മംഗൾയാൻ മംഗളമാകുമ്പോൾ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                         ലർന്നു കിടന്നു മാനത്തു നോക്കാൻ തുടങ്ങിയ മനുഷ്യൻ ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യമാണ് , ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്നത്.അന്ന് രാത്രികളിൽ 
തീക്കുണ്ഡത്തിന്റെ ചുടു പറ്റി മലർന്നു കിടന്ന മനുഷ്യൻ മാനത്തെ നക്ഷത്രങ്ങൾ കണ്ട്  ആകാശമാകുന്ന മൈതാനത്തെ തീക്കുണ്ഡങ്ങളായി നക്ഷത്രങ്ങളെയും അതിനുചുറ്റും മലർന്നു കിടക്കുന്ന മനുഷ്യരേയും ഓർത്ത് അൽഭുതപ്പെട്ടുകാണുമെന്ന് കാൾ സാഗൻ പറയുന്നു.
                           ആദ്യം നഗ്നനേത്രങ്ങൾ കൊണ്ടും പിന്നീട് ദൂരദർശിനികളുപയോഗിച്ചും ഇന്ന് അത്യ്നതാധുനീക സാങ്കേതിക ഉപകരണങ്ങൾ  ഉപയോഗിച്ചും മനുഷ്യൻ തിരയുന്നത് അഭൗമ മനുഷ്യരെ തന്നെ .എന്നാൽ ശാസ്ത്രസാങ്കേതികത വർദ്ധിച്ച ഇക്കാലത്ത് അവൻ അഭൗമ മനുഷ്യന് പകരം ജീവന്റെ കണികകളെ തിരയാനാരംഭിക്കുകയും ചെയ്തു.
                           ഇത്തരം അന്വേഷണങ്ങൾ ആദ്യം ചെന്നത് സൗരയൂഥ ഗ്രഹങ്ങളിലെയ്ക്കും ഉപഗ്രഹങ്ങളിലെയ്ക്കും  തന്നെയായിരുന്നു എന്നത് തികച്ചും സ്വാഭാവികം.1960 - 70 കാലത്തെ അന്വേഷണം കൊണ്ട് വ്യക്തമായ ഒരു കാര്യം ഉണ്ട്.ബുധനും ശുക്രനും ഭൂമിയുടേതുപോലുള്ള ഉറച്ച ഗ്രഹങ്ങളാണെങ്കിലും ഉയർന്ന താപനിലയും ഉയർന്ന കാർബണ്‍  ഡയോക്സൈഡിന്റെ സാന്നിദ്ധ്യവും കുറഞ്ഞ ഓക്സിജൻ സാന്നിദ്ധ്യവും അവിടെ ജീവന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നു.അതുപോലെ തന്നെ വ്യാഴം ,ശനി,യുറാനസ് ,നെപ്റ്റ്യൂണ്‍ തുടങ്ങിയ വാതകഗ്രഹങ്ങളിൽ അവിടേയും ജീവനുണ്ടാകാനുള്ള സാദ്ധ്യത കുറവാണ് .പിന്നെയുള്ളത് പലകാര്യങ്ങളിലും ഭൂമിക്ക് സമാനമായുള്ള ഗ്രഹമായ ചൊവ്വയാണ്.ഇത് തന്നെയാണ്  ചൊവ്വാദൗത്യത്തിന്റെ പ്രാധാന്യവും.
                ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൌത്യം( Inter Planetory Mission) ആണ് മംഗൾ യാൻ എന്നറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ .സത്യത്തിൽ ചന്ദ്രയാൻ മിഷൻ തുടങ്ങുംവരെ ഇന്ത്യ ഭൗമാന്തരീക്ഷ ഉപഗ്രഹങ്ങളും  ( IRS) കംമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും ( ജിസാറ്റ് , ഇൻ സാറ്റ് ശ്രേണി ) നിര്മ്മിക്കാനും വിക്ഷേപിക്കാനും മാത്രമുള്ള പ്റാവീണ്യമേ നേടിയിരുന്നൊള്ളൂ .എന്നാൽ ഗ്രഹാന്തര ദൌത്യങ്ങൾ ഇതിൽ നിന്നും വ്യത്യസ്ഥമാണ്.
               (1) 700 - 850 കി മി ഉയരത്തിൽ സഞ്ചരിക്കുന്ന ഇര്സ് ഉപഗ്രഹങ്ങളായോ ഭൂസ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുമായോ കമ്യൂണിക്കേഷൻ നടത്തുക എന്നത് പ്രയാസമുള്ള കാര്യമല്ല.എന്നാൽ ഭൂമിയിൽ നിന്ന് വളരെ ദൂരെ 22.4 കോടി കിലോമീറ്റർ ദൂരെയുള്ള ഉപഗ്രഹങ്ങളുമായി കമ്യൂണിക്കേഷൻ നടത്തുക പ്രയാസമാണ്.
(2) ഭൂമിയിൽ നിന്ന് മംഗള്‌യാൻ ചൊവ്വയിലെത്താൻ 22.4 കോടി കിലോമീറ്റർ സഞ്ചരിക്കണം.എന്നാൽ അതൊരു നേർരേഖയല്ല .( Crow flying distance).പകരം ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ച് പുറത്തുവരുന്ന ഉപഗ്രഹം നിർബന്ധമായും സൂര്യനെ കേന്ദ്രമാക്കിയുള്ള സൗരകേന്ദ്രിത ഭ്രമണപഥത്തിൽ സഞ്ചരിക്കേണ്ടിവരും.മംഗൾയാൻ ഇത്തരം പാതയിലൂടെ 70 കോടി കിലോമീറ്റർ സഞ്ചരിച്ചാലേ ചൊവ്വയുടെ അടുത്തെത്തു.ഇതിനിടയിൽ ചില തിരുത്തലുകൾ വേണ്ടി വരും.ഇത് മംഗൾയാന്  മാത്രമല്ല മാവേനും മാർസ് സയൻസ്‌ ലാബരട്ടരിയ്ക്കും ബാധകമാണ്.
(3) ചൊവ്വയുടെ ഉപരിതലത്തിലോ ഭ്രമണപഥത്തിലോ എത്തണമെങ്കിൽ ഉപഗ്രഹത്തിന്റെ വക്രപാത്ത ചൊവ്വയുടെ ഭ്രമണപഥത്തെ മുറിച്ച് കടക്കേണ്ടി വരും.
(4)പാത മുറിച്ചു കടക്കുന്നിടത്ത് ചൊവ്വ എത്തുമ്പോൾ ഉപഗ്രഹവും എത്തണം.തന്നെയുമല്ല ഉപഗ്രഹത്തിന്റെ വേഗത കുറച്ച് ചൊവ്വയുടെ ആകർഷണവലയത്തിൽ പെടുകയും വേണം.
(5) ഏറ്റവും പ്രധാനം , ചൊവ്വയ്ക്കടുത്തുള്ള ഉപഗ്രഹത്തിലേയ്ക്ക് സന്ദേശം അയച്ചാൽ അതവിടെ എത്തണമെങ്കിൽ 12 മിനിറ്റും 14 സെക്കന്റും വേണം, തിരിച്ചും.അതുകൊണ്ടുതന്നെ ഈ ഉപഗ്രഹത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ് .അതുകൊണ്ടുതന്നെ ഇത്തരം ഉപഗ്രഹങ്ങളിൽ സ്വന്തമായി കാര്യങ്ങൾ നടത്താനുള്ള കഴിവ് (Autonomous action) വേണം.
                           ഇപ്പരഞ്ഞ ഒരു കാര്യത്തിലും ഇന്ത്യക്ക് പ്രാവീണ്യം ഉണ്ടായിരുന്നില്ല.ഇത്തരത്തിലൊരു ഉപഗ്രഹത്തെ ഉണ്ടാക്കുക,സൗര കേന്ദ്രികൃത ഭ്രമണപഥത്തിലൂടെ അയക്കുക,ചോവ്വയുടെ ഫോട്ടോ എടുക്കുക,ചൊവ്വയുടെ ബാഹ്യമണ്ഡലം വിശകലനം ചെയ്യുക,ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള ദ്യൂറ്റരീയത്തിന്റെയും (Hydrogen Isotope)ഹൈഡ്രജന്റേയും അനുപാതം രേഖപ്പെടുത്തുക,ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള  ന്റെ അളവ് കണ്ടുപിടിക്കുക,ചൊവ്വയുടെ അന്തരീക്ഷത്തിൽ മീതൈൻ ഉണ്ടോ എന്ന് കണ്ടുപിടിക്കുക ഇതൊക്കെയായിരുന്നു മംഗൾയാന്റെ ലക്ഷ്യങ്ങൾ. ഈ  മീതൈൻ പരിശോധനയിലാണ് ചൊവ്വയിൽ ജീവനുണ്ടോ ഉണ്ടായിരുന്നോ  എന്നൊക്കെ പ്രധാനമായും വെളിപ്പെടുക .
          2013 നവംബർ  5 നാണ് മംഗൾയാൻ വിക്ഷേപിച്ചത് ,13 ദിവസത്തിനുശേഷം 18 ന്  അമേരിക്കയുടെ മാവേനും .എന്നിട്ടും ആദ്യമെത്തിയത്‌ മാവേനാണ്.എന്താണതിനു കാരണമെന്നു നോക്കാം .
                  ഏതൊരു വസ്തുവും ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് പുറത്ത്തുകടക്കണമെങ്കിൽ അതിനൊരു നിശ്ചിത വേഗതയുണ്ടായിരിക്കണം .11 .2 കിമി / സെക്കന്റ്  ആയ ഈ വേഗതയ്ക്ക് പലായനവേഗത (Escape Velocity) എന്നുപറയും .ഒരു വസ്തുവിനും ഈ വേഗതയിൽ അയയ്ക്കാൻ നമുക്കാവില്ല ,തന്നെയുമല്ല വിക്ഷേപിച്ച് സമയം കഴിയുംതോറും സ്പീഡ് കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യും.ഇത് മറികടക്കാൻ ശാസ്ത്രജ്ഞൻമാർ ഒരു  വിദ്യ പ്രയോഗിക്കും .ആദ്യം റോക്കറ്റ് വിക്ഷേപിക്കും എന്നിട്ട് അതിനെ ഒരു ഭൂസമീപ ഭ്രമണപഥത്തിലെത്തിക്കും അവിടുന്നു ഒരു ബൂസ്റ്റർ റോക്കറ്റ് ജ്വലിപ്പിച്ച്   വേഗംകൂട്ടി  ആകർഷണവലയം ഭേദിച്ച് പുരത്‌കടത്തും .ഇതാണാവിദ്യ .
            മാവേനിൽ അതിനേക്കാൾ വലിയൊരു ബൂസ്റ്റർ റോക്കറ്റാണുപയോഗിച്ചത് ,സെന്റോർ എന്നപേരിൽ .ഈ ബൂസ്റ്റർ റോക്കറ്റുണ്ടാക്കിയ 99,000 ന്യൂട്ടണ്‍ തള്ളൽബലം (Thrust) ഉപയോഗിച്ച് ഭൂമിയുടെ ആകർഷണബലം ഭേദിച്ച് ചൊവ്വയിലേയ്ക്ക് പോയി.എന്നാൽ മംഗൾയാനിൽ ഉണ്ടായിരുന്നതോ തള്ളൽബലം വളരെ കുറഞ്ഞ "ലാം (LAM )" എന്ന ബൂസ്റ്റർ റോക്കറ്റ് ഉണ്ടാക്കിയ 440 ന്യൂട്ടണ്‍ ത്രസ്റ്റ്  മാത്രവും .
                         അതുകൊണ്ടെന്തു ചെയ്തു എന്ന് വച്ചാൽ നമ്മൾ ഭൂമിയ്ക്കുചുറ്റും മംഗൾ യാനെ അഞ്ചുപ്രാവശ്യം കറക്കി.ഓരോ പ്രാവശ്യവും ഭ്രമണപഥം വലുതാക്കി വലുതാക്കി കൊണ്ടുവന്ന് ( ഓരോ പ്രാവശ്യം കരങ്ങുമ്പോഴും തള്ളൽ കൂടിക്കൂടി വരും) ആറാമത്തെ പ്രാവശ്യം ഒരു ചെറിയ ബൂസ്റ്റർ ഉപയോഗിച്ച് നമ്മുടെ ഭ്രമണപഥത്തിൽ നിന്നും ചൊവ്വയുടെ പഥത്തിലേയ്ക്ക് തള്ളിവിട്ടു.അതുകൊണ്ട് നമ്മൾ പിന്നാലെ വന്ന മാവേന്റെ പിന്നിലായിപ്പോയെങ്കിലും ചിലവ് തുലോം കുറവായിക്കിട്ടി.
                  ആദ്യ റോക്കറ്റ് ഉപഗ്രഹത്തെ 248  കി മി ഭൗമസമീപവും ( പെരിജി) 23,550 കി മി ഭൗമോച്ചവും ( അപ്പോജി) ഉള്ള ഭ്രമണപഥത്തിൽ എത്തിച്ചു.തുടർന്ന്  ആറു പ്രാവശ്യമായി ഭൗമോച്ചം 1,92,918 കി മി ആയി ഉയർത്തി .ഇത് ഉപഗ്രഹത്തെ ചൊവ്വയിലേക്കെത്തിക്കാൻ തയ്യാറാക്കി.അങ്ങനെ ഡിസംബർ 1 നു ഉപഗ്രഹം ചൊവ്വയിലേയ്ക്ക് യാത്രയായി.തുടർന്ന് 298 ദിവസത്തെ (10 മാസം ) യാത്രക്കുശേഷം ഉപഗ്രഹം ചൊവ്വയുടെ അടുത്തെത്തി.ഈ ദീർഘയാത്രയിൽ 3 ചെറിയ പഥതിരുത്തലുകളേ വേണ്ടി വന്നുള്ളു.സെപ്തംബർ 24 ന് മംഗൾയാൻ ചൊവ്വയ്ക്ക്‌ വളരെ അടുത്തെത്തി.
            ഇതിനുമുന്പ്  സെപ്തംബർ 14,15,16 തിയതികളിൽ നമ്മുടെ ശാസ്ത്രജ്ഞന്മാർ ചില ഡാറ്റകൾ മംഗൾ യാനിന്റെ കമ്പൂട്ടരിലേക്കയച്ച് സ്റ്റോർ ചെയ്തു .ഈ ഡാറ്റ ഉപയോഗിച്ചാണ് മംഗൾ യാൻ സെപ്തംബർ 24 നു പ്രവർത്തിച്ചത് .
             ലാം (LAM) എന്ന ബൂസ്റ്റർ റോക്കറ്റാണ് മംഗൾ യാനെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കാനായി  സ്പീഡ് കുറക്കാൻ ഉപയോഗിച്ചത് .ഇതേ ബൂസ്റ്റരാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ 6 പ്രാവശ്യം ജ്വലിപ്പിച്ച മോട്ടോർ .പിന്നീട് 298 ദിവസങ്ങളിലായി സുപ്താവസ്തയിലായിരുന്ന മോട്ടോർ .നേരത്തെ ഈ മോട്ടോർ ജ്വലിപ്പിക്കാനായി ഇന്ധനം ഒഴിക്കിയ കുഴലുകൾ ദ്രവിച്ചുപോകാനുള്ള സാധ്യതകൾ ഏറെയാണ്.നേരത്തെ ഈ മോട്ടോർ ആറുപ്രാവശ്യം ജ്വലിപ്പിച്ചിരുന്നു എന്നോർക്കണം.ഈ കുഴലുകൾ ദ്രവിച്ച്ചാലും പകരം ഉപയോഗിക്കാൻ പാരലൽ സിസ്റ്റം ഇതിൽ ഉണ്ട്.ഭാഗ്യവശാൽ ആ പാരലൽ സിസ്റ്റെം ഉപയോഗിക്കേണ്ടി വന്നില്ല.ഇത് ടെസ്റ്റ്‌ ചെയ്യുന്നതിനാണ് 26 നു ലാം പ്രവർത്തിപ്പിച്ചു നോക്കിയത്.എന്നാൽ ടെസ്റ്റ്‌ വിജയമായിരുന്നു.(മംഗൾ യാനിന്റെ വിജയം ലാമിന്റെ പ്രവർത്തനത്തിലാണ് ഉള്ളത്.ലാം പരാജയപ്പെട്ടിരുന്നെങ്കിൽ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടേയിരുന്നേനെ.)
               സെപ്തംബർ 24 നു രാവിലെ 4 മണി 17 മിനിട്ടിനു മംഗൾ യാനിന്റെ ഭൂമിയുമായുള്ള കമ്മൂണിക്കേഷൻ മീഡിയം ഗെയിൻ ആന്റിന ഏറ്റെടുത്തു.( ലാം പ്രവർത്തിപ്പിക്കുന്ന സമയത്ത് ഉപഗ്രഹം 180 ഡിഗ്രി തിരിയുമ്പോൾ ഹൈ ഗെയിൻ ആന്റിന ഭൂമിയുടെ നേരെ വരില്ല.) 6 മണി 56 സെക്കന്റിന് റിയാക്ഷൻ ചക്രങ്ങൾ ഉപയോഗച്ച് മംഗൾ യാനെ 180 ഡിഗ്രി തിരിച്ചു.ഇപ്പോൾ മംഗൾ യാനിന്റെ യാത്രാദിശയിലാണ് ലാമിന്റെ നോസിൽ .കൃത്യം 7.12 ന് മംഗൾ യാൻ ചൊവ്വയ്ക്ക്‌ പിന്നിൽ മറഞ്ഞു.7 14 നു ഉപഗ്രഹത്തിന്റെ സ്ഥിരത കണിശമായി നിയന്ത്രിക്കാൻ 22 ന്യൂട്ടണ്‍ ത്രസ്റ്റ്‌ തരുന്ന ചെറിയ ത്രസ്റ്റരുകൾ ജ്വലിപ്പിക്കുന്നു.7.12 നു ലാം ജ്വലനം ആരംഭിക്കുന്നു.7.37 നു ഉപഗ്രഹം ചൊവ്വയുടെ മറവിൽ നിന്നും പുറത്തുവരുന്നു,7.41 വരെ ജ്വലനം തുടരുന്നു.ഈ സമയം കൊണ്ട് ഉപഗ്രഹത്തിന്റെ വേഗം സെക്കന്റിനൊരു കിലോമീറ്റർ എന്ന കണക്കിനു കുറയുന്നു, ചൊവ്വയുമായുള്ള ഉപഗ്രഹത്തിന്റെ ആപേക്ഷികവേഗത പൂജ്യം ആകുന്നു.പിന്നോട്ട് തലതിരിഞ്ഞ്ഞ്ഞിരിക്കുന്ന ഉപഗ്രഹം നേരെയാക്കുന്നു (ത്രസ്റ്റരുകൾ ഉപയോഗിച്ച് 180 ഡിഗ്രി തിരിച്ച്).സ്പീഡ് പൂജ്യത്തിനടുത്തായി കുറഞ്ഞതിനാൽ ഉപഗ്രഹം ചൊവ്വയുടെ ആകർഷണത്തിനു വിധേയമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു.
             അങ്ങനെ ഉപഗ്രഹത്തിന്റെ ഏറ്റവും പ്രധാനമായ പരീക്ഷണഘട്ടത്തെ അതിജീവിച്ചു.ഇന്ത്യയുടെ യശസ്സ് മംഗൾയാൻ വാനോളം ഉയർത്തി.6 മാസമാണ് മംഗൾയാന്റെ പ്രതീക്ഷിത ആയുസ്സ് .
( സത്യത്തിൽ ഈ ലേഖനം ഐ എസ്  ആർ ഒ യിലെ ശാസ്ത്രജ്ഞനായിരുന്ന ശ്രീ പി എം സിദ്ധാർത്ഥന്റെ ഒരു ലേഖനത്തിൽ നിന്നും അടിച്ചുമാറ്റിയതാണ്. വളരെ സിമ്പിൾ ആയി ആർക്കും മനസ്സിലാവുന്ന രീതിയിൽ ഇതിൽ വിവരിച്ചിരിക്കുന്നതുകണ്ട് കൊതി വന്നിട്ടാണീ അടിച്ചുമാറ്റൽ നടത്തിയിരിക്കുന്നത്.)

2 comments :

  1. മലർന്നു കിടന്നു മാനത്തു നോക്കാൻ തുടങ്ങിയ മനുഷ്യൻ ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യമാണ് , ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്നത്.അന്ന് രാത്രികളിൽ
    തീക്കുണ്ഡത്തിന്റെ ചുടു പറ്റി മലർന്നു കിടന്ന മനുഷ്യൻ മാനത്തെ നക്ഷത്രങ്ങൾ കണ്ട് ആകാശമാകുന്ന മൈതാനത്തെ തീക്കുണ്ഡങ്ങളായി നക്ഷത്രങ്ങളെയും അതിനുചുറ്റും മലർന്നു കിടക്കുന്ന മനുഷ്യരേയും ഓർത്ത് അൽഭുതപ്പെട്ടുകാണുമെന്ന് കാൾ സാഗൻ പറയുന്നു.
    ആദ്യം നഗ്നനേത്രങ്ങൾ കൊണ്ടും പിന്നീട് ദൂരദർശിനികളുപയോഗിച്ചും ഇന്ന് അത്യ്നതാധുനീക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും മനുഷ്യൻ തിരയുന്നത് അഭൗമ മനുഷ്യരെ തന്നെ .എന്നാൽ ശാസ്ത്രസാങ്കേതികത വർദ്ധിച്ച ഇക്കാലത്ത് അവൻ അഭൗമ മനുഷ്യന് പകരം ജീവന്റെ കണികകളെ തിരയാനാരംഭിക്കുകയും ചെയ്തു.

    ReplyDelete
  2. പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും!!!!!!
    എന്നൊരു പാട്ടുമായി ഇന്‍ഡ്യന്‍ ജനത!

    ReplyDelete