അല്‍പ്പം ചില പൊതു ചിന്തകള്‍

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                        രു ജനാധിപത്യവ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാവാതവയാണ് പൊതു എന്നു പറയുന്ന കുറെ  സംഭവങ്ങള്‍ . പൊതു എന്ന് പറയുമ്പോള്‍ എല്ലാ “പൊതു”വായതും അതില്‍ വരും.ഉദാഹരണം പൊതുവിദ്യാഭ്യാസം,പൊതുആരോഗ്യം,പൊതുഗതാഗതം, പൊതുവിതരണം തുടങ്ങി എല്ലാം. ഇത്തരം പൊതുവിന്റെ വലര്‍ച്ചയും കെട്ടുറപ്പും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും കെട്ടുറപ്പിനും ഉതകുന്നതുപോലെ നെരെ തിരിച്ചും സംഭവിക്കും.
           നമുക്കൊരുദാഹരണം നോക്കാം.നമ്മുടെ വിദ്യാഭ്യാസം - അത് സര്‍ക്കാര്‍ പള്ളിക്കൂടത്തിലേതായാലും സി ബി എസ് സി സിലബസ്സായാലും.ഐ സി ഐ സി ഐ ആയാലും റസിഡന്‍ഷ്യല്‍ ആയാലും ഇനി അതിലും മുന്തിയ ഊട്ടിയിലെ ആ സ്കൂളായാലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒന്നു മാത്രം.നമ്മുടെ സമൂഹം കാലങ്ങളായി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത വിവരങ്ങള്‍ പുതുതായി സമൂഹത്തിലേക്ക് കടന്നു വരുന്ന വ്യക്തികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക, അങ്ങനെ ആ പുതിയ ജീവിയെ സമൂഹത്തിന്റെ ഭാഗമാക്കുക, അവനെ / അവളെ  സമൂഹത്തിന്റെ ആകെയുള്ള ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുക, അതോടൊപ്പം സമൂഹത്തെ ഒരു പടികൂടി മുന്നോട്ട് നീക്കാനുള്ള കഴിവ് അവനില്‍ / അവളില്‍ ഉണ്ടാക്കുക.ഇത്രമാത്രം, ഇതുമാത്രമാണ് സമൂഹം വിദ്യാഭ്യാസം എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്.
                      ഈ ആവശ്യം നേടിയെടുക്കാനാണ് പൂച്ച എലിയെ പിടിച്ചിട്ട് കൊല്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത്.പൂച്ചക്ക് കളിവിളയാട്ടം എലിക്ക് പ്രാണവേദന എന്ന് പഴയ കാര്‍ന്നോമ്മാര്‍ പറയുന്നത് പൂച്ചയുടെ ഈ വിദ്യാഭ്യാസപ്രക്രിയ കണ്ടിട്ടാണ്.എന്നാല്‍ മനുഷ്യന്‍ അവിടെ നിന്നെല്ലാം പുരോഗമിച്ച് വളരെ മുന്നോട്ടെത്തിയിരിക്കുന്നു.ജീവിത സന്ധാരണത്തിനവന്‍ അനേകായിരം വഴികള്‍ കണ്ടെത്തിയിരിക്കുന്നു.ഈ വഴികളെല്ലാം പുതുതലമുറയെ മനസ്സിലാക്കിച്ചാലല്ലാതെ സമൂഹം തൃപ്തികരമായി മുന്നോട്ട് പോകുകയില്ല.അതിനായി ആ രംഗത്തെ വിദഗ്ധര്‍ കൂടിയിരുന്ന് പല മെത്തേഡുകള്‍ ഉണ്ടാക്കി, ആ മെത്തേഡുകള്‍ ഉപയോഗിച്ച് എങ്ങനെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാം എന്നതിനുള്ള രൂപരേഖയുണ്ടാക്കി, ആ രൂപരേഖക്കനുസൃതമായി പുസ്തകങ്ങള്‍ ഉണ്ടാക്കി, ആ പുസ്തകങ്ങളിലെ ആശയങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ നിരവധി അദ്ധ്യാപകരെയും അവര്‍ക്കാവശ്യമായ മറ്റ് അനുസാരികളുമൊക്കെ ആയി അതി സങ്കീര്‍ണ്ണമായ ഒരു സിസ്റ്റമായി മാറി നമ്മുടെ വിദ്യാഭ്യാസസംബ്രദായം.
                      എന്നിട്ട് ഇത്രയൊക്കെ ചെയ്തിട്ടും സമൂഹം ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസസംബ്രദായം ഇവിടെ മുഴുവനായും ഉയര്‍ന്നുവന്നിട്ടുണ്ടോ?എന്തൊക്കെ ആയിരിക്കണം ആ പൊതു വിദ്യാഭ്യാസത്തില്‍ ഉണ്ടായിരിക്കേണ്ടത്?സമൂഹത്തിന്റെ മൊത്തം ആവശ്യത്തിനുതകുന്നതായതിനാല്‍ അത് സമൂഹത്തിലെ മുഴുവന്‍ ആവശ്യക്കാര്‍ക്കും ഒരേപോലെ ലഭിക്കണം.അവിടെ ഒരു ഫില്‍റ്ററിങ്ങ് നടക്കാന്‍ പാടില്ല.( ഇത് പൊതുവേ ഹൈസ്കൂള്‍ വരെ മാത്രമേ ബാധകമാകൂ.പിന്നീട് അംഗങ്ങള്‍ അവരുടെ താല്പര്യത്തിനനുസരിച്ച് തരം തിരിക്കപ്പെടും, വേണമെങ്കില്‍ ഇതിനെ ഒരു ഫില്‍റ്ററിങ്ങായി കാണാം.) പിന്നെ ഒന്ന് ഇത് തികച്ചും സൌജന്യമായിരിക്കണം.കാരണം നാളെ ഇവരിലൂടെ വേണം സമൂഹം നിലനില്‍ക്കാനും മുന്നോട്ട് കുതിക്കാനും.എന്നാല്‍ ഇത്തരം ഒരു വിദ്യാഭ്യാസ സംബ്രദായമാണോ ഇവിടെ നിലനില്‍ക്കുന്നതെന്ന് ആലോചിച്ചു നോക്കുക.എന്തുകൊണ്ടിതു സംഭവിക്കുന്നു? 
                             മറ്റു “പൊതു “ വായത് മുഴുവന്‍ പരിശോധിച്ചാലും സ്ഥിതി വ്യത്യസ്ഥമല്ലെന്നു കാണാം.പൊതു ആരോഗ്യത്തിന്റെ സ്തിതി എന്താണ്? സമൂഹത്തിനു വേണ്ടി ഉല്‍പ്പാദനപ്രക്രിയയില്‍ ഏര്‍പ്പെടാനുള്ളവരെ ആരോഗ്യമുള്ളവരാക്കി നിലനിര്‍ത്തുക എന്നതാണ് പൊതു ആരോഗ്യ സംവിധാനത്തിന്റെ ലക്ഷ്യം.അതിനവര്‍ സമൂഹത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഉല്‍പ്പാദനപ്രക്രിയയിലേര്‍പ്പെട്ട് പ്രതിഫലം നല്‍കുന്നു. എന്നാല്‍ അവിടുത്തെ സ്ഥിതിയോ, ഇന്നെന്താണവിടുത്തെ സ്ഥിതി? പൊതു വിതരണമായാലും പൊതു ഗതാഗതമായാലും ഒന്നും സ്ഥിതി വ്യത്യസ്ഥമല്ല. എല്ലാം തകര്‍ന്നടിഞ്ഞു കൊണ്ടേയിരിക്കുന്നു.ആ തകര്‍ച്ച നമ്മുടെ പൊതു സമൂഹത്തിലും പ്രതിഫലിക്കുന്നു. പണ്ട് കാളിദാസന്‍ ശകുന്തളയെ വര്‍ണിച്ചതുപോലായി സ്ഥിതി.ശകുന്തള മാനോടു പഠിച്ചതോ അതോ മാന്‍ ശകുന്തളയോട് പഠിച്ചതോ ?.എല്ലാം തകര്‍ന്ന് തരിപ്പണമാകുന്നു എന്ന കാര്യത്തില്‍ സംശയമില്ല, പൊതു സമൂഹത്തിന്റെ തകര്‍ച്ച മറ്റു “പൊതു”ക്കളെ ബാധിച്ചതോ, മറ്റു “പൊതു”ക്കളുടെ തകര്‍ച്ച പൊതു സമൂഹത്തെ ബാധിച്ചോ എന്നേ സംശയമുള്ളൂ.
                 പണ്ട് ഡ്രൈവര്‍മാര്‍ക്ക് ക്ലാസ് എടുക്കുമ്പോള്‍ “distraction“ എന്നൊരു സംഭവം പറയാറുണ്ടായിരുന്നു.ഒരു ഡ്രൈവര്‍ തന്റെ വാഹനം ഓടിച്ചുകൊണ്ട് റോഡിലൂടെ പോകുമ്പോള്‍ വഴി നീളെ അവന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി ഒരു പാട് കാര്യങ്ങള്‍ ചെയ്തു വച്ചിട്ടുണ്ടായിരിക്കും.പരസ്യങ്ങളായും അറിയിപ്പായും ഒക്കെ. പണ്ടൊക്കെ ഇത് ചെറിയ ചെറിയ രൂപത്തിലായിരുന്നെങ്കില്‍ ഇന്ന് ചെറിയ കാര്യങ്ങളൊന്നും ഡ്രൈവറുടെ കണ്ണില്‍ പെടില്ലാത്തതിനാല്‍ പരസ്യങ്ങളും അറിയിപ്പുകളുമൊക്കെ വലിയ വലുപ്പത്തിലാണിന്നുണ്ടാക്കുന്നത്. പണ്ട് അന്‍പത് കിലോമീറ്റര്‍ സ്പീഡിലും അറുപത് കിലോമീറ്റര്‍ സ്പീഡിലും വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍മാര്‍ ഇന്ന് വാഹനം ഓടിക്കുന്നത് മിനിമം നൂറ്റിപ്പത്ത് കിലോമീറ്റര്‍ സ്പീഡിലാണ്.സ്പീഡ് ഗവര്‍ണര്‍ ഫിറ്റ് ചെയ്ത് സ്പീഡ് അറുപതില്‍ സെറ്റ് ചെയ്തിരിക്കുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ വരെ നൂറ്റിപ്പത്ത്  കിലോമീറ്റര്‍ സ്പീഡില്‍ ഓടുമ്പോള്‍ സ്വകാര്യവാഹനങ്ങളുടെ കാര്യം പറയണോ?സ്പീഡ് കൂടുംതോറും നമുക്ക് കാണാന്‍ കഴിയുന്ന വിസ്തൃതി കുറഞ്ഞു കുറഞ്ഞു വരും എന്നത് ലളിതമായ ജീവശാസ്ത്രം.അതുകൊണ്ടുതന്നെ നൂറ്റിപ്പത്ത് കിലോമീറ്റര്‍ സ്പീഡിലോടുമ്പോള്‍ അന്‍പത് കിലോമീറ്റര്‍ സ്പീഡില്‍ കണ്ടിരുന്ന പലതും ഡ്രൈവര്‍ക്ക് കാണാനാകാതെ വരുന്നു.
                   ഈ “distraction“ എന്ന സംഭവം ഒരു പരിധി വരെ പൊതു സമൂഹത്തിനും ബാധകമാണെന്നു തോന്നുന്നു.കാരണം 1990കള്‍ക്ക് ശേഷം പൊതുസമൂഹം മുന്നോട്ടോടുന്ന സ്പീഡ് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. സാവകാശം അവകാശപ്പെട്ട രീതിയില്‍ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങേണ്ട സമൂഹം ഒരു കുതിച്ചു ചാട്ടത്തിനു തുനിഞ്ഞൂ, തുനിഞ്ഞു എന്നല്ല എടുത്തെറിയപ്പെട്ടു എന്നതാണ് ശരി.ഒരു ന്യൂനപക്ഷത്തിന്റെ ആവശ്യമായിരുന്നു ഈ എടുത്തെറിയല്‍ . നവ‌ഉദാരവല്‍ക്കരണം സാമ്പത്തീക ഉദാരവല്‍ക്കരണം എന്നൊക്കെയാണവരതിനെ പേരു ചൊല്ലി വിളീച്ചത്. ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ ഉയര്‍ത്തിയ ആ കൂറ്റന്‍ കമാനത്തിന്റെ മാസ്മരഭംഗിയില്‍ പൊതുസമൂഹം ഒരു നിമിഷം ഉടക്കി നിന്നുപോയി.ആ ഒരു നിമിഷം മാത്രം മതിയായിരുന്നു സമൂഹം മൊത്തം ട്രാക്ക് തെറ്റാന്‍ .ആ തെറ്റലില്‍ നിന്ന് കരകയറുക എന്നത് അക്ഷീണപ്രയത്നം കൊണ്ടു മാത്രം സാദ്ധ്യമാകുന്ന ഒന്നാണ്.
                          എന്നാല്‍ അത് സാധ്യമാണ് എന്നു തന്നെയാണുത്തരം.കാരണം പണ്ട് ഇതേപോലെ ട്രാക്ക് തെറ്റിയ പല സമൂഹങ്ങളും ഒത്തൊരുമിച്ച് പ്രയത്നിച്ച് ആ പടുകുഴിയില്‍ നിന്ന് കരകയറിയതും കരകയറിക്കൊണ്ടിരിക്കുന്നതും ആയ ചരിത്രം നമ്മുടെ കണ്‍‌മുന്നില്‍ത്തന്നെയുണ്ട്. അതുകൊണ്ടു തന്നെ ഈ പടുകുഴിയില്‍ നിന്നുള്ള കരകയറ്റം അസാദ്ധ്യമായ ഒന്നല്ല. പക്ഷെ ആ ശ്രമത്തിനൊരായിരം മുഖങ്ങളുണ്ട് , ആയിരം പോര്‍മുഖങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുയരുന്ന ഒറ്റപ്പേട്ട മുറവിളികള്‍ , തളര്‍ന്നു പോകുന്നതും തകര്‍ക്കപ്പെടുന്നതും ഒക്കെയായ സമരമുഖങ്ങള്‍ ,പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനും മണല്‍ വാരലിനുമൊക്കെ എതിരെ ഉയരുന്ന പോരാട്ടങ്ങള്‍ , ചിലപ്പോളവ ഒറ്റയാള്‍ പോരാട്ടങ്ങളായിരിക്കാം, അവ വലരുന്നതിനു മുന്നേ തന്നെ കെടുത്തിക്കളഞ്ഞിരിക്കാം, ചിലപ്പോളവ ഒറ്റുകാരാല്‍ വഴിമാറി സഞ്ചരിച്ചിരിക്കാം എന്നാലും ഇവയൊക്കെ നമ്മോട് പറയുന്നത് ഈ പൊതു സമൂഹത്തിനെ രക്ഷിക്കാനുള്ള ആഹ്വാനങ്ങളാണ്. ഈ കൊച്ചുകൊച്ചു സമരങ്ങളൊക്കെ ഇന്നല്ലെങ്കില്‍ നാളെ ഒന്നായി ഒന്നുചേര്‍ന്ന് ഒരൊറ്റസമരമായി മാറും. ആ സംരത്തിനായുള്ള , ആ വലിയ ആളിക്കത്തലില്‍ അലിഞ്ഞു ചേരാനുള്ള കൈപ്പന്തങ്ങളാണീ പോരാട്ടങ്ങള്‍ .അവ സംഘടിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ അക്ഷീണ പരിശ്രമം ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ , അവരുടെ ത്യാഗം ഒക്കെ സ്മരിച്ചുകൊണ്ട് ....................
Post a Comment