ഒരു ജയില്‍ കഥ.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                 കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം 7660 ആണ് എന്നാണ് പുറത്തായ ജയില്‍ ഡി ജി പി ശ്രീ അലക്സാണ്ടര്‍ ജേക്കബ് നമ്മോട് പറയുന്നത്.അതില്‍ വിചാരണ കഴിയാത്തവരും ഉണ്ട് എന്നദ്ദേഹം പറയുന്നുണ്ട്. അവരെത്ര വരും എന്ന് അദ്ദേഹം പറയുന്നില്ലെങ്കിലും സൌകര്യത്തിന് ആകെ തടവുകാരുടെ 10% അതായത് 766 പേര്‍ വിചാരണ കാത്തു കഴിയുന്നവരാണെന്ന് വിശ്വസിക്കുക. അവരെ തല്‍ക്കാലം നമുക്ക് ഒഴിവാക്കുക.ബാക്കി ശിക്ഷയനുഭവിക്കുന്ന കുറ്റവാളികള്‍ ആയിരിക്കും , അതായത് 6894 പേര്‍ . ഈ ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാലുപേരില്‍ ഏതാണ്ട് 90% പേരും ഒരു നിമിഷത്തെ കുഴമറിച്ചിലില്‍ കുറ്റം ചെയ്തുപോയവരായിരിക്കും.അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടി ഒരു മോഷണം നടത്തിയവനുമൊക്കെ ആയിരിക്കും.ഇവര്‍ കുറ്റം ചെയ്തവരാണെങ്കിലും ഇവരെ കുറ്റവാളികള്‍ എന്നു വിളിക്കുന്നത് അത്ര ശരിയായ ഒരേര്‍പ്പാടാണോ എന്നെനിക്ക് സംശയമുണ്ട്. പ്രത്യേകിച്ചും സ്ഥിരം കുറ്റവാളികള്‍ എന്ന ഒരു പത്തു ശതമാനം പേര്‍ അവിടെത്തന്നെ ഉള്ള സ്ഥിതിക്ക്.
                           സത്യത്തില്‍ എന്തിനാണീ ജയിലുകള്‍ ?.ഒരു നിമിഷനേരത്തെ മനസ്സിന്റെ അല്ലെങ്കില്‍ സാഹചര്യത്തിന്റെ കുഴ മറിച്ചിലില്‍ കുറ്റം ചെയ്തു പോയവരും എന്നാലിന്ന് ആ കുറ്റത്തെ ഓര്‍ത്ത് മനസ്താപപ്പെടുന്നവരും ആണ് ജയിലുകളില്‍ അധികവും എന്ന നില വരുമ്പോള്‍ നമുക്കെന്തിനാണീ ജയിലുകള്‍ ?. ചെയ്ത തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിക്കാനും അങ്ങിനെ മനസ്സിനെ നേര്‍വഴിക്ക് കൊണ്ടുവരാനും ഒരു നല്ല മനുഷ്യനാകാനും ഉള്ള അവസരം ആണ് ജയിലില്‍ ലഭിക്കേണ്ടത് എന്നാണ് ഈ രംഗത്തേക്കുറിച്ച് പഠിച്ചിട്ടുള്ള വിദഗ്ധര്‍ പറയുന്നത്.അബദ്ധത്തില്‍ ഒരു കുറ്റം ചെയ്തു പോയവന്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുവരുന്നത് മറ്റൊരു തിരിമുറിയാ കള്ളനായിട്ടായിരിക്കും അല്ലെങ്കില്‍ ഒരു പൂണ്ട കുറ്റവാളിയായിട്ടായിരിക്കും. കുറ്റകൃത്യം ചെയ്യുന്നതിനുള്ള വിദഗ്ധ ട്രെയിനിങ്ങ് ആണ്  നല്ലവനാകാന്‍ ശ്രമിക്കുന്ന ഒരു തടവുപുള്ളിയ്ക്ക് ജയിലില്‍ ലഭിക്കുക. എന്നാല്‍ വിദേശരാജ്യങ്ങളിലെ സ്ഥിതി മറിച്ചാണ്. ഇവിടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ (?) ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഫേസ്ബുക്കില്‍ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ചാനലുകള്‍ തിമിര്‍ത്ത് ആഘോഷിക്കുമ്പോള്‍ അന്നേദിവസത്തെ പത്രം പുറത്തു വന്നത് ഇംഗ്ലണ്ടില്‍ ജയിലില്‍ തടവുപുള്ളികള്‍ക്കുപയോഗിക്കാന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നല്‍കുന്നു എന്ന വാര്‍ത്തയുമായാണ്.
                          ഇതല്ല ഞാന്‍ പറയാനുദ്ദേശിച്ച കാര്യം.ഈ തടവുപുള്ളികള്‍ പുറമേ വിട്ടുവന്നിട്ടുള്ള ഒരു കുടുംബമുണ്ട്. അവിടെ തടവുപുള്ളിയുടെ പ്രായമായ മാതാപിതാക്കളുണ്ടായിരിക്കാം, യുവതിയായ ഭാര്യയും രണ്ടോ മൂന്നോ കുട്ടികളും ഉണ്ടാകും. ഇത്രയും പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ഏക ആശ്രയം ഈ തടവുപുള്ളി ആയിരുന്നിരിക്കാം.ഗൃഹനാഥന്‍ അബദ്ധത്തില്‍ ചെയ്ത ഒരുകുറ്റത്തിന് ജയിലിലാകുമ്പോള്‍ അനാഥരാകുന്നത് ആ കുടുംബമാണ്.ഗൃഹനാഥന്‍ ജയിലിലായിപ്പോയി എന്ന ഒരൊറ്റ കുറ്റത്തിന് സമൂഹം പകരം വീട്ടുന്നത് ആ കുടുംബത്തെ ഒരു നിസ്സഹായാവസ്ഥയിലേയ്ക്ക് തള്ളി വിട്ടുകൊണ്ടാണ്. മകന്‍ ജയിലിലായ കുറ്റത്തിന് ആ പറക്ക മുറ്റാത്ത കുഞ്ഞുങ്ങളുടെ അന്നം നിഷേധിക്കുന്നു സമൂഹം , ആ പ്രായമായ മാതാപിതാക്കള്‍ക്ക് രോഗത്തിനുള്ള ചികിത്സ നിഷേധിക്കുന്നു സമൂഹം.ജയിലില്‍ തടവുപുള്ളികള്‍ക്ക് സാധാരണഗതിയില്‍ പണി നല്‍കാറുണ്ട്, അതിനു കൂലി കൊടുക്കാറുണ്ട് , ഈ പണം മാസാമാസം വീട്ടിലേക്കയക്കുകയും ചെയ്യാം എന്ന് നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വേലയെടുപ്പിക്കുന്നതിനു കൂലിയായി ഒരു ദിവസം കിട്ടുന്നത് 37 രൂപയാണെന്നറിയുമ്പോഴാണ് ഈ പ്രചരണത്തിന്റെ കള്ളി പൊളിയുന്നത്.ഒരു ദിവസം ശരാശരി മുന്നൂറുമുതല്‍ അഞ്ഞൂറു വരെ രൂപ കൂലിയിനത്തില്‍ ഒരു ദിവസം വീട്ടിലെത്തിയിരുന്നിടത്താണ് ഈ മുപ്പത്തിയേഴ് എന്നുകൂടിയോര്‍ക്കണം. 
                               ഈ ദുരവസ്ഥയ്ക്കൊരു പരിഹാരം എന്ന നിലയ്ക്കാണ് ജയിലില്‍ നിന്ന് ചപ്പാത്തിയും ചിക്കന്‍ കറിയും പുറത്തുവരാന്‍ തുടങ്ങിയത്. ഇതിനേക്കുറിച്ച് കലാകൌമുദി ഇങ്ങനെ പറയുന്നു, തിരുവനന്തപുരത്ത് പൂജപ്പുര സെന്‍‌ട്രല്‍ ജയിലിലായിരുന്നു 22 മാസം മുന്‍പ് ആ പരീക്ഷണത്തിന്റെ തുടക്കം.ചപ്പാത്തി നിര്‍മ്മാണ പരീക്ഷണം അതിവേഗം പ്രചാരവും വിശ്വാസവും വലിയ വിപണിയും നേടി.തുടര്‍ന്ന് ചപ്പാത്തിയും കോഴിക്കറിയുമായി.പിന്നാലെ ഇഡ്ഡലി - സാംബാര്‍ , ബിരിയാണി, ഉപ്പെരി, ബണ്‍ ................ രുചിയേറിയ വിഭവങ്ങള്‍ ഓരോന്നായി വന്നുകൊണ്ടിരുന്നു. ഇപ്പോള്‍ കേരളം മുഴുവന്‍ രുചിയേറിയ ജയില്‍ വിഭവങ്ങള്‍ക്കായി ജനം കാത്തു നില്‍ക്കുന്ന അവസ്ഥ.
                 കേരളത്തിലെ ഒന്‍പതു ജയിലുകളിലായി പ്രതിദിനം അഞ്ചുലക്ഷം ചപ്പാത്തി ഇപ്പോള്‍ ഉണ്ടാക്കുന്നു.ഇതുവരെ വിറ്റത് അഞ്ചു കോടി ചപ്പാത്തി.ഇത് വിറ്റ വകയില്‍ കഴിഞ്ഞ വര്‍ഷം കിട്ടിയത് 14 കോടി, ലാഭവിഹിതമായി ട്രഷറിയില്‍ അടച്ചത് 5 കോടി.ഇതിനു പുറമെ ആശുപത്രികളില്‍ സൌജന്യ ഭക്ഷണപ്പൊതി വിതരണം ചെയ്ത് സാമൂഹിക സേവന മാതൃകയും കാട്ടി. ആയിരം തടവുകാരാണ് ചപ്പാത്തി നിര്‍മ്മാണത്തില്‍ പണിയെടുക്കുന്നത്.പാചകത്തില്‍ പങ്കാളിയാകുന്ന തടവുകാരന് ദിനം പ്രതി 117 രൂപ ലഭിക്കും, മൂവായിരം രൂപ അവനു വീട്ടിലയക്കാം.കുടുംബത്തിനു താങ്ങായി അത്രയെങ്കിലും തന്റെ വക. ഇത് തടവുകാരന്റെ ആത്മബലം കൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല.
                      എന്നാല്‍ പുറത്തെ കച്ചവട സമൂഹം വെറുതെയിരുന്നില്ല.അവരീ കച്ചവടം പൂട്ടിക്കാന്‍ തങ്ങളാലാവുന്നത്ര ശ്രമിച്ചു.പല പ്രാവശ്യം ഭക്ഷണപ്പൊതിയുമായിപ്പോയ വണ്ടി ഇവരാക്രമിച്ചു.എന്നാല്‍ ഈ ആക്രമണം പിന്നീട് ഏറ്റെടുത്തത് കലാകൌമുദിയുടെ കണ്ണില്‍ ബോംബെയില്‍ നിന്നുള്ള ഒരു മള്‍ട്ടിനാഷണല്‍ മിനറല്‍ വാട്ടര്‍ കമ്പനിയാണ്.ശബരിമലയില്‍ ഇവരുടെ കുപ്പിവെള്ളം കുപ്പിയൊന്നിന് 30 രൂപ. എന്നാല്‍ നമ്മുടെ സിഡ്കോ ഉല്‍പ്പാദിപ്പിക്കുന്ന കുപ്പിവെള്ളം ശബരിമലയില്‍ ജയില്‍ വകുപ്പ് വില്‍ക്കുന്നത് 10 രൂപയ്ക്കും. പോരെ പൂരം.( കലാകൌമുദി 1998, 2013 ഡിസംബര്‍ 22 ).
                     പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നു, ഫേസ്ബുക്കില്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നു എന്നീ സംഭ്രമജനകമായ വാര്‍ത്തകള്‍ ഒരു ചാനല്‍ ഫ്ലാഷ് കാണിക്കുന്നു, മറ്റു ചാനലുകളും മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ജയില്‍ ഡി ജി പി പത്രസമ്മേളനം വിളിക്കുന്നു, അതിനേ ചൊല്ലി ആഭ്യന്തരമന്ത്രി കയര്‍ക്കുന്നു, ജയില്‍ ഡിജിപി യെ തത്സ്ഥാനത്തു നിന്നും മാറ്റുന്നു, പകരം മറ്റൊരാള്‍ വരുന്നു.
                      പകരം വരുന്നയാള്‍ ഏറ്റവും ആദ്യം ചെയ്തത് ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജയിലിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.എന്നിട്ടതിനു പറഞ്ഞ കാരണമോ ജയിലിലെ ചിട്ടകള്‍ക്കെതിരാണിത് എന്നും.അതോടെ എല്ലാം ശാന്തം സമത്വം സുന്ദരം.കുപ്പിവെള്ള കമ്പനിയും ഇവിടുത്തെ കച്ചവടസമൂഹവും പുതിയ ജയില്‍ ഡിജിപിയും ജയിച്ചു ,കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിച്ചുകൊണ്ടിരുന്ന ജനങ്ങളും സൌജന്യനിരക്കില്‍ ഭക്ഷണം ലഭിച്ചുകൊണ്ടിരുന്ന രോഗികളും തോറ്റു.ഇത് ചോദ്യം ചെയ്യാന്‍ ഒരു സന്ധ്യയും ആ വഴി വന്നില്ല , ഒരു ചാനലും ഇത് അന്തി ചര്‍ച്ചയാക്കിയില്ല.തടവുപുള്ളിയുടെ ഭാര്യ വ്യഭിചരിക്കാന്‍ പോയാല്‍ അത് അവരുടെ കാര്യം , തടവുപുള്ളിയുടെ മക്കള്‍ പട്ടിണികിടന്ന് മരിച്ചാല്‍ അത് അവരുടെ കാര്യം,മരുന്നും ഭക്ഷണവും ഇല്ലാതെ തടവുപുള്ളിയുടെ മാതാപിതാക്കള്‍ മരിച്ചാലും അത് അവരുടെ കാര്യം.അബദ്ധത്തില്‍ ഒരു കയ്യബദ്ധം പറ്റി ജയിലിലായ പുള്ളി കൊടുംക്രിമിനലായി പുറത്തു വന്നാല്‍ അവര്‍ക്കെന്താ , നിയമം നിയമത്തിന്റെ വഴിക്ക് പോണം.പണ്ടൊരു സിനിമയില്‍ മോഹന്‍ ലാല്‍ പറയുന്നതു പോലെ ഇവിടെ റോങ്ങായിട്ടൊന്നും സംഭവിക്കാന്‍ പാടില്ല.
                                                  ലോകാ സമസ്താ സുഖിനോ ഭവന്തൂ !
Post a Comment