വരള്‍ച്ച

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                   നാടാകെ വരണ്ടുണങ്ങി രൂക്ഷമായ ജലദൌര്‍ലഭ്യം കൊണ്ട് സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഉണ്ടാകുന്ന ദുരന്തത്തേയാണ് വരള്‍ച്ച എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.ഉപരിതല ജലാശയങ്ങള്‍ മിക്കതും വരണ്ട് പോവുകയും ഭൂജലസ്രോതസ്സുകള്‍ വറ്റിത്തീരുകയും ജലവിതരനസംവിധാനങ്ങള്‍ മിക്കവയും തകരാറിലാവുകയും ചെയ്യുമ്പോള്‍ നാടും നഗരവും വരള്‍ച്ച എന്തെന്നറിയുന്നു.
                         സാവകാശം കടന്നുവരുന്ന ഒരു പ്രകൃതിദുരന്തമാണ് വരള്‍ച്ച. വരള്‍ച്ചയുടെ മറുവശമായ വെള്ളപ്പൊക്കമാകട്ടെ പെട്ടെന്ന് സംഭവിക്കുന്ന ദുരന്തവും.
                        ഒരു പ്രദേശത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ശരാശരി മഴ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കുറയുന്നത് വരള്‍ച്ചയുടെ ലക്ഷണമാണ്.രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്സ്ഥിതിയെ ഇത് സാരമായി ബാധിക്കുകയും ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും സാമൂഹ്യവ്യവസ്ഥയെ വഷളാക്കുകയും ചെയ്യും.രാജ്യത്തിന്റെ നിലനില്‍പ്പിനുപോലും ഇത് ഭീഷണിയായേക്കാം.വരള്‍ച്ച മൂലമുണ്ടാകുന്ന സാമൂഹ്യാസ്വസ്ഥതകള്‍ യുദ്ധത്തിലേയ്ക്ക് നയിച്ചേക്കുമെന്ന് ചില കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
വരള്‍ച്ച ഏതാനും ദിവസങ്ങള്‍ മുതല്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ട് നിന്നേക്കും.മനുഷ്യനുള്‍പ്പടെയുള്ള പരിസ്ഥിതിവ്യൂഹത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.പരിസ്ഥിതി തകര്‍ച്ച അനാരോഗ്യം,സാമ്പത്തിക തകര്‍ച്ച എന്നിവ സമൂഹത്തിന് വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു.മൃഗസമ്പത്ത് കുറയുന്നത് പാലുല്‍പ്പാദനത്തെ ബാധിക്കുന്നു.ജലാശയങ്ങള്‍ വറ്റിവരളുന്നത് മത്സ്യസമ്പത്തിനേയും മറ്റ് ജീവികളേയും നശിപ്പിക്കുന്നു.പട്ടിണി,പോഷകക്കുറവ്,കുടിവെള്ളമില്ലായ്മ എന്നിവ വന്‍‌വിപത്തായിത്തീരുന്നു.കൂട്ടത്തോടെ ജനങ്ങള്‍ പലായനം ചെയ്യേണ്ടിവരുന്നതും അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും സാമൂഹ്യപ്രശ്നമായി മാറുന്നു.
                     പൊടിപടലങ്ങള്‍ വര്‍ധിക്കുമെന്നതാണ് മറ്റൊരു പ്രശ്നം.വൈദ്യുതി ഉല്‍പ്പാദനത്തിന് വരുന്ന കുറവ് വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു.
എന്തുകൊണ്ട് വരള്‍ച്ച
                    പ്രകൃതിപ്രതിഭാസങ്ങളായ ഏല്‍നിനോ ,ലാനിനോ,സുനാമി,ഭൂമികുലുക്കം, തുടങ്ങിയവ വരള്‍ച്ചയ്ക്ക് കാരണമാകുമെങ്കിലും മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകളാണ് പലപ്പോഴും ആപത്തുകള്‍ വിളിച്ചുവരുത്തുന്നത്.കാട്ടുതീ വരള്‍ച്ചയ്ക്ക് കാരണമാകുന്നു. വനനശീകരണം,മണ്ണൊലിപ്പ് എന്നിവ വരള്‍ച്ചയെ വിളിച്ചുവരുത്തൂന്നു.ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളികളുടെ ക്ഷയവും വരള്‍ച്ചയ്ക്ക് നിദാനമായ ഘടകങ്ങളാണ്.കന്നുകാലികള്‍ മേയുന്നതുമൂലം ( ) ഭൂമിയുടെ വളക്കൂറ് നശിച്ച് തരിശായി മാറുന്നതും മോശമായ ഭൂവിനിയോഗം മൂലമുള്ള മരുഭൂവല്‍ക്കരണവും വരള്‍ച്ചയ്ക്ക് കാരണമാകുന്നു.
വരള്‍ച്ച പലതരം
കാലാവസ്ഥാപരമായ വരള്‍ച്ച (Meterological Drought)
                     ദീര്‍ഘകാലം ഒരു പ്രദേശത്ത് ശരാശരിയിലും താഴെ മാത്രം ലഭിക്കുന്ന മഴമൂലം ഉണ്ടാകുന്ന വരള്‍ച്ച.
കാര്‍ഷിക വരള്‍ച്ച (Agricultural Drought)
                     കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തില്‍ വരുന്ന കുറവിനെ കാര്‍ഷികവരള്‍ച്ച എന്നു പറയുന്നു.മഴയുടെ ഏറ്റക്കുറച്ചിലുമായി ഇതിനു ബന്ധമുണ്ടാകണമെന്നില്ല.ശാസ്ത്രീയമായ മണ്ണ് പരിപാലനമുറകളുടെ അഭാവവും മണ്ണിലെ ഈര്‍പ്പമില്ലായ്മയും കാര്‍ഷികവരള്‍ച്ചയ്ക്ക് കാരണമാകാം.
ഹൈഡ്രോളജീയ വരള്‍ച്ച (Hydrological Drought)
                      ഭൂജലസ്തരങ്ങളിലും തടാകങ്ങളിലും ജലസംഭരണികളിലും ശേഖരിച്ചുവൈക്കുന്ന വെള്ളത്തിന്റെ അളവിനെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിട്ടനുഭവപ്പെടുന്നുവെങ്കില്‍ സംഭരിച്ചുവച്ചിട്ടുള്ള വെള്ളം ഉപയോഗപ്പെടുത്തുന്നതോടൊപ്പം അതിന്റെ പുന:ശേഖരണം കൂടി നടക്കുന്നില്ലെങ്കില്‍ ഹൈഡ്രോളജീയ വരള്‍ച്ചയാണ്.
ശ്രദ്ധേയമായ ചില വരള്‍ച്ചകള്‍
                   ലോകത്തുണ്ടായിട്ടുള്ള ശ്രദ്ധേയമായ ചില വരള്‍ച്ചകള്‍ ഒന്നി പരിശോധിക്കാം.ചരിത്രത്തില്‍ എടുത്തുപറയാവുന്ന ഒന്നാണ് ആഫ്രിക്കയിലെ സഹേലില്‍ ഉണ്ടായ വരള്‍ച്ച.പതിനേഴാം നൂറ്റാണ്ടില്‍ ആരംഭിച്ച് പിന്നീടങ്ങോട്ട് പലകാലത്തും തുടര്‍ച്ചയായി അനുഭവപ്പെട്ടു എന്നുള്ളതാണ് സഹേലിയുടെ അനുഭവം.ആഫ്രിക്കയുടെ തെക്ക് സാവന്നാ പുല്‍‌മേടു മുതല്‍ വടക്ക് സഹാറാ മരുഭൂമി വരെ വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം.വളരെക്കാലം നീണ്ടു നിന്ന ഈ വരള്‍ച്ച അനുഭവപ്പെട്ട 1910,1940,1960,1970,1980 എന്നീ വര്‍ഷങ്ങളില്‍ ഒട്ടനവധി പേര്‍ മരിക്കുകയും മൃഗങ്ങള്‍ ചത്തു വീഴുകയും ചെയ്തു.1960 നും 1970നും ഇടയില്‍ ഒരു ലക്ഷം പേര്‍ മരിച്ചതായാണ് കണക്ക്.ഏഴരലക്ഷം പേര്‍ ഭക്ഷണത്തിനായി കേഴുന്നവരായി മാറി.സഹേലിലെ 500 ലക്ഷം പേരെ പട്ടിണി ബാധിച്ചു.ആവര്‍ത്തിച്ചുണ്ടായ വരള്‍ച്ച മരുവല്‍ക്കരണത്തിലേക്ക് നയിക്കുകയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു.
                     1921 - 22 വര്‍ഷത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഉണ്ടായ വരള്‍ച്ച 50 ലക്ഷം പേരെയാണ് ബാധിച്ചത്.1928 -30 കാലയളവില്‍ ചൈനയില്‍ പട്ടിണികൊണ്ട് 50 ലക്ഷം പേര്‍ മരിച്ചതായി പറയപ്പെടുന്നു.ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ 1936 ല്‍ 50 ലക്ഷം പേരും 1941 ല്‍ 25 ലക്ഷം പേരും വരള്‍ച്ച മൂലമുണ്ടായ പട്ടിണിയില്‍ മരിച്ചു പോയതായാണ് കണക്ക്.ഈ അടുത്ത കാലത്ത് (2006 ല്‍) സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ വരള്‍ച്ച 80 ലക്ഷം ആള്‍ക്കാരേയും 70 ലക്ഷം കന്നുകാലികളേയും ബധിച്ചതായി രേഖപ്പെടുത്തുന്നു.ആധുനിക കാലത്തെ വലിയ വരള്‍ച്ചയായി ഇതിനെ വിശേഷിപ്പിക്കുന്നു.
1997 മുതല്‍ 2009 വരെ ആസ്ത്രേലിയയില്‍ ഉണ്ടായ വരള്‍ച്ച ജലവിതരണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സഹസ്രാബ്ദ വരള്‍ച്ചയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
വരള്‍ച്ച ഇന്ത്യയിലും
             1770 ലെ പ്രസിദ്ധമായ ബംഗാള്‍ ക്ഷാമം ആ പ്രദേശത്തെ മൂന്നിലൊന്ന് ജനവിഭാഗത്തേയും ബാധിച്ചു.1876 - 77 വര്‍ഷത്തില്‍ മാത്രം പട്ടിണി മൂലം രാജ്യത്ത് 50 ലക്ഷം പേര്‍ മരിച്ചു.1899 ല്‍ 45 ലക്ഷം പേര്‍ മരിച്ചുവത്രെ. 1900ല്‍ ഇന്ത്യയില്‍ ഉണ്ടായ വള്‍ച്ചയില്‍ രണ്ടര ലക്ഷം പേര്‍ മരിക്കാനിടയായി.
നമ്മുടെ കേരളത്തിലും പലപ്പോഴും വരള്‍ച്ചയുണ്ടായിട്ടുണ്ട്.കൃഷിനാശവും കുടിവെള്ളക്ഷാമവുമാണ് ഫലം.1983,1985,1986,1987 വര്‍ഷങ്ങളില്‍ അടുപ്പിച്ച് ജലക്ഷാമമുണ്ടായി.2013 തുടക്കത്തിലും മഴക്കുറവുമൂലം വരള്‍ച്ച അനുഭവപ്പെട്ടു.
വരള്‍ച്ച എങ്ങനെ നേരിടാം?
             മഴക്കാലത്ത് വെള്ളം സംഭരിച്ച് വൈക്കുകയും വരള്‍ച്ചക്കാലത്ത് വിട്ടുകൊടുക്കുകയും വേണം.കൃത്രിമ ജലസംഭരണികള്‍ യഥേഷ്ടം നിര്‍മ്മിച്ച് ജലക്ഷാമം പരിഹരിക്കാവുന്നതാണ്.അതേസമയം പ്രകൃതിദത്ത ജലസംഭരണികളായ തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സംരക്ഷിച്ചു പരിപാലിക്കുകയും വേണം.കൃത്രിമമായി മഴ പെയ്യിക്കല്‍ (Cold Seeding) ഉപ്പുവെള്ളം ശുദ്ധീകരിച്ച് നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെങ്കിലും അവ ചെലവേറിയതും സാങ്കേതികമികവില്ലാത്തതുമായ പ്രവര്‍ത്തനങ്ങളാണ്.ധാരാളം മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതും ചിറകളും കുളങ്ങളും കുഴിക്കുന്നതും ജലക്ഷാമം പരിഹരിക്കാനുതകും.വെള്ളത്തിന്റെ പുനരുപയോഗം സാധ്യമാക്കുകയും വേണം.ജലനഷ്ടം ഉണ്ടാക്കുന്ന ജലസേചനരീതികള്‍ വരള്‍ച്ചക്കാലത്ത് വേണ്ടെന്നു വക്കണം.ഹോസ് കൊണ്ടുള്ള ചെടിനന ഒഴിവാക്കാം.വെള്ളം കരുതലോടെ ഉപയോഗിക്കുക വഴി വരള്‍ച്ച എന്ന ദുരന്തത്തെ നമുക്ക് അകറ്റിനിര്‍ത്താനാവും.
                              (മഴ പെയ്തു തീര്‍ന്നാല്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നമ്മുടെ നാട്ടില്‍ വരള്‍ച്ചയെന്താണെന്നും അതിനെ എങ്ങിനെ തടയാന്‍ പറ്റും എന്നും മനസ്സിലാക്കുന്നത് നന്നായിരിക്കും.ഈ മാസത്തെ ( മെയ് 2014 ) ശാസ്ത്രകേരളത്തില്‍ വന്ന ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.ശാസ്ത്രകേരളം എന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഹൈസ്കൂള്‍ തല വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസികയാണ്.)

1 comment :

  1. രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്സ്ഥിതിയെ ഇത് സാരമായി ബാധിക്കുകയും ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും സാമൂഹ്യവ്യവസ്ഥയെ വഷളാക്കുകയും ചെയ്യും.രാജ്യത്തിന്റെ നിലനില്‍പ്പിനുപോലും ഇത് ഭീഷണിയായേക്കാം.വരള്‍ച്ച മൂലമുണ്ടാകുന്ന സാമൂഹ്യാസ്വസ്ഥതകള്‍ യുദ്ധത്തിലേയ്ക്ക് നയിച്ചേക്കുമെന്ന് ചില കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

    ReplyDelete