കേരളം ഇനിയെങ്ങോട്ട് ?

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                          ഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി നമ്മുടെ മലയാള പത്രങ്ങളില്‍ വന്ന രണ്ടു വാര്‍ത്തകളാണീ കുറിപ്പിനാധാരം.മറ്റു വാര്‍ത്തകള്‍ക്കിടയില്‍ ഈ വാര്‍ത്ത് അത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും എന്നെ ഈ വാര്‍ത്തകള്‍ വല്ലാതെ പിടിച്ചുലച്ചു.എന്നാല്‍ അടുത്ത പോസ്റ്റ് ഈ വാര്‍ത്തകളേക്കുറീച്ചാകട്ടേ എന്നു വിചാരിക്കുകയായിരുന്നു.
                                  ആദ്യദിവസം വന്ന വാര്‍ത്ത ഇതാണ്, കൊച്ചിയിലും പരിസരത്തും ഹോട്ടലുകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന സുനാമി ഇറച്ചി എന്നറിയപ്പെടുന്ന ചീഞ്ഞളിഞ്ഞ ഇറച്ചി ഒരു ടണ്ണോളം അധികാരികള്‍ പിടികൂടി നശിപ്പിച്ചു എന്നാണാ വാര്‍ത്ത.വാര്‍ത്ത തുടരുന്നു, മാസങ്ങളായി ഇവരീ പണി തുടങ്ങിയിട്ട് പോലും.ആദ്യം വീടുകളിലാണിത് വിറ്റുകൊണ്ടിരുന്നത്. അവര്‍ക്കിത് വേണ്ടാതായപ്പോഴാണ് ഹോട്ടലുകാര്‍ ഇത് വാങ്ങാന്‍ തുടങ്ങിയതത്രെ.കേരളത്തിനു വെളിയില്‍ നിന്നും വരുന്ന ഈ സുനാമിക്ക് വില തുശ്ചമായതാണ് ഹോട്ടലുകാരെ ആകര്‍ഷിച്ചത് എന്നും വാര്‍ത്ത തുടരുന്നു.
                                    പിറ്റേന്ന് വന്ന വാര്‍ത്ത നമ്പര്‍ രണ്ട് , വിഷബാധയേറ്റ് ചത്ത് കുഴിച്ചിട്ടിരുന്ന പോത്തിന്റെ ജഡം ആരോ കുഴി മാന്തി എടുത്തുകൊണ്ടു പോയി.വില്‍പ്പനയ്ക്കായിരിക്കും ഇത് ചെയ്തത് എന്ന് പോലീസ് ഊഹിക്കുന്നു.
                                  അറിഞ്ഞു കൊണ്ട് ഒരു സമൂഹത്തിനു മുഴുവന്‍ വിഷം നല്‍കുന്ന പ്രവൃത്തിയായി ഇത് എനിക്ക് തോന്നുന്നു.ഇവിടെ ഈ കേരളത്തില്‍ നിവൃത്തിയുള്ളിടത്തോളം ഹോട്ടലിനെ ആശ്രയിച്ച് ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.ദൂരദേശങ്ങളില്‍ കുടുംബം വിട്ട് ജോലിയെടുക്കുന്നവര്‍ കഴിവതും സ്വന്തം നിലയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിക്കും.എന്നാല്‍ അതിനു പോലും കഴിയാത്തവര്‍ , ഭക്ഷണ സമയത്ത് വീടുകളില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ ഇവരൊക്കെയാണ് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍.കേരളീയര്‍ പൊതുവേ വിദ്യാസമ്പന്നരാണെന്നാണ് വൈപ്പ്.അതുകൊണ്ടു തന്നെ വരുംവരായ്കകളെക്കുറിച്ചവര്‍ , ചെയ്യുന്നതിന്റെ ഗൌരവത്തേക്കുറിച്ചവര്‍ ബോധവാന്മാരാണ് എന്നും ഓര്‍ക്കണം.എന്നിട്ടവരീ പണികാണിക്കുക എന്നു വച്ചാല്‍ അവരെ എന്തു ചെയ്താലാണ് മതിയാവുക? അല്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്ത് - ഇത് ഉള്ളില്‍ ചെന്നാലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ - അറിഞ്ഞുകൊണ്ട് എന്തിനിവര്‍ ഇത് ചെയ്തു?അതിനേക്കുറിച്ച് എനിക്കുള്ള അഭിപ്രായങ്ങളാണീ കുറിപ്പിന്റെ ഉള്ളടക്കം.ഇതെന്റെ അഭിപ്രായം, ഇതിനോട് യോജിക്കുന്നവര്‍ ഉണ്ടാകാം വിയോജിക്കുന്നവരും.തുറന്നെഴുതിയാല്‍ നമുക്കിതൊരു പുതിയ കേരളത്തിന്റെ തുടക്കത്തിനു വഴിയൊരുക്കലാക്കി മാറ്റാം.
                        കഴിഞ്ഞ കാലത്ത് (1700കളിലും 1800 കളിലും) കേരളം ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോട് ഒപ്പം നില്‍ക്കുന്ന ഒന്നായിരുന്നു.എല്ലാം ജാതിയുടേയും മതത്തിന്റേയും കണ്ണുകൊണ്ട് മാത്രം കാണുന്ന അസമത്വങ്ങള്‍ നിറഞ്ഞ ഒന്ന്. അന്നത്തെ സ്ഥിതി മുഴുവന്‍ വിവേകാനന്ദന്റെ ഒരൊറ്റ വാചകത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു ;- കേരളം ഭ്രാന്താലയമാണ് എന്ന ഒരൊറ്റ വാചകത്തില്‍ . ജാതിമത പിന്നോക്ക ശക്തികളുടെ വിളനിലമായ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തില്‍ വന്ന ഉത്തരേന്ത്യയിലെ ഒരു പുണ്യാത്മാവ് ഇവിടെ വന്ന് ഇവിടം ഭ്രാന്താലയമാണെന്ന് പറയണമെങ്കില്‍ എന്തായിരിക്കണം ഇവിടെ നടന്നുകൊണ്ടിരുന്നത് എന്ന് ഊഹിച്ചാല്‍ മതി.
                              ആ കേരളത്തില്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നായത് ഈ ജാതി മത ശക്തികളില്‍ നിന്ന് ഉയര്‍ന്നു വന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു.അയ്യങ്കാളി, ശ്രീ നാരായണഗുരു, പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങിയ പ്രശസ്തരും അപ്രശസ്തരും തുടങ്ങിവച്ച് മുന്നോട്ട് കൊണ്ടു പോയ നവോത്ഥാനപ്രസ്ഥാനങ്ങള്‍ . എന്നാല്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ പലരീതിയിലും ഉത്തരേന്തയിലുണ്ടായെങ്കിലും അത് കത്തിപ്പടര്‍ന്നില്ല എന്നുള്ളതാണ് കേരളത്തിന്റെ പ്രത്യേകത. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “തുടങ്ങിയ നാരായണഗുരുവിന്റെ ഉല്‍ബോധനത്തിന്റെ വെളിച്ചത്തില്‍ പുറത്തു വന്ന അദ്ദേഹത്തിന്റെ വത്സലശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്റെ “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന പ്രസ്താവന ഇന്നാണുണ്ടാകുന്നതെങ്കിലുള്ള ഭവിഷ്യത്ത് ഒന്നാലാചിച്ചു നോക്കൂ. ഗുരുവിന്റെ മറ്റൊരു ശിഷ്യന്‍ കുമാരു പ്രഖ്യാപിച്ചത് “ ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി / ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ / ഭീതി വേണ്ട , തരികതെനിക്കു നീ.” എന്നാണ്.ജാതിക്കോമരങ്ങളുടെ ഇടയില്‍ ഇതൊക്കെയുണ്ടാക്കിയേക്കാവുന്ന കോലാഹലം ചില്ലറയായിരിക്കില്ല.എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ പൊതു ജനം ആ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുകയും അങ്ങനെ ഒരു മതേതര മനസ്സ് ഇവിടെ രൂപപ്പെട്ടു വരികയും ചെയ്തു.ഇതിനു വളമായി ഭവിച്ച മറ്റൊന്നിനേക്കൂടി ഇവിടെ സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ല , ഇവിടെ മതേതര വിദ്യാഭ്യാസം നടപ്പിലാക്കിയ കൃസ്ത്യന്‍ മാനേജ്മെന്റ്.അവര്‍ നാട്ടിലെങ്ങും , മുഴുവന്‍ നാട്ടുകാര്‍ക്കുമായി സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ ആര്‍കും പ്രവേശനം ലഭിക്കുമായിരുന്നു എന്നു തന്നെയുമല്ല അവിടെ ലഭിച്ചിരുന്നത് മതേതരവിദ്യാഭ്യാസമായിരുന്നു താനും.
                                 ഈ ഉഴുതു മറിച്ചിട്ട വിളഭൂമിയിലേയ്കാണ് ആദ്യത്തെ ഇടതുപക്ഷ ഗവണ്മെന്റ് അധികാരമേറ്റെടുത്ത് ഭരണമാരംഭിച്ചത്.കോണ്‍‌ഗ്രസ്സ് ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണെന്നു പറഞ്ഞ് കേരള ഗവണ്മെന്റ് നടപ്പാക്കിയതു മുഴുവന്‍ ഇവിടുത്തെ മതേതരമനസ്സിനെ ജനസമൂഹത്തെ പോഷിപ്പിക്കുന്നതായിരുന്നു.അങ്ങനെ ഉയര്‍ന്നു വന്നതാണ് സുപ്രസിദ്ധമായ “കേരള മിറക്കിള്‍”.ജനങ്ങള്‍ക്കാവശ്യമുള്ളതു മുഴുവന്‍ ആ ഗവണ്മെന്റ് പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു അല്ലെങ്കില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.അങ്ങനെയാണ് പൊതു ഗതാഗതം , പൊതു ആശുപത്രികള്‍ , പൊതു വിദ്യാലയങ്ങള്‍ , പൊതു വിതരണസംബ്രദായം ഒക്കെ നിലവില്‍ വന്നു. സ്വകാര്യവിദ്യാലയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതും ഒരു “പൊതു“ സംബ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ഇതിന്റെയൊക്കെ ഫലമായിരുന്നു കേരള മിറക്കിള്‍ . കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ത്യയുടെ മറ്റുസംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണെങ്കിലും ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ നാം ലോകത്തെ മുന്‍‌നിര രാഷ്ട്രങ്ങളുടെ ഒപ്പമെത്തി എന്നുള്ളത് പലരേയും അല്‍ഭുതപ്പെടുത്തി.സാക്ഷരതയുടെ കാര്യത്തില്‍ , ആരോഗ്യത്തിന്റെ കാര്യത്തില്‍ ,ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ , ഇങ്ങനെ മുന്‍ നിര രാഷ്ട്രങ്ങള്‍ എവിടെയൊക്കെ മുന്നിലായിരുന്നുവോ അവിടെയൊക്കെ കേരളവുമെത്തി.എന്നാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍‌നിര രാഷ്ട്രങ്ങളല്ല , ഇന്തയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ നാം പിന്നിലുമായിരുന്നു എന്നതാണ് എല്ലാവരേയും അല്‍ഭുതപ്പെടുത്തിയത്.
                            ഈ മിറക്കിളിനു പിന്നില്‍ പ്രവര്‍ത്തിച്ചത് നമ്മൂടെ “പൊതു” അല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സത്യം.നമ്മുടെ വിഭവങ്ങള്‍ അതെത്ര കുറവാണെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ കൈപ്പിടിയിലൊതുങ്ങാതെ മുഴുവന്‍ പേര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കാന്‍ ഈ പൊതു ഉപകരിച്ചു എന്നതാണ് സത്യം.അതാണീ മിറക്കിളിനു പിന്നില്‍ പ്രവര്‍ത്തിച്ചതും. എന്നാല്‍ ഈ മിറക്കിളിന് - മോഡലിന് - ആന്തരികമായൊരു ദൌര്‍ബല്യം ഉണ്ടായിരുന്നു.കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം കുറവായിരുന്നു.കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചു മേടിക്കുന്ന കാര്യത്തില്‍ മാറിമാറി വന്ന ഗവണ്മെന്റുകള്‍ പരാജയപ്പെട്ടു എന്നു തന്നെയുമല്ല അര്‍ഹിക്കുന്നത് നല്‍കാന്‍ കേന്ദ്രം തയ്യാറായതുമില്ല. അതുകൊണ്ടു തന്നെ കേരളത്തിന്റെ സാമ്പത്തീക അടിത്തറ നാള്‍ക്കുനാള്‍ ദുര്‍ബലമായിക്കൊണ്ടിരുന്നു.ഇതിന്റെ ഫലമായിരുന്നു 1980 കളില്‍ അനുഭവപ്പെട്ട അതിഭീകരമായ തൊഴിലില്ലായ്മ.
                                മിച്ചഭൂമി സമരം പോലുള്ള സംഘടിത മുന്നേറ്റങ്ങള്‍ നമ്മുടെ കാര്‍ഷികജീവിതത്തിലും പഴയ കൂട്ടുകുടുംബങ്ങളിലും ഒക്കെ വന്‍ മാറ്റങ്ങള്‍ വരുത്തി. കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലൂടെ വിദ്യാസമ്പന്നരാകാന്‍ തുടങ്ങി.എന്നാല്‍ നേരത്തെ സൂചിപ്പിച്ച കാരണങ്ങളാല്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാനോ പുനരധിവസിപ്പിക്കാനോ ആയില്ല.ഇത് വല്ലാത്തൊരസ്വസ്ഥതയായി വളര്‍ന്നു വരാന്‍ തുടങ്ങി.ഇതിന് തൃപ്തികരമായൊരു പോംവഴി കണ്ടെത്താന്‍ നിലവിലുള്ള നേതൃത്വത്തിനായില്ല.അങ്ങനെ ഇരുട്ടില്‍ എല്ലാവരും തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് ഒരാശ്വാസമായി ഗള്‍ഫ് തൊഴില്‍ മേഖല നമുക്ക് തുറന്നു കിട്ടിയത്.ഈ പോംവഴി ഒരഗ്നിപര്‍വതസമാനമായി വളര്‍ന്നുകൊണ്ടിരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിനൊരാശ്വാസമായി.
                       എന്നാല്‍ മറ്റൊരു പ്രശ്നത്തിനിത് വഴിമരുന്നാവുകയായിരുന്നു.ഗള്‍ഫ്‌കാര്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ഇവര്‍ വഴി ഒരു പുത്തന്‍ സാമ്പത്തികവര്‍ഗം ഇവിടെ ഉയര്‍ന്നു വരാന്‍ തുടങ്ങി.ഇന്ന് ശരാശരി ഒരു വര്‍ഷം പ്രവാസികളെല്ലാം കൂടി കേരളത്തിലേക്കയക്കുന്ന പണം അറുപതിനായിരം കോടി രൂപയാണെന്നാണ് കണക്ക്.ഏതാണ്ട് ഇതിനടുത്ത് കള്ളപ്പണവും ഓരോവര്‍ഷവും ഇവിടെ എത്തുന്നു.ആദ്യത്തെ അറുപതിനായിരം ആദ്യമാദ്യം ബാങ്കുകള്‍ പോലുള്ള വ്യവസ്ഥകളില്‍ നിക്ഷേപിച്ചപ്പോള്‍ , 1990കളിലെ ഉദാരവല്‍ക്കരണനടപടികള്‍ ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാക്കി.അങ്ങനെ പണം ഇത്തരം വ്യവസ്ഥകളില്‍ നിക്ഷേപിക്കുന്നത് കുറഞ്ഞു.പിന്നെ ഈ പണം എവിടെ പോകുന്നു? അറുപതിനായിരം രൂപ എന്നാല്‍ നിസ്സാര തുകയല്ല. ഉദാഹരണത്തിന് കഴിഞ്ഞ ഏപ്രിലില്‍ നമ്മുടെ ധനമന്ത്രി ശ്രി.കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് നാല്‍പ്പത്തിയൊന്‍പതിനായിരം കോടി രൂപ വരവും അന്‍പത്തിമൂവായിരം കോടി രൂപ ചിലവും മൂവായിരത്തിനടുത്ത് കോടി രൂപ കമ്മിയും ഉള്ളതാണ്.അപ്പോള്‍ ഗള്‍ഫ് പണത്തിന്റെ വലുപ്പം മനസ്സിലായോ?ബജറ്റിലൊന്നും ഈ പണത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലും നാളിതുവരേ കേട്ടിട്ടുപോലുമില്ല.ഇക്കഴിഞ്ഞ എല്‍ ഡി ഏഫ്  ഗവണ്മെന്റിന്റെ അവസാന ബജറ്റില്‍ പ്രവാസികളില്‍ നിന്ന് വായ്പയ്യായി പണം സ്വീകരിച്ച് നാല്പതിനായിരം കോടി രൂപയുടെ റോഡ് വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു.എന്നാലാ ഗവണ്മെന്റ് നിലനിന്നില്ല.
                        അപ്പോഴാ പണം എവിടെ പോകുന്നു? ലഭ്യമായ കണക്കുകള്‍ പറയുന്നത് ഈ പണം ഭൂമിയില്‍ നിക്ഷേപിക്കുകയാണ് എന്നാണ്.നാടെങ്ങും ഇവര്‍ ഭൂമി വാങ്ങിക്കൂട്ടുന്നുവത്രെ. സെന്റിന് പത്തായിരവും പതിനയ്യായിരവുമൊക്കെ വിലയുണ്ടായിരുന്ന കേരളത്തിലെ ഭൂമിയ്ക്ക് ഇന്ന് വില സെന്റിന് അഞ്ചു ലക്ഷവും പത്തുലക്ഷവുമൊക്കെയാണ്.നടപ്പുവിലയല്ല ഇവരെ സംബന്ധിച്ചിടത്തോളം മോഹവിലയാണ്.അപ്പോള്‍ ആദ്യമായി വഴിയാധാരമായത് ഒരു തുണ്ടു ഭൂമി വാങ്ങി അതിലൊരു വീട് വൈക്കാന്‍ നടക്കുന്ന അല്‍പ്പവരുമാനക്കാരായ ഇടത്തരക്കാരാണ്.അവരെ സംബന്ധീച്ചിടത്തോളം അതൊരു നടക്കാത്ത സ്വപ്നമായി മാറി.പിന്നെ വഴിയാധാരമായ മറ്റൊരു കൂട്ടര്‍ പരിമിതമായ വിഭവവുമായി ഒരു ചെറുകിടവ്യവസായസ്ഥാപനം തട്ടിക്കൂട്ടാന്‍ നടക്കുന്നവരാണ്.കയ്യിലുള്ള മുഴുവന്‍ തുകയ്ക്കും സ്ഥലം വാങ്ങാന്‍ ചെലവാക്കേണ്ട ഗതികേടിലാണവര്‍.അതുകൊണ്ടു തന്നെ ചെറുകിട വ്യവസായ സംരംഭകര്‍ സംസ്ഥാനം വിട്ടുപോയതില്‍ അല്‍ഭുതപ്പെടേണ്ടതുണ്ടോ? ഇനിയുമൊരു കൂട്ടരുള്ളത് അത്യാവശ്യകാര്യം വന്നപ്പോള്‍ അത് നിവര്‍ത്തിക്കാനായി ഭൂമി വില്‍ക്കുന്ന കൂട്ടരാണ്.ടൌണിലെ ഭൂമി വിറ്റ് ഗ്രാമത്തിലേയ്ക്ക് മാറി മിച്ചം വന്ന പൈസ കൊണ്ട് കാര്യം - കല്യാണമോ രോഗമോ ആയിരിക്കും - നടത്തി, പിന്നെയും അത്യാവശ്യം വന്നാല്‍ വീണ്ടും വിറ്റ് കുറേക്കൂടി ഉള്ളിലേയ്ക്ക് പോകുന്നവര്‍.അവര്‍ ഒരിക്കല്‍ വിറ്റ് കാര്യം കണ്ടാല്‍ പിന്നേ വാങ്ങാന്‍ പാങ്ങില്ലാതായി ചരിത്രത്തില്‍ നിന്നും നമ്മുടെ ദൃഷ്ടിയില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടവര്‍ . 
                          അപ്പോള്‍ സംഗതി ഇത്രത്തോളമായപ്പോള്‍ ഇവിടെ ഇപ്പോള്‍ ഉദയം കൊള്ളുന്ന സ്ഥാപനങ്ങളേതൊക്കെയാണെന്നു കണ്ടോ? സ്വാശ്രയവിദ്യാലയങ്ങള്‍ - ഈ നവമുതലാളിമാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ - ഷോപ്പിങ്ങ് മാളുകള്‍ - നവമുതലാളിമാര്‍ക്ക് ഷോപ്പ് ചെയ്യാന്‍ - വന്‍‌കിട ബാറുകളും മറ്റ് ഉല്ലാസകേന്ദ്രങ്ങളും - സാധാരണക്കാരന്റെ ശല്യമില്ലാതെ നവമുതലാളിമാര്‍ക്ക് ഉല്ലസിക്കാന്‍ . എന്താ ശരിയല്ലേ? ഈ പ്രക്രിയകള്‍ക്കിടയില്‍ ഒരു വര്‍ഗം കൂടി - ഭൂമാഫിയ - ഉയര്‍ന്നു വന്നു.പണക്കാരന് ഇഷ്ടപ്പെട്ട ഭൂമി സാമദാനദണ്ഡ മാര്‍ഗങ്ങളിലൂടെ അവന്റെ കയ്യിലെത്തിച്ചുകൊടുക്കുക, എന്നിട്ടതിനു രണ്ടു ഭാഗത്തു നിന്നും കമ്മിഷനടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാനപണി.അസാധാരണമായി ഉയര്‍ന്നു വരുന്ന ഷോപ്പിങ്ങ് കോമ്പ്ലക്സുകള്‍ക്കും മറ്റും ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ സംബാതിച്ചു കൊടുക്കുക എന്നതു കൂടി ഇവരുടെ ജോലിയായി മാറിയിട്ടുണ്ട്.(ഇതിന്റെ പാരിസ്ഥിതികപ്രശ്നങ്ങളിലേയ്ക്ക് ഇപ്പോള്‍ കടക്കുന്നില്ല.)
                             അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ എങ്ങനേയും പണമുണ്ടാക്കുക എന്നതായി സമകാലീന കെരളത്തിന്റെ ഒരേ ഒരു ലക്ഷ്യം എന്നായി കഴിഞ്ഞിരിക്കുന്നു.പണമുള്ളവന്‍ യോഗ്യന്‍ , അവന്റെ മുന്നില്‍ ഭരണകൂടവും സംസ്കാരവും ദൈവദാസന്മാരും അങ്ങിനെ എന്തെല്ലാമുണ്ടോ അതെല്ലാം ഓഛാനിച്ച് നില്‍ക്കുമെന്നത് മറ്റുള്ളവര്‍ കണ്ടുകൊണ്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ എങ്ങനേയും പണമുണ്ടാക്കുക അല്ലെങ്കില്‍ പണസംബാദനത്തിനെന്തു മാര്‍ഗം എന്നു മാത്രം ചിന്തിച്ചാണ് സാദാജനം ഉഴറുന്നത്. ആ അവന്റെ മുന്നിലേയ്ക്കാണ് ആട് തേക്ക് മാഞ്ചിയംകാരന്‍ അവതരിക്കുന്നത്. അവന്‍ കമഴ്ന്ന് വീഴാതെ എന്തു ചെയ്യും? ആ അവന്റെ മുന്നിലേയ്ക്കാണ് പണസമ്പാദനത്തിനുതകുന്ന കുബേര്‍ കുണ്‍ചിയുമായി ഉത്തരേന്ത്യക്കാരന്‍ വരുന്നത്.ഉത്തരേന്ത്യയില്‍ പട്ടിണിക്കാരാണധികം എന്നുള്ള യുക്തി ചിന്തയൊക്കെ പരണത്ത് വച്ച് അവനത് വാങ്ങുന്നു.ആ അവന്റെ മുന്നിലേയ്ക്കാണ് അമിതലാഭം വാഗ്ദാനം ചെയ്തുകൊണ്ട് സുനാമി ഇറച്ചി എത്തുന്നത്.തെന്നേപോലെ തന്നെയാണ് ഈ ഇറച്ചി കഴിക്കുന്നവന്‍ എന്ന് ആരും അപ്പോല്‍ ചിന്തിക്കില്ല, പകരം അതുവിറ്റ് തനിക്കുണ്ടാക്കാന്‍ കഴിയുന്ന ലാഭം മാത്രമേ അവന്റെ ചിന്തയില്‍ വരൂ.
                           ഇതിനൊരവസാനം വേണ്ടേ? അല്ലെങ്കില്‍ ഇന്നത്തെ ദുരവസ്ഥക്കെതിരേ നമുക്കെന്തു ചെയ്യാന്‍ കഴിയും?കേരളത്തിലേക്കൊഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുകയും ഗള്‍ഫ് പണം നിയന്ത്രിതമായ രീതിയില്‍ ഗവണ്മെന്റ് തലത്തില്‍ കൈകാര്യം ചെയ്യുകയുമാണ് ഇതിനുള്ള ഒരേഒരു പോംവഴി.കേള്‍ക്കുമ്പോള്‍ തമാശയെന്നു തോന്നുമെങ്കിലും വലിയ ഇഛാശക്തിയും മറ്റും ആവശ്യമുള്ള ഒന്നാണിത്.കക്ഷിഭേദമന്യേ ജനം ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചാലേ ഇതു നടപ്പാകൂ എന്നുമാത്രം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു.
Post a Comment