മലബാര്‍ ഗോള്‍ഡ്

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ല്ലാ മനുഷ്യരുടേയും ഉള്ളില്‍ ഒരു വന്യമൃഗം ചുരമാന്തി നില്‍ക്കുന്നുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്.എല്ലാ മനുഷ്യരും എന്നു പറയുമ്പോള്‍ ബഹുമാനപ്പെട്ട മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും എന്നും ഓര്‍ക്കണം.അനുകൂലമായ ആദ്യ അവസരത്തില്‍ തന്നെ ആ മൃഗം കയറുപൊട്ടിച്ച് പുറത്തു ചാടുകയും ചെയ്യും എന്നും പറയാം. പക്ഷെ അങ്ങനെ പുറത്തു ചാടണമെങ്കിലോ എന്തെങ്കിലും തക്കതായ കാരണം വേണം താനും - ഉദാഹരണത്തിന് പൂച്ചയ്ക്കാണെങ്കില്‍ ഉണക്കമീന്‍ കിട്ടിയാല്‍ മതി എന്നാല്‍ നായാണെങ്കിലോ ഉണക്കമീന്‍ പഥ്യമാണെങ്കിലും കുറച്ചുകൂടി വലിയതിനോടാണ് നോട്ടം.എന്നാല്‍ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ നിശ്ചയമായും വലുതു തന്നെ വേണം - ഉദാഹരണത്തിന് ഫ്ലാറ്റോ ഒക്കെ. ആ വന്യമൃഗം പുറത്തു ചാടുന്നതിനും ചില ചടങ്ങുകളൊക്കെയുണ്ട് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഉണക്കമീന്‍ നല്‍കി അല്ലെങ്കില്‍ മാംസം നല്‍കി ശീലിപ്പിച്ച കള്ളന്റെ നേര്‍ക്ക് ഈ വര്‍ഗം ഒരിക്കലും ചാടാറില്ല എന്നു തന്നെയല്ല മുക്കലും മുരളലും നക്കലും ( എവിടെയും) വഴി പരമാവധി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും.എന്നാല്‍ ഉണക്കമീനോ ഇറച്ചിയോ ഫ്ലാറ്റോ പരസ്യമോ നല്‍കാത്ത ഒരു മാന്യന്‍ ആ വഴി വന്നാല്‍ എല്ലാവരും കൂടി കുരച്ച് ബഹളം കൂട്ടി ആ മാന്യനെ അയാള്‍ എത്ര മാന്യനായാലും പേടിപ്പിച്ച് ഓടിക്കുകയും ചെയ്യും.
                    നമ്മുടെ ദൃശ്യമാധ്യമങ്ങളിലേയും പത്രങ്ങളിലേയും പ്രവര്‍ത്തകരുടെ ചില നേരങ്ങളിലെ അത്യാഹ്ലാദവും അത്യദ്ധ്വാനവും കാണുമ്പോഴാണ് . യു ഡി എഫിനെതിരേയോ അതിലെ ഘടകകക്ഷികള്‍ക്കെതിരേയോ ആരെങ്കിലും ഉത്തരാവദപ്പെട്ട് എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ഇവര്‍ ഗാന്ധിജിയുടെ ആ പ്രശസ്തമായ മൂന്ന് കുരങ്ങുകളായിത്തീരും, കാണില്ല , കേള്‍ക്കില്ല , മിണ്ടില്ല.രാഷ്ട്രീയം പോകട്ടെ, കാരണം ഓരോരുത്തര്‍ക്കും അവനവന്റെ രാഷ്ട്രീയം ഉണ്ട്, അതിനെ ആവശ്യത്തിനും അനാവശ്യത്തിനും സപ്പോര്‍ട്ട് ചെയ്യും എന്ന് മനസ്സിലാക്കാം.എന്നാല്‍ “ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഈ കൃത്യത്തില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടോ എന്ന് സംശയിക്കുന്നു” എന്ന് പറഞ്ഞാലോ? അവിടെ രാഷ്ട്രീയമല്ല മറ്റെന്തോ ആണ് കളിച്ചിരിക്കുന്നത്.
                       എന്നാല്‍ നമുക്ക് കൃത്യമായി അറിയാം ആ മറ്റെന്തോ എന്നത് മറ്റൊന്നുമല്ല പണമാണ് പണം.എന്നുവച്ചാല്‍ പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരായി ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ മാറിയിരിക്കുന്നു എന്നര്‍ത്ഥം.ആ കാവല്‍ഭടന്മാര്‍ക്ക് മറ്റുള്ളവരെ വിധിക്കാന്‍ എന്തവകാശം?                       ആ കാവല്‍ഭടന്മാര്‍ക്ക് മറ്റുള്ളവരെ വിധിക്കാന്‍ എന്തവകാശം?
                                  എന്നിട്ടും ജനപക്ഷത്തു നില്‍ക്കുന്ന ചിലര്‍ക്കെതിരെ അവിടേയും ഇവിടേയും നിന്ന് ചിലര്‍ കുശുകുശുക്കുന്നത് ലോകമെമ്പാടും എത്തിക്കാന്‍ ഈ ഇവര്‍ ചെയ്യുന്ന അത്യദ്ധ്വാനം കാണുമ്പോള്‍ നമുക്ക് ഈ കാവല്‍ഭടന്മാരോട് പുഛമല്ലേ തോന്നുന്നത്. ലോകം കണ്ട ഏറ്റവും വലിയ അപവാദവ്യവസായമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി പിണറായി വിജയനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും മേല്‍ പെയ്തുകൊണ്ടിരുന്നത്.ലോകത്തൊരു രാഷ്ട്രീയ നേതാവിനും ഇത്തരമൊരു അപവാദപ്രചരണത്തെ നേരിടേണ്ടി വന്നിട്ടുണ്ടാകില്ല.സത്യത്തില്‍ ഇതിനെ അപവാദപ്രചരണം എന്നു പറയുന്നത് ഇതിന്റെ ക്രൂരത കുറച്ചുകാണുകയായിരിക്കും.അഹങ്കാരത്തിനെ, സാംസ്കാരികഹീനതയുടെ , വൃത്തികേടിന്റെ , വിടുവായത്തത്തിന്റെ ഒക്കെ ഒരു കുത്തൊഴുക്കായിരുന്നു പൊയ്തൊഴിഞ്ഞു പോയത്.എന്നിട്ടോ? ഈ കാവല്‍ഭടന്മാര്‍ സ്വന്തം വയറ്റത്തടിച്ചു പാടിയതുമുഴുവന്‍ നുണയായിരുന്നെന്ന് ഇന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വരദാചാരിയുടെ തല പരിശോധനയും ദീപക്കിന്റെ ദൃക്‌സാക്ഷിത്വവും ബാങ്കിലെ ബണ്ടിലും ഒക്കെ ഒക്കെ മുഴുത്ത പെരും നുണകളായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുമ്പോഴാണ് സ്വരാജിന്റെ “പിതൃശൂന്യപത്രപ്രവര്‍ത്തന”ത്തിന്റെ അര്‍ത്ഥം നാം തിരിച്ചറിയുന്നത്. പറഞ്ഞതെല്ലാം എഴുതിക്കൂട്ടിയതെല്ലാം നുണയാണെന്ന് തെളിഞ്ഞപ്പോള്‍ മിനിമം ഒരു സോറൊയെങ്കിലും പറഞ്ഞ് മാന്യത തെളിയിക്കാന്‍ പോലും അവര്‍ തുനിഞ്ഞില്ല. എങ്ങിനെ അവര്‍ക്കതിനു കഴിയും അവരുടെ പണച്ചാക്കുകള്‍ക്കുള്ളില്‍ ഒളിച്ചു കളിക്കുമ്പോള്‍ !
                      ഇന്ന് ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് മാര്‍ക്സ്സ്റ്റ് പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. “കഴിഞ്ഞ കാലങ്ങളില്‍ ഇന്നയിന്ന പ്രശ്നങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്ക് ഇന്നയിന്ന തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, അതിന്റെ ഫലമായി ഇന്നയിന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിയിലും പാര്‍ട്ടി വഴി സമൂഹത്തിലും സംഭവിച്ചിട്ടുണ്ട്. ആ തെറ്റ് ഞങ്ങള്‍ തിരുത്തുന്നു “ എന്ന് ഏറ്റു പറഞ്ഞുകൊണ്ട് അവര്‍ ദിവസങ്ങളോളം കൂടിയിരുന്ന് തിരുത്തല്‍ പ്രക്രിയ നടത്തുന്നു.ഈ പാര്‍ട്ടി പ്രവര്‍ത്തകരെ നൂലില്‍ കെട്ടിയിറക്കിയതല്ലാത്തതിനാലും , സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്നവരായതിനാലും അവര്‍ക്ക് സ്വാഭാവികമായും പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ സംഭവിക്കാം എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അത് തിരുത്താനുള്ള ആര്‍ജവം കൂടി അവര്‍ കാണിക്കുന്നു. നൊക്കൂ , ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിയിലും ഇത്തരമൊരു പരിപാടിയേക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല എന്ന് നമുക്കറിയാം.
                      അപ്പോള്‍ ഈയൊരു വ്യത്യാസത്തെ കാണാനും അംഗികരിക്കാനും മിനക്കെടാതെ,  ഏതോ ഒരാള്‍ ഒരു സിപി എം നേതാവിനെതിരെ 5  കോടി രൂപയുടെ ആരോപണം ഉന്നയിച്ചത് മുഖ്യവാര്‍ത്തയാക്കിക്കളഞ്ഞു നമ്മുടെ ധീരവീര മാധ്യമശിങ്കങ്ങള്‍ . 5  കോടി രൂപയുടേതാണെങ്കിലും അഴിമതി അഴിമതി തന്നെ! അത് ജനാധിപത്യത്തിന്റെ ഈ കാവത്സിംഹങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണം. ഒരു സംശയവും ഇക്ക്‍ാര്യത്തിലില്ല.എന്നാല്‍ ഡി ആര്‍ ഐ ഉദ്യോഗസ്ഥന്‍ കൃത്യമായി പറഞ്ഞ ഒരു പേരുണ്ട് , 10 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയ ആ ജ്വല്ലറിക്കാരന്റെ പേര് മറച്ചു വച്ച് സി പി എം നേതാവിന്റെ പേര് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്ത ആ ------------------ പത്രപ്രവര്‍ത്തനമുണ്ടല്ലോ അതാണ് ഇന്നാട്ടിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
                       വേറേയും കുറേ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. ആ അഴിമതികളെ ഈ 5കോടിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കുക:- ഒരു ലക്ഷത്തി എമ്പത്തിയാറായിരം കോടി രൂപയുടെ ടു ജി സ്പെക്ട്രം അഴിമതി , ഇതിനുമുകളില്‍ വരും കോള്‍ഗേറ്റ് അഴിമതി , ആദര്‍ശ് ഫ്ലാറ്റ് അഴിമതി , ഡല്‍ഹി കോമണ്‍‌വെല്‍ത്ത് അഴിമതി തുടങ്ങിയവ. ആ അഴിമതികളിലൊന്നും കാണാത്ത ഒരുത്സാഹം ഈ 5 കോടിയുടെ കാര്യത്തില്‍ കാണിക്കുമ്പോള്‍ പ്രിയ മാധ്യമസുഹൃത്തുക്കളെ , ഞങ്ങളും കഞ്ഞി തന്നെയാണ് കഴിക്കുന്നത്.
                   ഏതായാലും കരിം ഇക്കാര്യത്തില്‍ അഴിമതി കാണിച്ചെന്ന് പാര്‍ട്ടിക്കാരാരും വിശ്വസിക്കുന്നില്ല, പാര്‍ട്ടി അനുഭാവികള്‍ക്ക് പിണറായിയുമായി ബന്ധപ്പെട്ട് ഒരു പാഠം പഠിച്ചതിനാല്‍ അവരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.പിന്നെ സാമുഹ്യദ്രോഹികളേക്കാള്‍ നികൃഷ്ടരായ കുറേ ആന്റി കമ്യൂണിസ്റ്റുകള്‍ ഇവിടെയുള്ളത് മാത്രം ആ കഥ വിശ്വസിക്കും , എന്നാലും അവരുടെ പോലും ഉള്ളിന്റെ ഉള്ളില്‍ സംശയം ഉണ്ടാകും ഇതും മറ്റൊരു ലാവലിനാവുമോ എന്ന്.
Post a Comment