പാപ്പിലിയോ ബുദ്ധ

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                   
                                       ഇന്നലെ “പാപ്പിലിയോ ബുദ്ധ“ എന്ന സിനിമ കാണാനുള്ള അവസരം ലഭിച്ചു.ദളിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെങ്ങറ മുത്തങ്ങ സമരങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിൽ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ.                                                                              ഞാനൊരു നല്ല ചലചിത്ര ആസ്വാദകനോ ചലചിത്ര നിരൂപകനോ അല്ല.പൊതുവേ ഞാൻ മലയാളം സിനിമകൾ പണം കൊടുത്ത് കാണാറില്ല. ഞാൻ അവസാനം തീയറ്ററിൽ പോയി കണ്ട മലയാള ചിത്രം ആറാം തമ്പുരാനാണെന്നു തോന്നുന്നു.ഇതാണ് ഞാനും സിനിമയും തമ്മിലുള്ള ബന്ധം. ആ ഞാനാണ് “പാപ്പിലിയോ ബുദ്ധ”കണ്ട് അഭിപ്രായം പറയുവാൻ പോകുന്നത്.എന്റെ അഭിപ്രായങ്ങൾ ആ രീതിയിൽ കണ്ടാൽ മതി എന്നു കൂടി പറയുകയാണ് ഞാൻ.                                                                                                                                      നമ്മുടെ നാട്ടിൽ ജാതിചിന്ത വളരെ കൂടുതലാണ്.സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും ജാതി ചിന്ത നമ്മുടെ മനസ്സിൽ നിന്നും പോയിട്ടില്ല എന്നു തന്നെയല്ല ഇപ്പോഴിപ്പോൾ ജാതിചിന്ത കൂടിക്കൂടി വരികയാണ്  നാട്ടിൽ. ഭരണാധികാരികളുടെ തികച്ചും നിസ്സംഗമായ അനാസ്ഥയാണിതിനു കാരണം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.ഇപ്പോൾ പുതുതായി കണ്ടുവരുന്ന ഒരു  ട്രെന്റ് എന്താണെന്നുവച്ചാൽ,ജാതിചിന്തയല്ല കൂടുതൽ ഇന്നാട്ടിൽ കാണുന്നത്,പകരം വർഗീയതയാണ്.ഹിന്ദുവിന് മുസ്ലീമിനോട്, മുസ്ലീമിനോട് ഹിന്ദുവിനോടുള്ള വിദ്വേഷം അതാണിന്ന് മുഴച്ചു നിൽക്കുന്നത്.                                                                                                                                                          

കഴിഞ്ഞ ദിവസം ഞാനൊരു അഛനേയും മോനേയും പരിചയപ്പെടാനിടയായി.മകന് കൂടിയാൽ ആറുവയസ്സ് മാത്രം.ആദ്യം മകന് എന്റടുത്തുവരാൻ പേടിയായിരുന്നു. ഞാനൊരു മിട്ടായി കൊടുത്തുകഴിഞ്ഞപ്പോൾ ആശാന്റെ പേടി പമ്പ കടന്നു.അങ്ങനെ സംസാരമായി.ഇന്നെന്താ സ്ക്കൂളീൽ പോകാഞ്ഞേ? പരീക്ഷയാണ്, അപ്പോൾ തനിക്കിന്ന് പരീക്ഷയില്ലേ? ഇല്ല ഇന്ന് അറബി പരീക്ഷയാണ്, അപ്പോൾ താനെന്താ അറബി പരീക്ഷ എഴുതാത്തത്? ആ കൊച്ചു പയ്യന്റെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു, അതിന് ഞാൻ ഹിന്ദുവല്ലേ എന്നണവൻ എന്നോട് ചോദിച്ചത്.അത് സപ്പോർട്ട് ചെയ്യുന്ന മുഖഭാവവുമായി അഛനും.എനിക്കെന്തോ അടികിട്ടിയ മാതിരിയായിപ്പോയി.                                                            അപ്പോൾ ഈ നാട്ടിൽ ഈ രീതിയിലാണ് വേർതിരിവ് വന്നുകൊണ്ടിരിക്കുന്നത്.തീർച്ചയായും ദളിതനായി എന്നതിന് വേർതിരിവ് ഇന്നാട്ടിലുണ്ട് എന്നത് സത്യം തന്നെ.എന്നാൽ അതിലും ഭീഷണമാണ് ഇവിടെയുണ്ടാകുന്ന വർഗീയ വേർതിരിവ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ പാപിലിയൊ ബുദ്ധ കണ്ടത്.                                                                                 പൊതുവേ ആ ചിത്രത്തോട് എനിക്കുള്ള വിയോജിപ്പ് ചിത്രത്തിൽ സമൂഹം എന്നൊരു സാധനം കാണുന്നതേയില്ല എന്നുള്ളതാണ്.ദളിത് പ്രശ്നത്തോടുള്ള കോൺഗ്രസ്സ് ഗവണ്മെന്റിന്റെ (വലതുപക്ഷത്തിന്റെ) സമീപനം  ഭംഗിയായി അവസാനഭാഗത്ത് ചിത്രത്തിൽ കാ‍ണിക്കുന്നുണ്ട്, എന്നാൽ  ഇടതുപക്ഷത്തിന്റെ കാര്യം അലക്ഷ്യമായി പറഞ്ഞുപോവുന്നു എന്നു മാത്രം.ചിത്രത്തിന്റെ ആദ്യഭാഗത്ത് (നടൻ) പൊക്കുടന്റെ വീട്ടിൽ തൂക്കിയിട്ടിരിക്കുന്ന ഇ എം എസിന്റെ ചിത്രത്തെ സായ്പിന് മകൻ ശങ്കരൻ പരിചയപ്പെടുത്തുന്നുണ്ട്, അഛന്റെ ദൈവം എന്നു പറഞ്ഞ്.എന്നാൽ പിന്നീട് (നടൻ)പൊക്കുടൻ ആ ചിത്രം എടുത്തുമാറ്റി പകരം ബുദ്ധന്റെ ചിത്രം വൈക്കുകയും ചെയ്യുന്നു.                                                                                                                                        
                                           
                                                                                                                                                                                    ഇവിടെ ഞാൻ  മനസ്സിലാക്കുന്നത്  ദളിത് പ്രശ്നം പരിഹരിക്കാൻ ഇടതുപക്ഷം പരാജയപ്പെട്ടു എന്നുതന്നെയാണ്.പക്ഷെ എന്റെ രാഷ്ട്രീയം വച്ച് ഞാൻ പറയുന്നു ഇടതുപക്ഷമാണ് ഏറ്റവും ശരിയായ രീതിയിൽ ദളിത് പ്രശ്നം കൈകാര്യം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തത് എന്നാണ്.എന്നാൽ ദളിതർ ആഗ്രഹിക്കുന്നതുപോലെ (ഉദാ: ചെങ്ങറ) ഒരു തീരുമാനം ഇടതുപക്ഷം എടുത്തില്ല, അവർക്കതിനാവുകയുമില്ല താനും.ചിത്രത്തിൽ തന്നെ ഇ എം എസ്സിനെ ,അല്ലെങ്കിൽ ഇടതുപക്ഷത്തിനെ ത്യജിച്ചുകൊണ്ടുള്ള ഒരു പോക്ക് എങ്ങോട്ട് എന്ന് കൃത്യമായി കാണിക്കുന്നു.പക്ഷെ അവിടേയും പൊതുസമൂഹം - നല്ലതാവട്ടെ ചീത്തയാവട്ടെ - എങ്ങും ഉള്ളതായികാണിക്കുന്നുപോലുമില്ല.  ഇതൊരു ശരിയായ കാര്യമല്ല എന്നു ഞാൻ വിചാരിക്കുന്നു.                                                                                                                                                    ഈ പൊതുസമൂഹത്തിന്റെ അഭാവം എന്നെ ഏറ്റവും വേദനിപ്പിച്ചത് മഞ്ജുശ്രീ (കഥാപാത്രം) ഓട്ടോ ഓടിച്ച് ചെല്ലുന്ന ഓട്ടോസ്റ്റാന്റാണ്.കാര്യം മലയോരമേഖലയാണെങ്കിലും നാലോ അഞ്ചോ ഓട്ടോറിക്ഷ പാർക്കുചെയ്യുന്ന ഒരു സ്റ്റാന്റ് ഉള്ളപ്പോൾ അത്യാവശ്യം മനുഷ്യവാസമുള്ള ഒരു പ്രദേശമായിരിക്കണമല്ലോ?   ഒരു സ്റ്റാന്റിൽ പാർക്ക് ചെയ്യ്തിരിക്കുന്ന ഓട്ടോയിൽ കയറി മറ്റൊരു ഓട്ടോഡ്രൈവർ അസഭ്യം പറയുക അതുകണ്ട് മറ്റ് ഡ്രൈവർമാർ ആസ്വദിക്കുക എന്നത് കേരളത്തിലല്ല ലോകത്തെങ്ങും നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല.അതുപോലെ തന്നെ മഞ്ജുശ്രീ(കഥാപാത്രം)യെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന സമയത്ത് അതിനു പങ്കുപറ്റാൻ ആ സ്റ്റാന്റിലെ മുഴുവൻ ഡ്രൈവർമാരും ഉണ്ട് എന്നത് ഒട്ടും വിശ്വസനീയമല്ല.അതൊരു സമൂഹത്തെ മുഴുവൻ കള്ളന്മാരും കൊള്ളക്കാരുമാണെന്ന് പറയുന്നപോലായിപ്പോയി.( മുസ്ലീമുകളെ മുഴുവൻ തീവ്രവാദികളാക്കി മുദ്രകുത്താനുള്ള ഒരു ശ്രമം പുറത്ത് നടക്കുന്നുമുണ്ടല്ലോ?)ഏതാണ്ടത് സാധൂകരിക്കുന്ന ഒരേർപ്പാടായിപ്പോയി ഇത് എന്ന് പറയാതെ വയ്യ.                                                                                                                                              എന്നിട്ട് ഇതിനെതിരെ നടന്ന പ്രതിഷേധം ഏതാണ്ട് ചുരുക്കം ചില ദളിതരുടെ ഇടയിൽ മാത്രമായി ചുരുങ്ങിപ്പോയി എന്നതും അതൊരു പ്രകടനത്തിലും ഒരു ബോംബ് സ്പോടനത്തിലും ഒതുങ്ങുകയും ചെയ്തു എന്നതും ദളിതരെ സ്പോട്ട് ചെയ്യാനുള്ള ശ്രമത്തിൽ കേരളത്തെ താഴ്ത്തിക്കാണിക്കുന്നതുപോലെയായിപ്പോയി എന്ന് പറയാതെ വയ്യ.അങ്ങ് ദൂരെ ഡൽഹിയിൽ അറിയുകപോലുമില്ലാത്ത ഒരു പെൺകുട്ടി ക്രൂരമായ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളം പ്രതികരിച്ചതെങ്ങനെയെന്ന് കണ്ട സംവിധായകൻ ഇങ്ങനെയാ രംഗം ചിത്രീകരിക്കരുതായിരുന്നു.                                                                                                                                                                          ആദ്യത്തെ ഹരാസ്മെന്റിനുശേഷം മഞ്ജുശ്രീ(കഥാപാത്രം) വീട്ടിൽചെന്നുകയറി പറയുന്ന ഡയലോഗ് “നിനക്കറിയ്യോ, ന്റെ രണ്ട് കുറ്റ്യോള് സ്കൂളിൽ പോകുന്നതീ ഓട്ടോ ഓടിയിട്ടാണെന്നാണ്.എന്നാൽ വീട്ടിലോ, കുട്ടികളേയോ അവരുമായി ബന്ധപ്പെട്ട ഒരു വഹകളും കാണാനില്ല തന്നെ.                                                                                                                                                      ഞാനീപ്പറഞ്ഞതെല്ലാം എന്റെ വിവരക്കേടായിരിക്കാം, എനിക്ക് ഒരു സിനിമ കണ്ടാസ്വദിക്കാനുള്ള ക്ഷമത ഇല്ലായിരിക്കാം.കാരണം ഞാൻ നേരത്തേ പറഞ്ഞതുപോലെ സിനിമ കാണാത്ത ഒരാളാണ്.അതുകൊണ്ട് നിരൂപണം എഴുതുന്ന ആരെങ്കിലും ഒരാളിത് വായിക്കുന്നുണ്ടെങ്കിൽ ദയവായി ഒന്ന് തിരുത്തിത്തരാൻ അഭ്യർത്ഥന.എങ്കിൽകൂടിയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ശബ്ദം എന്ന നിലയിൽ ഞാനീ ചിത്രത്തിനെ ആദരവോടെ തന്നെ കാണുന്നു, ഈ ചിത്രം കാണാൻ എല്ലാവരോടും ശുപാർശ ചെയ്യുന്നു.
Post a Comment