പിന്നോട്ട് നടക്കുന്ന കേരളം 2

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                     പ്പോള്‍ കഴിഞ്ഞ പോസ്റ്റില്‍ കേരളം വഴിമാറി ചിന്തിക്കുന്നുവെന്നാണ് പറഞ്ഞു നിറുത്തിയത്.അതിന്റെ ചരിത്രം കുറേക്കൂടി പണ്ടാണ് ആരംഭിക്കുന്നത്.
                       ഒരുകാലത്ത് കേരളം ഭ്രാന്താലയമായിരുന്നു(കടപ്പാട് വിവേകാനന്ദന്) ജാതിമത ശക്തികളുടെ തേര്‍വാഴ്ച്ചയായിരുന്നു ഇവിടെ.അവരുടെ അത്യാചാരങ്ങള്‍ക്കിരയായതോ ഇവിടുത്തെ അദ്ധ്വാനിക്കുന്ന ബഹുഭൂരിപക്ഷവും.
                        17 -)0 നൂറ്റാണ്ടിന്റെ അന്ത്യത്തിലും 18-)0 നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി യൂറോപ്പിലടിച്ചുയര്‍ന്ന യുക്തിചിന്തയുടെ കാറ്റ് രാജാറാം മോഹന്‍ റായ് പ്രഭൃതികള്‍ വഴി ഭാരതത്തിലെത്തിയത് നവോത്ഥാനപ്രസ്ഥാനമായിട്ടായിരുന്നു.എന്നാല്‍ ഭാരതത്തിലത് പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല.(ഇന്നത്തെ ഭാരതം തന്നെ ഉദാഹരണം.) എന്നാല്‍ ശ്രീ നാരായണഗുരു, പൊയ്കയില്‍ യോഹന്നാന്‍,സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ വഴി ആ കാറ്റ് കേരളത്തിലെത്തിയപ്പോള്‍ കേരളം വന്‍‌മാറ്റങ്ങള്‍ക്ക് വേദിയായി.അതോടൊപ്പം ഇവിടെ സ്ഥാപിക്കപ്പെട്ട പള്ളിക്കൂടങ്ങള്‍ ജാതിമതം നോക്കാതെ കുട്ടികളെ പ്രവേശിപ്പിക്കുകയും അങ്ങനെ ഒരു പുത്തന്‍ കേരളം ഉയര്‍ന്നു വരികയും ചെയ്തു.
                 ഇതു പിന്‍‌പറ്റിയാണ് ഇവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉണ്ടായി വളര്‍ന്നു വന്നത്.ഗുരുദേവനും മറ്റും തെളിച്ച ആ കൈത്തിരി കെടാതെ സൂക്ഷിക്കാന്‍ ഇടതുപക്ഷം തയ്യാറാവുകയും അതിന്റെ കൂടി വെളിച്ചത്തില്‍ രൂപപ്പെടുത്തിയ മുദ്രാവാക്യങ്ങള്‍ കേരള ജനത നെഞ്ചേറ്റിയതിന്റെ ഫലം അല്‍ഭുതാവഹമായിരുന്നു. അതാണ് പൊതുവേ “കേരള മിറക്കിള്‍ “ എന്ന പേരില്‍ ലോകം മുഴുവന്‍ കൊണ്ടാടിയത്.ഇടതുപക്ഷ ഇടപെടല്‍ മൂലം ഇവിടെ ഉയര്‍ന്നുവന്ന “പൊതു”വായ സ്ഥാപനങ്ങളാണീ നേട്ടത്തിനു കാരണമായത്. പൊതു ആരോഗ്യം,പൊതു വിദ്യാഭ്യാസം,പൊതു വിതരണം,പൊതുഗതാഗതം ഇതൊക്കെ കേരളത്തിനു നേടിത്തന്നത് ലോകശക്തിയായ അമേരിക്കയെ പോലും അല്‍ഭുതപ്പെടുത്തിയ നേട്ടങ്ങളായിരുന്നു. ഇത് പറയുമ്പോൾ തന്നെ എടുത്ത് പറയേണ്ട ഒന്നാണ   കേരളത്തിൽ നടന്ന ഭുപരിഷ്കരണം.നിലവിൽ ഭൂമിയില്ലാതിരുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് സ്വന്തമായി  ഭൂമി ലഭിക്കുവാനിത് കാരണമായി. ( എന്നാൽ അന്നത്തെ  "കൃഷിഭൂമി കർഷകന് "എന്ന കേന്ദ്ര മുദ്രാവാക്യം ഇന്നും ഒരു സ്വപ്നമായിത്തന്നെ നില്ക്കുന്നു.)
                        എന്നാല്‍ മാറി മാറി വന്ന ഗവണ്മെന്റുകള്‍ ഈ നേട്ടത്തെ സ്ഥായിയായി നിലനിറുത്തുന്ന കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി 1980 കളുടെ അവസാനഘട്ടം  നമ്മെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരുന്നു.സാര്‍വത്രികവിദ്യാഭ്യാസം സൌജന്യവുംകൂടിയായപ്പോള്‍ വിദ്യാഭ്യാസം നേടിയ യുവതലമുറയ്ക്കാവശ്യത്തിനു പണി കണ്ടെത്താന്‍ നമുക്കായില്ല.ഇത് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്കെത്തുമ്പോഴാണ് നമുക്ക് വിദേശ മാര്‍ക്കറ്റ് തുറന്നു കിട്ടുന്നത്.ഇന്ന് കേരളത്തിൽ തൊഴിലെടുക്കാന്‍ കഴിവുള്ളവരിലെ 20% പേരും വിദേശത്താണെന്നാണ് കണക്കുകള്‍ പറയുന്നത്.
                               നമ്മുടെ ചെറുപ്പക്കാര്‍ വിദ്യാഭ്യസം നേടുന്നത് പുറം മാര്‍ക്കറ്റ് കണ്ടാണെന്ന നില വന്നു.ഗള്‍ഫ് തൊഴില്‍ കമ്പോളത്തില്‍ ഡിമാന്റുള്ള ജോലികള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ കൂണു പോലെ തഴച്ചു വന്നു.ഗള്‍ഫ് മാത്രമല്ല യൂറോപ്പിലേയ്ക്കും ഇംഗ്ലണ്ടിലേയ്ക്കും അമേരിക്കയും ആസ്ത്രേലിയ പോലുള്ള വിദൂര രാജ്യങ്ങളിലേയ്ക്കും ഈ പ്രവാഹം ഉണ്ടായി.കേരളത്തില്‍ ഇങ്ങനെ വിദേശത്തുപോയി ചോര നീരാക്കി കഷ്ടപ്പെടുന്ന മലയാളികൾ ഉണ്ടാക്കുന്ന പണം എവിടെ പോകുന്നു?ബാങ്കിൽ സേവിങ്ങ്സ് ആക്കുന്നു എന്നാണ നാം വിചാരിച്ചിരുന്നത്.ഒന്നോ രണ്ടോ ലക്ഷം രൂപയല്ല ഈ പണം, ശരാശരി ഒരു വര്ഷം അറുപതിനായിരം കോടി രൂപ ഇവരെല്ലാം കൂടി കേരളത്തിലേയ്ക്ക് അയയ്ക്കുന്നു എന്നാണ കണക്ക് .                                                       
                      അറുപതിനായിരം കോടി രൂപ എന്നാൽ ചില്ലറ തുകയൊന്നുമല്ല.പോയ വര്ഷം നമ്മുടെ മാണിയാശാൻ നിയമസഭയിൽ അവതരിപ്പിച്ചത് നാല്പത്തി ഒന്പതിനായിരം കോടി രൂപ വരവും അൻപത്തി മൂവായിരം കോടി രൂപ ചിലവുമുള്ള ബഡ്ജറ്റാണെന്നോർക്കണം.ഏതാണ്ടീ അറുപതിനായിരം കോടി രൂപ തന്നെ കള്ളപ്പണമായിട്ടും ഇവിടെ എത്തുന്നു എന്നാണ കണക്കുകൾ പറയുന്നത്. ഈ തുകയാണ് എവിടെ പോകുന്നു എന്ന് ചോദിച്ചത്?നവലിബരൽ നയങ്ങള നടപ്പാക്കാൻ തുടങ്ങിയതോടെ ഈ പണം ബാങ്കുകളിൽ നിന്ന് പിന്മാറി.ഇന്നത് ബാങ്കിലെതുന്നില്ല എന്ന് തന്നെയുമല്ല ഉൽപ്പാദനപരമായ പദ്ധതിയിലിത് ഇറക്കാനായി ഗവണ്മെന്റിന്റെ കയ്യിലും ചെല്ലുന്നില്ല.അല്ലെങ്കിൽ ഗവണ്മെന്റിനു പദ്ധതികളില്ല എന്ന് സാരം.(കഴിഞ്ഞ എല് ഡി എഫ് ഗവണ്മെന്റ് ഈ പണമുപയോഗിച്ച് കേരളത്തിലെ റോഡ്‌ വികസനത്തിനായി ഒരു പരിപാടി കൊണ്ടുവന്നത് മറക്കുന്നില്ല ,ആ  ഗവണ്മെന്റ് നിലം പൊത്തുകയും ചെയ്തു.
                 അപ്പോൾ പറഞ്ഞുവന്നത് ഈ പണം എവിടെ പോകുന്നു എന്നതാണ്. വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ഈ പണം ഇന്ന് അധികവും നിക്ഷേപിക്കുന്നത് റിയൽ എസ്റ്റേറ്റ് രംഗത്താണ്.ഓർക്കുന്നോ നമ്മുടെ ഭൂമിയ്ക്ക് വലിയ കാരണമൊന്നുമില്ലാതെ വില പത്തും നൂരും ഇരട്ടിയായി വർദ്ധിച്ചത്. ഇതും ഇതുമായി ബന്ധപ്പെട്ട് നിലക്കുന്നവരും കൂടി സൃഷ്ടിച്ച  ഒരു സംസ്കാരം - ആ സംസ്കാരമാണിന്ന് കേരളം ഭരിക്കുന്നത്.
                 നോക്കൂ നമ്മുടെ കാടും മേടും വെട്ടി വെളുപ്പിച്ച് കുന്നിടിച്ച് മൂന്നുപൂവ് കൃഷി ചെയ്തുകൊണ്ടിരുന്ന വയലുകൾ നിരത്തി ഫ്ലാറ്റുകെട്ടി ഈ മണ്ണിനെയും ഇവിടുത്തെ പ്രകൃതിയേയും മുച്ചൂടും നശിപ്പിച്ച് ഈ കേരളം തന്നെ ഇല്ലാതാക്കി ഉയര്ന്നു വരുന്ന ഒരു സംസ്കാരം ഇവിടെ കൊടികുത്തി വാണുകൊണ്ടിരിക്കുന്നു.
                             യഥാർത്ഥത്തിൽ ഈ വളർന്നു വരുന്ന മാഫിയാ സംസ്കാരമാണ് ഒരു കാലത്തെ " മിറക്കിൾ" സംസ്ഥാനമായ കേരളത്തെ മനുഷ്യത്വത്തിന്റെയും  ഇടതുപക്ഷത്തിന്റെയും ചുടലപ്പരമ്പായി മാറ്റി ക്കോണ്ടിരിക്കുന്നത് . 
ഇന്നത്തെ കേരള ജനസംഖ്യയിൽ 85% പേരും ഇടത്തരം സ്വഭാവം വച്ചു  പുലർത്തുന്നവരാണെന്നാണു കണക്കുകൾ പറയുന്നത്.5% ധനികരും 15% പേർ അതി ദരിദ്രരുമാണീവിടെ.അപ്പോൾ മുകളിൽ പറഞ്ഞ 85% ആളുകൾക്കും സംതൃപ്തി നല്കുന്ന അല്ലെങ്കിൽ സംതൃപ്തി ലഭിക്കുമെന്ന് അവർ വിചാരിക്കുന്ന ഒരു കക്ഷിക്ക് മാത്രമേ ഇവിടെ അധികാരത്തിലേറാൻ കഴിയൂ.ഇതൊരു  അപകടകരമായ കാര്യമാണ് കാരണം ഇടത്തരക്കാരന് സംതൃപ്തി ലഭിക്കുന്ന കാര്യങ്ങൾ ഇന്നാട്ടിലെ ദരിദ്രരെ കുപ്പിയിലിരക്കുന്നതായിരിക്കും.അതുകൊണ്ടു തന്നെ ഇവരുടെ രുചിഭേദങ്ങൾ ഒരിക്കലും ഒരുമിചുപോകുന്നതാകില്ല തന്നെ.                                                                                 ഈയൊരൊറ്റക്കാരണം മാത്രം കൊണ്ടാണു ഇവിടെ ഇടതുപക്ഷം പിന്നോക്കം പോകുന്നതെന്നാണ് എന്റെ നിരീക്ഷണം.എന്നാൽ ചിലപ്പോൾ ചില തിരഞ്ഞെടുപ്പുകളിൽ ഇത് മാറി  മറിയാവുന്നതുമാണ് .സാന്ദർഭികമായുണ്ടാകുന്ന ചില ചില പ്രശ്നങ്ങൾ ഇതിൽ മാറ്റം വരുത്താ        വുന്നതുമാണ്.
             ഇനി വേറൊരു പ്രശ്നമുള്ളത് കേരളത്തിൽ ഇടത്തരക്കാരാണ് പ്രശ്നങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ഇന്ത്യയൊട്ടാകെ എടുത്താൽ ഇടക്കാലം കൊണ്ട് പൊങ്ങി വന്ന ചില അതി ധനികരാണ് കാര്യങ്ങൾ തിരുമാനിക്കുന്നതെന്നാണ്‌. .നിയോ ലിബറൽ നയങ്ങൾ അനുഗ്രഹിച്ച ചില അതിധനികർ - അവരുടെ എണ്ണം കൂടുകയും ചെയ്തു - അവർ അവരുടെ ഇംഗിതതിനനുസരിചാണ് കേന്ദ്രഭരണം തിരിക്കുന്നതെന്നാണ് സത്യം.ഇവരുടെ താല്പര്യങ്ങളും ഇടത്തരക്കാരുടെ താല്പര്യങ്ങളിലും വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്.ഇടത്തരക്കാർ യഥാർത്ഥ ത്തിൽ ദരിദ്രരിലേയ്ക്ക് ചേരേന്ടവരാണ് .കാരണം ഇന്നത്തെ ഭരണം ഇടത്തരക്കാരനെ ദരിദ്രനും പിന്നെ അതി ദരിദ്രനുമാക്കുന്ന ,ദരിദ്രനെ അതിടരിദ്രനാക്കുന്ന ഒന്നാണ്.
                 അപ്പോൾ ഇടതുപക്ഷം പിന്നോട്ടടിക്കുന്നതിനുള്ള കാരണങ്ങൾ ഇതൊക്കെത്തന്നെയാണ്. ഇതിനുള്ള പരിഹാരമെന്താണ്?.നാടിനെ നശിപ്പിക്കുന്ന വികസനനയങ്ങൾ തിരുത്തി ദരിദ്രന്റെയും അതിടരിദ്രന്റെയും പ്രശ്നങ്ങൾക്ക്‌ മുന്തൂക്കം കൊടുക്കുന്നതോടൊപ്പം ഇടതരക്കാരനേയും വിശ്വാസതിലെടുത്ത് മുന്നോട്ട് പോവുക മാത്രമേ കരണീയമായിട്ടുള്ളൂ. 
                                ഞാനീ പറഞ്ഞത് മുഴുവൻ എന്റെ ധാരണകളാണ് .ശരിയാകാം ,തെറ്റാകാം.എന്തായാലും കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഇതുകൂടി ഒന്ന് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
          
Post a Comment