ആശയപ്രചരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(കേരളത്തിലെ സമീപകാല സാംസ്കാരിക സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ പ്രസ്താവന ഞങ്ങളിവിടെ പുനപ്രസിദ്ധീകരിക്കുന്നു.)

കേരളത്തില്‍ അടുത്തകാലത്തായി ആശയപ്രചരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആശയപ്രചരണസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
               അമൃതാനന്ദമയി മഠത്തിനെതിരായി ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത സ്വാമി സന്ദീപാനന്ദഗിരിയെ തിരൂരില്‍ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഈ വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഡി സി ബുക്സിനെതിരെ നടന്ന ആക്രമണവും പ്രബുദ്ധകേരളത്തിന് അപമാനമാണ്.ആശയങ്ങളെ സംവാദങ്ങളിലൂടെ നേരിടുന്നതിനു പകരം കായികമായി നേരിടുന്നത് ഫാസിസമാണ്.അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം.നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ പിന്‍ബലത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങുവാണിരുന്ന കാലത്ത് സാമൂഹ്യപരിഷ്കര്‍ത്താക്കളും സംഘടനകളും നയിച്ച നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം അഭിമാനവും അന്തസ്സും വീണ്ടെടുത്തത്. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ നീക്കങ്ങള്‍ ഉണ്ടായപ്പോഴെല്ലാം കേരളത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ സമീപകാലത്ത് ഇത്തരം സംഭവങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലം നിശ്ശബ്ദത പാലിക്കുകയാണ്. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുക. എല്ലാ കാര്യങ്ങളും മതസമുദായ നേതൃത്വവും ആള്‍ദൈവങ്ങളുമാണ് നിശ്ചയിക്കുക എന്ന് വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.
                കേരളത്തിന്റെ ഉന്നതമായ മതേതര ജനാധിപത്യ പാരംബര്യത്തേയും യുക്തിബോധത്തേയും കാത്തുസൂക്ഷിക്കുവാന്‍ മുന്നോട്ട് വരണമെന്ന് മുഴുവന്‍ രാഷ്ട്രീയ - സാംസ്കാരീക സംഘടനകളോടും വ്യക്തികളോടും മാധ്യമങ്ങളോടും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്ഥതയോടെ
എന്‍ കെ ശശിധരന്‍ പിള്ള                        വി വി ശ്രീനിവാസന്‍
പ്രസിഡണ്ട്                                               സെക്രട്ടറി
Post a Comment