കൊമ്പനു പിറകേ പോകുന്ന മോഴ.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                           നൂറു നൂറ്റിരുപത്തിയഞ്ചു കൊല്ലത്തെ പാരംബര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.മഹാനായ മഹാത്മാഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.മഹാനായ നെഹ്രു കുടുംബപരമ്പരയെ മാത്രം അധികാരത്തിൽ എത്തിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്,പലപ്പോഴായി വളരെ ചുരുങ്ങിയ ഒരു കാലഘട്ടമൊഴിച്ചാൽ ബാക്കി സമയം മുഴുവൻ ഇന്ത്യൻ ഭരണം കയ്യാളിയിരുന്ന കോൺഗ്രസ്സ്,ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നു എന്ന് ഗാന്ധിജി കണ്ടെത്തിയ ആയിരക്കണക്കിനു ഗ്രാമങ്ങളിൽ വേരോട്ടമുള്ള ഏക രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.
           ആ പാർട്ടിയേയാണ് ഭാരതത്തിലെ കോടാനുകോടി നിരക്ഷരകുക്ഷികൾ എരിയുന്ന വയറുമായി അർദ്ധനഗ്നരായി വെളുപ്പിനു മുതലേ പോളിങ്സ്റ്റേഷനു മുന്നിൽ ചെന്ന് ക്യൂ നിന്ന് അതീവശാന്തരായി നാളിതുവരെ നൽകാത്ത പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടത്.നാളിതുവരെ കിട്ടാത്ത പരാജയമാണ് അവർ കോൺഗ്രസ്സിനു നൽകിയത് എന്ന് ചുമ്മാ പറയുന്നതല്ല.543 സീറ്റുള്ള പാർലമെന്റിൽ ജയിക്കാൻ 272 സീറ്റുവേണ്ട പാർലമെന്റിൽ കോൺഗ്രസ്സിനു ലഭിച്ചത് വെറും 44 സീറ്റ്. എന്നുവച്ചാൽ കോൺഗ്രസ്സിന് അംഗീകൃത പ്രതിപക്ഷമാകാൻ പോലും കഴിയില്ലെന്നർത്ഥം.
           തനിയേ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കുമെന്നായിരുന്നു കോൺഗ്രസ്സിന്റെ ആത്മവിശ്വാസം.അതുകൊണ്ടവർ കാതലായ ഒരു സഖ്യത്തിലേർപ്പെടാൻ കൂടി മടിച്ചു.അധികാരം എന്തിനു വെറുതെ പങ്ക് വൈക്കണം എന്നായിരുന്നു അവരുടെ ചിന്താഗഹി.എന്തായിരുന്നു ഈരീതിയിൽ ചിന്തിക്കാൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത്? രണ്ടേ രണ്ടു കാരണങ്ങൾ മാത്രം (1) രാഹുൽ ഗാന്ധി എന്ന കോമാളിയായ തിരുമണ്ടനായ അവരുടെ നേതാവ് , (2) സീനിയർ കോൺഗ്രസ്സ് നേതാക്കന്മാരാരും സത്യം മനസ്സിലാക്കിയിട്ടും രാഹുലിനെ തിരുത്താൻ ശ്രമിച്ചില്ല, അല്ലെങ്കിൽ കോൺഗ്രസ്സിലെ കാര്യപ്രാപ്തിയുള്ള നേതാക്കളാരും ഇടപെടാൻ ശ്രമിച്ചില്ല.സീനിയർ നേതാക്കൾ വരാൻ പോകുന്ന ആപത്ത് അമസ്സിലാക്കിയിരുന്നു എന്നു വേണം വിചാരിക്കാൻ,കാരണം അവരാരും വീണ്ടും മത്സരിക്കാൻ ശ്രമിച്ചില്ല എന്നതു തന്നെ.
          റിസൽറ്റ് വന്നയുടനെ ഒരായിരം കാർട്ടൂണുകളും സ്കിറ്റുകളും കോൺഗ്രസ്സിനെ കളിയാക്കി സോഷ്യൽ മീഡിയാകളിൽ പറന്നു നടന്നിരുന്നു.അതിലെനിക്ക് ഇഷ്ടപ്പെട്ട കഥ അധികാരം നഷ്ടപ്പെട്ട് പഞ്ചാബിലേയ്ക്ക് താമസം മാറ്റിയ നമ്മുടെ മൻ‌മോഹൻ‌ജി തന്റെ ലാംബി സ്കൂട്ടറുമായി ചന്തയ്ക്കു പോയിയത്രെ! പെട്രോളടിക്കാൻ പമ്പിൽ പോയി, ഗോതമ്പു മേടിക്കാൻ മാളീൽ പോയി, പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയി തിരിച്ചു വീട്ടിലേയ്ക്ക് പോകുമ്പോൾ ജി തലപുകഞ്ഞാലോചിച്ചിരുന്നത് തന്റെ പാർട്ടിക്കെങ്ങിനെ ഈ 44 സീറ്റ് കിട്ടിയെന്നാണ്. സത്യത്തിൽ കോൺഗ്രസ്സ് നിലം പറ്റാനാണ് ഈ തിര്ഞ്ഞെടുപ്പിൽ സാധ്യത കൂടുതലായിരുന്നത്.അതു തന്നെ സംഭവിക്കുകയും ചെയ്തു എന്ന് മാത്രം.
         ഒന്നാം യു പി എ ഗവണ്മെന്റ്നേക്കാൾ അഴിമതി ആരോപണങ്ങളും ദുഷ്ചെയ്തികളുംകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്നത് നേരമ്പോക്കാക്കിയിരുന്നു രണ്ടാം യു പി എ ഗവണ്മെന്റ്.അടിക്കടി ഇന്ധനവില വർദ്ധിപ്പിച്ചും ഗ്യാസ് സബ്സിഡിയടക്കം എല്ലാ സബ്സിഡികളും നിറുത്തലാക്കിയും അതേരീതിയിൽത്തന്നെ രാസവളങ്ങളുടെ വിലവർദ്ധിപ്പിച്ചും ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങളൊന്നാകെ ഒന്നുകിൽ വിറ്റുതുലച്ചും അല്ലെങ്കിൽ സ്വകാര്യവൽക്കരിച്ചും രാജ്യത്തെ അനുദിനം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടു കോൺഗ്രസ്സ്.ഇതിനെതിരെ നിരന്തരം അർത്ഥക്ലിഷ്ടമായ കടുംവാക്കുകൾ ഉപയോഗിച്ച് അർത്ഥശാസ്ത്രപണ്ഡിതന്മാരും സാമ്പത്തികവിദഗ്ധരും രാഷ്റ്റ്രീയപണ്ഡിതന്മാരും നിരന്തരം ചർച്ചിച്ചുകൊണ്ടിരുന്നപ്പോഴും അതൊന്നും താഴേത്തട്ടിലെ ജനങ്ങൾ അറിഞ്ഞമട്ടു വച്ചില്ല.അവർ തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നിരന്തരശ്രമത്തിൽ ഉറുംബുകളേപ്പോലെ മുഴുകിയിരുന്നു.
            പക്ഷെ, കിട്ടിയ ആദ്യത്തെ സന്ദർത്തിൽത്തന്നെ അവർ ഭരണാധികാരികൾക്ക് പണികൊടുത്തു.തങ്ങളുടെ ജീവിതത്തോട് ഭരണാധികാരികൾ ചെയ്തതിന് അതേ നാണയത്തിൽത്തന്നെ അവർ തിരിച്ചടിച്ചു.ഉറുംബുകളേപ്പോലെ തന്നെ നിശബ്ദരായി പോളിങ്ങ് സ്റ്റേഷനുകൾക്ക് മുന്നിൽ വെളുപ്പിനേ മുതൽ ക്യൂ നിന്ന് അവർ കോൺഗ്രസ്സിനിനോട് പകരം വീട്ടി.
             കോൺഗ്രസ്സിന്റെ പരാജയം ഇത്ര വിശാലമായി എനിക്ക് പറയേണ്ടി വന്നതിനൊരു പ്രത്യേക കാരണമുണ്ട്.കേരളത്തിൽ കോൺഗ്രസ്സിന് വിചാരിച്ചത്ര ഒരു പരാജയം ഉണ്ടായില്ല.ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ജനം ജീവിക്കുന്ന സംസ്ഥാനമാണ് കേരളം.ഏറ്റവും കൂടുതൽ പത്രമാധ്യമങ്ങൾ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. കോൺഗ്രസ്സ് കാണിച്ചുകൂട്ടിയ എല്ലാ അസംബന്ധങ്ങളും ഒരു പടി കൂടിയ ഡിഗ്രിയിൽ അനുഭവിച്ച സംസ്ഥാനം കൂടിയാണ് കേരളം.ഒരു പക്ഷെ കോൺഗ്രസ്സിന്റെ ദുഷ്ചെയ്തികളേക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച നടന്ന സ്ഥലവും കേരളമായിരിക്കണം.അപ്പോൾ അത്രയും വിദ്യാഭ്യാസമുള്ള ജനത പോലും അറച്ചു നിന്നിടത്താണ് നിരക്ഷരകുക്ഷികളായ ഒരു മഹത് ജനത അവരുടെ ജീവിതം മാത്രം ഉദാഹരണമാക്കിയെടുത്ത് കോൺഗ്രസ്സിനെ മൂലയ്ക്കിരുത്തിയത്.
              ഇതൊരു വലിയ പാഠമായി പുതുതായി അധികാരമേറുന്ന സർക്കാർ ശ്രദ്ധിക്കുമെന്നാണ് നാം പ്രതീക്ഷിക്കുക.പ്രതീക്ഷിക്കുക മാത്രമല്ല അവരത് ചെയ്യുക തന്നെ വേണം.എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ പുതുതായി സ്ഥാനമേറ്റ ബി ജെ പി ഗവണ്മെന്റ് ആ വഴിക്ക് ശ്രദ്ധിക്കുന്നതായി കാണുന്നില്ല.കൊമ്പൻ പോയ വഴിയേ മോഴ എന്നു പറഞ്ഞതു പോലെ കഴിഞ്ഞ കോൺഗ്രസ്സ് ഗവണ്മെന്റിനെ അവർ ഒരു പടി കൂടി മുന്നോട്ട് കടന്ന് അനുകരിക്കുന്നതാണ് കാണുന്നത്.
            ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം തിരിച്ചെടുക്കും എന്ന പ്രഖ്യാപനം നടപ്പിലാക്കാനവർ ശ്രദ്ധിക്കുന്നില്ല, ആരും അതിനേക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. എന്നാൽ കാശ്മീരിന്റെ പ്രതേകാധികാരം എടുത്തുകളയണമെന്ന് മുറവിളിയവർ ഉയർത്തിക്കഴിഞ്ഞു.പ്രതിരോധരംഗത്ത് നൂറുശതമാനം വിദേശനിക്ഷേപം നടപ്പിലാക്കാനുള്ള അവരുടെ തീരുമാനം ഒരു പക്ഷെ കോൺഗ്രസ്സ് സ്വപ്നത്തിൽകൂടി ചിന്തിക്കാത്തതായിരിക്കും.അതു്പൊലെ തന്നെ എല്ലാ പൊതുമേഖലാ രംഗത്തും വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അവരുടെ പുറപ്പാട് ഭാരതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണണം.
              ഒരു പരിധിവരെ ബി ജെ പി യുടെ നയം തന്നെ നമ്മുടെ രാജ്യത്തെ വിദേശക്കമ്പോളത്തിനടിയറവൈക്കുക എന്നുള്ളതാണ് എന്നോർക്കണം. കഴിഞ്ഞ വാജ്‌പൈ ഗവണ്മെന്റ് ആണ് ലൈസൻസ് രാജ് എടുത്തുകളഞ്ഞ് വിദേശക്കുത്തകകളെ പരവതാനി വിരിച്ച് ഭാരതത്തിലേക്ക് ആനയിച്ചത്.അതിന്റെ തുടർച്ച എന്ന രീതിയിലാണ് കോൺഗ്രസ്സ് നടപ്പാക്കിയ നടപടികൾ.
         ചുരുക്കിപ്പറഞ്ഞാൽ ബി ജെ പി ആയാലും കോൺഗ്രസ്സ് ആയാലും ഒരേ നയത്തിന്റെ - ആഗോളവൽക്കരണ നയത്തിന്റെ - വക്താക്കൾ ആണെന്ന് നിസ്സംശയം പറയാം.ഇത്തരം പരിപാടികൾ നടപ്പിലാക്കുമ്പോൾ പണ്ഡിതന്മാരെ അർത്ഥമില്ലാത്ത സാങ്കേതിക സാമ്പത്തീക വചോടപങ്ങളിൽ കുരുക്കിയിടാൻ ഭരണക്കാർക്ക് കഴിഞ്ഞേക്കും. പക്ഷെ ഇന്ത്യയുടെ ആത്മാംശം പേറുന്ന ആ നിരക്ഷര കുക്ഷികളെ - പുസ്തകങ്ങളിലെ വാക്കുകളിൽ അല്ല അവർ ഭാരതത്തെ കാണുന്നത് - പിന്നയോ തങ്ങളുടെ സ്വന്തം ജീവിതത്തിന്റെ അളവുപാത്രം ഉപയോഗിച്ചായിരിക്കും അവർ ഭരണത്തെ അളക്കുക.അതിൽ ഇന്നത്തെ ഭരണാധികാരികൾ പരാജയപ്പെട്ടാൽ ആ നിശബ്ദജീവികൾ വരിവരിയായെത്തും പകരം ചോദിക്കാൻ.
           
Post a Comment