ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പൊതുജനവും.

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                             ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത് എന്നീ ആവശ്യങ്ങള്‍ ആദ്യമായി പരസ്യമായി ഉന്നയിച്ചത് സി പി എമ്മാണ്. പിന്നീട് അതിനേക്കുറിച്ചൊരഭിപ്രായം പറഞ്ഞത് പള്ളിക്കാരും. മറ്റാരും ഈ റിപ്പോര്‍ട്ടുകളേക്കുറിച്ച് കമാന്നു മിണ്ടിയതായി അറിവില്ല. ചെറു ചെറു പാര്‍ട്ടികളെ വിട്ടാലുമുണ്ട് വേറെ രണ്ടു പാര്‍ട്ടികള്‍ . ഒന്ന് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം. പിന്നൊന്ന് രാജ്യം ഭരിക്കാന്‍ തയ്യാറെടുക്കുന്ന പാര്‍ട്ടി.
                 രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രി മുക്കിയും മൂളിയും ഇന്ന് ഞരങ്ങുന്നതുകേട്ടു , ഒരാളേപോലും കുടിയൊഴിപ്പിക്കില്ലെന്ന് മുകളില്‍ നിന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന്. ദൈവം കാത്തു.എന്നാല്‍ ആ ഉറപ്പ് നാലാള് കേള്‍ക്കെ നാളിതുവരെ ആരും നല്‍കിക്കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ ഇങ്ങനെയൊരു ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കുറുപ്പിന്റെ ഉറപ്പ് എന്നൊരു ചൊല്ല് തന്നെ മലയാളത്തിലുണ്ടാവാന്‍ കാരണം ഇത്തരത്തിലുള്ള ഉറപ്പാണെന്ന് തോന്നുന്നു.
              കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു.തീവൈപ്പും ഓഫീസ് തല്ലിത്തകര്‍ക്കലും ബസ്സ് കത്തിക്കലും ഒക്കെ തകൃതിയായി നടക്കുന്നു.നമ്മുടെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ചത് ജനങ്ങളുടെ കലാപത്തേക്കാളുപരി മതമേലദ്ധ്യക്ഷന്മാരുടെ കലാപമായിരിക്കണം.പശ്ചിമഘട്ട നിരകളില്‍ ഏക്കറു കണക്കിനു തോട്ടങ്ങളും എസ്റ്റേറ്റുകളും ഒക്കെയുള്ള പള്ളിനേതൃത്വം ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രംഗത്തു വരിക സ്വാഭാവികം. ഇമ്മീഡിയറ്റ് ആക്ഷന്‍ എടുക്കാന്‍ പറഞ്ഞ ഗവണ്മെന്റ് ഓര്‍ഡറില്‍ ഒന്നും സംഭവിക്കുകയില്ലെന്ന ഉറപ്പ് കിട്ടിയിട്ടുണ്ട് എന്നു പറയാനുള്ള ചങ്കൂറ്റം നമ്മുടെ മുഖ്യനേയുണ്ടാകൂ.
                    എന്താണീ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെന്ന് നമുക്ക് ചുമ്മാ ഒന്ന് ഓടിച്ചു നോക്കാം.2010 ഫെബ്രുവരിയില്‍ തമിഴ്‌നാട്ടിലെ കോട്ടഗിരിയില്‍ പശ്ചിമഘട്ടനിരകളുടെ നാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ കൂട്ടായ്മയിലാണ് അന്നത്തെ വനം പരിസ്ഥിതി മന്ത്രി ഈ കമ്മിറ്റിയുടെ നിയമനം പ്രഖ്യാപിച്ചത്. 
മാധവ് ഗാഡ്ഗില്‍

 ഭാരതത്തിലെ അറിയപ്പെടുംന്ന പ്രകൃതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ ഒര് 14 അംഗ കമ്മിറ്റിയെ ആണ് പ്ശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചത്.     
                              അപ്പോള്‍ എന്താണ് പശ്ചിമഘട്ടനിരകളുടെ പ്രശ്നം? 6 സംസ്ഥാനങ്ങളിലായീ വ്യാപിച്ചു കിടക്കുന്ന  അവിടങ്ങളിലെ 26 കോടിയോളം വരുന്ന ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നു ഈ നിരകള്‍ . കേരളാത്തിലാണെങ്കില്‍ 28,000 ച.കി.ലധികം വ്യാപിച്ചുകിടക്കുന്നു ഈ പര്‍വതം അതായത് മൊത്തം വിസ്തീര്‍ണത്തിന്റെ 75% വരും ഇത്.ആകെ ജനസംഖ്യയായ 3.5 കോടിയില്‍ 3 കോടി ജനങ്ങളേയും ഇത് പരിരക്ഷിക്കുന്നു.ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിദ്ധ്യകലവറയും ഇതാണ്.ലോകത്തിലെ 35 ജൈവവൈവിദ്ധ്യസമ്പന്ന സ്ഥാനങ്ങളില്‍ ഒന്നും അപൂര്‍വങ്ങളീല്‍ അപൂര്‍വമായ 8 സ്ഥാനങ്ങളില്‍ ഒന്നും ഇതാണ്.രാജ്യത്തെ ആകെ പുഷ്പിക്കുന്ന ചെടികളില്‍ 27% ( 4000 തരങ്ങള്‍) 56.6% (645 തരം) നിത്യഹരിത പുഷ്പങ്ങള്‍, 682 ഇനം പായലുകള്‍ , 280 ഇനം വര്‍ണലതകള്‍ , 350 തരം ഉറുമ്പുകള്‍ , 1000 ത്തില്‍ പരം പ്രാണികള്‍ ,320 തരം ചിത്രശലഭങ്ങള്‍ , 174 ഇനം തുമ്പികള്‍ , 269 ഇനം ഒച്ചുകള്‍ , 288 തരം മത്സ്യങ്ങള്‍
ഡോ.കെ.കസ്തൂരിരംഗന്‍
500 ലേറെ പക്ഷി ഇനങ്ങള്‍ , 120 തരം സസ്തനികള്‍ , എന്നിവ ഈ നിരകളില്‍ കാണുന്നു.
                       പശ്ചിമഘട്ടം 29 വിഭാഗം ആദിവാസികളുടേയും മറ്റ് പലതരം വനവാസികളുടേയും വാസസ്ഥലമാണ്.കേരളത്തിലെയ്ക്ക് മാത്രം 44 നദികള്‍ ഇവിടെ നിന്ന് ഉല്‍ഭവിക്കുന്നു.മറ്റു സംസ്ഥാനങ്ങളിലേക്കൊഴുകുന്ന പ്രധാന നദികള്‍ - കൃഷ്ണ , ഗോദാവരി , കാവേരി , നേത്രാവതി , വൈഗ എന്നിവയാണ്. ഇപ്പോള്‍ മനസ്സിലായോ ഈ മലനിരകളുടെ പ്രാധാന്യം.ഇത്രയൊക്കെയാണെങ്കിലും ഈ നിരകള്‍ വന്‍പിച്ച പാരിസ്ഥിതിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് . 40% സസ്യവൈവിധ്യങ്ങളും ഒന്നുകില്‍ നശിക്കുകയോ അല്ലെങ്കില്‍ നാശോനന്‍‌മുഖമാവുകയോ ചെയ്തിരിക്കുന്നു.മറ്റൊരു പ്രശ്നം വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങളാണ് . ഖനനം, വ്യവസായം, ടൂറിസം,വൈദ്യുതി നിലയങ്ങള്‍ , എന്നിവയുടേയൊക്കെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
                         ഈ പാരിസ്ഥിതി തകര്‍ച്ച കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ( മൂന്നര കോടി ജനസംഖ്യയില്‍ മൂന്നു കോടിയും ഈ നിരകളുടെ സൌഭാഗ്യത്തിലാണ് ജീവിതം നീക്കുന്നതെന്നോര്‍ക്കുക.) 3000 മി.മി. അധികം മഴ കിട്ടിയിട്ടും നമ്മുറ്റെ നാട് പല വര്‍ഷങ്ങളിലും വരള്‍ചാ ബാധിതമായി പ്രഖ്യാപിക്കുന്നു.നീരൊഴുക്കില്ലാതെ നമ്മുടെ നദികളൊക്കെ നാശോന്മുഖമായിരിക്കുന്നു.
                       ഇവയ്ക്കൊക്കെ ഒരന്ത്യം കാണണമെന്ന ഉദ്ദേശത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി വരുന്നത്.കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് താഴെ പറയുന്നവ ആയിരുന്നു.
1. പശ്ചിമഘട്ടത്തിന്റെ തത്സ്ഥിതി വിലയിരുത്തുക.
2.പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ വേര്‍തിരിക്കുക.
3.പശ്ചിമഘട്ടപ്രദേശങ്ങളുടെ സംരക്ഷണം , പുനരുജ്ജീവനം , എന്നിവയ്ക്കായി മാര്‍ഗരേഖകള്‍ നിശ്ചയിക്കുക.
4.പ്രത്യേക പരിസ്ഥിതി ലോല മേഖലകളെ തരം തിരിക്കാനുള്ള നയപരിപാടികള്‍ നിശ്ചയിക്കുക.
5.പശ്ചിമഘട്ട വികസന അഥോറിറ്റിയുടെ നടപടിക്രമങ്ങള്‍ നിശ്ചയിക്കുക.
6.വിവിധ വികസന മേഖലകളിലെ മറ്റു പ്രശ്നങ്ങള്‍.
7.അതിരപ്പിള്ളിയുള്‍പ്പടെയുള്ള പദ്ധതികളെ പറ്റിയുള്ള അഭിപ്രായം.
                   2011 സെപ്തംബറില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ആറു സംസ്ഥാനങ്ങളില്‍ സിറ്റിങ്ങ് നടത്തിയും പരിസ്ഥിതി സംഘടനകളുമായും വിവിധ സംഘടനകളുമായും വകുപ്പുകളുമായും ഒക്കെ സംവദിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കമ്മിറ്റിയുടെ കണ്ടെത്തലുകളെ പൊതുവില്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. പശ്ചിമഘട്ടത്തെ പൂര്‍ണ്ണമായും ഒരു പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുക.അതില്‍ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നല്‍കുക.
2.ഈ പ്രദേശത്തെ ജൈവ , ഭൌതിക , പാരിസ്ഥിതിക ഘടകങ്ങള്‍ കണക്കിലെടുത്ത് അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി മൊത്തം പ്രദേശത്ത് മൊത്തം പ്രദേശത്തെ മൂന്ന് പരിസ്ഥിതിലോല മേഖല (Ecologicaly Sensitive Zone  - ESZ 123 എന്നിങ്ങനെ) കളായി തിരിക്കുക.
3. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA ) രൂപീകരണം , അതിന്റെ സംസ്ഥാന/ ജില്ലാതലരൂപങ്ങള്‍ .
4.അതിരപ്പിള്ളി പദ്ധതിയ്ക്ക് അനുവാദം നല്‍കേണ്ടതില്ലെന്ന നിഗമനം.
5. മൂന്ന് തരം ESZകളിലും മനുഷ്യ ഇടപെടല്‍ വഴി നടക്കുന്ന പ്രവര്‍ത്തനങ്ങളെ “ചെയ്യാവുന്നത്” “ പാടില്ലാത്തത്”  എന്ന രീതിയില്‍ തരം തിരിച്ചിരിക്കുന്നു.
                  എന്നാല്‍ ഇവയെല്ലാം കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്.കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഇന്നുവരെ അംഗീകരിച്ചിട്ടില്ല.കേരളത്തിലെ മൊത്തം 62 താലൂക്കുകളിലെ 25 താലൂക്കുകള്ഇലാണ് അതിന്റെ വിസ്തീര്‍ണത്തിന്റെ പകുതിയിലേറെ ഭാഗം വിവിധ ESZകളില്‍ വരുന്നത്.- ESZ1ല്‍ 15, ESZ2ല്‍ 2, ESZ3ല്‍ 8. ഈ താലൂക്കുകളിലെ എല്ലാ ഭാഗവും  കള്‍ അല്ല.ഏതൊക്കെ പ്രദേശങ്ങള്‍ എന്നത് പ്രാദേശികമായി തീരുമാനിക്കേണ്ടതാണ്.പൊതുവെ പശ്ചിമഘട്ടത്തെ ഒരൊറ്റ യൂണിറ്റായിക്കണ്ട് പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചെങ്കിലും അതില്‍ തന്നെ മറ്റു പല ഘടകങ്ങളേയും കണക്കിലെടുത്ത് ഇന്നിന്ന കാര്യങ്ങള്‍ ആവാം ഇന്നിന്ന കാര്യങ്ങള്‍ പാടില്ല എന്ന് നിശ്ചയിക്കുകയായിരുന്നു.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഭൂവിനിയോഗത്തില്‍ ഒരു സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.വനം വകുപ്പിന്റെ പരിസ്ഥിതിലോല പ്രദേശത്ത് ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല. ഗാഡ്ഗിലും അതങ്ങനെ തന്നെ വിട്ടു.എന്നാല്‍ കമ്മിറ്റിയുടെ ലോലപ്രദേശങ്ങളില്‍ നിയന്ത്രണത്തിനു വിധേയമായി ജനങ്ങള്‍ക്ക് പ്രവേശിക്കാം.
                          വികസനവും പരിസ്ഥിതി പരിപാലനവും ജനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച കമ്മിറ്റി ജനകീയപങ്കാളിത്തത്തിന്റെ ആവശ്യകതയെ അടിവരയിട്ട് പറയുന്നു.കാലദേശാനുസരണമായി പ്രദേശവാസികളുടെ പൂര്‍ണപങ്കാളിത്തത്തോടെ നിശ്ചയിക്കാവുന്ന പരിപാലന - വികസന സമീപനങ്ങളാണ് വേണ്ടതെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍ .എന്നാല്‍ ഇതിലെ ചില വാക്കുകളും പ്രയോഗങ്ങളും വളച്ചൊടിച്ച് ഭീതിദങ്ങളായ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍‌തോതില്‍ പ്രചരിപ്പിക്കപ്പെട്ടു.
                        ഈ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായപ്പോഴാണ് അത് നടപ്പാക്കുന്നതിനേക്കുറിച്ച് പഠിക്കാന്‍ ഡോ.കസ്തൂരിരംഗന്‍ കമ്മിറ്റിയേ ചുമതലപ്പെടുത്തിയത്.ടേംസ് ഓഫ് റഫ്രന്‍സ് ഇതായിരുന്നു.:- 
1. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കുക
2.ജൈവവൈവിദ്ധ്യവും പരിസ്ഥിതിയും പശ്ചിമഘട്ടത്തിന്റെ സാംസ്കാരിക - സാമൂഹികവലര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുക
3. ആദിവാസി വനവാസി താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
4.പശ്ചിമഘട്ടത്തിനു കൈവന്ന ആഗോള പൈതൃകപദവി അതിന്റെ വികസനത്തേയും പരിസ്ഥിതിയേയും എങ്ങിനെ ബാധിക്കും എന്ന് വിലയിരുത്തുക.
5.പശ്ചിമഘട്ടവികസനത്തെ കേന്ദ്ര - സംസ്ഥാന ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുക.
6.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുക.
                   ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ അനുരണനമാണ്  ഈ ടേംസ് ഓഫ് റഫറന്‍സില്‍ കാണുന്നത്.കസ്തൂരിരംഗന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയായിരുന്നു . അദ്ദേഹം പശ്ചിമഘട്ടത്തെ പൊതുവില്‍ രണ്ടായി തിരിക്കുകയായിരുന്നു. സ്വാഭാവിക പ്രകൃതിമേഖല (Natural Land Scape ), സാംസ്കാരിക പ്രകൃതിമേഖല (Cultural Land Scape ).ഇതില്‍ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ് കസ്തൂരിരംഗന്‍ പരിസ്ഥിതി ദുര്‍ബലമേഖലയായി കണക്കാക്കിയത്.ഇതു പ്രകാരം മൊത്തം ഏരിയായുടെ 27% മാത്രമാണ് പരിസ്ഥിതി ദുര്‍ബല മേഖല.കേരളത്തിലെ പശ്ചിമഘട്ട ഏരിയായില്‍ 44% മാത്രമാണ് പരിസ്ഥിതി ദുര്‍ബലം.ഗണ്യമായ മനുഷ്യ ഇടപെടല്‍ നടക്കുന്ന സാംസ്ക്കാരികമേഖലയെ പരിസ്ഥിതി മേഖലയില്‍ നിന്ന് ഒഴിവാക്കി.അതായത് 63% പശ്ചിമഘട്ട ഏരിയായിലും ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ പോട്ടെ എന്ന നിലയില്‍ കാര്യങ്ങല്‍ എത്തിക്കുകയായിരുന്നു കമ്മിറ്റി.പരിസ്ഥിതി പ്രധാനമേഖലയില്‍ നടപ്പാക്കാനുള്ള കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവ:-
1.പരിസ്ഥിതി പ്രധാനമേഖലയിലെ ഖനനവും പാറപൊട്ടിക്കലും മണലൂറ്റും നിരോധിക്കണം.നിലവിലുള്ളവ അഞ്ചുകൊല്ലം കൊണ്ട് ഘട്ടം ഘട്ടമായി നിറുത്തണം.
2.മലിനീകരണമുണ്ടാക്കുന്ന ചുവപ്പ് ലിസ്റ്റില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല.
3.പരിസ്ഥിതി ദുര്‍ബലമേഖലയില്‍ നിന്നും വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോള്‍ സുതാര്യത പുലര്‍ത്തണം.
4.ദുര്‍ലഭകാലത്തെ നീരൊഴുക്കിന്റെ 30% എങ്കിലും തടസ്സമില്ലാത്ത നീരൊഴുക്കുണ്ടാകണം.പദ്ധതികള്‍ തമ്മില്‍ കുറഞ്ഞത് 3 കി മി എങ്കിലും അകലമുണ്ടാകണം.ജൈവവൈവിദ്ധ്യനാശം കണക്കിലെടുക്കണം തുടങ്ങി ജലവൈദ്യുത പദ്ധതിക്കുള്ള നിബന്ധനകള്‍.25 മെ വാട്ടില്‍ കുറവ് ശേഷിയുള്ള പദ്ധതികള്‍ കാര്യക്ഷമമല്ലെന്നുപറഞ്ഞുകൊണ്ട് വങ്കിട പദ്ധതികളുടെ വക്താവുകൂടിയാവുന്നുണ്ട് കമ്മീഷന്‍ . തന്നെയുമല്ല 5 ഏക്കറിലധികം ( 20000 ച.മീറ്ററിലധികം) വിസ്തീര്‍ണമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് പറയുമ്പോള്‍ കമ്മീഷന്റെ ചായ്‌വ് വ്യക്തമാകുന്നു.
                               പൊതുവേ ഇങ്ങനെ പോകുന്നു പ്രാണവായുവിനൊപ്പം പ്രാധാന്യമുള്ള പരിസ്ഥിതി സംരക്ഷണത്തിനായി പുറത്തുവന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ . ഇത് വായിച്ച് നോക്കി ഇവിടെ നടക്കുന്ന പ്രക്ഷോഭണങ്ങളില്‍ നാം എവിടെ നില്‍ക്കണമെന്ന് തീരുമാനിക്കാം.
                                                                                            
Post a Comment