പാവം പാവം പശ്ചിമഘട്ടം അഥവാ ആടിനെ പട്ടിയാക്കല്‍

**Mohanan Sreedharan | 7 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                      അതേ ആദ്യം ഇന്നാട്ടിലെ ജനങ്ങള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലാക്കൊല ചെയ്തു.ശരീരം മുഴുവന്‍ മൂടിക്കിടന്ന ഉടുപ്പായ പച്ചമരക്കാടുകളെല്ലാം വെട്ടിവെളുപ്പിച്ചു.  അവരുടെ നഗ്നമായ ശരീരത്തില്‍കൂടി ഒഴുകിയെത്തിയ മഴയില്‍ ഒലിച്ചിറങ്ങിയ മണ്ണ് നമ്മുടെ മൃദുലവികാരങ്ങളെപ്പോലും നശിപ്പിച്ചു കളഞ്ഞൂ. പിന്നീട് ആ അസ്ഥികൂടത്തില്‍ ഡൈനാമിറ്റ് വച്ച് തകര്‍ത്ത് പാറകളാക്കി നഗരങ്ങളിലേയ്ക്ക് കൊണ്ടു പോയി.അവശേഷിച്ച മലകള്‍ പോലും ടൌണിലേയ്ക്ക് ടിക്കറ്റെടുത്ത് ടിപ്പര്‍ കയറാന്‍ ക്യൂ നിന്നു.                                                                                                    ഈ ഘട്ടത്തിലാണ് 25 കോടി ജനങ്ങളെ സംരക്ഷിക്കുന്ന ഘട്ടത്തിനെ ആരു സംരക്ഷിക്കും എന്ന ചോദ്യം ഉയര്‍ന്നത്.അതിനായാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗില്‍ ചെയര്‍മാനായി ഒരു കമ്മിറ്റി വന്നത്. അവര്‍ നടത്തിയ കണ്ടെത്തലുകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ ഒക്കെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടായി പുറത്തുവന്നു. അവര്‍ പറയുന്ന പ്രധാന കാര്യം വനം മല എന്നിവ കയ്യേറാന്‍  നമുക്ക് അവകാശമില്ല എന്നതാണ്.ഒരു ലിമിറ്റ് വിട്ട് പ്രകൃതി കയ്യേറിയാല്‍ സഹിക്കാനാവാതാകുമ്പോള്‍ അവള്‍ തിരിച്ചടിക്കും.അതിന് ഈ ലോകത്ത് എത്രയോ സ്ഥലങ്ങള്‍ സാക്ഷി.സമീപകാലത്തെ ഹിമാലയന്‍ ദുരന്തം പോലും ഇതിനുദാഹരണമാണ്.                                                                                                                            അപ്പോള്‍ ഇനി എന്തു ചെയ്യണം? ഗാഡ്ഗില്‍ കുറേ നിര്‍ദ്ദേശങ്ങള്‍ വച്ചു. ഗാഡ്ഗില്‍ എടുത്തുപറഞ്ഞ ഏറ്റവും മനോഹരമായ കാര്യം എല്ലായിടത്തും അവിടത്തെ താമസക്കാരായ ജനങ്ങളെ വിളിച്ചുകൂട്ടി - ഗ്രാമസഭകള്‍ എന്ന് ഗാഡ്ഗില്‍ - വേണം തീരുമാനമെടുക്കാന്‍ എന്നതാണ്. എന്നാല്‍ മലകയ്യേറ്റക്കാരും ക്വാറി മുതലാളിമാരും പള്ളിസഭയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തു.ഓരോരുത്തരും ഓരോ കാരണങ്ങളാണ് പറഞ്ഞത്. ക്വാറി - കയ്യേറ്റക്കാര്‍ക്ക് അവരുടെ ബിസിനസ്സ് മുടങ്ങുന്ന ഭീതി. പള്ളിക്കാര്‍ക്കോ? അവരുടെ മലവാസികളായ കുഞ്ഞാടുകള്‍ക്ക് ദോഷം വരുമത്രെ!                                                                                           പക്ഷെ ഈ വാദം അത്ര ശരിയാണെന്നെനിയ്ക്ക് തോന്നുന്നില്ല.കാരണം മലവാസികളായ കുഞ്ഞാടുകള്‍ക്ക് ദോഷം മാത്രം വരുത്തുന്ന എത്രയോ തീരുമാനങ്ങള്‍ ഗവണ്മെന്റ് എടുത്തിരുന്നു , ഉദാഹരണം ഡീസല്‍ വില വര്‍ദ്ധന തന്നെ. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പുറമേ നിന്നു വാങ്ങുന്ന പാവപ്പെട്ട കുഞ്ഞാടുകള്‍ക്കും മറ്റാടുകള്‍ക്കും ഇത്രയും ദോഷകരമായ തീരുമാനം വന്നപ്പോള്‍ ഈ സഭ എവിടെയായിരുന്നു? രാസവില വര്‍ദ്ധിച്ചപ്പോള്‍ എവിടെയായിരുന്നു ഈ സഭ?.   അപ്പോള്‍ വെറുതെ കുഞ്ഞാടുകളുടെ പ്രശ്നം മാത്രമല്ല പള്ളിസഭക്കാര്‍ക്കുള്ളത്, മറ്റെന്തോ കൂടിയുണ്ട് അവര്‍ പറയാന്‍ മടിക്കാത്തത്.അതെന്തോ ആകട്ടെ.മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറഞ്ഞത് ജനങ്ങളോട് ചോദിക്കാതെ അവരുടെ അഭിപ്രായം ആരായാതെ ഒരു റിപ്പോര്‍ട്ടും ഇവിടെ വേണ്ട.എന്നാണ്. ഒരു പരിധിവരെ അതും ന്യായമാണെന്ന് പറയേണ്ടിയിരിക്കുന്നു.ഇതിന്റെ എല്ലാം ഗുണദോഷഫലങ്ങള്‍ ആത്യന്തികമായി അനുഭവിക്കുന്നത് ജനം ആകുമ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുക എന്നൊരു കടമയുണ്ട്.                                                                                               അതും സമ്മതിക്കാം. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കണം എന്നു തീരുമാനിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കസ്തൂരിരംഗനെ വച്ചുകൊണ്ട് പുതിയൊരു കമ്മിറ്റി ‌- കസ്തൂരിരംഗന്‍ കമ്മിറ്റി.അമ്മയ്ക്ക് ഉടുത്ത ഭ്രാന്താണെങ്കില്‍ മോള്‍ക്ക് ഉടുക്കാത്ത ഭ്രാന്ത് എന്നായി റിപ്പോര്‍ട്ട് വന്നപ്പോള്‍.രണ്ടു റിപ്പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം അറിയാന്‍ ഇവിടെ അമര്‍ത്തി ഞെക്കുക.                                                                                                          അതോടെ കേരളത്തില്‍ കലാപമായി. മുക്കത്ത് പള്ളി സഭ നടത്തിയ റാലിയില്‍ സാമൂഹ്യവിരുദ്ധര്‍ ഇരച്ചുകയറി മുക്കത്തെ  ഫോറസ്റ്റ് ആഫീസ് കത്തിച്ചു.അങ്ങനെ ഈ സമരത്തിന്റെ മറവില്‍ വനം കയ്യേറ്റത്തിന്റെ രേഖകള്‍ മുഴുവന്‍ കത്തിച്ചു തല്‍പ്പരകക്ഷികള്‍.( കസ്തൂരി രംഗനേക്കൊണ്ടുള്ള നേട്ടങ്ങള്‍ നമ്പര്‍ 1).തുടര്‍ന്ന് പള്ളി സഭകള്‍ സര്‍ക്കാറിനോട് യുദ്ധം പ്രഖ്യാപിച്ചൂ, കാരണം ഇത്രമാത്രം കസ്തൂരി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പി‌ന്‍‌വലിക്കുക ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക. ഞങ്ങള്‍ ഇനിയും വനം കയ്യേറും അനധികൃതക്വാറി നടത്തും, പള്ളിയില്‍ പോയി കുമ്പസാരിക്കും, കിട്ടിയതിന്റെ വിഹിതം പള്ളിയില്‍ കൊടുക്കും. പള്ളിസഭകള്‍ ഇടഞ്ഞാല്‍ പള്ളിക്കാരുടെ (കര്‍ഷകര്‍ എന്നു മലയാളത്തില്‍) പാര്‍ട്ടിക്ക് അടങ്ങിയൊതുങ്ങി ഇരിക്കാന്‍ കഴിയുമോ ? അവരും പറഞ്ഞു കസ്തൂരി രംഗനെ പിന്‍‌വലിക്കണം അല്ലെങ്കില്‍ ഫലം രൂക്ഷമായിരിക്കും.                                                                                                                                                                        ഇതോടെ കാര്യങ്ങള്‍ ആകെ മാറി മറിയുകയാണ്. ചിത്രത്തില്‍ നിന്ന് പശ്ചിമഘട്ടസംരക്ഷണം എന്നതിനു പകരം കസ്തൂരി രംഗന്‍ സംരക്ഷണം എന്നായി മാറുന്നു അജണ്ട. കസ്തൂരിരംഗന്‍ വേണമോ വേണ്ടയോ? മാന്യമായി അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും മറ്റു പരിസ്ഥിതി സംഘങ്ങളേയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് അജണ്ട കസ്തൂരിരംഗന്‍ വേണമോ വേണ്ടയോ എന്നായി മാറുന്നു.കരടുപ്രമേയം വേണം -  ഭരണപാര്‍ട്ടി, വന്നിട്ടും കാര്യമില്ല - കര്‍ഷകപാര്‍ട്ടിയുടെ ഒരു കഷണം,ഇടുക്കി സീറ്റ് ഞങ്ങള്‍ക്കു വേണം - കര്‍ഷകപാര്‍ട്ടിയുടെ മറ്റേകഷണം, ഞാന്‍ രാജിവൈക്കും - കര്‍ഷകപാര്‍ട്ടിയുടെ ഒരു കഷണം, സിറ്റിങ്ങ് എം പിയെ തോല്‍പ്പിച്ച് ഞങ്ങള്‍ പകരം വീട്ടും - പള്ളിസഭ. പറയുന്നതുകേട്ടാല്‍ തോന്നും കര്‍ത്താവില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് കുഞ്ഞാടുകള്‍ക്ക് സ്വര്‍ഗത്തിലേയ്ക്കുള്ള വഴികാട്ടിക്കൊടുക്കുന്നതിനു പകരം ഇന്ത്യന്‍ പാര്‍ലമെന്റിലേയ്ക്ക് വഴി വെട്ടുക എന്നതാണ് സഭയുടെ കടമ എന്ന്.                                                                                                                                                           ഇതുകേട്ട പാടെ സിറ്റിങ്ങ് എം പിയും കോണ്‍ഗ്രസ്സും നെട്ടോട്ടമായി കരടു വ്ജ്ഞാപനം പള്ളിയ്ക്കും പള്ളിപാര്‍ട്ടിക്കും അനുകൂലമാക്കാന്‍. നട്ടെല്ലില്ലാത്ത വര്‍ഗം എന്നല്ലാതെ എന്തു പറയാന്‍. വിജ്ഞാപനം ഇറങ്ങാന്‍ നൂറു നൂറു തടസ്സങ്ങള്‍. ഓരോ ഘട്ടത്തിലും നൂറു നൂറു ഭീഷണികള്‍.പക്ഷെ കോണ്‍ഗ്രസ്സിനു ധൈര്യം എന്ന സാധനം അടുത്തുകൂടി പോയിട്ടില്ലല്ലോ.വി എം സുധീരന്‍ വന്നപ്പോള്‍ പ്രശ്നങ്ങള്‍ ഒരു പരിധിവരേയെങ്കിലും പരിഹരിക്കപ്പെടും എന്ന ധാരണയും പോയി എന്നു മാത്രം. എനിക്ക് തോന്നുന്നത് പശ്ചിമഘട്ടം ബലാല്‍ക്കാരത്തിരയായതിനേക്കാള്‍ കൂടുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വ്യഭിചരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.പലരും പല രീതിയില്‍ വലിച്ചുകീറി കടിച്ചുപറിച്ച് മൃഗീയമായി ആക്രമിച്ച ചോരയും നീരും വറ്റിയ ജീവനില്ലാത്ത ഒരു പേക്കോലത്തിന്റെ രൂപത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടു രൂപം പുറത്തുവന്നു. വന്നത് ചാപിള്ളയോ അതോ , ഏതായാലും എല്ലാവരും ഹാപ്പി.                                            എന്നാല്‍ ഈ കടിപിടികള്‍ക്കിടയില്‍ നാം മറന്നത് പശ്ചിമഘട്ടത്തേയാണ് അതിന്റെ നാശം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു പഴയതിനേക്കാള്‍ ഭീകരമായി.അങ്ങനെ ആടിനെ പട്ടിയാക്കുന്നതില്‍ പള്ളിയും പള്ളീപ്പാര്‍ട്ടിയും കോണ്‍ഗ്രസ്സ് എന്ന പിള്ളപ്പാര്‍ട്ടിയും വിജയിച്ചെങ്കിലും ഈ കേരളം ഇങ്ങനെ എത്രനാള്‍ എന്നേ ചിന്തിക്കേണ്ടതുള്ളൂ. 
Post a Comment