ഹെഡ്‌മാഷും മറ്റു സാറന്മാരും.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                 ശാസ്ത്രത്തേക്കാള്‍ വലുത് ജ്യോതിഷം ആണെന്ന് ബി ജെ പി എം പി രമേശ്‌ പൊക്രിയാല്‍ ..പാവം എം പി. അദ്ദേഹത്തിനു ജ്യോതിഷവും അറിയില്ല ശാസ്ത്രവും അറിയില്ല.എല്ലാ ബി ജേ പിക്കാരും കേറി എന്തൊക്കയോ പറയുന്നു, എന്നാപ്പിന്നെ താനായിട്ടെന്തിനാ മറിച്ചുനില്‍ക്കുന്നതെന്ന് വിചാരിച്ചുകാണും.പാവം എം പി. അദ്ദേഹത്തിനറിയില്ലല്ലോ കാറ്റ് മാറിവീശിത്തുടങ്ങി എന്ന്.കാരണം ഇന്നലെ ഒരു മന്ത്രീണി പറഞ്ഞ വിടുവായത്തത്തെ പ്രധാനമന്ത്രിക്കു തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു.ദല്‍ഹി ഭരിക്കേണ്ടത് ബി ജെ പിയല്ലെങ്കില്‍ ജാരസന്തതികളഅയിരിക്കും എന്നാണവര്‍ വിടുവായില്‍ വിളിച്ചുകൂവിയത്.അവസാനം വാക്കുകള്‍ സൂക്ഷ്ച്ചുപയോഗിക്കണമെന്നവരെ താക്കീത് ചെയ്യെണ്ടിവന്നതായാണ് വാര്‍ത്ത.എന്നുവച്ചാല്‍ ബി ജെ പി ആര്‍ എസ് എസ് വികാരത്തിന്റെ മൂര്‍ത്തീഭാവമായ പ്രധാനമന്ത്രിക്കുപോലും അസഹനീയമായിത്തുടന്‍ഗ്ങിയിരിക്കുന്നു തന്റെ അനുയായികളുടെ വിടുവായത്വം.
                   ശരിക്കും പറഞ്ഞാല്‍ ഈ വിടുവായത്വം തുടങ്ങിവച്ചത് അദ്ദേഹം തന്നെയാണ്.പണ്ട് ഗണപതിയുടെ കഴുത്തിനുമേല്‍ ആനത്തല പിടിപ്പിക്കുകവഴി പ്ലാസ്റ്റിക്ക് സര്‍ജറി തുടങ്ങിവച്ചത് ഭാരതത്തിലാണെന്നദ്ദേഹം മൊഴിയുകയുണ്ടായി.മഹാഭാരതത്തില്‍ കൗരവരുടെ അമ്മയുടെ ഗര്‍ഭം പുറത്തെടുത്ത് നൂറുകഷണങ്ങളായി മുറിച്ച് കുടത്തില്‍ സൂക്ഷിച്ച് നൂറു കുട്ടികളെ സൃഷ്ടിച്ച കഥ അനുസ്മരിച്ചുകൊണ്ട് ടെസ്റ്റ് റ്റ്യൂബ് ശിശുക്കളെ ആദ്യമായി സൃഷ്ടിച്ചതും ഭാരതത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.വാദ്യാര് തന്നെ ഇങ്ങനെയാകുമ്പോള്‍ ആ കളരിയില്‍ വാഴുന്ന മറ്റുള്ളവര്‍ വാദ്യാരെ വെല്ലണമല്ലോ? പാവം ഭാരതീയരായ നമ്മള്‍ എന്തെല്ലാം അനുഭവിക്കുകയും കാണുകയും ചെയ്താല്‍ നമ്മുടെ ഈ ജന്മം തീര്‍ന്നുകിട്ടും നമുക്ക്?
                      ഏതായാലും അവസാനത്തെ വിടുവായത്വമായ ജ്യോതിഷവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം മാത്രം ഒന്നു നോക്കാം, എന്നിട്ടുവേണമല്ലോ ഏത് വലുത് ഏത് ചെറുത് എന്നു തൂക്കിനോക്കാന്‍.ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഒരു മൂവായിരം നാലായിരം കൊല്ലം മുന്‍പുള്ള ജ്യോതിശാസ്ത്രത്തെ ഭരതനാട്യത്തിന്റെ മേക്കപ്പ് അണിയിച്ചതാണ് ഇന്നത്തെ ജ്യോതിഷം.അന്നത്തെ മനുഷ്യര്‍ വാനം നോക്കിയിരുന്നു, ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനമൊക്കെ അവര്‍ നിരീക്ഷിച്ചിരുന്നു.ചലനത്തിന്റെ ഗതികണ്ട് അവര്‍ധരിച്ചത് ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും ബാക്കി പ്രാപ്ഞ്ചത്തിലെ വസ്തുക്കളൊക്കെയും ഭൂമിക്കുചുറ്റും കറങ്ങുകയും ചെയ്യുന്നു എന്നായിരുന്നു.അന്നത്തെ ജീവിതത്തിന് ആ പ്രപഞ്ചവീക്ഷണം ധാരാളമായിരുന്നു.കാരണം ഇത്രയൊക്കെ അറിവ് അവര്‍ക്ക് ധാരാളമായിരുന്നു, ദിക്കറിയാനും സമയമറിയാനും.ഇതിനു രണ്ടിനും ആ കൃത്യത മതിയായിരുന്നു അന്നത്തെ ജീവിതത്തിന്.
                  ആ ജ്യോതിശാസ്ത്രം ഉപയോഗിച്ചവര്‍ സമയവും കൃഷിസമയവും ഒക്കെ രേഖപ്പെടുത്തിവൈക്കുകയും ചെയ്തിരുന്നു. അതിനായി അവര്‍ ഗ്രഹനില രൂപപ്പെടുത്തുകയും ചെയ്തു പിന്നീട്.പ്രപഞ്ചകേന്ദ്രമായ ഭൂമിയ്ക്കു ചുറ്റുംകറങ്ങുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും ആദ്യം ഒരു ചക്രത്തിലും പിന്നീട് അത് ഗ്രഹനിലയിലേയ്ക്കും രേഖപ്പെടുത്തുന്നതിലവര്‍ വിജയിച്ചു.പിന്നീട് ഇതിലെ രാശികള്‍ക്കും ഗ്രഹങ്ങള്‍ക്കും മനുഷ്യസദൃശ്യമായ സ്വഭാവവിശേഷങ്ങള്‍ കല്പിച്ചുകൊടുക്കുകയും അതാത് സമയത്ത് ജനിക്കുന്ന വ്യക്തികള്‍ക്ക് ആ ഗുണങ്ങളുണ്ടാകുമെന്ന് പറയുകയും ചെയ്യുന്നു ജ്യോതിഷം.
                ഇനി ഇതിന്റെ ഏറ്റവും പരിഹാസ്യമായ രൂപം എന്താണെന്നുവച്ചാല്‍ കഴിഞ്ഞ മൂവായിരം നാലായിരം കൊല്ലങ്ങള്‍ കൊണ്ട് ജ്യോതിശാസ്ത്രം വളരെയേറെ വളര്‍ന്നിരിക്കുന്നു.മനുഷ്യന്റെ മാനം നോക്കാനുള്ള കഴിവുകള്‍ ശതഗുണീകരിച്ചിരിക്കുന്നു.നിരവധി ടെലസ്കോപ്പുകള്‍, അതും ഭൂമിയിലും ബഹിരാകാശത്തും സ്ഥാപിച്ചവ , എത്രയെത്ര അല്‍ഭുതങ്ങളെ മാനത്ത് കാട്ടിത്തന്നിരിക്കുന്നു. എന്നാല്‍ അതിനനുസരിച്ച് ജ്യോതിശാസ്ത്രം മാറിയപ്പോള്‍ ജ്യോതിഷമോ അതേ നില്‍‌പ്പു തന്നെ നില്‍ക്കുന്നു.ജ്യോതിഷാചാര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കെട്ടിയുണ്ടാക്കിയതുമാത്രം ശരി എന്ന നിലയില്‍തന്നെ നില്‍ക്കുകയാണ് ഇന്നത്തെ ജ്യോതിഷികള്‍.അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് ജ്യോതിഷമെന്നാല്‍ മൂവായിരം നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജ്യോതിശാസ്ത്രത്തെ മേക്കപ്പണിയിച്ചതാണെന്ന്.
                      ഇനി ശാസ്ത്രം എന്ന സങ്കല്‍‌പ്പത്തെക്കുറിച്ച് നോക്കാം.ജ്യോതിഷവും അതുപോലുള്ളവയും പ്രചരിപ്പിക്കുന്നതിനായുള്ള ഒരു ഗവേഷണസ്ഥാപനമുണ്ട് കേരളത്തില്‍.അതിന്റെ ഡയറക്ടര്‍ പ്രോഫസര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് കേള്‍ക്കൂ :- (1) https://www.youtube.com/watch?v=8vqzDVrm55Q (2) https://www.youtube.com/watch?v=C78kHf7JUEE.ഇതിലദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട് ശാസ്ത്രം എന്നാല്‍ വലിയവര്‍, വിദ്വാന്മാര്‍ പറയുന്നത് മാത്രമാണെന്ന്.വിദ്വാന്മാര്‍ പറയുന്നതൊക്കെ ശരി എന്നുപറഞ്ഞാലത് ശരിയാകുമോ? അവിടേയും അദ്ദേഹം മറുപടി പറയുന്നുണ്ട് ഇരുട്ടുമുറിയില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്നതിന്നു തുല്യമാണെന്ന്.
             അപ്പോള്‍ അതാണ് ഈ വിദ്വാന്മാരുടെ മഹദ്‌വചനങ്ങളുടെസ്ഥിതി.ഇനി മറുവശത്തോ? അവിടെ ശാസ്ത്രം ( സയന്‍സ്) എന്നാല്‍ ഒരു ജീവിതരീതിയാണ്.അളന്നും കണക്കെടുത്തും എണ്ണിയും കൂട്ടിയും കുറച്ചും സൂക്ഷ്മമായി നിരീക്ഷിച്ചും നാം നിഗമനത്തിലെത്തുന്നു.ശരിയല്ലേ," കുട്ടിയ്ക്കു പനിവന്നാല്‍ അയ്യോ ആ ഡോക്ടറുടെ അടുത്തുപോകരുത് അങ്ങേ ആശുപത്രിയിലെ ഡോക്ടര്‍ മിടുക്കനാ കുറച്ചുമരുന്നേ തരൂ എന്നാല്‍ ശഠെന്ന് രോഗം മാറിയിരിക്കും" എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇതുതന്നെ നിരീക്ഷണം നിഗമനം എന്നതിന്റെയൊക്കെ ഒരു രൂപമാണിത്.ഇതില്‍ നിന്ന് ,ഉകളിലെ ഉദാഹരണത്തിലേതുപോലെ നമ്മളൊരു നിഗമനത്തിലെത്തും, ആ ഡോക്ടര്‍ മിടുക്കനാണെന്ന്. എന്നിട്ടോ വിണ്ടും നമ്മള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും.അപ്പോള്‍ നമ്മുടെ അഭിപ്രായം മാറാം പുതിയ ഡോക്ടര്‍ വരാം, അല്ലെങ്കില്‍ ഈ ഡോക്ടറുടെ ഗുണം കുറയാം, അതുമല്ലെങ്കില്‍ അയാള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ എഴുതാന്‍ തുടങ്ങാം.അപ്പോള്‍ നമ്മള്‍ നിഗമനവും മാറ്റുന്നു.ഇതാണ് ശാസ്ത്രീയത അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി എന്നുപറയുന്നത്.( ഇത് വളരെ പ്രാകൃതമായ ഒരുദാഹരണം മാത്രമാണ്, വിശദാംശങ്ങളിലും സൂക്ഷ്മാംശങ്ങളിലും ഒക്കെ വളരെയേറെ വ്യത്യാസങ്ങളുണ്ടാകാം.എന്നാലും ഇതാണ് ശരിയായ അര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ രീതി.)
                     ഇനി അവസാന ചോദ്യം? ഏതുശാസ്ത്രമാണ് മുന്തിയത്? ഏതുശാസ്ത്രമാണ് ശരി?പഴയ ആ ജ്യോതിഷമോ അതോ ഇന്നത്തെ സയന്‍സോ?സത്യത്തില്‍ അത് ശരി ഇതു തെറ്റ് എന്നു ശാസ്ത്രത്തെ (സയന്‍സിനേ ) സംബന്ധിച്ച് പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.കാരണം അന്നത്തെ ജനങ്ങള്‍ക്ക് അന്നത്തെ ജീവിതരീതിയ്ക്ക് അതായിരുന്നു ശരി, ഇന്നത്തെ ജനങ്ങള്‍ക്ക് ഇന്നത്തെ ജീവിതരീതിയ്ക്ക് ഇതാണ് ശരി.നാളെയോ അതും ഇതും ആയിരിക്കണമെന്നില്ല ശരി അന്നത്തെ ശരി വേറെയായിരിക്കും.അല്ലെങ്കില്‍ നമുക്ക് ഇങ്ങനെയേ പറയാനൊക്കൂ, ശാസ്ത്രം (സയന്‍സ്) ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ ശരിയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.ഉദാഹരണത്തിന് ഭൂമി പരന്നതാണെന്നും അത് പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍ അങ്ങനെയല്ല ഭൂമിയല്ല പ്രപഞ്ചകേന്ദ്രം എന്നു പറഞ്ഞൊരാള്‍ ചെന്നാല്‍ എന്തുസംഭവിക്കുമെന്ന് നമുക്കറിയാം.അതേ പോലെ ഇന്ന് ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്ന് പറഞ്ഞൊരാള്‍ വന്നാല്‍ അന്ന് സംഭവിച്ചത് ഇന്ന് സംഭവിക്കാതിരിക്കുന്നത് ജനങ്ങളുടെ ശാസ്ത്രബോധം വളര്‍ന്നതുകൊണ്ടുമാത്രമാണ്.
                          അപ്പോള്‍ ഇതിനിടയിലൊരാള്‍ അതും നമ്മേ ഭരിക്കുന്ന ശ്രേണിയില്‍ പെട്ടൊരാള്‍ അതാണ് ശരി ഇതല്ല ശരി എന്നു പറയുമ്പോള്‍ ഇന്നത്തെ ശാസ്ത്രബോധമുള്ള ജനത ആ പറഞ്ഞയാള്‍ ശരിയല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ടിവരും.

2 comments :

  1. ശാസ്ത്രം (സയന്‍സ്) ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ ശരിയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.ഉദാഹരണത്തിന് ഭൂമി പരന്നതാണെന്നും അത് പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍ അങ്ങനെയല്ല ഭൂമിയല്ല പ്രപഞ്ചകേന്ദ്രം എന്നു പറഞ്ഞൊരാള്‍ ചെന്നാല്‍ എന്തുസംഭവിക്കുമെന്ന് നമുക്കറിയാം.അതേ പോലെ ഇന്ന് ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്ന് പറഞ്ഞൊരാള്‍ വന്നാല്‍ അന്ന് സംഭവിച്ചത് ഇന്ന് സംഭവിക്കാതിരിക്കുന്നത് ജനങ്ങളുടെ ശാസ്ത്രബോധം വളര്‍ന്നതുകൊണ്ടുമാത്രമാണ്.

    ReplyDelete
  2. ശാസ്ത്രത്തേക്കാള്‍ വലുത് ജ്യോതിഷം ആണെന്ന് ബി ജെ പി എം പി രമേശ്‌ പൊക്രിയാല്‍ ..>>>>>>>>> ഇവരൊന്നും ഈ വിടുവായത്തം നിര്‍ത്തരുത് എന്നാന്നെന്റെ അഭിപ്രായം. എന്നാലല്ലേ ജനങ്ങള്‍ക്ക് മനസ്സിലാകൂ‍ തങ്ങള്‍ തെരഞ്ഞെടുത്തയച്ചവരുടെ ഐ.ക്യൂ.

    ReplyDelete