സന്ധ്യയുടെ പ്രകടനത്തിനും അതിനുശേഷവും

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                  ങ്ങനെ അവസാനം ആ നാടകത്തിനും തിരശ്ശീല വീണു.എന്തെല്ലാം ആയിരുന്നു ഉണ്ടായത് , ഒന്നോര്‍ത്തു നോക്കിക്കേ. സ്വന്തം കുടുംബത്തിലേയ്ക്കു പോകാനുള്ള വഴി തടഞ്ഞു മാര്‍ക്സിസ്റ്റുകാര്‍ - സത്യമെന്താണ് , സമരം തുടങ്ങുന്നതിനുമുന്നേ തന്നെ റോഡില്‍ സഞ്ചാരം തടസ്സപ്പെടുത്തിയത് പോലീസ്.അതുകണ്ട് സമരനേതാക്കള്‍ പോലീസിനു മുന്നറിയിപ്പും കൊടുത്തിരുന്നു പ്രശ്നമാകുമെന്ന്. അവസാനം അതുതന്നെ സംഭവിക്കുകയും ചെയ്തു. പിന്നെ നടന്ന നാടകം സന്ധ്യയുടെ കുടുംബവീട്ടിലെ പറംബില്‍ നിന്ന വാഴകള്‍ വെട്ടി നശിപ്പിച്ചു എന്നതാണ്. ആരു ചെയ്തു എന്ന് ഫ്ലാഷ് കാണിച്ച ചാനലുകള്‍ തുറന്നു പറഞ്ഞില്ലെങ്കിലും സൂചനകള്‍ സമൃദ്ധമായിരുന്നു - ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.( ഭീമനെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുമ്പോള്‍ ഭീമന്‍ എന്തിനതു ചെയ്തു എന്ന് ആരും അന്വേഷിക്കുന്നില്ല, ചോദിക്കുന്നുമില്ല.)
                              സത്യത്തില്‍ ഈ പ്രശ്നമൊക്കെയുണ്ടാവുന്നതിനും ദിവസങ്ങള്‍ക്കു മുമ്പേ അവര്‍ തന്നെ വെട്ടിക്കളഞ്ഞ ഒന്നോ രണ്ടോ മൂട് വാഴ കണ്ടിട്ടാണീ പുകിലു മുഴുവന്‍ ചാനലുകള്‍ ഉണ്ടാക്കിയത്.പാവം സന്ധ്യ പോലും ഇങ്ങനെയൊരു സാദ്ധ്യത മനസ്സില്‍ കണ്ടിട്ടുണ്ടാകില്ല. വാഴവെട്ട് മഹോത്സവം പൂര്‍വാധികം ഭംഗിയായി കൊണ്ടാടുന്നതിനിടയ്ക്ക് സന്ധ്യയുടെ വീടാക്രമിച്ചതായി ഫ്ലാഷ് വരുന്നു. എന്നാല്‍ വാഴവെട്ട് തന്നെ വലിയൊരു നുണയായിരുന്നപ്പോള്‍ ആ നുണയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ച വീടാക്രമണം എന്ന മറ്റൊരു പെരും നുണ എങ്ങിനെ നിലനില്‍ക്കാന്‍ .പക്ഷെ ഇതുകൊണ്ട് ഒട്ടും ഗുണമുണ്ടായില്ല എന്നു പറയാന്‍ കഴിയില്ല. തരിശുകിടന്ന ഏതാണ്ട് മുപ്പത് സെന്റ് വരുന്ന സന്ധ്യയുടെ പുരയിടം മൊത്തം വെട്ടിക്കിളച്ച് വാഴയും കപ്പയും ചേനയും ചേമ്പും നട്ടു നിറച്ചു കാള പെറ്റു എന്നു കേട്ടപ്പോള്‍ കയറെടുക്കാനോടിയ പാവം വിവരദോഷികളായ കോണ്‍ഗ്രസ്സുകാര്‍ . തരിശുകിടന്ന സ്വന്തം പറമ്പില്‍ കൃഷിയിറക്കാന്‍ മാധ്യമപ്രവര്‍ത്തകരും സന്ധ്യയും കൂടിക്കളിച്ച നാടകത്തില്‍ പാവം കോണ്‍ഗ്രസ്സുകാര്‍ വീണു പോയി എന്നതാണ് സത്യം.
                        അങ്ങനെ ആ അദ്ധ്യായം നാണം കെട്ട് അവസാനിച്ചു.ആ സന്നിഗ്ധഘട്ടത്തില്‍ മുതലെടുപ്പിനു ശ്രമിച്ച ചിറ്റിലപ്പിള്ളി ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല.സമരങ്ങളില്ലാത്ത വഴിതടയിലില്ലാത്ത ഉപരോധമില്ലാത്ത കേരളത്തെ സ്വപ്നം കണ്ട അദ്ദേഹം ആ കേരളത്തില്‍ എന്തു ചെയ്യുമെന്നും കാണിച്ചു തന്നു , ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് പുറത്തു വന്നതോടെ . എന്നു വച്ചാല്‍ തനിക്കും തന്റെ കൂട്ടാളികള്‍ക്കും(?) ഇവിടെ സസുഖം വാഴണം, ആരുമത് ചോദ്യം ചെയ്യാന്‍ പാടില്ല . തനിക്ക് കിഡ്നി ദാനം ചെയ്യാന്‍ തോന്നിയാല്‍ താനത് ചെയ്യും , തനിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ കുരച്ചു ചാടിയ സിന്ധുവിന് അഞ്ചു ലക്ഷം കൊടുക്കാന്‍ തോന്നിയാല്‍ അതു ചെയ്യും, തന്റെ സ്ഥാപനത്തില്‍ വീണ് നടുവൊടിഞ്ഞയാള്‍ക്കെതിരെ സഹായം നല്‍കാതിരിക്കാന്‍ തോന്നിയാല്‍ അതു ചെയ്യും, അതു പുറത്തു പറഞ്ഞാല്‍ നുണ പറഞ്ഞ് നാറ്റിക്കും, തന്റെ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കാന്‍ തോന്നിയാല്‍ അങ്ങനെ ചെയ്യും. ഇതൊക്കെ രാജാവിന്റെ , ഭ്ഗവാന്റെ ലീലാവിലാസം എന്ന രീതിയില്‍ നാം കണ്ട് വണങ്ങണം എന്നതാണദ്ദേഹത്തിന്റെ ശൈലി.നിങ്ങളാരാ അത് ചോദിക്കാന്‍ .
                         അതിലെന്താ തെറ്റ്? അദ്യേത്തിന്റെ കമ്പനി, അദ്യേത്തിന്റെ വീഗാലാന്റ്, അദ്യേത്തിന്റെ പണം അദ്യേം അത് തൊന്നുന്നവര്‍ക്കൊക്കെ വാരിക്കൊടുക്കും അതിന് നിങ്ങള്‍ക്കെന്താ എന്നാണ് മുഖ്യ മാധ്യമങ്ങളുടേയും ഒരു വിഭാഗം ജനങ്ങളുടേയും ചോദ്യം.പണ്ട് പഞ്ചതന്ത്രത്തിലോ മറ്റോ ആണെന്ന് തോന്നുന്നു ഒരു കഥ വായിച്ചിട്ടുണ്ട്, അഛന്‍ മകനെ പണി പഠിക്കാനായി സുഹൃത്തായ കര്‍ഷകനെ ഏല്‍പ്പിച്ചു.  ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ അഛനെ കാണാന്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ കര്‍ഷകന്‍ ഒരു സ്വര്‍ണനാണയം കൊടുത്ത് ആ അലസനായ മകനെ പറഞ്ഞു വിട്ടു. വീട്ടില്‍ ചെന്ന് നാണയം അച്ഛനെ കാണിച്ചപ്പോള്‍ അങ്ങേര് അത് വാങ്ങി കിണറ്റിലിട്ടു.മകന്‍ കൂസലില്ലാതെ കണ്ടു നിന്നപ്പോള്‍ അച്ഛന്‍ വീണ്ടും മകനെ മറ്റൊരാളുടെ അടുത്തേയ്ക്ക് വിട്ടു. അവിടേയും മകന്‍ ഒഴപ്പി, വീണ്ടും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന് അഛനെ കാണണം.കര്‍ഷകന്‍ ഒരു സ്വര്‍ണ്ണനാണയം കൂലി കൊടുത്തു വിട്ടു, വീട്ടിലെത്തി അഛനെ കാണിച്ചപ്പോള്‍ വീണ്ടും അതു വാങ്ങി കിണറ്റിലിട്ടു. മകന്‍ കൂളായി നിന്നപ്പോള്‍ അച്ഛനു മനസ്സിലായി മകന്റെ കള്ളത്തരം.വീണ്ടും മറ്റൊരാളുടെ അടുത്ത് പണി പഠിക്കാന്‍ മകനെ അയച്ചു അച്ഛന്‍ . പക്ഷെ അയാള്‍ കൃത്യമായി മകനെകൊണ്ട് പണിയെടുപ്പിച്ചു.അങ്ങനെ ഒരു വര്‍ഷം കൊണ്ട് മകന്‍ നല്ലൊരു കൃഷീക്കാരനായി.വര്‍ഷാവസാനം അച്ഛനെ കാണാന്‍ പോകണമെന്നു പറഞ്ഞ മകന് ഗുരു ഒരു സ്വര്‍ണ്ണനാണയം കൂലിയായി കൊടുത്ത് വിട്ടു. വീട്ടിലെത്തി അച്ഛനെ കാണിച്ചപ്പോള്‍ പതിവു പോലെ അയാളത് കിണറ്റിലെറിയാന്‍ തുടങ്ങിയപ്പോള്‍ മകന്‍ ചാടിപ്പിടിച്ച് അച്ഛനോട് ചൂടായി.അച്ഛന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു മകനെ ഈ കാശ് നീ അദ്ധ്വാനിച്ചണ്ടാക്കിയതാണ്.അതുകൊണ്ടാണ് ഞാനത് കിണറ്റിലെറിയാന്‍ തുടങ്ങിയപ്പോള്‍ നിനക്ക് വിഷമം വന്നത്.
                                 അതു പോലെ നികുതി വെട്ടിച്ച് കാശുണ്ടാക്കിയവന് കാശ് ചുമ്മാ വെള്ളം പോലെ വാരിക്കോരി ഒഴുക്കാം. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അങ്ങേരല്ല ആരും ഇതു പോലെ ചിലവാക്കില്ല തന്നെ. ഇവിടെ ആദ്യം സി പി എമ്മിനെ തെറി പറഞ്ഞ സന്ധ്യക്ക് അഞ്ചു ലക്ഷം പ്രഖ്യാപിക്കുന്നു, അന്നേരം ജനം മുഴുവന്‍ എന്തുകൊണ്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജസീറയ്ക്ക് കൊടൂത്തില്ല എന്നു ചോദിച്ചു, ദാ പിടിച്ചോ ജസീറയ്ക്കും അഞ്ചു ലക്ഷം! ഇനി നോക്കിക്കോ നാളെ സ്വന്തം സ്ഥാപനത്തില്‍ വീണ് നട്ടെല്ലിനു പരിക്ക് പറ്റി കഴിയുന്ന , നാളിതുവരെ താന്‍ തഴഞ്ഞിട്ടിരുന്ന പയ്യനും കൊടുക്കും വാരിക്കോരി. കാരണം നികുതി വെട്ടിച്ചുണ്ടാക്കിയ കാശല്ലേ, ആര്‍ക്ക് ചേതം?. പക്ഷെ എന്തെല്ലാം ചെയ്തിട്ടും അങ്ങേരുടെ ജനസമ്മതഗ്രാഫ് ഉയര്‍ന്നില്ല എന്നു തന്നെയല്ല ഇടിയുകയും ചെയ്തു. എന്തു കൊണ്ടീ ഗ്രാഫ് ഇടിഞ്ഞു എന്നു നോക്കിയാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം സി പി എം തന്നെയാണ് ഇന്നും ജനമനസ്സുകളില്‍ സ്വാധീനമുള്ള രാഷ്ട്രിയ പാര്‍ട്ടി. ആ പാര്‍ട്ടിയെ അന്യായമായി അപഹസിക്കുന്ന ഏതുശക്തിയേയും അവര്‍ നിന്ദ്യംായിത്തന്നെ കാണും.
                      ഇനി അടുത്ത കൂട്ടര്‍ മാധ്യമപ്രവര്‍ത്തകര്‍ ആണ്. അമാര്‍ക്സിസ്റ്റ് ആയ എന്തിനേയും വാനോളം ഉയര്‍ത്തിക്കാണിക്കുകയും അതിനെ ഉയര്‍ത്തിത്തന്നെ നിലനിറുത്താന്‍ എന്തു കാപട്യവും കാണിക്കാന്‍ മടിക്കാത്തവരാണീ മാധ്യമപ്രവര്‍ത്തകര്‍ . എന്തിനവരത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ , കേരളത്തിലെ ജനസംഖ്യയിലെ 85% പേരും മധ്യവര്‍ഗസ്വഭാവം കാണിക്കുന്നവരാണ്. അവരുടെ ഏറ്റവും ബേസിക് ആയ വികാരം ആണ് കമ്യൂണിസ്റ്റു വിരോധം.ദാരിദ്ര്യവും ജാതിമതപരമായ കാരണങ്ങളാല്‍ നിലത്തിട്ട് ചവിട്ടിയരക്കപ്പെട്ടിരുന്ന അവരുടെ പൂര്‍വികര്‍ക്ക് നേരെ നില്‍ക്കാനും ഈ അവഗണനയെ ചോദ്യം ചെയ്യാനും സംഘം ചേര്‍ന്ന് നേരിടാനും അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു ജീവിതം കെട്ടിപ്പടുക്കാനും കഴിഞ്ഞത്  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹായത്തോടെയാണ് എന്നത് ചരിത്രം. ആ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്നവര്‍ കാണുന്നത് സ്വന്തം കാലിലെ ചങ്ങലയായിട്ടാണ്. സ്വന്തം മധ്യവര്‍ഗസ്വഭാവത്തിലുള്ള ജീവിതത്തിന് പാര്‍ട്ടി ഇന്നൊരു തടസ്സമായിട്ടവര്‍ കാണുന്നു.ഇടക്കിടയ്ക്ക് ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു അവര്‍ , സമരമെന്നും മുദ്രാവാക്യം വിളികൊണ്ടും സ്വന്തം ഉല്ലാസജീവിതത്തെ സ്വൈര്യം കെടുത്തുന്നു അവര്‍ , ഇങ്ങനെ നിരവധി രംഗങ്ങളിലെ തങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനവര്‍ തടസ്സം സൃഷ്ടിക്കുന്നു. നോക്കൂ , വഴിയോരങ്ങളിലെ പൊതുയോഗങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പാതയോര സമരങ്ങളെ ഹൈക്കോടതി തടഞ്ഞപ്പോള്‍ അതെ കൃത്യം ചെയ്യുന്ന മതപരിപാടികള്‍ നിര്‍ബാധം തുടരുന്നത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു.കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയെന്നാല്‍ സംസ്കാരശൂന്യരായ സമൂഹത്തിലെ അടിത്തട്ടിലെ ഏഴകളുടെ പരിപാടിയായതിനാല്‍ അത് തടഞ്ഞേ മതിയാകൂ. എന്നാല്‍ അമ്പലപ്പരിപ്പടികള്‍ പള്ളിപ്പരിപാടികള്‍ ഒക്കെ സമൂഹത്തിലെ മാന്യന്മാര്‍ക്ക് ഒത്തുകൂടാനുള്ള വേദിയാകുമ്പോള്‍ അതിനെ തടയുക എന്ന് അചിന്ത്യമാണവര്‍ക്ക്.
                                   ഏഴകളുടെ പ്രശ്നങ്ങള്‍ ഒരു കാരണവശാലും തങ്ങളുടെ പ്രശ്നങ്ങളല്ല എന്നവര്‍ തീരുമാനിക്കുന്നു , കാരണം ആ പ്രശ്നങ്ങളെ അനുകൂലിച്ചാല്‍ പിന്നെ തങ്ങളും ഈ ഏഴകളും തമ്മിലെന്ത് വ്യത്യാസം? ഇതാണവരുടെ ചിന്ത.ദൌര്‍ഭാഗ്യവശാല്‍ ഈ ചിന്താഗതിയ്ക്ക് വളം വച്ചുകൊടുക്കുന്ന പ്രവൃത്തികളാണ് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.മാര്‍ക്സിസ്റ്റുകാരന്‍ ഒരുറുമ്പിനെ കൊന്നാല്‍ അത് ആനയെ കൊന്ന കേസാക്കിമാറ്റും അവര്‍ , എന്നാല്‍ അവരുടെ മാനസപുത്രന്മാരായ അമ്പലക്കാരോ പള്ളിക്കാരോ മറ്റോ ഒരാനയെക്കൊന്നാല്‍ അത് ഉറുമ്പിനെ കൊന്നതാക്കി മാറ്റുകയും ചെയ്യും അവര്‍ . അതിനുള്ള കള്ളസാക്ഷികളേയും ന്യായങ്ങളും ഒക്കെ അവര്‍ ഉണ്ടാക്കിക്കൊള്ളും. ലാവലിന്‍ കേസിലും എന്തിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ എത്ര മാര്‍ക്സിസ്റ്റ് നേതാക്കള്‍ പോലീസിനോട് പൊട്ടിക്കരഞ്ഞു മാപ്പു പറഞ്ഞതായി ഈ മാധ്യമക്കാര്‍ നമ്മോട് നുണ പറഞ്ഞിരിക്കുന്നു എന്നോര്‍ക്കുക. എന്തിനായിരുന്നു ഈ നുണപ്രചരണം? എന്തിനായിരുന്നു ഈ അന്‍പത്തിയൊന്നു വെട്ടുകള്‍ എന്ന് വീണ്ടും വീണ്ടും അവര്‍ നമ്മളോട് പറഞ്ഞുകൊണ്ടിരുന്നത് ? എന്നിട്ട് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന് വെട്ടുകളുടെ എണ്ണം നേര്‍ പകുതിയിലും താഴെയായി കുറഞ്ഞിട്ടും ഏതെങ്കിലും ഒരു മാധ്യമക്കാരന്‍ ഒരു ഖേദമെങ്കിലും നമ്മോട് പ്രകടിപ്പിക്കുകയുണ്ടായോ? എന്തുകൊണ്ടിത് സംഭവിക്കുന്നു?കാരണം നിസ്സാരം ഒരു മധ്യവര്‍ഗി ഈ ഖേദപ്രകടനം ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ.
                          മാര്‍ക്സിസ്റ്റല്ലാതിരിക്കുക ഒരു കുറ്റമല്ല എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുക എന്നത് ഒരു കുറ്റം തന്നെയാണ് , ഇന്ത്യന്‍ പിനല്‍ കോഡ് പ്രകാരമല്ലെങ്കില്‍ കൂടിയും ,സ്വന്തം ശവക്കുഴി വെട്ടുക എന്ന മണ്ടത്തരമാണവര്‍ ഈ പ്രവൃത്തിയിലൂടെ കാണിക്കുന്നത്  , തന്നെയുമല്ല ഈ നുണപ്രചരണത്തിലൂടെ ഒരു നാടിനെയാണവര്‍ നശിപ്പിക്കുന്നത്. ഒരാത്മവിമര്‍ശനത്തില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിയും ന്യായമായ പലകാര്യങ്ങള്‍ക്കും തങ്ങളോടൊപ്പം ഈ മധ്യവര്‍ഗി സമൂഹമല്ല പാര്‍ട്ടിയാണ് കൈതാങ്ങായി ഒപ്പം നിന്നിട്ടുള്ളതെന്ന്. എന്നിട്ടും അവര്‍ പാര്‍ട്ടിയെ കിട്ടാവുന്ന എല്ലാ നുണപ്രചരണങ്ങളുമുപയോഗിച്ച് തകര്‍ക്കാനും ശ്രമിക്കുന്നു. ഈ ശ്രമം തങ്ങളുടെ തന്നെ നാശത്തിനു വഴിവയ്ക്കും എന്നു മാത്രം പറഞ്ഞു കൊള്ളുന്നു.
Post a Comment