എല്‍ ഡി എഫിന്റെ ശോഷണവും യു ഡി എഫിന്റെ ഒബിസിറ്റിയും.

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
* ഒബിസിറ്റിയെന്നാല്‍ അമിതവണ്ണം.                                                                                                       ഇലക്ഷനടുക്കുമ്പോള്‍ യു ഡി എഫ് എന്തെങ്കിലുമൊക്കെ ഗിമ്മിക്കുകള്‍ കാണിക്കുക ഇപ്പോള്‍ പതിവായിരിക്കുന്നു.                                                                                                                                                                         അനൂപ് ജേക്കബിന്റെ ഇലക്ഷന്‍ സമയത്ത് സെല്‍‌വരാജനെ കാലുമാറ്റിച്ചെടുത്ത് എല്‍ ഡി എഫിനെതിരെ അവരടിച്ചു.പാവം എല്‍ ഡി എഫ്, ഇങ്ങനെയൊരു നാറ്റക്കളി പ്രതീക്ഷിച്ചിരുന്നില്ല.പി സി ജോര്‍ജും ഉമ്മന്‍‌ചാണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയില്‍ നിന്ന് ഇതിനുമപ്പുറം പ്രതീക്ഷിക്കണമെന്ന് ഇടതുപക്ഷം വിചാരിച്ചിരുന്നില്ല.                                  എന്നാല്‍ ആ സംഭവം ഇവരുടെ ക്രെഡിറ്റിലൊരു പൊന്‍‌തൂവലായെന്ന് എഴുതിപിടിപ്പിച്ച മാധ്യമവിശാരദന്മാരും ഇവിടെയുണ്ട്. അവസരത്തിനൊത്തുയര്‍ന്ന ഈ നേതാക്കളെന്നാണവരവരെ വിശേഷിപ്പിച്ചത്. എന്നിട്ടോ? ജയിച്ച അനൂപും ജയിപ്പിച്ചെടുത്ത സെല്‍‌വനും ഇന്നുമൊരു ബാധ്യതയായി യു ഡി എഫ് കൊണ്ടുനടക്കുന്നു.                                                            ഈ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് വീണ്ടുമൊരു കളി കളിച്ച് യു ഡി എഫ് വീണ്ടും തങ്ങളുടെ തൊട്ടിസ്വഭാവം കൊണ്ട് കേരളീയരുടെ മനസ്സില്‍ കരിവാരിത്തേച്ചിരിക്കുന്നു. വേറൊന്നുമല്ല ആര്‍ എസ് പിക്കാര്‍ എ കെ ജി സെന്ററിന്റെ വേലിക്കല്‍ വന്ന് വിളിച്ചു ചോദിച്ചു, “കഴിഞ്ഞ 15 വര്‍ഷമായി നിങ്ങള്‍ മത്സരിക്കുന്ന കൊല്ലം ഞങ്ങള്‍ക്കു തരുമോ? “ സ്വാഭാവികമായും മറുപടി വന്നു , “നമുക്ക് ചര്‍ച്ച ചെയ്യാം“. “ആഹാ, എന്നാല്‍ ഞങ്ങള്‍ പോകുന്നു റ്റാറ്റാ“ എന്ന് ആര്‍ എസ് പിക്കാര്‍. ഇത് കേള്‍ക്കാനായി വാതിലിന്‍ മറവില്‍ ഒളിച്ചിരുന്ന ഷിബു ബേബി ജോണ്‍ വന്ന് ആര്‍ എസ് പിക്കാരെ ആലിംഗനം ചെയ്ത് കൂട്ടിക്കൊണ്ടു പോകുന്നു.ഉടന്‍ പത്രങ്ങളും ചാനലുകളും പറയുന്നു വല്യേട്ടന്‍ മനോഭാവമാണ് സി പി എമ്മിനെന്ന്.                                                       രണ്ട് കാര്യങ്ങളാണ് ഇവിടെ നാം കാണേണ്ടത്.ഒന്ന്, ആര്‍ എസ് പി കഴിഞ്ഞ തിരഞ്ഞെടുപ്പിലൊന്നും കൊല്ലം ലോക്‍സഭാസീറ്റില്‍ മത്സരിക്കാറില്ല. ഒരു കാരണം കൊല്ലം പാര്‍ലമെന്റ് മണ്ഡലം മുഴുവന്‍ നിറഞ്ഞു കിടക്കുന്ന ഒരു പാര്‍ട്ടിയേയല്ല ആര്‍ എസ് പി.കൊല്ലത്താകെയുള്ള 77 പഞ്ചായ്ത്തുകളില്‍ 44 എണ്ണത്തിലും ആര്‍ എസ് പിക്ക് പ്രാതിനിധ്യം ഇല്ല.സ്വന്തം ആള്‍ ബലം കൊണ്ട് അവര്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ കൊല്ലത്തല്ല കേരളമാകെ നോക്കിയാലും സീറോ.(അവലംബം ഫേസ്‌ബുക്ക്).അപ്പോള്‍ ആ പാര്‍ട്ടി വേലിക്കല്‍ നിന്ന് സീറ്റുചോദിക്കണമെങ്കില്‍ ഒന്നുകില്‍ ഞാഞ്ഞൂളിന്റെ മസിലുപിടിത്തം, അതുമല്ലെങ്കില്‍ യു ഡി എഫുമായി ബാന്ധവം പറഞ്ഞുവച്ചിട്ട് ഒരു കാരണമുണ്ടാക്കാനായി സീറ്റു ചോദിച്ചൂ എന്നു മാത്രം.അതല്ലേ സത്യം.അപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യം അത് നടപ്പാക്കാനൊരു കാരണത്തിനായി സി പി എമ്മിനെ സമീപിക്കുകയും അനുകൂലമറുപടി കിട്ടാത്തതിനാലെന്ന പേരില്‍ പുറത്തു പോവുകയും ചെയ്യുന്ന ഒരു തരം താണ നാടകം.അതല്ലേ നടന്നത്. ഇനി സി പി എം സീറ്റ് തരാമെന്നു പറഞ്ഞിരുന്നെങ്കിലോ? അപ്പോള്‍ മറ്റൊരു കാരണവും കണ്ടെത്തി പുറത്തുപോകും.എന്നാല്‍ പിന്നെ വല്യേട്ടന്‍ എന്നു വിളിക്കാമോ സി പി എമ്മിനെ? അതുപിന്നെ ഇലക്ഷനല്ലേ? എന്തൊക്കെ പറഞ്ഞ് നാറ്റിക്കാമോ അത് മുഴുവന്‍ ഞങ്ങള്‍ ചെയ്യും എന്ന് മാധ്യമാധമന്മാര്‍.                                                                                                                                                                   ഇനി വല്യേട്ടന്‍ മനോഭാവം നോക്കാം.ആര്‍ എസ് പി ചെന്ന് ചേക്കേറുന്ന യു ഡി എഫില്‍ വല്യേട്ടനില്ല പിന്നയോ ക്വട്ടേഷന്‍ ടീമുകളേ ഉള്ളൂ.അവരെ പേടിച്ച് ഗൌരിയമ്മ പുറത്തു ചാടിയത് കണ്ടല്ലോ? അതിനും മുന്‍പാണ് രാഘവന്റെ സി എം പി ഇനി ചര്‍ച്ചയ്ക്കില്ല എന്നു പറഞ്ഞ് പിന്‍‌മാറിയതും വല്യേട്ടനെ പേടിച്ചല്ലല്ലോ അല്ലേ? മാണിയുടെ മാനസപുത്രന്‍ ജോസഫ് സീറ്റും ചോദിച്ച് കരഞ്ഞ് കാലുപിടിച്ചതും നാം കണ്ടതാണ്.കോണ്‍ഗ്രസ്സ് അവിടെ കാണിച്ചത് വല്യേട്ടന്‍ മനോഭാവമല്ല ചെറിയനിയന്‍ മനോഭാവമാണല്ലോ? അര്‍ക്കാണ് വല്യേട്ടന്‍ മനോഭാവമെന്ന് നമ്മുടെ മാധ്യമാധമന്മാര്‍ ഒന്ന് ചിന്തിച്ച് നോക്കുന്നത് നന്നായിരിക്കും.                                          യു ഡി എഫിലെ ഒരു ചെറിയ അനിയനായ കോണ്‍ഗ്രസ്സിന്റെ പിന്നാലെ ഒരു സീറ്റ് ചോദിച്ച് വാലാട്ടി കണ്ണീരൊഴുക്കി നടന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ധാരാളമുണ്ട്. സീറ്റുകിട്ടാത്ത കൊതിക്കെറുവില്‍ ഇടതുപാളയം വിട്ട വീരന് കിട്ടിയത് ജവഹറിന്റെ കാലം തൊട്ടേ യു ഡി എഫ് ജയിക്കാത്ത പാലക്കാട്. തോല്‍ക്കാനാണെങ്കിലും സീറ്റ് തന്നല്ലോ എന്ന് ,കുപ്പായത്തിന്റെ പുറം കൈ കൊണ്ട് കണ്ണീരു തുടച്ച് വീരന്‍ മൊഴിയുമ്പോള്‍, അവിടേയും കോണ്‍ഗ്രസ്സിന് വല്യേട്ടന്‍ മനോഭാവമല്ലല്ലോ കാണിക്കുന്നത്. കരഞ്ഞ് കാലുപിടിച്ചിട്ടും സീറ്റ് കിട്ടാഞ്ഞിട്ടും മുന്നണിയില്‍ തുടരുന്ന ജോസഫിന്റെ മുഖം കണ്ടാലറിയാം കോണ്‍ഗ്രസ്സിന് വല്യേട്ടന്‍ മനോഭാവമല്ല ഉള്ളതെന്ന്. ആര്‍ എസ് പിയുടെ ഒരു കഷണം യു ഡി എഫിലുള്ളതിനിപ്പോള്‍ സന്തോഷമായി , തന്റെ ശത്രുവിനെങ്കിലും കൊല്ലം സീറ്റുകിട്ടിയല്ലോ. പ്രേമചന്ദ്രന്‍ വന്നതുകൊണ്ട് ആ സീറ്റ് കിട്ടി അല്ലെങ്കില്‍ അതും കോണ്‍ഗ്രസ്സ് കൊണ്ടു പോകും.( വല്യേട്ടന്‍ മനോഭാമല്ല കെട്ടോ).                                                              ഇത്രയും കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും തമ്മിലുള്ള കഥ.ഇനി നമുക്ക് കോണ്‍ഗ്രസ്സിനകത്തെ കഥ നോക്കാം.(ഒരിക്കലും അത് വല്യേട്ടന്‍ മനോഭാവമായി ആരും കണ്ടു പോകരുത്.) കൊല്ലം സീറ്റ് ആര്‍ എസ് പിക്കു കൊടുക്കുമ്പോള്‍ അവിടെ ഒരു സിറ്റിങ്ങ് മെമ്പര്‍ ഉണ്ടായിരുന്നു, പീതാംബരക്കുറുപ്പ്.അദ്ദേഹത്തോടൊരു വാക്ക് ചോദിച്ചില്ല എന്ന മുറുമുറുപ്പ് വല്യേട്ടന്‍ മനോഭാവം കൊണ്ടല്ല കെട്ടോ?കൊല്ലത്തുതന്നെ ഒരു ചന്ദ്രശേഖരനുണ്ടായിരുന്നു, ഐ എന്‍ ടി യു സി നേതാവ്.അദ്ദേഹവും കൊല്ലത്തേയ്ക്കൊരു കുപ്പായവും തയ്പ്പിച്ച് കാത്തിരുന്നിരുന്നു.അദ്ദേഹം മനസ്സുകൊണ്ട് സന്തോഷിക്കുണ്ടാവും , എനിക്ക് കിട്ടിയില്ലെങ്കിലും അവന് കിട്ടിയില്ലല്ലോ എന്റെ ദൈവമേ! ( അതൊരു വല്യേട്ടന്‍ വിളിയല്ല കേട്ടോ) ഇങ്ങനെ എത്ര പേര്‍, ഒന്നും വേണ്ട നമ്മുടെ പി ടി തോമസിന്റെ കഥ നോക്കുവിന്‍.ഇവിടെയൊന്നും വല്യേട്ടനെ നാം കാണുന്നില്ല.) ചാലക്കുടിയിലെ ധനപാലന്‍ തൃശ്ശൂരെത്തിയത് വലേട്ടന്‍ പറഞ്ഞിട്ടല്ലല്ലോ അല്ലേ.                                                                                                                                        ഞാന്‍ പറയാന്‍ വന്നത് അതല്ല.ഇങ്ങനെ വഴിയേ പോകുന്നവരെയൊക്കെ വലിച്ച് കയറ്റി സ്വയം മേനി  നടിക്കുന്ന കോണ്‍ഗ്രസ്സേ, ഡോക്റ്റര്‍മാര്‍ പറയുന്നത് കണ്ടതൊക്കെ വലിച്ചുവാരിത്തിന്ന് ചീര്‍ത്ത ദേഹത്തേക്കാള്‍ നല്ലതെപ്പോഴും  മെലിഞ്ഞ് കരുത്തുറ്റതായ ശരീരമാണെന്നാണ്.ശരീരം ചീര്‍ത്ത് വീര്‍ത്തിരിക്കുന്നതിനേയാണ് ഒബിസിറ്റി(അമിതവണ്ണം) എന്ന് പറയുന്നത്.ഹൈ ബിപി , പക്ഷാഘാതം,സ്ട്രോക്ക്, ഹൃദയാഘാതം , കൊളസ്ട്രോള്‍  ഒക്കെ വരാനുള്ള സാധ്യത ഈ അവസ്ഥയില്‍ കൂടുതലാണത്രെ.അതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്ത് വണ്ണം കുറച്ച് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശരീരം സൃഷ്ടിക്കാന്‍ നോക്കൂ.കൂടുതല്‍ കാലം നിലനില്‍ക്കാന്‍ അതായിരിക്കും കുറച്ചുകൂടി ഭേദം.
Post a Comment