ഒരു പത്രവാര്‍ത്തയുടെ കഥ

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

കേരള കൗമുദി 2015 ജനുവരി 11 ഞായര്‍.തിരുവൈരാണിക്കുളത്ത് ഉറക്കമില്ലാതെ പോലീസ് എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്.തിരുവൈരാണിക്കുളത്ത് തിരക്ക് ഓരോദിവസവും വര്‍ദ്ധിക്കുമ്പോള്‍ ട്രാഫിക്കും തിരക്കും നിയന്ത്രിക്കാനുള്ള കഠിനശ്രമത്തിലാണ് പോലീസ്.തിരക്കിനിടെ മാല കാണാതായെന്ന ഒന്നോ രണ്ടോ പരാതികള്‍ ഒഴികെ മറ്റുക്രമസമാധാനപ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.ഡി സി പി നിശാന്തിനി , പെരുംബാവൂര്‍ ഡി വൈ എസ് പി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരുവൈരാണിക്കുളത്തെ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കുന്നത്.കാലടി സി ഐ ക്രിസ്പിന്‍ സാമും കം‌ട്രോള്‍ റൂമിലുണ്ടാകും. ആറ് വിഭാഗമായി തിരിച്ചാണ് പോലീസിന്റെ സേവനം. ഓരോ വിഭാഗത്തിന്റെയും ചുമതല ഓരോ എസ് ഐ മാര്‍ക്കാണ്.ഗതാഗത നിയന്ത്രണത്തിനായി മാത്രം 75പോലീസുകാരുണ്ട്.ഒരു ദിവസം 300 പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.അവധി ദിവസങ്ങളില്‍ 100 പേരെ അധികമായി നിയോഗിച്ചിരുന്നു.തുടക്കം നാലു പോലീസുമായി:- 1994മുതലാണ് തിരുവൈരാണിക്കുളത്ത് പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്.നാലു പോലീസുകാരുമായിട്ടായിരുന്നു തുടക്കം. മുന്‍ ഡി ജി പി എം ജി രാമനാണ് അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചത്.ആദ്യം ഓല ഷെഡിലായിരുന്നു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നതെന്ന് കഴിഞ്ഞ 22 വര്‍ഷമായി തിരുവൈരാണിക്കുളം നടതുറപ്പ് സമയത്ത് ഇവിടെ സേവനം അനുഷ്ഠിക്കുന്ന നെടുംബാശ്ശേരി എസ് ഐ സി ഹരി പറഞ്ഞു.തുടര്‍ച്ചയായി 13 വര്‍ഷമായി ഈ സമയത്ത് ഇവിടെ ലെയ്സണ്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു.അന്യജില്ലകളില്‍ ജോലി ചെയ്തിരുന്ന സമയത്തും നടതുറപ്പ് കാലത്ത് രണ്ടാഴ്ച അവധിയെടുത്ത് ഹരി ഇവിടെയെത്തും.നട തുറക്കുന്നതിനുമുന്‍പ് വ്രതം ആരംഭിക്കും.ഡ്യൂട്ടി ആരംഭിക്കും മുന്‍പ് എല്ലാ ദിവസവും പുലര്‍ച്ചയും നട അടയ്ക്കുന്നതിന്നുമുന്‍പും ദേവിയെ തൊഴും

                   
                    കാലടിയ്ക്കടുത്ത് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉല്‍സവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം കേരള കൗമുദി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.എന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് മൂന്നുകിലോമീറ്ററേ ഈ ക്ഷേത്രത്തിലേയ്ക്കുള്ളു.ശിവന്റെ അമ്പലമാണിത്, എല്ലാ ദിവസവും ആ അമ്പലം തുറന്ന് ആരാധനയും പൂജയും ഒക്കെ നടത്താറുമുണ്ട്.എന്നാല്‍ ഈ അമ്പലത്തില്‍ തന്നെ പാര്‍‌വതീദേവിയുടെ ഒരു നടയുണ്ട്.ആ നട ആണ്ടില്‍ 12 ദിവസം മാത്രമേ തുറക്കാറുള്ളൂ.ആ ദിവസങ്ങളിലാണ് അഭൂതപൂര്‍‌വമായ തിരക്ക് അനുഭവപ്പെടുന്നത്.സ്വതവേ തെന്നെ കാലടിയില്‍ തിരക്കുംബ്ലോക്കുമാണ്, ശനിയാഴ്ചദിവസങ്ങളില്‍ ഈ തിരക്ക് കൂടും, അതോടൊപ്പം ശബരിമലയിലേയ്ക്കുള്ള തിരക്കും തിരുവൈരാണിക്കുളത്തേയ്ക്കുള്ള തിരക്കുംകൂടിയായപ്പോള്‍ അമ്പലത്തിനടുത്തുള്ള ശ്രീമൂലനഗരത്തിലേയ്ക്ക് രാവിലെ 10 മണിയ്ക്ക് പുറപ്പെട്ട ഞാന്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ആ പ്രദേശത്ത് എത്തിയത് 12.30മണിയ്ക്ക്.തിരുവൈരാണിക്കുളത്തേയ്ക്കുള്ള നിരവധി റൂട്ടുകളിലൊന്നുമാത്രമാണ് കാലടി വഴിയുള്ളത്.പെരുമ്പാവൂരില്‍ നിന്നും ആലുവായില്‍ നിന്നും നേരിട്ട് അമ്പലത്തിലേയ്ക്ക് വഴികള്‍ വേറെയുണ്ട്.അപ്പോള്‍ അമ്പലത്തിലേയ്ക്കുള്ള അഭൂതപൂര്‍‌വമായ ജനത്തിരക്ക് എന്ന് പറയുന്നത് ചുമ്മ അല്ല എന്ന് മനസ്സിലായില്ലേ
                                അപ്പോള്‍ ഞാന്‍ പറയാന്‍ വന്നതിന്റെ പകുതിമാത്രമേ പത്രം പറഞ്ഞിട്ടുള്ളൂ.ബാക്കി ഞാന്‍ തന്നെ പറയാം.ഒരു കാലടിക്കാരന്‍ എന്ന നിലയില്‍ കാലടിയില്‍ തന്നെ ജനിച്ചുവളര്‍ന്നവനാണ് ഞാന്‍.ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പഠനം നടത്തിയതും ശേഷം പ്രീഡിഗ്രിക്കുപോയതും കാലടിയിലും സമീപപ്രദേശങ്ങളിലുമായിരുന്നു.അന്നൊന്നും അധികമാര്‍ക്കും ഈ അമ്പലത്തെക്കുറിച്ച് കേട്ടറിവുപോലുമില്ല.വല്യഭക്തര്‍ക്ക് ഒരുപക്ഷെ അറിയാമായിരിക്കും.എന്നാല്‍ അന്നത്തെ യുവ, ബാല്യങ്ങള്‍ക്ക് അങ്ങനെയൊരമ്പലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു.പ്രീഡിഗ്രി കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിക്കാന്‍ പുറത്തുപോയെങ്കിലും തുടര്‍ന്ന് പഠനം കഴിഞ്ഞ് ജോലികിട്ടുന്നതിന്നുമുന്‍പായി ഒരഞ്ചുവര്‍ഷക്കാലം കൂട്ടുകാരുമായി അര്‍മാദിച്ചുനടന്നതും ഇതേ പരിസരങ്ങളില്‍ തന്നെ.അന്നും ഈ അമ്പലം അജ്ഞതയില്‍ തന്നെയായിരുന്നു.1984 ലാണ് സര്‍ക്കാര്‍ ജോലിയുമായി മഞ്ചേരിയിലേയ്ക്ക് പോയതെങ്കിലും തൊട്ടടുത്തവര്‍ഷം തന്നെ തിരിച്ച് നാട്ടിലെത്തി.പിന്നെ ഒരേഴുകൊല്ലം നാട്ടിലായിരുന്നു.അന്നും ഈ അമ്പലം തഥൈവ.91 ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാറി കേരളം മുഴുവന്‍ പറന്നുനടക്കുന്ന കാലത്ത് ഇതിനേക്കുറിച്ച് ചിന്തിക്കുക പോലുമുണ്ടായില്ല എന്നതാണ് സത്യം.
                             പത്രം പറയുന്നതും അതുതന്നെയാണ്, 1994ലാണ് ആദ്യത്തെ പോലീസ് പിക്കറ്റ് വരുന്നത്, അതും നാലു പോലീസുകാരുമായി.94 ല്‍ നിന്ന് 2015 ലേയ്ക്ക് 21വര്‍ഷങ്ങളുടെ ദൂരമേയുള്ളു.അത് ഒരു നാടിന്റെ ചരിത്രത്തില്‍ വളരെ നിസ്സാരം, നമുക്കിവിടെ നിന്ന് 94 ലേയ്ക്ക് നോക്കാവുന്നതേയുള്ളു.ഈ നിസ്സാരസമയം കൊണ്ട് പോലീസിന്റെ എണ്ണം മുന്നൂറായി കൂടി എന്നതാണ് വാസ്തവം.എന്നുവച്ചാല്‍ മുന്നൂറു പോലീസുകാരെകൊണ്ടുപോലും നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷാരം അവിടെ വര്‍ദ്ധിച്ചു എന്നുതന്നെ അര്‍ത്ഥം.ആള്‍ദൈവങ്ങള്‍ 
തങ്ങളേക്കുറിച്ച് പ്രചരിപ്പിക്കുന്നതുപോലെ വലിയ വലിയ അല്‍ഭുതങ്ങളൊന്നും ഇവിടെ നടന്നതായി ആരും ഒന്നും പറഞ്ഞുകേട്ടിട്ടില്ല.
                     
യാതൊരു വിധ അല്‍ഭുതപ്രവര്‍ത്തനങ്ങളും നടക്കാതെ വെറും ഭക്തികൊണ്ടുമാത്രം ഒരമ്പലത്തിലെ ഭക്തന്മാരുടേയും ഭക്തകളുടേയും എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുക എന്നത് അസംഭവ്യമാണ്.ലോകത്ത് ഇനിയുമെത്രയോ അമ്പലങ്ങളാണുള്ളത്, അവിടെയൊന്നും ഇങ്ങനെ ഭക്തര്‍ തള്ളിക്കയറുന്നില്ലല്ലോ?അപ്പോള്‍ എന്തായിരിക്കും ഈ പ്രതിഭാസത്തിനു കാരണം?യഥാര്‍ത്ഥത്തില്‍ ഇവിടെ അമ്പലത്തിന്റെ റേറ്റിങ്ങ് കൂടിയതല്ല, പിന്നയോ ഭക്തരുടെ റേറ്റിങ്ങ് കുറഞ്ഞതാണ് ഈ പ്രതിഭാസത്തിനുകാരണം.മനസ്സിലായില്ല അല്ലേ?
1990കളില്‍ നമ്മുടെ ഗവണ്മെന്റുകള്‍ പുണര്‍ന്ന ചില നയങ്ങളുണ്ട്, കുത്തകവല്‍ക്കരണം,നവഉദാരവല്‍ക്കരണം തുടങ്ങിയവ.എന്തെല്ലാം പേരു പറഞ്ഞാലും അതിന്റെ അര്‍ത്ഥം ഒന്നേയുള്ളു, കമ്പോളവല്‍ക്കരണം.ഒരു നാടിനേയും നാട്ടുകാരേയും കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിനു വിട്ടുകൊടുക്കുക എന്ന ഒറ്റ അര്‍ത്ഥം മാത്രമേ അതിനുള്ളൂ.എല്ലാം കമ്പോളത്തിന്റെ ദയാദാക്ഷിണ്യത്തിനു വിധേയമായി മാറി അല്ലെങ്കില്‍ മാറ്റി.ഇന്നാട്ടിലെ നൂറു നൂറ്റമ്പത് കോടി വരുന്ന ജനങ്ങളില്‍ ഏതാണ്ട് 70-75% പേരും ദരിദ്രരോ താഴേത്തട്ടിലുള്ള ഇടത്തരക്കാരോ ആണ്.അവരില്‍ നിന്ന് , നമ്മുടെ നാട്ടിലവതരിച്ച കമ്പോളവല്‍ക്കരണം ഒരു ദയവുമില്ലാതെ ചോര്‍ത്തിയെടുത്തത് അവരുടെ ജീവിതം തന്നെയായിരുന്നു.സ്വന്തം ജീവിതം പോലും നഷ്ടപ്പെട്ട അവര്‍ക്ക് താങ്ങാകുമെന്ന് വിശ്വസിച്ചിരുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പോലും അവര്‍ക്ക് പുറം തിരിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണവര്‍ക്ക് കിട്ടിയത്.ജീവിതത്തില്‍ അവര്‍ക്ക് യഥേഷ്ടം ലഭിക്കേണ്ടവയെല്ലാമിനി ഒരിക്കലും സ്വപ്നം പോലുംകാണാന്‍ പറ്റാത്തരീതിയില്‍ മാഞ്ഞുമറയുന്നത് അവര്‍ക്ക് വലിയ ആഘാതമായിരുന്നു.നാളിതുവരെയുള്ള പോലെയല്ല തങ്ങള്‍ക്കാരും കൂട്ടിനില്ല എന്ന തിരിച്ചറിവ് അവരെ എത്തിച്ചത് ആരാധനാലയങ്ങളിലേക്കാണ്. (അവരുടെ യഥാര്‍ത്ഥ രക്ഷകന്‍ ഇപ്പോഴും ശൈശവാവസ്ഥയിലും അവര്‍ക്ക് പരിഗണിക്കാന്‍ പോലും പറ്റാത്തത്ര ബാല്യത്തിലുമാണ്.)
                   
ഈയൊരവസ്ഥയിലേക്ക് മുതലെടുക്കാനായി എത്തിച്ചേര്‍ന്ന മാരീചനാണ് ദൈവവും അമ്പലങ്ങളും.ചരിത്രം നമുക്ക് ഇതിനു സമാനമായ നിരവധി സന്ദര്‍ഭങ്ങള്‍ നല്‍കുന്നുണ്ട്.അന്തരാള ഘട്ടങ്ങളില്‍ ജനങ്ങളുടെ വിപ്ലവസ്വഭാവം ചോര്‍ത്തുന്നതിന്നായി എത്തുന്ന ദൈവങ്ങള്‍.അവര്‍ രാമായണത്തിലെ മാരീചനേപ്പോലെ ജനങ്ങളെ പ്രലോഭിപ്പിച്ച് പിന്നാലെ നടത്തിച്ച് അപകടത്തിന്റെ കുഴിയില്‍ ചാടിക്കുന്നു.ഇവിടെയും സംഭവിക്കുന്നത് അതുതന്നെയാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാകും.
ജനങ്ങളുടെ ജീവിതചിലവ് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു.എന്നാല്‍ വരുമാനവും വര്‍ദ്ധിക്കുന്നുണ്ടേന്ന പ്രതീതി പരത്തുന്നതല്ലാതെ ഉണ്ടാകുന്ന വരുമാനവര്‍ദ്ധനവ് ജീവിതചിലവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല.എത്ര അദ്ധ്വാനിച്ചാലും പിന്നെയും ബാക്കിയാവുക ദുരിതങ്ങള്‍.ഒരു രോഗം വന്നാല്‍ അല്ലെങ്കില്‍ സാമൂഹ്യമായ ഒരു ചിലവ് വന്നാല്‍ പാവപ്പെട്ടവന്ന് നഷ്ടപ്പെടാനുള്ളത് അവന്റെ കിടപ്പാടവും എന്നിട്ടും തീരാത്ത കടബാധ്യതയുമഅയിരിക്കും.ഈ ഭൗതികജീവിതപ്രതിസന്ധി അവന്റെ മാനസീകസംഘര്‍ഷങ്ങള്‍ കൂട്ടുന്നു.സ്വാഭാവീകമായും ബാറിലെ ബില്‍‌തുകയും അമ്പലം പള്ളി പോലുള്ളയിടങ്ങളിലെ തിരക്കുകളും വര്‍ദ്ധിക്കുന്നു.ലോകത്ത് റ്തെങ്കിലും ഒരമ്പലം, അല്ലെങ്കില്‍ പള്ളി മനുഷ്യന്റെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിച്ച ചരിത്രമുണ്ടോ?അവന്റെ ബുദ്ധിമുട്ടുകള്‍ തീര്‍ത്തുകൊടുത്ത ഏതുദൈവമുണ്ടിവിടേ?ഒരുദൈവത്തിനും അതിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ ഇന്നീലോകത്ത് നടമാടുന്ന പട്ടിണിയും ദാരിദ്ര്യവും മറ്റും.
അപ്പോള്‍ തിരുവൈരാണിക്കുളത്തുമാത്രമല്ല തൊട്ടടുത്തുള്ള അമ്പലങ്ങളിലും പള്ളികളിലും മോസ്കുകളിലും തിരക്ക് വര്‍ദ്ധിക്കുന്നതിന്റെ കാരണം മനസ്സിലായല്ലോ? വര്‍ദ്ധിച്ചുവരുന്ന ദൈവവിശ്വാസത്തിന്റെ അളവുകോലല്ല അമ്പലങ്ങളിലെ തിരക്ക് , പിന്നയോ അവരുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങളുടെ തെളിവാണ്. ദൈവം കരുണാമയനും ആശ്രിതവല്‍സലനും അല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണീ കാണുന്ന തിരക്ക്.
 

3 comments :

  1. വര്‍ദ്ധിച്ചുവരുന്ന ദൈവവിശ്വാസത്തിന്റെ അളവുകോലല്ല അമ്പലങ്ങളിലെ തിരക്ക് , പിന്നയോ അവരുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങളുടെ തെളിവാണ്. ദൈവം കരുണാമയനും ആശ്രിതവല്‍സലനും അല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണീ കാണുന്ന തിരക്ക്.

    ReplyDelete
  2. ആണോ ...............എല്ലാവരും കയ്യൊഴിയുമ്പോള്‍ ദൈവം ഉണ്ട് എന്ന ആശ്വാസം അതുമാവാലോ ! ആദ്യമാണ് ഈ വഴി .ആശംസകള്‍

    ReplyDelete
    Replies
    1. അതൊരാശ്വാസം മാത്രമല്ലേ മിനീ? അതൊരിക്കലും സത്യമായി ഭവിക്കുന്നില്ലല്ലോ? തന്നെയുമല്ല യഥാര്‍ത്ഥകഅരണക്കാരെ ദൈവം സമര്‍ത്ഥമായി മറച്ചുപിടിക്കുകയും ചെയ്യുന്നില്ലേ ചിലപ്പോഴൊക്കെ?

      Delete