പെണ്‍‌കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കരുത്:സുഗതകുമാരി.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                      “രു മിസ്ഡ് കാള്‍ മതി പെണ്‍‌കുട്ടികള്‍ക്ക് വഴിതെറ്റി പോകാന്‍.അതുകൊണ്ട് ഈശ്വരനെ വിചാരിച്ച് പെണ്‍‌കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത് എന്ന് അമ്മമാരോടായി സുഗതകുമാരി അഭ്യര്‍ത്ഥിച്ചു.” ഇന്നത്തെ കേരള കൌമുദിയില്‍ ( 5/5/14) കണ്ട സചിത്ര വാര്‍ത്തയാണിത്.
ഈ വാര്‍ത്തയുടെ ഒരു റെസ്പോണ്‍സ് എന്ന നിലയില്‍ ഏറ്റവും മിതമായി എനിക്ക് ചോദിക്കാനുള്ളത് വട്ടായിപ്പോയോ എന്നാണ്. ഒന്നുകില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കേരള കൌമുദിയ്ക്ക്, അല്ലെങ്കില്‍ ഏതെങ്കിലും മരുന്നിന്റെ സെഡേഷന്റെ പിടിയിലോ അല്ലെങ്കില്‍ പാതി ഉറക്കത്തിലോ ആയിരിക്കണം ശ്രീമതി സുഗതകുമാരി ഈ ആഹ്വാനം അമ്മമാരോടായി നടത്തിയിരിക്കുക.അല്ലാതെ ഇത്രയും വലിയ ഒരു പൊട്ടത്തരം എഴുന്നെള്ളിക്കാന്‍ സുബോധമുള്ള ഒരു മനുഷ്യന് കഴിയില്ല.
                മിസ്ഡ് കോള്‍ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരു പാട് പെണ്‍‌കുട്ടികളെ അത് വഴി തെറ്റിക്കുന്നുണ്ട്.എന്നാല്‍ അതിന്റെ പ്രതി മൊബൈല്‍ ഫോണുകളോ മിസ്ഡ് കോളുകളോ മാത്രമല്ലല്ലോ. മിസ്ഡ് കോള്‍ നല്‍കുന്ന പുരുഷകേസരികളോ അല്ലെങ്കില്‍ മിടുക്കികളായ മറ്റുസ്ത്രീകളോ ഇക്കാര്യത്തില്‍ കുറ്റക്കാരല്ലേ?ഇനി അവര്‍ മാത്രമാണോ കുറ്റക്കാര്‍? കൃത്യമായി ഗണിച്ചുനോക്കിയാല്‍ കുറ്റക്കാര്‍ ആ പെണ്‍‌കുട്ടികളുടെ മാതാപിതാക്കളാണ് , അല്ലെങ്കില്‍ കേരളത്തിലെ ഞാനും സുഗതകുമാരിയും നിങ്ങളും എല്ലാം അടങ്ങുന്ന പൊതുസമൂഹമാണെന്നു കാണാം.
         ആണിനേയും പെണ്ണിനേയും പരസ്പരം ബന്ധപ്പെടാന്‍ അനുവദിക്കാതെയല്ലെ  നമ്മൂടെ മാതാപിതാക്കന്മാര്‍ കുട്ടികളെ വളര്‍ത്തുന്നത്,പ്രത്യേകിച്ചും പെണ്‍കുട്ടികളെ!.മോള്‍ ചീത്തയാവാതിരിക്കാന്‍ എല്‍ കെ ജി മുതല്‍ കോണ്‍‌വന്റ് സ്കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കാന്‍ വിടും.എന്നിട്ട് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുകയാണ്, അവള്‍ ഏതെങ്കിലും ആണ്‍‌കുട്ടിയെ നോക്കുന്നുണ്ടോ, മിണ്ടുന്നുണ്ടോ ചിരിക്കുന്നുണ്ടോ? എന്നൊക്കെ.അങ്ങിനെ +2 പഠനം കഴിഞ്ഞാല്‍ ഇന്നത്തെ ട്രെന്റ് അനുസരിച്ച് മിക്സഡ് കോളേജ് തന്നെ ശരണം.ഇന്നലെ വരെ ഭീകരരൂപിയായി അകറ്റി നിറുത്തിയിരുന്ന ആ ജീവി അടുത്ത് പെരുമാറാന്‍ വരുമ്പോള്‍ നേരത്തെ അമ്മ പറഞ്ഞുകൊടുത്ത ധാരണകള്‍ മുഴുവന്‍ തെറ്റാണെന്നവള്‍ മനസ്സിലാക്കുന്നു.അമ്മ പറഞ്ഞതു മുഴുവന്‍ പൊളിയായിരുന്നെന്നും ടീനേജിന്റെ പ്രത്യേകത മൂലം അവന്‍ സ്നേഹിക്കപ്പെടേണ്ട വളരെ നല്ല , സ്വന്തം മാതാപിതാക്കളേക്കാളും നല്ലവരാണെന്ന് അവള്‍ക്ക് തോന്നുന്നു.ആണ്‍‌കുട്ടികളെ സംബന്ധിച്ചും ഇത് ശരിയാണ്.കാരണം ഇന്നുവരെ അടുത്തുപെരുമാറാന്‍ കിട്ടാതിരുന്നവരെ കയ്യില്‍ കിട്ടിയിരിക്കയാണ്.ഇവിടെയാണ് നമ്മള്‍ “തീപ്പൊരിയും വെടിമരുന്നും“ എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭം.
                   എന്നാല്‍ ഈ പ്രയോഗത്തിന് അത്ര കഴമ്പൊന്നും ഇല്ല എന്നുള്ളതാണ് സത്യം.ആണ്‍‌ക്കുട്ടികളേയും പെണ്‍‌കുട്ടികളേയും നമ്മള്‍ ശ്രദ്ധിച്ചുകൊണ്ട് എന്നാല്‍ ശ്രദ്ധിക്കുന്നുണ്ടെന്നവരറിയാതെ ഒന്ന് സ്വതന്ത്രരായി വിട്ടുനോക്കൂ, ചെറുപ്പം മുതല്‍.വെടിമരുന്ന് വെടിമരുന്നായിട്ട് തീ പറ്റാതെ സ്വയം ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുന്നതും തീപ്പെട്ടിക്കൊള്ളി വെടിമരുന്നിനടുത്ത് കത്താതെയും വര്‍ത്തിക്കുന്നത് കാണാം.
എന്തൊരു സമത്വസുന്ദരമായ ലോകമായിരിക്കും അത്.എന്നാല്‍ നമ്മള്‍ പഠിച്ചു വച്ച ശീലം നമ്മെ അതു ചെയ്യാന്‍ അനുവദിക്കില്ലല്ലോ?.ഏതെങ്കിലും ഒരു പെണ്‍‌കുട്ടി ഒരാണ്‍‌കുട്ടിയോട് എവിടെയെങ്കിലും മാന്യമായി നിന്ന് സംസാരിക്കാന്‍ നാം സമ്മതിക്കുമോ? ഉടന്‍ ആ പ്രദേശത്ത് വലിയ ചെക്കിങ്ങായി.എന്താണ് പറയുന്നത്?പ്രേമമാണോ,അതോ ഒളിച്ചോട്ടത്തിനുള്ള പരിപാടിയാണോ? ആകെ പ്രശ്നം,എല്ലാവര്‍ക്കും പ്രശ്നം.പറ്റുമെങ്കില്‍ ആ പെണ്‍‌കുട്ടിയുടെ അച്ഛനെ കണ്ടെത്തി മുന്നറിയിപ്പാണ്, “അതേ ചേട്ടാ , എന്തെങ്കിലും പറ്റിയിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. മോളെ ഒന്ന് സൂക്ഷിച്ചോളണേ, അവള്‍ മാറി നിന്ന് ആണ്‍‌കുട്ടികളോട് കിന്നാരം തുടങ്ങിയിട്ടുണ്ട്”.പിന്നെയൊരു തത്വം വിളംബലും, ഞങ്ങളൊക്കെ ഈ പ്രായം കഴിഞ്ഞു വന്നതാ മക്കളേ, കാള വാലുപൊക്കുമ്പോള്‍ അറിയാം എന്തിനാണെന്ന്. 
                     എന്നാല്‍ സത്യത്തില്‍ ആ കുട്ടി അവന്‍ കടം വാങ്ങിച്ചുകൊണ്ടുപോയ ബുക്ക് തിരിച്ചു ചോദിച്ചതോ അല്ലെങ്കില്‍ പാഠഭാഗത്തിലെ ഏതെങ്കിലും സംശയം ചോദിച്ചതോ ആയിരിക്കും. ആ സത്യം പറഞ്ഞാല്‍ പെങ്കൊച്ചിന്റെ വീട്ടില്‍ സമ്മതിക്കുമോ, ഹേയ്, അവിടുന്നാണോ സംശയം ചോദിക്കുന്നത്, അല്ലെങ്കില്‍ ബുക്ക് ചോദിക്കാന്‍ കണ്ട സ്ഥലം? അപ്പൊ അതല്ല്ല നിനക്ക് അവനോട് എന്തോ ഉണ്ട്, കൊന്നുകളയും ഞാന്‍ എന്ന് അഛന്‍ അലറുമ്പോള്‍ പോയി ചത്തു കളയും ഞാന്‍ എന്ന് ഭീഷണിപ്പെടുത്തുന്ന അമ്മ.എന്തു സംഭവിക്കും എന്ന് ഞാന്‍ വായനക്കാര്‍ക്ക് വിടുന്നു.
           നമ്മുടെ കുട്ടികള്‍ ഇന്ന് വളരെയേറെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടാണ് വളരുന്നത്.അഛനമ്മമാരുടെ നടക്കാതെ പോയ സകല ആഗ്രഹങ്ങളും , അവരുടെ സദാചാരബോധത്തിന്റെ എല്ലാ ഭാരവും ആ പിഞ്ചുകുഞ്ഞിലവര്‍ അടിച്ചേല്‍പ്പിക്കും.സ്കൂളില്‍ നിന്ന് കിട്ടുന്ന സമ്മര്‍ദ്ദങ്ങളും അവഹേളനങ്ങളും വേറെ.ഇതിന്റെയൊക്കെ ഇടയില്‍കിടഞ്ഞ് ഞെരിയുന്ന നമ്മുടെ ആണ്‍കുട്ടികള്‍ ഏഴാം ക്ലാസുമുതലേ (ഇന്നത്തെ അറിവ് പ്രകാരം)ബാറില്‍ പൊയി മദ്യപിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രത്യേകിച്ച്  അഛന്‍ ലോട്ടറിയടിക്കാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ബാറില്‍ കയറുമ്പോള്‍. ഏതെങ്കിലും ഒരു ചേട്ടനോ ചേച്ചിയോ ഒരിറ്റ് സ്നേഹം ചാലിച്ച് ഒന്ന് പുഞ്ചിരിച്ച് വിളിക്കുമ്പോള്‍ അല്ലെങ്കില്‍ അവരുടെ ഒരു മിസ്ഡ് കോള്‍ കിട്ടിയാല്‍ പെണ്‍‌കുട്ടികള്‍ ഇറങ്ങിപ്പൊകുന്നതിലെന്തു തെറ്റ്?
               ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ - അത് മകനോ അല്ലെങ്കില്‍ മകളോ ആകട്ടെ - സ്നേഹത്തോടെ തോളില്‍ കയ്യിട്ട് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് ഒന്ന് സംസാരിച്ചിട്ടെത്ര നാളായി?ദിവസവും വേണ്ട ആഴ്ച്ചയിലൊരിക്കല്‍ വേണ്ട, മാസത്തിലൊരിയ്ക്കലെങ്കിലും സ്വന്തം മകനെ അല്ലെങ്കില്‍ മകളെ തോളത്തുകൂടി കയ്യിട്ട് ശരീരത്തു ചേര്‍ത്തു പിടിച്ച് “എന്തടാവ്വേ വിശേഷം“ എന്ന്  സ്നേഹപൂര്‍വം മകനോടോ അല്ലെങ്കില്‍ മകളോടോ ഒന്ന് ചോദിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ നമ്മുടെ കൊച്ചു കേരളത്തിലുള്ളൂ.ആ ചോദ്യത്തിലെ സ്നേഹത്തിനു മുന്നില്‍ നമ്മുടെ മക്കള്‍ അവരുടെ മനസ്സു തുറക്കാന്‍ തയ്യാറാവും.അവര്‍ അവരുടെ മനസ്സിലെ വിഷമങ്ങള്‍ തുറന്നു പരയും, സമ്മര്‍ദ്ദം ലഘൂകരിക്കും. പിന്നെ ഒരു മിസ്ഡ് കോളിനും നമ്മുടെ മക്കളെ വഴിതെറ്റിക്കാനാവില്ല. പക്ഷെ അതു ചെയ്യാന്‍ നമുക്കാവില്ല, കാരണം അങ്ങനെ ചെയ്താല്‍ നമ്മള്‍ അഛനും അമ്മയും ഒക്കെയല്ലാതായിത്തീരും.നമ്മുടെ പ്രമാണം ഇതാണ് “ഒന്നേയുള്ളെങ്കില്‍ ഒലക്ക കൊണ്ടടിക്കണം.”
അപ്പോള്‍ മാസത്തിലൊരിക്കലെങ്കിലും നമ്മള്‍ നമ്മുടെ മക്കളുമായിട്ട് ഒന്ന് ഇന്ററാക്ട് ചെയ്താല്‍ ഒരു പാട് കേരളത്തിലെ പ്രശ്നങ്ങള്‍ തീര്‍ന്നുകിട്ടും.
ഇത്രയും നിസ്സാരമായ ഒരു പ്രശ്നത്തിന് ആ വലിയ കവയത്രി കണ്ടെതിയ പരിഹാരം പ്രശ്നപരിഹാരത്തിനുതകുന്നതല്ല എന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
Post a Comment