സുരാജ് വെഞ്ഞാറമ്മൂടും നായർ യുവാക്കളും.

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
( 2014 ജൂൺ14  ന് പുറത്തുവന്ന യുക്തിരേഖയിലെ മുഖലേഖനം , കുരീപ്പുഴ ശ്രീകുമാർ എഴുതിയത് ഞാനിവിടെ പുന:പ്രസിദ്ധീകരിക്കുന്നു.)
               
                         പലരുടേയും ജാതി വെളിപ്പെടുന്നത് ചില രസകരമായ മുഹൂർത്തങ്ങളിലാണ്.കല്യാണം വിവിധ നേർച്ചകൾ മരണം തുടങ്ങിയ ഘട്ടങ്ങളിലും ജാതി വെളിപ്പെടാറുണ്ട്.
          എന്നാൽ അടുത്ത കാലത്ത് രണ്ടു പ്രശസ്ത വ്യക്തികളുടെ ജാതി വെളിപ്പെട്ടത് രണ്ടു വ്യത്യസ്തമായ സംഭവങ്ങളിലൂടെയാണ്.ധീവരസഭ ബന്ദാചരിച്ചപ്പോഴാണ് അമൃതാനന്ദമയിയുടെ ജാതി വെളിപ്പെട്ടത്.മത്സ്യത്തൊഴിലാളികളെ നടുക്കടലിൽ വച്ച് വെടിവച്ച് കൊന്നിട്ടുപോലും ബന്ദു പ്രഖ്യാപിക്കാതിരുന്ന ധീവരസംഘടനയാണ് അമൃതാനന്ദമയി കാര്യത്തിൽ ബന്ദു നടത്തിയത്.
                  എസ് എൻ ഡി പി യോഗത്തിനെ നിരന്തരം വിമർശിച്ചിരുന്ന ഡോ.സുകുമാർ അഴീക്കോട് മരിച്ചപ്പോൾ കേരളത്തിൽ അവർ പലയിടത്തും അനുശോചനഫ്ലക്സുകൾ വച്ചു.മതേതരത്ത്വത്തിനു മുൻ‌തൂക്കം നൽകിയിരുന്ന അദ്ദേഹത്തെ ഒരു മതത്തിലും ജാതിയിലും മരണാനന്തരം തളച്ചിടാനുള്ള ശ്രമമായിരുന്നു അത്.നായർ സർവീസ് സൊസൈറ്റിയോ മറ്റു സാമുദായികസംഘടനകളോ അഴീക്കോടിന്റെ മരണത്തിൽ അനുശോചന ഫ്ലക്സ് വച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഫ്ലക്സുകൾ പാരിസ്ഥിതിക കാരണങ്ങളാൽ നല്ലതല്ലെങ്കിലും ചിലർ വൈക്കുകയും ചിലർ വൈക്കാതിരിക്കുകയും ചെയ്യുമ്പോൾ ചില സന്ദേശങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

ഏറ്റവും ഒടുവിൽ വന്നത് അനുമോദനത്തിന്റെ രൂപത്തിലുള്ള ജാതി പ്രകടനമാണ്.നല്ല നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുരാജ് വാസുദേവൻ നായരെ എൻ എസ് എസ് യുവജനസംഘം അനുമോദിച്ചിരിക്കുന്നു.നമ്മുടെയൊക്കെ അറിവിൽ ഈ പുരസ്കാരം ലഭിച്ചത് സുരാജ് വെഞ്ഞാറമ്മൂടിനായിരുന്നു.
             സുരാജ് വെഞ്ഞാറമ്മൂട് സമർപ്പിത മനസ്സുള്ള ഒരു നടനാണ്.അവാർഡിന് അർഹമായ ഡോ.ബിജുവിന്റെ സിനിമയാകട്ടെ കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നമാണ് പ്രമേയമാക്കിയിരിക്കുന്നത്.
                  മിമിക്രി ആർട്ടിസ്റ്റായി വേദിയിലെത്തിയ കാലത്തോ സിനിമാപ്രവേശനം ഉണ്ടായ കാലത്തോ വേണമെങ്കിൽ സുരാജ് വെഞ്ഞാറമ്മൂടിന് പേർ പരിഷ്കരിക്കാമായിരുന്നു.സുരാജ് നായർ എന്നു തന്നെ ആക്കാമായിരുന്നു.എന്നാൽ അദ്ദേഹം സുരാജിലും ജന്മനാട്ടിലും ഉറച്ചു
നിന്നു.അതിനാൽ വലിയ ഗവേഷണം നടത്തിയാകണം നായർ യുവജനസംഘടന അദ്ദേഹത്തിന്റെ ജാതി കണ്ടെത്തിയത്.നായർ യുവജനസംഘടന അദ്ദേഹത്തെ അഭിനന്ദിച്ചു ജാതി ദുർഗന്ധം പുറത്തു കൊണ്ടുവന്നതിനാൽ മറ്റു സാമുദായിക സംഘടനകൾ തയ്യാറാക്കി വച്ചിരുന്ന അനുമോദന പ്രമേയങ്ങൾ കീറിക്കളഞ്ഞീട്ടുണ്ടാകും.സുരാജ് വെഞ്ഞാറമ്മൂട് ഒഴിവാക്കിയ ജാതി അദ്ദേഹത്തിനു ചാർത്തിക്കൊടുത്തത് തീരെ ഭംഗിയായില്ല.
           കലയ്ക്ക് ജാതിയും മതവും ഇല്ല.മുഹമ്മദ് റാഫിയും യേശുദാസും ജയചന്ദ്രനും പേരുകൊണ്ടുതന്നെ വിവിധ മതങ്ങളെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഗായകർ എന്ന നിലയിൽ അവർക്ക് അയോഗ്യതകൾ ഒന്നുമില്ല.പ്രേംനസീറിനെപ്പോലെ തന്നെ മധുവും പി ജെ ആന്റണിയും മതാതീതമായി നമുക്ക് പ്രിയപ്പെട്ടവരാണ്.
                   വർഗീയ സംഘടനകൾ കഴുകന്മാരേപ്പോലെ നോക്കിയിരിക്കുകയാണ്.ഏതു മനുഷ്യനും മതവും ജാതിയും ചാർത്തിക്കൊടുക്കാൻ മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും വൃക്ഷങ്ങളേയുമെല്ലാം അവർ വേർതിരിച്ചുകളയും.കേരളത്തെ അവർ അന്ധകാരയുഗത്തിലേയ്ക്ക് നയിക്കും.വിളക്കുകളെല്ലാം കെടുത്താൻ അനുവദിക്കാതിരിക്കുകയാണു ഇനി കേരളം ചെയ്യേണ്ടത്.


Post a Comment