ഹാപ്പി ന്യൂ ഇയര്‍ !

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!
ഐശ്വര്യവും സമ്പല്‍ സമൃദ്ധവും ആയ ഒരു പുതുവര്‍ഷം നിങ്ങള്‍ക്കായി നേരുന്നു ഞാന്‍ !!
                            എന്റെ ഫോണിലേയ്ക്ക് ന്യൂ ഇയറിന്റെ ഏതാണ്ട് ഒരാഴ്ച മുന്‍പു മുതല്‍ക്കേ അഡ്വാന്‍സ്ഡ് ന്യൂ ഇയര്‍ വിഷസ് വരാന്‍ തുടങ്ങിയിരുന്നു.എല്ലാത്തിലും  സാഹിത്യം പലതാണെങ്കിലും അവസാന അര്‍ത്ഥം അതു തന്നെ, ഐശ്വര്യപൂര്‍ണ്ണവും സമ്പല്‍  സമൃദ്ധവും ആയ പുതുവര്‍ഷം ആശംസിക്കുന്നു.ഇന്നലെ മാത്രം എനിക്കേതാണ്ട് ഇരുന്നൂറിലധികം എസ് എം എസൂകള്‍ മുകളില്‍ പറഞ്ഞ ആശയവും വഹിച്ചുകൊണ്ട് എത്തി. സാധാരണ എനിക്കു കിട്ടുന്ന മെസ്സേജുകളില്‍ നിന്ന് നല്ലതൊരെണ്ണം ചൂണ്ടിയെടുത്ത് എല്ലാവര്‍ക്കും ന്യൂ ഇയര്‍ മെസ്സേജാക്കി എന്റെ പേരില്‍ അയച്ച് കയ്യടി നേടാറുള്ള ഞാന്‍ ഇത്തവണ അനങ്ങിയില്ല.
  എനിക്ക് ഇത്തവണ ന്യൂ ഇയര്‍ ആശംസകള്‍ നേരാന്‍ തോന്നിയില്ല എന്നതാണു സത്യം. നിത്യോപയോഗ സാധനങ്ങള്‍ക്ക് മുഴുവന്‍ തീവില.ആ വില താഴാനല്ല ഉയരാനുള്ള തക്കം പാര്‍ത്തിരിക്കുകയാണ്.നമ്മുടെ ഭരണാധികാരികള്‍ നമുക്ക് ന്യൂ ഇയര്‍ സമ്മാനമായിത്തന്നത് ഗ്യാസിന്റെ വില വര്‍ദ്ധനവാണ്.ഒറ്റയടിക്ക് 250/- രൂപ കൂട്ടിയിരിക്കുന്നു.ഇത്രയധികം വിലവര്‍ദ്ധന ചരിത്രത്തിലാദ്യമാണെന്ന് ഗവണ്മെന്റ് അനുകൂല മാധ്യമങ്ങള്‍ പോലും  പറയുന്നു. പെട്രോളിന്റേയും ഡീസലിന്റേയും വില കൂടിക്കൂടി ലോകത്ത് ഇന്ധനത്തിന് ഏറ്റവും വിലക്കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.എന്നിട്ടും ഇതൊന്നും അറിഞ്ഞ മട്ടു വയ്ക്കാതെ മാസം തോറും ആഴ്ച തോറും ഈ ഐറ്റങ്ങളുടെ വില കൂട്ടിക്കൊണ്ടേയിരിക്കുന്നു ഭരണാധികാരികള്‍ . ഓരോ വില വര്‍ദ്ധനക്കനുസരിച്ചും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
                             എന്നാല്‍ ഈ വിലവര്‍ദ്ധനവിനനുസരിച്ച് സാധാരണക്കാരന്റെ വരുമാനത്തിന് വര്‍ദ്ധനവ് ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു പ്രതിഭാസം. എന്നുവച്ചാല്‍ ജനങ്ങളുടെ ജീവിതം പുഴുക്കളേതിനേക്കാള്‍ കഷ്ടതരമായിരിക്കുന്നു. ജനജീവിതം അങ്ങനെയാക്കും ഇങ്ങനെയാക്കും എന്നൊക്കെ സാധാരണക്കാരന്റെ മുന്നില്‍ മുട്ടുകുത്തിനിന്ന് അലമുറയിട്ട് വോട്ട് പിടിച്ചവരാണിവരെന്നോര്‍ക്കണം.സാധാരണക്കാരനു നല്‍കിയ വാഗ്ദാനങ്ങളൊക്കെ അധികാരക്കസേരയിലേറിയ അന്നു തന്നെ മറന്നു ഇവര്‍ . ജനങ്ങളില്‍ 60% ത്തിനു മുകളിലും ദാരിദ്രരേഖയ്ക്കു താഴെയാണെന്നത് ഇവര്‍ക്ക് ബാധകമല്ല. ആരോഗ്യമുള്ള വിദ്യാഭ്യാസമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് എന്നത് ഇവര്‍ക്ക് സമയവും സന്ദര്‍ഭവും നോക്കി വിളിക്കാനുള്ള മുദ്രാവാക്യം മാത്രം.
                            നാട്ടില്‍ നടക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധപ്രവണതകളെ ജനങ്ങളുടെ മുന്നില്‍ ഉന്നയിച്ച് അവരെ    ഇതിനെതിരെ ബോധവാന്‍‌മാരാക്കി തീര്‍ക്കേണ്ടുന്ന കടമയുള്ള ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ നേതാക്കന്മാരുടെ അഴിമതിക്കിടയില്‍ വീണുകിട്ടുന്ന ഉഛിഷ്ടം പെറുക്കുന്നവരായി മാറിയിരിക്കുന്നു.  എന്തിനും ഏതിനും അവരെ സപ്പോര്‍ട്ട് ചെയ്യുന്ന അവരെ വെള്ള പൂശിക്കാട്ടുന്നവരായി മാറിയിരിക്കുന്നു ഇന്നാട്ടിലെ 90% മാധ്യമപ്രവര്‍ത്തകരും.എന്നാല്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായി മുന്നോട്ട് വരുന്ന ഇടതുപക്ഷത്തിനെ എത്രത്തോളം തമസ്ക്കരിക്കാമോ അത്രത്തോളം ചെയ്യാന്‍ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരായിരിക്കുന്നു  ഈ മാധ്യമക്കാര്‍ . തമസ്ക്കരിക്കാന്‍ പറ്റാതായാല്‍ സമരങ്ങള്‍ക്കിടയില്‍ നിന്നും വീണുകിട്ടുന്ന / അല്ലെങ്കില്‍ കിട്ടി എന്ന് നുണ പറഞ്ഞ് ഏതെങ്കിലും ഒരു നിസ്സാരസംഭവത്തെ ഊതിപ്പെരുപ്പിച്ച് ഇടതുപക്ഷത്തിന്റെ നന്മയെ ഒന്നാകെ മറയ്ക്കാന്‍ നോക്കുന്നു അവര്‍ .
                              ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളേറ്റെടുത്ത് പ്രക്ഷോഭരംഗത്ത് വരുന്നവരെ മധ്യവര്‍ഗ ഊച്ചാളിത്തരത്തിലൂടെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു ചിലര്‍ . അങ്ങനെ ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കുന്ന ആ വിഡ്ഡിയായ മരംവെട്ടുകാരന്റെ സ്വഭാവസവിശേഷതകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ആത്മഹത്യക്കൊരുങ്ങുന്നു ഇന്ത്യന്‍ മധ്യവര്‍ഗം.ഇതിന്റെയൊക്കെയിടയില്‍ നമുക്കെങ്ങിനെ പരസ്പരം ഐശ്വര്യപൂര്‍ണ്ണവും സമ്പത്സമൃദ്ധവും ആയ ഒരു പുതുവര്‍ഷം ആശംസിക്കാന്‍ കഴിയും, ആശയുടെ ഒരു നാളം പോലും തെളിയാതെ!
                                         ശാസ്ത്രീയ മായും ഈ പുതുവര്‍ഷം എന്ന സങ്കല്‍പ്പനത്തിന് വലിയ അര്‍ത്ഥമൊന്നുമില്ല. ഏതാണ്ട് മൂവായിരം വര്‍ഷം മുന്‍പാണ് നമ്മള്‍ മഹാരുദ്രന്‍ എന്നു വിളിക്കുന്ന നക്ഷത്രം സൂര്യോദയത്തിനു മുന്‍പായി ആകാശത്തുകണ്ടാല്‍ ഉടനെ നൈല്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുമെന്ന് ഈജിപ്തുകാര്‍ കണ്ടെത്തി.ഈ വെള്ളപ്പൊക്കത്തിലൊലിച്ചുവരുന്ന എക്കല്‍ മണ്ണ് തരുന്ന ഫലഭൂയിഷ്ഠതയിലാണ്  ഈജിപ്തുകാര്‍ കൃഷിചെയ്തുവരുന്നത്. ഒരിക്കല്‍ മഹാരുദ്രന്‍ പ്രത്യക്ഷപ്പെട്ട് വീണ്ടും പ്രത്യക്ഷപ്പെടുന്നതിനിടയ്ക്ക് ഏതാണ്ട് 360 ഉം ചില്ലറയും ദിവസമുണ്ടെന്ന് അങ്ങനെ അവര്‍ കണ്ടെത്തി. (പിന്നീടത് 365.25 ദിവസമായി സ്ഥിരീകരിക്കപ്പെട്ടു.)അതായത് ഒരു ദിവസം ഒരു ഡിഗ്രിയില്‍ ഒരല്‍പ്പം താഴെ വീതം ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു.(360/365.25) നമുക്ക് ഈ ചലനം അനുഭവപ്പെടുന്നത് സൂര്യന്റെ ഭൂമിക്കുചുറ്റുമുള്ള ചലനമായിട്ടാണ്.
                                        മലയാളികളൂടെ കൊല്ലവര്‍ഷക്കണക്കനുസരിച്ച് മേഷാദിയില്‍ (മേടം ഒന്ന്) നിന്ന് ഭൂമിക്കുചുറ്റും കറങ്ങാന്‍ തുടങ്ങുന്ന സൂര്യന്‍ 365.25 ദിവസം കഴിയുമ്പോള്‍ വീണ്ടും മേഷാദിയില്‍തന്നെ എത്തുന്നു , അങ്ങിനെ ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു.പിറ്റെന്ന് വീണ്ടും സൂര്യന്‍ ഒരു ഡിഗ്രിയില്‍ താഴെ വീണ്ടും മുന്നോട്ട് സഞ്ചരിക്കുന്നു , അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.അതുകൊണ്ട് മേഷാദി തന്നെ വേണമെന്നില്ല ഏതൊരു ദിവസവും നമുക്ക് ന്യൂ ഇയറായി ആഘോഷിക്കാം ,കാരണം ഇന്ന് ഭൂമി എത്തി നില്‍ക്കുന്ന ബിന്ദുവില്‍ നേരത്തെ എത്തിയത് 365.25 ദിവസം മുന്‍പാണ്.അപ്പോള്‍ മേഷാദിയില്‍ കറങ്ങിയെത്തുന്ന  അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബിന്ദുവിലെത്തുന്ന സൂര്യനെ അല്ലെങ്കില്‍ ഭൂമിയെ ആശംസിച്ചുകൊണ്ട് മറ്റൊരു ഗ്രഹമോ നക്ഷത്രമോ ഒരു സന്ദേശവും അയക്കുന്നില്ല . എന്നുവച്ചാല്‍ ഇത് യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു തുടര്‍പ്രവര്‍ത്തി മാത്രം.മനുഷ്യന്‍ ഈ 365 ദിവസത്തെ ഒരു കലണ്ടറിന്റെ കള്ളിയില്‍ ഒതുക്കി അങ്ങനെ 30/31 കള്ളികള്‍ വീതമുള്ള 12 കടലാസ്സുകളാക്കി വച്ചിട്ട് ആ കടലാസ്സ് കെട്ട് തീര്‍ന്ന് അത് മാറ്റി പുതുക്കുമ്പോള്‍ ആണീ ആശംസാപ്രയോഗങ്ങള്‍ നടത്തുന്നത്.എന്നാല്‍ നമുക്കറിയാം ഏതൊരു ദിവസവും പുതുവര്‍ഷമായിരിക്കുമെന്ന്.
                                             അപ്പോള്‍ പുതുവര്‍ഷത്തിന് പ്രകൃതിയില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.ഇന്നലത്തേതു പോലെ തന്നെ ഇന്നും അതു പോലെ തന്നെ നാളെയും മറ്റന്നാളും.സത്യത്തില്‍ മനുഷ്യനാണീ പുതുവര്‍ഷ ആഘോഷവുമെല്ലാം സൃഷ്ടിക്കുന്നത്.കൊല്ലവര്‍ഷാരംഭം ( മേടം 1) കൊയ്ത്തും വിളവെടുപ്പുമെല്ലാം കഴിഞ്ഞ് പത്തായവും കളപ്പുരകളുമെല്ലാം നിറഞ്ഞ് മനുഷ്യന്‍ സന്തോഷവാനായിരിക്കുന്ന സമയമാണ്.അതുകൊണ്ടാണ് നമ്മളന്ന് വിഷു ആഘോഷിക്കുന്നത്. ( അതു മാത്രമല്ല അന്ന് വിഷുവദിനം - സമരാത്രദിനം - കൂടിയാണ്.) അതിനാല്‍ കൊല്ലവര്‍ഷാരംഭം , മേടം ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതിന് അര്‍ത്ഥമുണ്ട് താനും.എന്നിട്ടും നമ്മള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് കലണ്ടര്‍ പുതുക്കുന്ന ജനുവരി ഒന്നാണ് എന്നത് വലിയ അര്‍ത്ഥമില്ലാത്ത സംഗതിയാണ് താനും.
                                      അപ്പോള്‍ പ്രകൃതിയില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു സംഗതി ഊതിപ്പെരുപ്പിച്ച് വലിയ സംഭവമാക്കി കൊണ്ടാടുകയാണു നമ്മള്‍ ന്യൂ ഇയര്‍ ആശംസകളിലൂടെ.എന്നാല്‍ വിവേകശാലിയായ മനുഷ്യന്‍ ചെയ്യേണ്ടത് ലോകമാകെ നടക്കുന്ന മനുഷ്യത്വവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാന്‍ ആഹ്വാനം ചെയ്യുകയാണ്.അതല്ലെങ്കില്‍ ഈ വര്‍ഷത്തിലെങ്കിലും തന്റെ ഭാഗത്തു നിന്നും അറിഞ്ഞോ അറിയാതെയോ യാതൊരു വിധ, എത്ര ചെറുതാണെങ്കില്‍ പോലും  തെറ്റായ ഒരു പ്രവര്‍ത്തിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ്.ഇന്ത്യയെ പോലുള്ള ഒരു മൂന്നാം ലോകരാഷ്ട്രത്തില്‍ ഒരുത്തന് നേരാന്‍ കഴിയുന്ന പുതുവര്‍ഷ ആശംസ ഭൂരിപക്ഷത്തിനെതിരെ ന്യൂനപക്ഷം നടത്തുന്ന കിതിരകയറ്റങ്ങള്‍ക്കെതിരെ സംഘം ചേരുകയാണ്, തന്റെ സുഹൃത്തുക്കളെക്കൂടി ഈ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ്.അങ്ങനെ ഈ സംഘം ചേരല്‍ ഒരു വലിയ ജനപ്രവാഹമാക്കി മാറ്റുകയും ആ മഹാപ്രവാഹത്തില്‍ സാമൂഹ്യവിരുദ്ധശക്തികളെല്ലാം ഒലിച്ചുപോയി എന്ന് ഉറപ്പാക്കുകയും ആണ്.

1 comment :

  1. എല്ലാ ആഘോഷങ്ങളും പണത്തിന്റെമേല്‍ പണിയപ്പെട്ടതാണ്

    ReplyDelete