സെന്‍ ബുദ്ധിസ്റ്റുകളും ശ്രീ സമദാനിയും.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            സെന്‍ ബുദ്ധിസ്റ്റുകളും ശ്രീ സമദാനിയും, എന്നത് കടലും കടലാടിയും എന്ന പോലെ യാതൊരു ചേര്‍ച്ചയുമില്ലാത്ത ഒരു ടൈറ്റിലാണെന്നറിയാം. എങ്കിലും സമദാനിയ്ക്ക്  പള്ളിയിലെ പ്രശ്നത്തിന്റെ മധ്യസ്ഥശ്രമത്തിനിടയില്‍ കുത്തേറ്റു എന്ന വിവരമറിഞ്ഞപ്പോള്‍ മുതല്‍ ഈ തലക്കെട്ട് എന്നെ അലട്ടുന്നു.
              സെന്‍ ബുദ്ധിസ്റ്റുകളായ ഒരു ഗുരുവും ശിഷ്യനും. ഇവര്‍ ഗഹനമായ ചോദ്യോത്തരത്തിലാണ്. എന്നു വച്ചാല്‍ ഗുരു ശിഷ്യനെ പരീക്ഷിക്കാനായി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഒരു ചോദ്യത്തിനു പോലും കൃത്യമായ ഉത്തരം അറിഞ്ഞു കൂടാത്ത ശിഷ്യന്‍ ബബ്ബബ്ബ അടിക്കുന്നു. അവസാനം ദേഷ്യം വന്ന ഗുരു കൈ നീര്‍ത്തി ശിഷ്യനൊന്ന് കൊടുക്കുന്നു. എന്തൊരല്‍ഭുതം തലയ്ക്കു പിന്നില്‍ ആ അടി കിട്ടിയതോടെ ശിഷ്യന് ബോധോദയം ഉണ്ടാകുന്നു.അവന്‍ ഗുരുവിന്റെ അതേ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
                 ഇനി ഈ കഥയും നമ്മുടെ ശ്രീ സമദാനിയും തമ്മിലുള്ള ബന്ധമെന്തെന്നല്ലേ? പറയാം. ശ്രീ സമദാനി അറിയപ്പെടുന്ന പണ്ഡിതനും വളരെ വിദഗ്ദനായ വാഗ്മിയും ആണ്.പണ്ഡിതന്‍ എന്നു വച്ചാല്‍ ഖുറാനില്‍ മാത്രമല്ല മറ്റേതൊരു വിഷയമെടുത്താലും നിരന്തരം മണിക്കൂറുകളോളം ഏതു വിഷയത്തിലും സംസാരിക്കാനുള്ള പാണ്ഡിത്യം അദ്ദേഹത്തിനുണ്ടെന്നര്‍ത്ഥം. തീര്‍ന്നില്ല , അദ്ദേഹം വിദഗ്ദനായൊരു വാഗ്മി കൂടിയാണ്. വിദഗ്ദനായ വാഗ്മി എന്നു ഞാന്‍ പറയുമ്പോള്‍ ഞാന്‍ അര്‍ഥമാക്കുന്നത് ഒരേ വിഷയം തന്നെ സദസ്സറിഞ്ഞ് സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്ന അര്‍ത്ഥത്തിലാണ്. ഒരേവിഷയം തന്നെ പണ്ഡിതന്മാര്‍ ശ്രോതാക്കളായുള്ള സദസ്സില്‍ അവതരിപ്പിക്കുന്ന രീതിയിലും മാതൃകയിലും ഭാഷയിലുമല്ല അദ്ദേഹം സാധാരണക്കാര്‍ കേള്‍വിക്കാരായുള്ള സദസ്സില്‍ അവതരിപ്പിക്കുന്നത്.ഇതേ രീതിയില്‍ രണ്ടുകൂട്ടരേയും രസിപ്പിക്കാനുള്ള കഴിവ് വളരെ അപൂര്‍വം പ്രാസംഗികരിലേ ഉള്ളൂ.അക്കൂട്ടതിലൊന്നാമനെന്ന് നിസ്സംശയം പറയാവുന്ന ഒരു മഹദ്വ്യക്തിയാണ് ശ്രീ സമദാനി.
                     അദ്ദേഹം മുസ്ലീം ലീഗ് എന്ന മുസ്ലീമുങ്ങളുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ്.ഇത്രയും മികച്ച പണ്ഡിതനും വാഗ്മിയുമൊക്കെയായ ശ്രീ സമദാനിയുടെ തൊപ്പിയിലൊരു തൂവല്‍ കൂടിയാണീ പോസ്റ്റ്. 
                        എന്നാല്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഭാരതരാഷ്ട്രീയത്തില്‍ - വേണ്ട അവരുടെ മുഖ്യപ്രവര്‍ത്തനമണ്ഡലമായ കേരളത്തില്‍ - എന്തു നിലപാടാണ് എടുക്കുന്നത് എന്നു ചോദിച്ചാല്‍ തികച്ചും പ്രതിലോമാകരമായ ഒരു നിലപാടാണെടുക്കുന്നതെന്ന് നിസ്സംശയം പറയേണ്ടി വരും.സമുദായത്തിലെ വലരെ നിസ്സാരമായ ഒരു ചെറുശതമാനം പണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ സാധാരണക്കാരന്റെ ജീവിതവും അവന്റെ ആ‍വശ്യങ്ങളും മറക്കുന്ന ഒരു പാര്‍ട്ടിയായി ഈ മുസ്ലീം ലീഗ് മാറിയിരിക്കുന്നു എന്ന് നിസ്സംശയം പറയേണ്ടി വരും.എന്നാല്‍ ഇത്രമാത്രമോ , ഏതു പ്രശ്നത്തിലും അവര്‍ എടുക്കുന്ന നിലപാട് ഒരു പിടി മതമൌലികവാദികളായ പുരോഹിതന്മാരുടെ നിലപാടുകളാണു താനും. ഇക്കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ പുറത്തിറക്കിയ ( മുസ്ലീം ലീഗിന്റെ വകുപ്പ് ) ഒരു സര്‍ക്കുലര്‍ വളരെ വിവാദമാവുകയുണ്ടായി.മുസ്ലീ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി നിജപ്പെടുത്തിയതായിരുന്നു ഈ സര്‍ക്കുലര്‍ . നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആകുമ്പോഴാണ് മുസ്ലീം ലീഗ് ഭരിക്കുന്ന വകുപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നോര്‍ക്കണം.ഇതിനെതിരെ നാട്ടിലെങ്ങും എതിര്‍പ്പ് രൂക്ഷമാവുകയുണ്ടായപ്പോള്‍ വിഷമത്തോടെ സര്‍ക്കാര്‍ ആ വിവാദ സര്‍ക്കുലര്‍ പിന്‍‌വലിച്ചു.എന്നാല്‍ തുടര്‍ന്ന് വന്ന മുസ്ലീം പുരോഹിതന്മാരുടെ തീരുമാനം മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ്.                       
                    ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ആദ്യഘട്ടത്തില്‍ മുസ്ലീം ലീഗ് ഈ സര്‍ക്കുലറിനേ പിന്താങ്ങുന്ന സമീപനമാണെടുത്തത്. അതു പോലെ തന്നെ കോടതിയില്‍ പോകാനുള്ള നീക്കത്തിലും ലീഗ്ഗ് ഈ പിന്‍‌തിരിപ്പന്മാരുടെ ഒപ്പം നിലയുറപ്പിക്കുകയാണുണ്ടായത്. എന്നാല്‍ , പഴയകാലത്തെ ആ വിദ്യാഭ്യാസമില്ലാത്ത ലീഗ് അണികള്‍ നേതാക്കള്‍ എന്തു പറഞ്ഞാലും സിന്ദാബാദ് വിളിച്ചിരുന്നതു പോലെ ഇന്ന് വിളിക്കാതായി.അതുകൊണ്ടുതന്നെ സ്വന്തം അണികളില്‍ നിന്നുപോലും ഇവര്‍ക്ക് പിന്‍‌തുണ ലഭിച്ചില്ല.അതോടെ വിരളി എടുത്ത അവര്‍ ഈ പ്രശ്നത്തില്‍ നിന്നും പിന്മാറുകയാണുണ്ടായത്.
                 ഈ ഒരു ഘട്ടത്തിലാണ് , സ്വന്തം മണ്ഡലത്തിലെ ഒരു പള്ളിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം രമ്യതയിലെത്തിക്കാന്‍ ചര്‍ച്ച ശ്രീ സമദാനിയുടെ വീട്ടില്‍ വച്ച് നടത്തുകയും അത് തീരുമാനമാകാതെ അലസി പിരിയുകയും ചെയ്തത്.ചര്‍ച്ച അവസാനിച്ച് പുറത്തിറങ്ങിപ്പോയവരില്‍ ഒരാള്‍ രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് തിരിച്ചുകയറി വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടശേഷം ശ്രീ സമദാനിയെ കയ്യില്‍ കരുതിയ കത്തി കോണ്ട് കുത്തി മുറിവേല്‍പ്പിച്ചത്. മുഖത്തിനു വന്ന കുത്ത് തടഞ്ഞതിനാല്‍ മൂക്കില്‍ രണ്ട് സ്റ്റിച്ച് ഇടേണ്ടി വന്ന മുറിവായത് മാറി.കുത്തിയ ആളെ അണികള്‍ കിഴ്പ്പെടുത്തി , ആ ശ്രമത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. എന്നാല്‍ പ്രതിയുടെ പരാതി നേരെ തിരിച്ചാണ്. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെ സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അകത്തേക്ക് വിളിപ്പിച്ച് വാതിലടച്ച് മര്‍ദ്ദിച്ചു എന്നാണ്. ഈ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
                    ഇവിടെയാണ് സെന്‍ബുദ്ധന്‍ വരുന്നത്.ശ്രീ സമദാനിയുടേ നേരെ വന്ന ആ കുത്ത് ശിഷ്യനുകിട്ടിയ അടിയായി കണക്കിലെടുത്താല്‍ ശ്രീ സമദാനിയ്ക്കും ലീഗിനും ഒരു പുനര്‍വിചിന്തനത്തിനുള്ള അവസരമായി ഇത് മാറും.കാലാകാലങ്ങളില്‍ ഓരോ ഇഷ്യ്യ്‌വിലും ഇവരെടുക്കുന്ന നിലപാടുകള്‍ എപ്പോഴും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കെതിരേയും പണക്കാര്‍ക്ക് അനുകൂലവുമായിരിക്കും. ആദ്യമാദ്യം ഇത് അത്ര വലിയ പ്രശ്നങ്ങള്‍ പാര്‍ട്ടിയിലും മറ്റു മേഖലകളിലും ഒന്നും ഉണ്ടാക്കിയില്ലെങ്കിലും പതിയെ പതിയെ അണികള്‍ക്ക് കല്ലും നെല്ലും തിരിഞ്ഞു തുടങ്ങിയിരുന്നു. ഇത് അവരില്‍ ശക്തമായ അമര്‍ഷവും സൃഷ്ടിച്ചിരുന്നു. ആ അമര്‍ഷത്തിന്റെ ബഹിര്‍സ്പുരണമാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞു കണ്ടത്.
                  ഇവിടെ ലീഗ് അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ വലിയ താമസമില്ലാതെ തന്നെ ലീഗ് പൂട്ടിക്കെട്ടേണ്ടതായി വരും.അണികള്‍ മറ്റു പാര്‍ട്ടികളിലേയ്ക്ക് ചേക്കേറും. അണികളില്ലാതെ എന്തു പാര്‍ട്ടി.അപ്പോള്‍ ഈ സംഭവം ഒരു നിമിത്തമായി എടുത്തുകൊണ്ട് ലീഗ് അതിന്റെ നയങ്ങള്‍ ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Post a Comment