ഖര്‍ വാപസ്സി

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                           സ്വന്തം വീട്ടിലേയ്ക്കുള്ള തിരിച്ചുവരവ് ഏവര്‍ക്കും മധുരമുള്ള ഒരനുഭൂതിയായിരിക്കും.കണ്ണൂരും കാസറകോടും ഒക്കെ ജോലി ചെയ്തിട്ടുള്ള ഈ ലേഖകന്‍ രണ്ടു ദിവസമൊക്കെ കുടുംബവുമായി സ്വന്തം വീട്ടില്‍ വന്ന് നിന്നിട്ട് തിരിച്ചുപോകുമ്പോള്‍, അതും അഛനേയും അമ്മയേയും അനിയനേയും പെങ്ങള്‍മാരേയും പിരിഞ്ഞ് പോകുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു നീറ്റലുണ്ടാകാറുള്ളത് ഇപ്പോഴും ഓര്‍ക്കുന്നു.അതിലും ഭീകരമായിരുന്നു സ്വന്തം കുടുംബത്തെ വീട്ടില്‍ നിറുത്തിയിട്ട് ജോലിസ്ഥലത്തേയ്ക്ക് പോകുന്നതും. ഭാര്യയോടും കൊച്ചുമകനോടും യാത്ര പറഞ്ഞ് മുഖം ഒരിക്കല്‍ തിരിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കാറില്ല, നോക്കിയാല്‍ രണ്ടു  സ്ഥലത്തും കരച്ചില്‍ പൊട്ടിയിരിക്കും എന്നത് കട്ടായം.ഇന്ന് ദുബായിയില്‍ കുടുംബസമേതം ജീവിക്കുന്ന അനിയന്‍ നാട്ടില്‍ വന്ന് ഒരുമാസം നിന്ന് തിരിച്ചുപോകുമ്പോള്‍ അവനുണ്ടാകുന്ന വിഷമം എനിക്കൂഹിക്കാമെങ്കിലും അതിലും കൂടുതലാണെന്നൊരിക്കലവന്‍ സൂചിപ്പിച്ചിരുന്നു.സ്വന്തം വീട്ടിലാണ് എന്നും മനുഷ്യന്‍ സുരക്ഷിതനാകുന്നതെന്നും അതുകൊണ്ടാണ് അവന്‍ എന്നും തിരിച്ചുവീട്ടിലേയ്ക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്നതെന്നും  എന്റെ അഛന്‍ ഇടക്ക് പറയാറുണ്ട്.സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുവന്ന മുടിയനായ പുത്രന് രാജകീയ സ്വീകരണം അഛന്‍ നല്‍കുന്നതിന്റെ (ബൈബിള്‍) കാരണവും ഇതുതന്നെയായിരിക്കണം.
                       പക്ഷെ, ഇന്ന് ഖര്‍ വാപസ്സ് എന്നു പറയുമ്പോള്‍ ചിത്രം മാറുന്നു.വിരഹവും സന്തോഷവും ഒന്നുമല്ല ഇന്ന് ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്, പകരം ക്രൗര്യവും ചോരക്കൊതിയും ഭീഷണിയുമൊക്കെയാണ്.ഭാരതീയരെല്ലാം എന്നും ഹിന്ദുക്കളായിരുന്നുവെന്ന് ഇന്നത്തെ ഖര്‍ വാപസ്സിക്കാര്‍ ആദ്യമേ പ്രഖ്യാപിക്കുന്നു.എന്താണിതിനു തെളിവെന്നു ചോദിച്ചാല്‍ മറുപടി രക്തം ഇറ്റിറ്റു വീഴുന്ന നാവും ആയുധങ്ങളുമാണ്. സത്യത്തില്‍ ഹിന്ദുമതം എന്നൊരു മതമില്ലെന്ന് ഒരുമാതിരി ചരിത്രപണ്ഡിതന്മാരെല്ലാം അംഗീകരിച്ച സംഗതിയാണ്. സിന്ധു നദീതടത്തിനു ചുറ്റും ജീവിച്ചിരുന്നവരെ ആദ്യം സിന്ധുക്കള്‍ എന്നും പിന്നീടത് ഹിന്ദുക്കളെന്നുമായി എന്നത് യുക്തിപൂര്‍ണമായ കണ്ടെത്തല്‍ തന്നെയാണ്.ഇവരില്‍ ആദ്യകാല മനുഷ്യരുണ്ട്, പിന്നീട് അവരെ ആട്ടിയോടിച്ച് ആധിപത്യം സ്ഥാപിച്ച ആര്യന്മാരുണ്ട്, ഇവിടേയ്ക്ക് പടയോട്ടം നടത്തിയ വിദേശികളുണ്ട്, വിവിധമതക്കാരുണ്ട്, അവരുടെയൊക്കെ നീക്കിബാക്കികളാണ് ഇന്നത്തെ ഭാരത - ഹിന്ദു - സംസ്കാരം എന്ന് വേണമെങ്കില്‍ പറയാം.അതുപോലെതന്നെ ഇവിടുന്ന് പോയവരുമുണ്ട്, അവര്‍ അവരുടെ സംസ്കാരം അവര്‍ ചെന്നയിടങ്ങളില്‍ പ്രചരിപ്പിച്ചിട്ടുമുണ്ടാകണം.അങ്ങനെ സ്വതന്ത്രമായി ഒഴുകിപ്പരക്കുന്ന ഒന്നാണല്ലോ മനുഷ്യജീവിതവും അവന്റെ സംസ്കാരവും .ഇതാണ് ചുരുക്കം വാക്കുകളില്‍ ലോകത്തിന്റെ ചരിത്രവും.
                      ഇന്ത്യന്‍ ഭരണഘടനയുണ്ടാക്കുമ്പോള്‍ നിരവധി പണ്ഡിതന്മാര്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും അവയെല്ലാം ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഭരണഘടന.അന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നിരുന്നത് ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി മാറ്റണോ എന്നതിനേക്കുറിച്ചാണ്.ഏതായാലും നമ്മുടെ ഭാഗ്യം , നമ്മുടേതൊരു മതേതര രാഷ്ട്രമായാണ് അന്നവര്‍ എഴുതിവച്ചത്.മതേതര സ്വഭാവമുള്ള  നമ്മുടെ ഭരണഘടന പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഏതുമതത്തില്‍ വിശ്വസിക്കാനും ഏതുമതത്തില്‍ ചേരാനും അതോടൊപ്പം തന്നെ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. 
                     പിന്നെ നമ്മളോര്‍ക്കേണ്ട മറ്റൊരുകാര്യം വികസിതരാഷ്ട്രങ്ങളൊക്കെത്തന്നെ മതത്തെ തിരസ്കരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. എന്നാല്‍ അവരില്‍ നല്ലൊരു ഭാഗവും ദൈവവിശ്വാസികളാണുതാനും. അതായത് നല്ലൊരു ദൈവവിശ്വാസിയാണെങ്കിലും അവരാരും മതവിശ്വസികളല്ലെന്നു ചുരുക്കം.പള്ളികളില്‍ വിശ്വാസികള്‍ കയറാത്തതുമൂലം പല പള്ളികളും പൊളിച്ചുനീക്കുകയോ അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി മാറ്റിവൈക്കുകയോ ചെയ്തിരിക്കുന്നു  അവിടെ.ബ്രിട്ടണിലെ ഒരു പുരാതനമായ പള്ളിയുടെ ഭാഗം ബാറുനടത്താന്‍ വിട്ടുകൊടുത്ത കഥ നാം കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വായിച്ചതാണ്.ഇത്രത്തോളമില്ലെങ്കിലും ഇസ്ലാം മതത്തിലും മാറ്റത്തിന്റെ കൊടുംകാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്.വളരെ കര്‍ശനമായ അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ ലഘൂകരിക്കുന്ന രീതിയിലേക്കവരും മാറിക്കൊണ്ടിരിക്കുന്നു. എന്താണിതിനു കാരണമെന്നു അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അവരുടേയും നമ്മളുടേയും ജീവിതങ്ങളിലെ അന്തരമാണ്.
                    വികസിത രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ അവര്‍ എത്ര ദരിദ്രരായാലും അവരുടെ ജീവിതം ഒരുയര്‍ന്ന പരിധിവരെ ഭദ്രമാണ്. തങ്ങളുടെ ജീവിതത്തിന് ഭദ്രത നല്‍കാന്‍ പാകത്തിന് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അവിടെയുണ്ട് എന്നതാണതിനു കാരണം.  അതുകൊണ്ടുതന്നെ നാളെയേക്കുറിച്ചൊരു വേവലാതിയും അവര്‍ക്കില്ല എന്നുകാണാം.( ഗള്‍ഫ് രാഷ്ട്രങ്ങളിലെ കണക്കില്ലാത്ത എണ്ണപ്പണം അവിടത്തെ തദ്ദേശീയരുടെ ജീവിതവും മെച്ചപ്പെടുത്തിയിരിക്കുന്നു എന്ന് കാണാം.)സ്വന്തം കാര്യം നോക്കി പണിയെടുത്ത് ജീവിക്കുന്നവര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ദൈവത്തെ ഒരുയര്‍ന്ന പരിധിവരേയും മതത്തെ വന്‍‌തോതിലും അവരുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമായിരിക്കുന്നു.
                    എന്നാല്‍ നമ്മുടെ സ്ഥിതി ഇതില്‍ നിന്ന് വളരെ വളരെ വ്യത്യസ്ഥമാണ്, നമ്മുടെ മാത്രം സ്ഥിതിയല്ല, മിക്കവാറും മൂന്നാംലോകരാഷ്ട്രങ്ങളിലെ പൊതുസ്ഥിതിയും ഇതുതന്നെയാണ്. പണിയെടുക്കുന്നവന്‍ നട്ടെല്ലുപൊട്ടി പണിയെടുക്കുന്നു, അതിന്റെ ഗുണവശങ്ങള്‍ ഒരു ന്യൂനപക്ഷം അനുഭവിക്കുന്നു.തന്റെ കുടുമ്പത്തിലുണ്ടാകുന്ന ഏതൊരു അത്യാഹിതമായാലും ആഘോഷമായാലും അതവസാനിക്കുന്നത് സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്തുന്നതിലായിരിക്കും.    അത്ര പരിതാപകരമായ അവസ്ഥയിലൂടെയാണ് ബഹുഭൂരിപക്ഷം ഭാരതീയന്റേയും ജീവിതം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പണിയെടുത്ത് കുടുംബവും രാജ്യവും പുലര്‍ത്തുന്ന ആ പാവപ്പെട്ടവന്നായി യാതൊരു വിധ സാമൂഹ്യസുരക്ഷാ പദ്ധതികളും നിലവില്ല. ഇനി അഥവാ വല്ലതുമുണ്ടെങ്കില്‍ തന്നെ അതവനു ലഭിക്കുന്നു എന്ന് ഉറപ്പാക്കാനായി യാതൊരു മെക്കാനിസവും നിലവിലില്ല താനും. പതിനായിരക്കണക്കിനു കോടികള്‍ വരുന്ന പണക്കാരുടെ കടബാധ്യത യാതൊരു ചളിപ്പുമില്ലാതെ എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ടവന്‍ വാങ്ങിയ ആയിരങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ അവനെ കുടിയൊഴിപ്പിച്ച് ആ പണം ഈടാക്കാന്‍ ഭരണകൂടം യാതൊരു മടിയും വിചാരിക്കാറില്ല.
                            മുതലാളിത്ത ഭരണകൂടം ഇവിടെ അവശേഷിച്ചിരുന്ന ഫ്യൂഡലിസവുമായി സന്ധി ചെയ്ത് നടത്തുന്ന ഭരണം സാധാരണക്കാരനു വിദ്യാഭ്യാസം നല്‍കാനോ അവന്റെ ആരോഗ്യം സം‌രക്ഷിക്കാനോ അവനു ഭക്ഷണം നല്‍കാനോ ശ്രദ്ധിക്കുന്നില്ല. മുതലാളിത്തമായിരുന്നെങ്കില്‍ ഫാക്ടറികളീല്‍ പണിയെടുക്കാനുള്ള മിനിമം വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കുമായിരുന്നു, പണിയെടുക്കാനുള്ള മിനിമം ആരോഗ്യത്തിനുള്ള ഭക്ഷണം നല്‍കുമായിരുന്നു.(മുതലാളിത്തത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട് എന്നത് മറക്കുന്നില്ല.)എന്നാല്‍ ഫ്യൂഡലിസവും മുതലാളിത്തവും ഒരേപോലെ നടമാടുന്നതിനാല്‍ അതിവികസിതമായ വ്യവസായ കേന്ദ്രങ്ങളും അവയെ ചുറ്റി അജ്ഞതയിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്ന പതിനായിരക്കണക്കിനു ഗ്രാമങ്ങളും ഒരേ കുടക്കീഴില്‍ നിലകൊള്ളുന്നത്.(ഇതിന്റെ മറ്റൊരു ഇഫക്റ്റാണ് വളരെ ശ്രദ്ധയും കഴിവും ഉപയോഗിച്ച് അനവധി മനുഷ്യാധ്വാനം ചിലവഴിച്ചുണ്ടാക്കിയ റോക്കറ്റ് വിക്ഷേപിക്കുന്നതിന്നുമുന്‍പ് അതിന്റെ മോഡലുണ്ടാക്കി തിരുപ്പതിയില്‍ പൂജിച്ചതും.)
            ഇത്തരമൊരു രാജ്യത്ത് മതശക്തികള്‍ അഴിഞ്ഞാടുന്നതില്‍ അല്‍ഭുതത്തിന്ന് യാതൊരു അവകാശവുമില്ല. ജനജീവിതം ദുസ്സഹമാകുന്തോറും അവന്‍ അവന്റെ അവസ്ഥകള്‍ തിരിച്ചറിയാനും സംഘം ചേരാനും ഉള്ള സാധ്യതകള്‍ ഏറെയാണ്.അത്തരം നാമ്പുകളെ ഞെരിച്ചമര്‍ത്താന്‍ ഭരണകൂടം സമര്‍ത്ഥമായിത്തന്നെ മതത്തെ ഉപയോഗിക്കുന്നു.പ്രത്യേകിച്ച് മതത്തിന്റെ പേരുമ്പറഞ്ഞ് അധികാരത്തിലേറിയ ഇന്നത്തെ ഭരണത്തിന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്ന യാതൊന്നും ചെയ്യാന്‍ കഴിഞിട്ടില്ല എന്നതാണ് സത്യം.ഇന്നത്തെ പ്രധാനമന്ത്രി ഇലക്ഷന്‍ സമയത്ത് എന്തൊക്കെ ജനങ്ങളോട് പറഞ്ഞിരുന്നുവോ അതൊന്നും നിറവേറ്റാനുള്ള യാതൊരു ശ്രമവും അദ്ദേഹത്തിനില്ല.വികസനകാര്യത്തില്‍ അദ്ദേഹം തന്റെ തട്ടകമായ ഗുജറാത്തിനേക്കുറിച്ച് പറഞ്ഞതുമുഴുവന്‍ പൊളിയായിരുന്നെന്ന് അക്കൗണ്ടന്റ് ജനറല്‍ വെളിപ്പെടുത്തുന്നു.ഇന്ത്യ അദ്ദേഹത്തിന്റെ കാലത്തോടെ  പിന്നോട്ടാണെന്ന് സകല വിദഗ്ധരും പറയുന്നു.അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ വിവാദപ്രസ്താവനകളിറക്കാന്‍ മാത്രം സമയം കണ്ടെത്തുന്നവരും.ഇതൊക്കെ ജനങ്ങളില്‍ വല്ലാത്ത അസംതൃപ്തിയുണ്ടാക്കുന്നുണ്ട്.ഇതിനെ തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ ബുദ്ധിരാക്ഷസന്മാര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വര്‍ഗീയത - നഗ്നമായ വര്‍ഗീയത. ആ വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണ് മതം മാറ്റം.പാവപ്പെട്ടവന്നെ , ദാരിദ്ര്യമനുഭവിക്കുന്നവനെ മതം മാറ്റാന്‍ എളുപ്പമാണ്, അവനെ പണം കാണിച്ചും മറ്റാനുകൂല്യങ്ങള്‍ കാണിച്ചും പ്രലോഭിച്ചാല്‍ മാത്രം മതി.ഇത്തരം മതം മാറ്റം ആരു ചെയ്താലും തെറ്റുതന്നെയാണ്. അത് ഇസ്ലാം ചെയ്താലും കൃസ്ത്യാനി ചെയ്താലും വി എഛ് പി ചെയ്താലും തെറ്റ് തന്നെയാണ്. എന്നാല്‍ ഒരു മതം മാറ്റത്തെ പ്രതിരോധിക്കേണ്ടത് തിരിച്ച് മതം മാറ്റിയല്ല ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയും അവന് ശരിയായ വിദ്യാഭ്യാസം നല്‍കിയുമാണ്. അത് ചെയ്യാതെ അയ്യോ മതം മാറ്റുന്നേ, അതു ചെയ്യുന്നേ ഇതുചെയ്യുന്നേ എന്നൊക്കെ ഒച്ചയിടുന്നത് വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ തെളിവ് മാത്രമാണ്.
                             ഈ സമയത്ത് സോഷ്യല്‍ സൈറ്റുകളില്‍ കൂടിയുള്ള മിഡില്‍ക്ലാസ് കാരന്റെ അന്തമില്ലാത്ത ചര്‍ച്ചകള്‍ ഭീതിയുളവാക്കുന്നു.അയാള്‍ എന്നെ നോക്കിയല്ല നിന്നെ നോക്കിയല്ലേ പറഞ്ഞത്? നീയെന്താണ് മിണ്ടാത്തത്? മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രമേയം പാസ്സാക്കി പിരിഞ്ഞ കണ്ടോ എന്നീ രീതിയിലുള്ള നിലപാടുകള്‍ നമ്മെ എങ്ങും എത്തിക്കില്ല.കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അവസാനം കവി പാടിയതുപോലെയാലും.:- അവസാനം അവരെന്നെത്തേടി വന്നപ്പോള്‍ എന്നെ രക്ഷിക്കാനാരുമുണ്ടായിരുന്നില്ല.
                        

3 comments :

  1. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അവസാനം കവി പാടിയതുപോലെയാലും.:- അവസാനം അവരെന്നെത്തേടി വന്നപ്പോള്‍ എന്നെ രക്ഷിക്കാനാരുമുണ്ടായിരുന്നില്ല.

    ReplyDelete
  2. അന്ധകാരഘട്ടം എന്ന് ഇക്കാലത്തെപ്പറ്റി നാളെ ചരിത്രം വിശേഷിപ്പിച്ചേക്കാം

    ReplyDelete
  3. >> ദാരിദ്ര്യമനുഭവിക്കുന്നവനെ മതം മാറ്റാന്‍ എളുപ്പമാണ്, അവനെ പണം കാണിച്ചും മറ്റാനുകൂല്യങ്ങള്‍ കാണിച്ചും പ്രലോഭിച്ചാല്‍ മാത്രം മതി.ഇത്തരം മതം മാറ്റം ആരു ചെയ്താലും തെറ്റുതന്നെയാണ്. അത് ഇസ്ലാം ചെയ്താലും കൃസ്ത്യാനി ചെയ്താലും വി എഛ് പി ചെയ്താലും തെറ്റ് തന്നെയാണ്. എന്നാല്‍ ഒരു മതം മാറ്റത്തെ പ്രതിരോധിക്കേണ്ടത് തിരിച്ച് മതം മാറ്റിയല്ല ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയും അവന് ശരിയായ വിദ്യാഭ്യാസം നല്‍കിയുമാണ്. അത് ചെയ്യാതെ അയ്യോ മതം മാറ്റുന്നേ, അതു ചെയ്യുന്നേ ഇതുചെയ്യുന്നേ എന്നൊക്കെ ഒച്ചയിടുന്നത് വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ തെളിവ് മാത്രമാണ്. << ശരിയാണ്

    ReplyDelete