ചുണ്ടുകള്‍ക്ക് വേലികെട്ടുന്നവര്‍

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                 ചുമ്പനസമരത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും പ്രകമ്പനം കൊള്ളുകയാണ്.സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇപ്പോഴും വാദ എതിര്‍‌വാദങ്ങള്‍ തിമിര്‍ത്താടുകയാണ്.അപ്പോള്‍ ഞാന്‍ ഈ സമരത്തേക്കുറിച്ചെഴുതാതിരിക്കുന്നതെങ്ങനെ?
                                   ആദിയില്‍ വംശവര്‍ദ്ധനവിനായി സ്ത്രീപുരുഷ ആകര്‍ഷണത്തിന്റെ ഭാഗമായിട്ടായിരിക്കണം ചുമ്പനം കണ്ടെത്തിയത്.പരസ്പരം ചുണ്ടുകള്‍ തമ്മിലുരസുമ്പോള്‍ ഉണ്ടാകുന്ന സുഖാനുഭൂതി മറ്റെല്ലാത്തിലേയ്ക്കും നയിക്കുകയും അങ്ങനെ വംശവര്‍ദ്ധനവിനു കളമൊരുങ്ങുകയും ചെയ്തു.പക്ഷെ അവിടെ സ്ത്രീയും പുരുഷനും എന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നും നിലനിന്നുകാണാനിടയില്ല.എന്നാല്‍ നായാടി സഞ്ചരിച്ചിരുന്ന മനുഷ്യന്‍ കൃഷി കണ്ടുപിടിക്കുകയും സ്ഥിരവാസമാരംഭിക്കുകയും ചെയ്തതിന്റെ ഫലമായി സംസ്കാരം കല എന്നിവ പുഷ്ടിപ്പെടാന്‍ തുടങ്ങി. ആ കാലഘട്ടത്തിലായിരിക്കണം മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പവിത്രതയും ഏക പത്നീ/ ഭതൃ സ്ഥിതിയിലേക്കെത്തുകയും ചെയ്തത്.
പിന്നീട് ഈ ബന്ധം പലതലങ്ങളില്‍ കെട്ടുപിണഞ്ഞ് കുരുങ്ങി മറിഞ്ഞ് ഇന്നത്തെ അവസ്ഥയിലെത്താന്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടായിരിക്കണം.ഇതിനുള്ള ഏറ്റവും വലിയ തെളിവ് ലോകത്തെ പലഭാഗങ്ങളിലും പലതരത്തിലാണ് സ്ത്രീപുരുഷ ബന്ധങ്ങള്‍ നിലകൊള്ളുന്നത്.
                 ഇതിന്റേ ഏറ്റവും വലിയ തമാശ ചുംബനസമരക്കാരെ എതിര്‍ക്കാന്‍ ഒത്തുകൂടിയ ഹൈന്ദവവാദികളെ സംബന്ധിച്ചിടത്തോളം ഏകപത്നീവൃതം ജീവന്റെ ഭാഗമാകുമ്പോള്‍ കൂടെയുള്ള എസ് ഡി പി ഐ ക്കാരെ സംബന്ധിച്ചിടത്തോളം അത് അത്ര നിര്‍ബന്ധമുള്ള കാര്യമല്ല എന്നുള്ളതാണ്.എന്തിന് ഒരു നൂറു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ രാവിലെ തറവാട്ടുമുറ്റത്തു കുത്തിക്കെടുത്തിയിട്ടിരിക്കുന്ന ചൂട്ടുകറ്റകളുടെ എണ്ണമായിരുന്നു തറവാടിന്റെ വില നിശ്ചയിക്കുക. ഈ ചൂട്ടുകറ്റയുമായി വരുന്ന പുരുഷന്മാര്‍ ഏതായാലും ഭരണഘടന പഠിപ്പിക്കാനല്ലല്ലോ വരുന്നത്.
                                 അതിനുശേഷം കൂട്ടുകുടുംബങ്ങളും അതിനുശേഷം ഇന്ന് നിലനില്‍ക്കുന്ന അണുകുടുംബവ്യവസ്ഥയും വന്നു.നമുക്കറിയാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പറയാനില്ലെങ്കിലും കേരളത്തെ സംബന്ധിച്ച് നിലവിലുള്ള് സിസ്റ്റം മാറ്റത്തിനു പക്വമായി ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ്.നമ്മുടെ യുവ തലമുറ നാമൊക്കെ പ്രതീക്ഷിക്കുന്നതില്‍ നിന്നും വളരെയേറെ മുന്നോട്ട് പോയിരിക്കുന്നു.അവരുടെ പോക്കില്‍ ശരി മാത്രം കാണുന്നവരുണ്ടാകാം, തെറ്റ് മാത്രം കാണുന്നവരുണ്ടാകാം.അത് അവരുടെ നോട്ടത്തിനനുസരിച്ചിരിക്കും.
                                എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ പല ശരികളും ചെയ്യുന്നതോടൊപ്പം നിരവധി തെറ്റുകളും ചെയ്യുന്നു.പക്ഷെ ഇതിലെ വിരോധാഭാസമെന്തെന്നാല്‍ ശരി ചെയ്യുന്നതിനും തെറ്റ് ചെയ്യുന്നതിനും ഉത്തരവാദികള്‍ മറ്റെപ്പോഴുമെന്നപോലെ വര്‍ക്കുമുന്നേ നില്‍ക്കുന്ന തലമുറയാണ്. ഞാനുദ്ദേശിക്കുന്നത് ശരിയായ വിദ്യാഭ്യാസം - ജനാധിപത്യപരവും ശാസ്ത്രബോധത്തിലുറച്ചതും യുക്തിചിന്തയിലധിഷ്ഠിതമായതുമായ - നല്‍കുന്നതില്‍ മൂത്ത തലമുറയായ നമ്മള്‍ പരാജയപ്പെട്ടു എന്നു തന്നെയാണ്.നമുക്കോ ആ സംഭവം ലഭിച്ചില്ല, നമുക്ക് ലഭിക്കാത്തതുകൊണ്ട് അത് നല്‍കുന്നതില്‍ നാം അത്ര ശ്രദ്ധിച്ചില്ല താനും.
                              ഒരൊറ്റ ഉദാഹരണം കൊണ്ട് ഞാനിത് വ്യക്തമാക്കിത്തരാം.നമ്മുടെ പാഠപുസ്തകങ്ങളില്‍ - അത് ഏത് സിലബസ്സെങ്കിലുമാവട്ടെ - പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ അന്തസ്സില്‍ ജീവിക്കേണ്ടവരാണെന്ന ധാരണ കൊടുക്കുന്ന ഏതെങ്കിലും ഒരു വരി കാണിച്ചു തരാന്‍ കഴിയുമോ?എവിടേയും പെണ്‍കുട്ടി അടക്കമൊതുക്കത്തോടെയും അച്ചടക്കത്തോടെയും ഒതുങ്ങി ജീവിക്കേണ്ടവളാകുമ്പോള്‍ ആണ്‍കുട്ടി സര്‍‌വസ്വാതന്ത്ര്യവുമനുഭവിച്ച്  ജീവിക്കേണ്ടവരാണെന്ന സന്ദേശമല്ലേ നമ്മള്‍ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് കൊടുതുകൊണ്ടിരിക്കുന്നത്?
         പെണ്‍കുട്ടികള്‍ എപ്പൊഴും ആണ്‍കുട്ടികളില്‍ നിന്നകന്ന് നില്‍ക്കേണ്ടവരാണെന്നല്ലേ നമ്മള്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്? ആ സന്ദേശമല്ലേ നമ്മുടെ സംഘികള്‍ മുല്‍ സുഡാപ്പികള്‍ വഴി കെ എസ് യുക്കാര്‍ വ്നരെ മനസ്സിലാക്കി വച്ചിരിക്കുന്നത്.ഇന്ന് പട്ടണപ്രദേശങ്ങളിലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തോളോട് തോള്‍ ചേര്‍ന്ന് എല്ലാത്തിലും ഒന്നിച്ച് നിന്ന് ഒന്നിച്ച് പഠിച്ച് ഒന്നിച്ച് രാത്രിഷിഫ്ടുകളില്‍ പോലും പണീയെടുത്ത് കഴിഞ്ഞുപോരുന്നുണ്ടെന്നു കാണാം.അങ്ങനെ വരുമ്പോള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അവരൊന്നിച്ച് ആകുമ്പോള്‍ പരസ്പരം കൂട്ടുകൂടുന്നതുപോലെ തന്നെ സ്വയം സം‌രക്ഷിക്കാനും അവര്‍ ശീലിക്കുന്നു.
                പിന്നെ മറ്റൊന്നുള്ളത്, പഴയ കാലത്തെന്ന പോലെ ഇന്നത്തെകാലത്തും അപകടങ്ങളിലേക്ക് വീഴുന്നവര്‍ ഉണ്ട്.പണ്ടുകാലങ്ങളില്‍ അപകടത്തില്‍ പെട്ടാല്‍ സ്വയം നശിപ്പിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രം പുരോഗമിച്ചതിന്റെ ഫലമായി നിരവധി മാര്‍ഗങ്ങള്‍ രക്ഷപെടാനായിട്ടുണ്ട്.എന്നാല്‍ ഇത്തരം അപകടങ്ങളില്‍ ചെന്ന് പെടുന്നവരുടെ എണ്ണം തുലോം കുറവാണെന്നുകാണാം.ഇത് നമ്മുടെ സമൂഹത്തിനു മൊത്തം വന്ന തിരിച്ചറിവിന്റെ ഭാഗമായി കാണണം.റോഡില്‍ ധാരാളം വഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്, ദിനേന പത്രങ്ങള്‍ തുറന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ധാരളമായി കാണാം.എന്നാല്‍ മൊത്തം ഉള്ള വാഹനങ്ങളുടെ , അല്ലെങ്കില്‍ ആകെ ഡ്റൈവര്‍മാരുടെ ഒരു ചെറിയ ശതമാനം മാത്രമാണ് അപകടത്തില്‍ പെടുന്നത് എന്ന് കാണാം.പണ്ട് അപകടമുണ്ടാവുന്നതുപോലെയല്ല ഇന്ന് അപകടമുണ്ടായാല്‍.പണ്ട് മാരകമായ പരിക്ക് പറ്റിയാല്‍ ഒരു തിരിച്ചുവരവില്ലായിരുന്നെങ്കില്‍ ഇന്നങിനെയല്ല, അങ്ങോട്ടുപോകുന്നവരുടെ എണ്ണം തുലോം കുറവാണ്. നമ്മുടെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതി തന്നെ കാരണം.അപകടം പറ്റി അങ്ങേ അറ്റം ചെന്ന് തിരിച്ചുവന്ന ഒരാളെ നമ്മള്‍ ഒരിക്കളും ബഹിഷ്കരിക്കാറില്ലല്ലോ, അതുതന്നെ സമൂഹത്തിലും.
                  കേരളത്തില്‍ ഇപ്പൊഴുണ്ടായ പ്രശ്നങ്ങളെ ഇങ്ങനെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.ആണും പെണ്ണും ഒന്നിച്ച് നടക്കുമ്പോള്‍ അവരുടെ ബന്ധത്തിന്റെ തീവ്രത അനുസരിച്ച് അല്പസ്വല്പ്പം ഇത്തരം പരിപാടികളൊക്കെ അരങ്ങേറും.അത് കണ്ടില്ല കേട്ടില്ല എന്നുവചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ, അത് ഒളിക്യാമറയില്‍ പകര്‍ത്തി റേറ്റ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച ചാനലുകാര്‍ ആണ് നമ്മുടെ സമൂഹത്തോട് ഏറ്റവും ഗുരുതരമായ തെറ്റ് ചെയ്തത്.അതും ഇന്ത്യാരാജ്യത്തിന്റെ ഭരണം ചിരകാലം കയ്യാളിയിരുന്നതും നമ്മൂടെ സംസ്ഥാനത്തിന്റെ ഭരണസാരത്ഥ്യം ഇപ്പോള്‍ വഹിക്കുന്നവരുടെ ഉടമസ്തതയിലുള്ളതാണാ ചാനല്‍ എന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.അത് കണ്ട പാതി കേട്ട പാതി ഹോട്ടല്‍ തല്ലിപ്പൊളിക്കാനിറങ്ങിയവര്‍ വ്യക്തമാക്കേണ്ട ഒരു കാര്യം സ്ത്രീകള്‍ പുരുഷന്മാരുടെ സ്വകാര്യസ്വത്താണോ അതോ അവര്‍ - ഏതുറോളിലാണെങ്കിലും - സ്വതന്ത്ര വ്യക്തിത്വങ്ങളാണോ എന്നാണ്.
സ്ത്രീയും പുരുഷനും ഒന്നിച്ച് തോളോട് ചേര്‍ന്ന് പണിയെടുക്കുക,ഒന്നിച്ച് വിനോദങ്ങളിലേര്‍പ്പെടുക,ഒന്നിച്ച് സുഭിക്ഷമായി ജീവിക്കുക എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്ന യു എന്നെ , ഭാരതത്തെ ഐശ്വര്യത്തിലേക്ക് നയിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന് പ്രഖ്യാപിക്കണം.
                 മാറി വരുന്ന ലോകസാഹചര്യങ്ങളില്‍ സ്ത്രീയും പുരുഷനും എല്ലാ രംഗങ്ങളിലും ഒന്നിച്ച് തോളോട് തോള്‍ ചേര്‍ന്ന് മുന്നേറുന്ന കാഴ്ചയാണു കാണാന്‍ കഴിയുക.അങ്ങനെ ചെയ്താലല്ലാതെ മനുഷ്യന് മുന്നേറാനാവില്ല എന്ന് ലോകമെങ്ങും മാനവരാശി മനസ്സിലാക്കിക്കഴിഞ്ഞു, അതിനനുസരിച്ചുള്ള കര്‍മ്മങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.തന്നെയുമല്ല ഇതൊരല്‍ഭുതമല്ലാതഅവുകയും ചെയ്തിരിക്കുന്നു.അതുകൊണ്ടുതന്നെ ഇതിനു പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അവരാരായാലും അവരുടെ സ്ഥാനം അറബിക്കടലിലണെന്നുമാത്രം ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.


Post a Comment