിതം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ ഐ ടി ഡി പി അധികൃതര്‍ സ്വീകരിക്കേണ്ടതാണ്.
31.പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലഭ്യമായ സൌകര്യങ്ങള്‍ അട്ടപ്പാടിയില്‍ നടപ്പിലാക്കേണ്ടതാണ്.
32.സബ് സെന്ററുകളില്‍ JPHN/JHI മാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടതാണ്.
33.ഗര്‍ഭകാല ചികിത്സയ്ക്ക് ആചാരങ്ങളും വിശ്വാസങ്ങളും തടസ്സമാകുകയാണെങ്കില്‍ അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം.
34.അട്ടപ്പാടിയിലെ അഗളി ഷോളയൂര്‍ പുതൂര്‍ വട്ട് ലക്കി ആശുപത്രികളില്‍ വനിതാ ഗൈനക്കോളജിസ്റ്റുകളെ നിയമിക്കണം.
35.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിട്ടുള്ള ആദിവാസികള്‍ക്ക് തുടര്‍ച്ചയായിട്ടുള്ള മോട്ടിവേഷണല്‍ ട്രെയിനിങ്ങ് നല്‍കി അവരുടെ കാര്യക്ഷമതയും ആത്മവിശ്വാസവും അവ്ര്ദ്ധിപ്പിക്കാന്‍ ഐ ടി ഡി പി മുന്നോട്ട് വരണം.
36.കൌമാരവിവാഹവും ഗര്‍ഭധാരണവും നിരുത്സാഹപ്പെടുത്തുവാനുള്ള നടപടികള്‍ ഉടനെ ഏര്‍പ്പെടുത്തേണ്ടതാണ്.
                                                              അവസാനിച്ചു.
              


Post a Comment