ശുംഭനും കീടവും കലക്കവെള്ളത്തിലെ മീനും.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
 ദേശാഭിമാനി വീക്കിലിയില്‍  (ലക്കം 39 പുസ്തകം 46 2015 ഫെബ്രുവരി 15)  ഡൊ.സെബാസ്റ്റ്യന്‍ പോളിന്റെ പംക്തിയില്‍ എഴുതിയ ലേഖനം.


                       രാഷ്ട്രപതിയെ ശുംഭനെന്ന് വിളിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമോ?ഭരണഘടനാവിരുദ്ധമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഫക്രുദീന്‍ അലി അഹമ്മദിനെ അബു എബ്രഹാം തന്റെ പ്രസിദ്ധമായ കുളിമുറി കാര്‍ട്ടൂണിലൂടെ വിളിക്കാതെ വിളിച്ചത് അങ്ങനെയായിരുന്നു.അടിയന്തിരാവസ്ഥ ആയിരുന്നിട്ടും അബു ജയിലില്‍ പോയില്ല.രാഷ്ട്രപതിയുടെ കീഴ്ജീവനക്കാരാണ് ജഡ്ജിമാര്‍.അവരെ നിയമിക്കുന്നതും വേണ്ടിവന്നാല്‍ പിരിച്ചുവിടുന്നതും രാഷ്ട്രപതിയാണ്.പക്ഷെ രാഷ്ട്രപതിയേക്കാള്‍ ആരാധ്യരാണ് തങ്ങളെന്ന് ജഡ്ജിമാര്‍ കരുതുന്നു.അവര്‍ ആരാധ്യരും ആദരണീയരുമാകയാല്‍ അഹിതമായതൊന്നും പറഞ്ഞുകൂട.പറഞ്ഞാല്‍ പറയുന്നവരെ ശിക്ഷിക്കും.

                         വാക്ക് ശിക്ഷാര്‍ഹമാകുന്നത് അപകടമാണ്.ചിന്തയും വാക്കും സ്വതന്ത്രമായിരിക്കണം.അപവദിക്കുന്നവന്റെ നാക്ക് പിഴുതെടുക്കണമെന്ന് ഇംഗ്ലണ്ടില്‍ നിയമമുണ്ടായിരുന്നു.ഒന്‍പതാം നൂറ്റാണ്ടില്‍ ആല്‍ഫ്രഡ് രാജാവിന്റെ കാലത്തായിരുന്നു അത്.പതിമൂന്നാം നൂറ്റാണ്ടില്‍ മാഗ്നാകാര്‍ട്ടയുണ്ടായി.പിന്നീട് പലതരത്തിലൂള്ള അവകാശപ്രഖ്യാപനങ്ങളുണ്ടായി. മനുഷ്യന്‍ സ്വതന്ത്രമായി സംസാരിക്കുന്ന അവസ്ഥയുണ്ടായി.വാക്കിനെ വാക്കുകൊണ്ടും ആശയത്തെ ആശയംകൊണ്ടും നേരിടുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം.ജഡ്ജിയെ ജയരാജന്‍ ശുംഭനെന്നുവിളിച്ചു.ജയരാജനെ ജഡ്ജി കീടമെന്ന് വിളിച്ചു.ഏതാണ് കൂടുതല്‍ മോശമെന്ന് പറയാന്‍ കഴിയില്ല.ജഡ്ജിയുടെ മനുഷ്യാവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് ശുംഭന്‍ എന്ന പ്രയോഗമുണ്ടായത്.ജയരാജനെ മനുഷ്യനായിപ്പോലും കരുതാന്‍ ജഡ്ജി കൂട്ടാക്കിയില്ല.എന്നിട്ടും അരിശം തീരാഞ്ഞ് ജയരാജനെ ജയിലിലേയ്ക്കുമയച്ചു.ശുംഭനെന്ന് വിളിക്കുന്നയാള്‍ കീടവും കീടമെന്ന് വിളിക്കുന്നയാള്‍ സമാദരണീയനുമാകുന്നു.

                          ജഡ്ജിമാര്‍ക്ക് അധികാരത്തിന്റെ പീഠത്തിലിരുന്ന് എന്തും പറയാം.പരസ്യമാകുമ്പോള്‍ അസൗകര്യമാകുമെങ്കില്‍ പരസ്യപ്പെടുത്തിയവരെ വിമര്‍ശിക്കാം.കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്ന് മാര്‍ഗരേഖയുണ്ടാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താം.മാധ്യമങ്ങള്‍ക്ക് പെരുമാറ്റചട്ടം ഉണ്ടാക്കുന്നതിനേക്കാള്‍ അഭികാമ്യം സ്വയം പെരുമാറ്റചട്ടം ഉണ്ടാക്കുകയാണ്.പാമോലിന്‍‌കേസില്‍ സുപ്രീം കോടതിയിലെ ജഡ്ജി പറഞ്ഞതത്രയും അനാശാസ്യമായി.രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വി എസ് കേസ് നടത്തുന്നുവെന്ന് ജഡ്ജി പറഞ്ഞു.രാഷ്ട്രീയക്കാരന്റെ പ്രവൃത്തികള്‍ രാഷ്ട്രീയമായ നേട്ടത്തിനുവേണ്ടിതന്നെയാണ്.ജഡ്ജിയുടെ പ്രവര്‍ത്തനമാണ് അങ്ങനെ ആകാന്‍ പാടില്ലാത്തത്.പക്ഷെ രാഷ്ട്രീയമായ പരാമര്‍ശങ്ങളാണ് വി എസിനെ മുന്‍‌നിറുത്തി കോടതി നടത്തിയത്.വി എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നുവെന്ന് ജഡ്ജി പറഞ്ഞു. വെള്ളം കലങ്ങിയാലും തെളിഞ്ഞാലും മീന്‍ പിടിക്കുന്നത് നിയമവിരുദ്ധമാണോ എന്ന് മാത്രമാണ് നോക്കേണ്ടത്.വെള്ളം കലക്കിയത് വി എസ് ആണെന്ന് കഥയിലെ ചെന്നായയെപ്പോലെ സുപ്രീംകോടതിയിലെ ജഡ്ജി പറഞ്ഞില്ല.

                           നിലവിലുള്ള കേസില്‍ വി എസ് നിതിരെ കനത്ത പിഴ ചുമത്തുമെന്ന സൂചനയും വി എസിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.അഴിമതിക്കെതിരായ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായാണ് വി എസ് കൂടെക്കൂടെ കോടതിയിലെത്തുന്നത്.അഴിമതിക്കെതിരെ സുവ്യക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന കോടതിയില്‍ അത് ശല്യമാകാന്‍ പാടില്ല.കേസുകളില്‍ വി എസിനു കൂടുതലും ജയമാണുണ്ടാകുന്നത്.പിഴയൊ ശകാരമോ അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല.ബഹുമാന്യനായ ജസ്റ്റിസ് ഠാക്കൂറിന് ഇപ്പോള്‍ ഇങ്ങനെയൊക്കെ തോന്നാന്‍ എന്താണ് കാരണമെന്നറിയില്ല.കേസില്‍ പ്രസക്തമായ രേഖ ഹാജരാക്കുന്നതിനനുള്ള സമയം മാത്രമാണ് വി എസിന്റെ അഭിഭാഷകന്‍ ചോദിച്ചത്.അതൊരു അസാധാരണമായ കാര്യമല്ല.മാറ്റിവൈക്കാന്‍ തയ്യാറല്ലെങ്കില്‍ ജഡ്ജിയ്ക്ക് അന്നുതന്നെ കേസ് കേള്‍ക്കാമായിരുന്നു.അതിനുപകരമുള്ള വര്‍ത്തമാനത്തില്‍ ചില പാകപ്പിഴകള്‍ കാണുന്നു.വി എസില്‍ ജഡ്ജി ആരോപിച്ച രാഷ്ട്രീയം തിരിച്ചാരോപിക്കുന്നതിനുള്ള സാഹചര്യമാണ് ജഡ്ജി ഉണ്ടാക്കിയത്.

                       അടിസ്ഥാനമില്ലാത്ത വ്യവഹാരങ്ങളുമായി കോടതിയിലെത്തി കോടതിയുടേയും മറ്റുള്ളവരുടേയും സമയം പാഴാക്കുന്നവരെ ശല്യക്കാരനായി പ്രഖ്യാപിക്കാന്‍ നിയമമുണ്ട്.നവാബ് രാജേന്ദ്രനെതിരെ ഈ നിയമം പ്രയോഗിക്കാന്‍ കേരള ഹൈക്കൊടതിയില്‍ ആലോചനയുണ്ടായി.ഏതുവിഷയത്തെ മുന്‍‌നിറുത്തിയും കോടതിയെ സമീപിക്കുന്നതിനുള്ള അവകാശം ഈ നിയമം പ്രയോഗിക്കപ്പെടുന്ന വ്യക്തികള്‍ക്ക് നഷ്ടപ്പെടും. ഭരണഘടനാപരമായി ഗുരുതരമായ അവസ്ഥയാണിത്.ഭരണഘടനാസംബന്ധമായ പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള പൗരന്റെ അവകാശം അനുഛേദം 32 പ്രഖ്യാപിക്കുന്നു.ഭരണഘടനയുടെ ജീവനും ആത്മാവുമെന്നാണ് ഈ അനുഛേദത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചത്.അനുഛേദം ൩൨ ഇല്ലാതിരുന്നെങ്കില്‍ ഭരണഘടന കേവലം ഒരു കടലാസ് കെട്ടുമാത്രമാകുമായിരുന്നു. അടിയന്തിരാവസ്ഥയിലെ ജുഡീഷ്യല്‍ അത്യാചാരങ്ങള്‍ക്ക് പരിഹാരമെന്നോണം പൊതുതാല്പര്യ വ്യവഹാരത്തെ കോടതി തന്നെയാണ് പ്രോത്സാഹിപ്പിച്ചത്.അഴിമതിയെ മനുഷ്യാവകാശലംഘനമായി കോടതികള്‍ കാണുന്നു.അഴിമതിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ കോടതികളെ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.ഉത്തരവാദിത്വമുള്ളവര്‍ ഉത്തരവാദിത്വത്തോടെ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ ശല്യമായി തോന്നുന്നവര്‍ കോടതിയുടെ വില കളയുന്നു.കോടതിയിലുള്ള വിശ്വാസത്തിന് കുറവ് വരുത്തുന്ന പ്രവര്‍ത്തനം കോടതിയലക്ഷ്യമാണ്.ജഡ്ജിമാര്‍ക്കും കോടതിയലക്ഷ്യം നടത്താന്‍ കഴിയും.ജഡ്ജിമാരുടെ വാക്കുകളും അപകീര്‍ത്തിയ്ക്ക് കാരണമാകും.

                      ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാകരുതെന്ന് കെ.സുധാകരന്‍ പറഞ്ഞു.സുപ്രീംകോടതിയിലെ ജഡ്ജി കേരളത്തിലെ അബ്കാരികളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങുന്നതിന്ന് താന്‍ ദൃക്‌സാക്ഷിയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോടതി അത് കേട്ടില്ലെന്ന് നടിച്ചു.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായില്ല.അടിയന്തിരാവസ്ഥയിലെ ജഡ്ജിയും ഭീരുക്കളായിരുന്നുവെന്ന് മുംബെയിലെ അഭിഭാഷകര്‍ പരിഹസിച്ചു.അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസുണ്ടായി.സത്യം തിരിച്ചറിഞ്ഞതുകൊണ്ടോ കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുമെന്ന ആശങ്കകൊണ്ടോ എന്നറിയില്ല വിചാരണ ഇടക്ക് വച്ച് കോടതി അവസാനിപ്പിച്ചു.നീതിദേവതയുടെ കണ്ണുമാത്രമല്ല കാതും ചിലപ്പോള്‍ അടച്ചുവൈക്കണം.ജയരാജന്റെ കാര്യത്തില്‍ അതുണ്ടാകാതിരുന്നത് ബന്ധപ്പെട്ട ജഡ്ജിയുടെ രാഷ്ട്രീയം. അക്കാര്യത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എനിക്കെതിരേയും പേര്‍ പറയാതെ പരാമര്‍ശമുണ്ടായി.കോടതിയെ ബാധിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇയാളാര് തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. 'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ ' എന്ന അഞ്ചുവാക്കുകളിലാണ് ഭരണഘടനയുടെ തുടക്കം.ആ വാക്കുകളുടെ അര്‍ത്ഥമറിഞ്ഞവര്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കില്ല.ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഭരനഘടനയാല്‍ സ്ഥാപിതമായതഅണ് കോടതി.ജനങ്ങളാന്‍ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയാല്‍ നിയമിക്കപ്പെട്ടവരാണ് ജഡ്ജിമാര്‍.ശരിയല്ലെന്ന് തോന്നിയാല്‍ അവരെ പിരിച്ചുവിടാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ട്.

                           കോടതിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ നീക്കാനാണ് കോടതിയലക്ഷ്യനിയമം പ്രയോഗിക്കേണ്ടത്.പരിഷ്കൃതരാജ്യങ്ങളിലെ അവസ്ഥ അതാണ്.ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ക്കെതിരെ ഉണ്ടായാല്‍ അവര്‍ക്ക് അപകീര്‍ത്തിയ്ക്ക് കേസ് കൊടുക്കാം.അല്ലെങ്കില്‍ ആക്ഷേപം തങ്ങള്‍ക്ക് ബാധകമല്ലെന്ന ഉദാത്തവും ഉന്നതവുമായ സമീപനം സ്വീകരിക്കാം.മന:പൂര്‍‌വമല്ലാത്ത അബദ്ധത്തിന് ഒരു ടിവി ചാനലില്‍ നിന്ന് സാവന്ത് എന്ന മുന്‍‌ജഡ്ജി ഈടാക്കാന്‍ ശ്രമിക്കുന്നത് നൂറുകോടി രൂപയാണ്.അപകീര്‍ത്തിക്കുള്ള നഷ്ടപരിഹാരത്തെ സംബന്ധിച്ച് പ്രത്യേക നിയമം ഇല്ലാത്തതിനാല്‍ കോടതിയ്ക്ക് എന്തും വിധിക്കാം.കോടതിയലക്ഷ്യത്തിന് പ്രത്യേകനിയമം ഇല്ലായിരുന്നുവെങ്കില്‍ ജയരാജനെ ഒരുപക്ഷെ ജീവപര്യന്തം തടവിനു ശിക്ഷിക്കുമായിരുന്നു.നിയമത്താലും പൊതുനിരീക്ഷണത്താലും ജഡ്ജിമാര്‍ ബന്ധിതരാകണം.കാരണം അതിരുവിട്ടാല്‍ അവരോളം വലിയ ഏകാധിപതികള്‍ വേറെയുണ്ടാകില്ല.ജുഡീഷ്യറിയുടെ ഏകാധിപത്യത്തിനു പ്രതിവിധിയുണ്ട്.പക്ഷെ അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാകും.


Post a Comment