എഴുത്തുകാരന്റെ പേനയില്‍ ചോര പൊടിയുമ്പോള്‍

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

( ശ്രീ.ടി.ഡി.രാമകൃഷ്ണന്‍ കേരള കൗമുദി പത്രത്തില്‍ ൨൦൧൫ ജനുവരി ൧൬ ന്എഴുതിയ ലേഖനം.)



                മിഴ് നാട്ടില്‍ ഈ അടുത്തകാലത്തൊന്നും ഒരു പുസ്തകം മതവികാരം വൃണപ്പെടുത്തിയെന്ന് പറഞ്ഞ് ഇത്തരമൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല.പലപ്രശ്നങ്ങളോടും വളരെയധികം വൈകാരികമായി പ്രതികരിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍.തമിഴ് കവയിത്രി കുട്ടിരേവതി എഴുതിയ "മുലൈകള്‍"ആണ് ലൈംഗികതയുമായി ബന്ധപ്പെടുത്തി മുന്‍പ് തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിവിട്ട കൃതി.അവരോട് വ്യക്തിപരമായി വരെ എതിര്‍പ്പുകളും പ്രതിഷേധങ്ങളുമുയര്‍ന്നു.പുസ്തകത്തിന് അത്തരമൊരു പേരിട്ടതായിരുന്നു ഒരു വിഭാഗം തമിഴ്‌നാട്ടുകാരെ ഏറെ പ്രകോപിപ്പിച്ചത്.പുറമേ പുരോഗമനം പറയുമെങ്കിലും ഉള്ളില്‍ അവരില്‍ നല്ലൊരു പങ്കും യാഥാസ്ഥിതികരാണ്.സദാചാരം വ്രണപ്പെടുമെന്ന് തോന്നിയാല്‍ അവര്‍ പ്രശ്നമുണ്ടാക്കും.നമ്മുടെ രാജ്യത്തെ വളരെ യാഥാസ്ഥിതികസ്വഭാവമുള്ളവരാണ് ഇവര്‍.നടി ഖുഷ്ബുവിനെതിരെ കേസുകൊടുത്തതും ആ വികാരത്തിന്റെ പുറത്തായിരുന്നു.ഖുഷ്ബു നടത്തിയ വിവാഹപൂര്‍‌വബന്ധത്തെ കുറിച്ചുള്ള പരാമര്‍ശം എന്തുമാത്രം പ്രശ്നങ്ങളാണുണ്ടാക്കിയത്.
                      അവര്‍ കലയില്‍ ആശയസം‌വാദത്തിന്റെ ഭൂമികയല്ല കാണുന്നത്.ആശയപരമഅയി നേരിടുന്നതിനു പകരം പ്രക്ഷോഭവും കയ്യൂക്കുമാണ് അവര്‍ സ്വീകരിക്കുന്നത്.അത് അവരുടെ പൊതുസ്വഭാവം തന്നെയായി വിലയിരുത്താം.സാഹിത്യത്തേക്കാള്‍ കൂടുതല്‍ സിനിമയാണ് പൊതുവേ അവരെ പ്രകോപിതരാക്കാറുള്ളത്.എന്നാല്‍ ഇപ്പോള്‍ സാഹിത്യത്തോടായി എന്ന് മാത്രം.
കാലത്തിന്റെ വ്യത്യാസം കൊണ്ട് ഹിന്ദുത്വശക്തികള്‍ ശക്തിപ്രാപിക്കുന്നതിന്റെ ശ്രമങ്ങളും തമിഴ്‌നാട്ടില്‍ കാണുന്നുണ്ട്.ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ അനുയോജ്യമായ വിഷയങ്ങള്‍ അത്തരം സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്.അത്തരം ശ്രമങ്ങള്‍ ഈ സംഭവത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
             പെരുമാള്‍ മുരുകന്‍ വളരെ നല്ല എഴുത്തുകാരനാണ്.സേന്‍‌സേഷനലിസം സൃഷ്ടിക്കുന്ന എഴുത്തുകാരനല്ല.ദളിത് അനുകൂല നിലപാടുകളാണ് അദ്ദേഹത്തിന്റേത്.ജാതിവൈരുദ്ധ്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍.അദ്ദേഹം വിവാഹം ചെയ്തത് ദളിത്‌സ്ത്രീയേയാണ്.ആദ്യമായാണ് ഇത്തരമൊരുപ്രശ്നം അദ്ദേഹത്തിന്റെ കൃതി നേരിടുന്നതും .ദളിത് വിഷയങ്ങളഅണ്ഏറെയും മുരുകന്‍ പ്രമേയമാക്കിയത്.ദളിത് യുവാവിന്റെ കൊലപാതകവുമഅയി ബന്ധപ്പെട്ട ഒരു പുസ്തകവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
               പുസ്തകത്തെ ചൊല്ലിയുള്ള തമിഴ്‌നാട്ടിലെ സംഘര്‍ഷങ്ങളേക്കാള്‍ അദ്ദേഹം എഴുത്തുനിറുത്തുന്നു എന്ന് പറഞ്ഞത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.തന്ത്രപരമായ നീക്കം കൂടിയാണിതെന്നാണ് എനിക്ക് തോന്നുന്നത്(ലേഖകന്).ഇന്ത്യക്കകത്തും പുറത്തുമുള്ള മീഡിയാകളിലും ഇത് ചര്‍ച്ചയായി.ചാനലുകളും ചര്‍ച്ച ചെയ്യുന്നു.തന്റെ നിലപാട് അദ്ദേഹം മാറ്റുന്നുമില്ല.അതില്‍ ഉറച്ച് നില്‍ക്കുകയാനദ്ദേഹം.അതെന്തായാലും അഭിനന്ദനം അര്‍ഹിക്കുന്നു.
             രാജ്യത്ത് നടന്നുവരുന്ന ഫാസിസ്റ്റ് സമീപനമാണ് മുരുകനോട് തമിഴ് സമൂഹം ചെയ്തത്.ഇത്തരം അസഹിഷ്ണുത പൊറുക്കാനാവില്ല.കലയെ ഒരു കാലത്തിനുമുന്നേ നടക്കുന്ന റവല്യൂഷണറി പ്രവര്‍ത്തനമായി അവര്‍ കാണുന്നില്ല.എം.ടി വാസുദേവന്‍‌നായര്‍ തന്നെ ഒരിക്കല്‍ പറഞ്ഞു, ഈ കാലഘട്ടത്തില്‍ "നിര്‍മ്മാല്യം"ചിത്രീകരിക്കാന്‍ കഴിയില്ലെന്ന്.കാനായിയുടെ ശില്പമോ ഒ വി വിജയന്റെ കൃതികളോ ഈ കാലഘട്ടത്തില്‍ ഉണ്ടായാല്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുമോ എന്ന് ഭയപ്പെടുകയാണ്.
കല സാമൂഹികയാഥാര്‍ഥ്യങ്ങളെ അടിവരയിടുന്നതാണ്.സാമൂഹ്യപരിഷ്കര്‍ത്താവിന്റേയോ രാഷ്ട്രീയക്കാരന്റേയോ റോളല്ല കലാകാരന്.നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അവന്‍ കൃതികളില്‍ കാണിക്കുന്നത്.സാഹിത്യത്തില്‍ കാളിദാസന്‍ കാണിച്ചുതന്ന ലൈംഗീകത മറ്റാര് കാണിച്ചിട്ടുണ്ട്?
                        എന്തായാലും തമിഴ്‌നാട്ടിലെ പ്രധാനമുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത് തെറ്റിനെ അനുകൂലിക്കുന്നതിനു തുല്യമാണ്.വലിയ തെറ്റ് തന്നെയാണത്.നിസഹായനായ അവസ്ഥയില്‍ എഴുത്തുകാരുടെ പിന്തുണയാണ് മുരുകന് കിട്ടിയത്.
                         കോയമ്പത്തൂര്‍ , ഈറോഡ്,നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന 'കൊങ്കു' മേഖലയുടെ കഥാകാരനും ചരിത്രകാരനുമാണ് പെരുമാള്‍ മുരുകന്‍. നാമക്കലിലെ ഗവണ്മെന്റ് ആര്‍ട്ട്സ് കോളേജിലെ തമിഴ് പ്രൊഫസ്സറുമാണ്.നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'.നൂറുകൊല്ലങ്ങള്‍ക്കുമുന്‍പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങളുള്ളത്.
                        ഈ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നൂറുകൊല്ലം മുമ്പ് വരെ സജീവമായിരുന്നു നോവലില്‍ പറയുന്ന ആചാരം.കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉല്‍സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം ഒരു വസ്തുതയാണ്.ഈ കുഞ്ഞുങ്ങളെ സ്വാമികൊടുത്ത പിള്ളൈ എന്നറിയപ്പെടുകയും ചെയ്തിരുന്നു. മുരുകന്റെ നോവലിലെ നായികയ്ക്ക് കുഞ്ഞുങ്ങളില്ല.ഒടുവില്‍ രഥോല്‍സവത്തിന്റെയന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുകാന്‍ നായിക പോവുന്നതാണ് നോവലിലെ പ്രമേയം.ഇന്ന് ആ ആചാരം അതേ രൂപത്തില്‍ നിലനില്‍ക്കുന്നില്ല.
             കൊങ്കുമേഖലയിലെ ഹിന്ദുസംഘടനകളാണ് ആദ്യം പ്രക്ഷോഭത്തിനു തുടക്കം കുറിച്ചത്.തിരുച്ചെങ്കോട് ഭാഗത്ത് നോവലിന്റെ കോപ്പികളെടുത്ത് അവര്‍ വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രചരിപ്പിച്ചു.നോവലിന്റെ പ്രത്യേകഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിശ്വസിപ്പിച്ച് ഭരണാധികഅരികളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയാണ് പുസ്തകം പിന്‍‌വലിക്കാന്‍ തീരുമാനമായത്.എന്തായാലും ഇത്തരമൊരു സംഭവം ഇനിയുണ്ടാകരുത് .ഇത് പച്ചയായ ഫാസിസമാണ്.

1 comment :

  1. കാലത്തിന്റെ വ്യത്യാസം കൊണ്ട് ഹിന്ദുത്വശക്തികള്‍ ശക്തിപ്രാപിക്കുന്നതിന്റെ ശ്രമങ്ങളും തമിഴ്‌നാട്ടില്‍ കാണുന്നുണ്ട്.ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ അനുയോജ്യമായ വിഷയങ്ങള്‍ അത്തരം സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്.അത്തരം ശ്രമങ്ങള്‍ ഈ സംഭവത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete