മാവോവാദികള്‍!! മാവോയിസ്റ്റുകള്‍!!!!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
1964 ലാണത് നടന്നത്. അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നിന്ന് 34 പേര്‍ ഇറങ്ങിപ്പോയി.ഭാരതത്തില്‍ മാത്രമല്ല ലോകകമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ വരെ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്.കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംഘടനാതത്വപ്രകാരം അക്ഷന്ത്യവ്യമായ തെറ്റ്.എന്നാലോ, ആ ഇറങ്ങിവന്ന മുപ്പത്തിനാലുപേരെ ജനം നെഞ്ചേറ്റി സ്വീകരിച്ചു.അങ്ങനെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ ജനനം.വളരെവേഗം ആ പാര്‍ട്ടിക്ക് ഇന്ത്യയില്‍ അവിഭക്തപാര്‍ട്ടിയേക്കാള്‍ വേരോട്ടമുണ്ടായി.ത്രിപുര, പശ്ചിമ ബംഗാള്‍ കേരളം എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ജനസ്വാധീനമുള്ള പാര്‍ട്ടിയായി സി പി ഐ (എം) മാറി.

                        
പിന്നെ കാലം മാറി, ഒരുപാട് ജലം സിന്ധു ഗംഗാ നദികളിലൂടെ ഒഴുകിപ്പോയി.സി പി ഐ (എം)മ്മിനു വിപ്ലവവീര്യം കുറവാണെന്നു പറഞ്ഞ് നിരവധി ഘടകങ്ങള്‍( പാര്‍ട്ടി ഘടകങ്ങളല്ല) പിരിഞ്ഞുപോയിട്ടുണ്ട്.അതിലേറ്റവും വലിയ പിരിഞ്ഞുപോക്കാണ് നക്സലൈറ്റുകാര്‍ ഉണ്ടാക്കിയത്.പാര്‍ട്ടിയുടെ അടിത്തര വരെ ആ പ്രസ്ഥാനക്കാര്‍ കുലുക്കി.അത്രമാത്രം ശക്തമായിരുന്നു പശ്ചിമ ബംഗാളിലെ നക്സല്‍ബാരി ജില്ലയിലെ ചാരു മജൂംദാറും സംഘവും ഉണ്ടാക്കിയ ആഘാതം.എന്നാല്‍ പാര്‍ട്ടി അതിനേയും അതിജീവിച്ചു എന്നത് ചരിത്രം.ഞാന്‍ പറഞ്ഞുവന്നത് അതല്ല.

                         
നക്സലൈറ്റ് പ്രസ്ഥാനക്കാര്‍ പിന്നീട് നൂറായിരം കഷണങ്ങളായി ചിതറിപ്പോയി എന്നത് ചരിത്രം.എന്നാലും ആ പ്രസ്ഥാനം പാര്‍ട്ടിക്കും ഇവിടുത്തെ യുവതലമുറയ്ക്കും ഉണ്ടക്കിയ നാശനഷ്ടങ്ങള്‍ ചില്ലറയല്ല.ഉടന്‍ വിപ്ലവം എന്ന വ്യാമോഹത്തിനടിപ്പെട്ട് ഈയാമ്പാറ്റകളേപ്പോലെ  അതില്‍വീണ് ഹോമിക്കപ്പെട്ട യൗവനങ്ങള്‍ എണ്ണമറ്റതാണ്.പോലീസിന്റെ മര്‍ദ്ദനമേറ്റും വെടികൊണ്ടും തടവറകളില്‍ നരകിക്കപ്പെട്ടും ഇല്ലാതായത് സ്വപ്നങ്ങളും വികാരങ്ങളും ആവേശങ്ങളും ഒക്കെയുള്ള തീക്ഷ്ണയൗവനങ്ങളാണ്.എല്ലാം വൃഥാവിലായി.പലരും മാപ്പെഴുതിക്കൊടുത്ത് ആള്‍ദൈവഭക്തന്മാരായി കഴിയുന്നു, സമൂഹത്തില്‍ ഉന്നതമായ സ്ഥനമാനങ്ങളില്‍ കഴിയുന്നവരുമുണ്ട്.അതോടൊപ്പം തന്നെ ആ പഴയ കനല്‍ കെടാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമുണ്ട്.എന്നാല്‍ പ്രസ്ഥാനത്തിന്റെ ചിന്നിച്ചിതറല്‍ ചിലരിലെങ്കിലും മടുപ്പുളവാക്കുന്നുണ്ടാവണം.ഇങ്ങനെ ചിന്നിചിതറിപോയ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്ന ഒരു ഗ്രൂപ്പാണ് മാവോയിസ്റ്റ് പ്രസ്ഥാനം.

                         2004
സെപ്തംബര്‍ മാസത്തിലാണ്കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയും കൂടി ലയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ്) രൂപം കൊള്ളുന്നത്.( വിക്കിപീഡിയ)ഇവരുടെ ആശയപ്രകാരം ഇന്ത്യന്‍ ഭരണകൂടം എന്നത് സാമ്രാജ്യത്വത്തിന്റേയും കോംബ്രഡോര്‍ ബൂര്‍ഷ്വാസികളുടേയും ഫ്യൂഡലിസ്റ്റുകളുടേയും ഒരു കൂട്ടായ്മയാണ്.ഇവര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍കൂടുതലും കേന്ദ്രീകരിച്ചത് മധ്യ ഇന്ത്യയിലാണ്. ഇന്ത്യയിലെ ആദിവാസികളുടേയും വനവാസികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് അങ്ങനെ പ്രവര്‍ത്തനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാം എന്ന കണക്കുകൂട്ടലില്‍ ഛതീസ്ഘട്ട്,ഒഡീഷ,ബിഹാര്‍,ഝാര്‍ഖണ്ട്,മഹാരാഷ്ട്ര,വെസ്റ്റ് ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലയില്‍ ചുവടുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.ഇപ്പോഴും ആദിവാസിഭൂരിപക്ഷ മേഖലകളായ ഝാര്‍ഖണ്ട്,ആന്ധ്ര,ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.

                         
മാവോയിസ്റ്റുകളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ 2013 മെയ്മാസം 25-)0 തീയതി സംസ്ഥാനകോണ്‍ഗ്രസ്സ്പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ബസ്തറില്‍ വച്ച ആക്രമിച്ച് 29 പേരെ കൊലപ്പെടുത്തിയതാണ്.ഇവര്‍ ജനവിരുദ്ധരാണെന്ന കാരണത്താലാണ് കൊല നടത്തിയതെന്ന് പറയുമ്പോഴും സാഹചര്യതെളിവുകള്‍ പറയുന്നത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് ഇവരെ വിലക്കെടുടുത്തു എന്നാണ്.മാവോയിസ്റ്റുകള്‍ ഇന്ന് ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഖനിമുതലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്.ഖനികളില്‍ സമാധാനം നിലനിറുത്താനും അവിടെ തൊഴിലാളിസംഘടനകള്‍ ഉണ്ടാവുന്നതിനെ എതിര്‍ക്കാനും ഒക്കെ ഇവര്‍ മുന്‍പിലാണെന്ന് പറയപ്പെടുന്നു.ആ പ്രദേശത്തെ തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ സി പി എമ്മിന്റെ ഒരു തൊഴിലാളി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ഇവരാണെന്ന് പറയപ്പെടുന്നു.ഇവരുറ്റെ പ്രവര്‍ത്തനം ഖനിമുതലാളിമാരില്‍ നിന്നും കപ്പം മേടിക്കുകയും അതിനുപകരം അവരുടെ ഖനികള്‍ക്ക് സമരങ്ങളില്‍ നിന്നും മറ്റ് ഗവണ്മെന്റ് ഒഫീഷ്യല്‍സില്‍ നിന്നും സം‌രക്ഷണം നല്‍കുന്നതിലും മാത്രം ഒതുങ്ങുന്നു എന്ന ആരോപണവും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു.

                     
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ അറുപത് കൊല്ലങ്ങള്‍ക്കുമേല്‍ ഭാരതം ഭരിച്ച കോണ്‍ഗ്രസ്സിനോ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പിക്കോ ഈ മാവോയിസ്റ്റ് ഉദയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.അവരുറ്റെ നയങ്ങളുടെ വൈകല്യം മൂലം വികസനം എന്നത് പട്ടണങ്ങളിലെ ഒരു ന്യൂനപക്ഷത്തിനു മാത്രമായി ഒതുക്കപ്പെട്ടു.ഭാരതത്തിലെ ആയിരക്കണക്കിനായ ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പട്ടിണിയും പരിവട്ടവും മാത്രം ഫലം.അക്ഷ്രാഭ്യാസം എന്നത് കേട്ടുകേള്‍‌വി പോലുമില്ല.തങ്ങളുടെ ഈ ദൈന്യതയ്ക്കുകാരണം ഏതോ ദൈവങ്ങളുടെ കോപമാണെന്ന ധാരണയില്‍ എല്ലാം സഹിച്ച് മൃതപ്രായരായി ജീവിച്ചുപോരുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും.ആ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇവയ്ക്കൊരു പരിഹാരവുമായി മാവോയിസ്റ്റല്ല ചെകുത്താന്‍ ചെന്നാലും അംഗീകാരം ലഭിക്കും ആ പാവങ്ങള്‍ക്കിടയില്‍.ഈ അവസ്ഥ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ വേരുപിടിപ്പിക്കുന്നത്.

                      
കേരളത്തിന്റെ അവസ്ഥ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നൊക്കെ വളരെ വ്യത്യസ്ഥമാണെങ്കിലും പാര്‍ശ്വവാസികളുടെ സ്ഥിതി ഇന്ന് ഏതാണ്ട് ഝാര്‍ഖണ്ടിലേയോ ബീഹാറിലേയോ അവസ്ഥയ്ക്ക് തുല്യമാണ്.അട്ടപ്പാടി ആദിവാസികള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.വാഹനം വിളിച്ചുവരാന്‍ പണമില്ലാത്തതിനാല്‍ മരിച്ചുപോയ കുഞ്ഞിന്റെ മൃതദേഹം ചുമലില്‍ കിടത്തി ഷാളുകൊണ്ടുമൂടി ബസ്സില്‍ യാത്ര ചെയ്യെണ്ടിവന്ന അമ്മയുടെ കഥ മാത്രം ആലോചിച്ചാല്‍ മതി കേരളത്തില്‍ മാവോയിസ്റ്റ് വേരോട്ടം എങ്ങനെയുണ്ടാകുന്നു എന്നറിയാന്‍.സര്‍ക്കാരിന്റെ ഒരു സമ്വിധാനവും അവിറ്റെ പ്രവര്‍ത്തിക്കുന്നില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.അങ്ങനെ പതുക്കെ പതുക്കെ കേരളത്തിലേയ്ക്കും അവര്‍ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം.

                       
കണ്ണൂര്‍ മേഖലയിലും നിലമ്പൂര്‍ മേഖലയിലും പാലക്കാട് മേഖലയിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ സൂചന നല്‍കാന്‍ തുടങ്ങിയിട്ട് നാളുകളായി.  " ഏയ് , ചുമ്മ " എന്ന് നമ്മൂടെ ആഭ്യന്തരനും. ആ ആഭ്യന്തരനെ ഏഭ്യന്തരനാക്കിക്കൊണ്ട് കേരളത്തിന്റെ വനപ്രദേശങ്ങളിലും അതുപോലെ തന്നെ പട്ടണ നടുവിലും ഇവര്‍ ചെറിയ ആക്രമണങ്ങള്‍ നടത്തി സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.പോലീസാകട്ടെ ഇരുട്ടില്‍ തപ്പുകയും.

                      
ഇവിടെയാണ് മാവോയിസ്റ്റ് വേട്ടക്കൊരു ട്വിസ്റ്റ് ഉണ്ടാകുന്നത്.പോലീസിനു ദേഷ്യമുള്ളവരെ, സ്ഥലത്തെ ഭരണകക്ഷികള്‍ക്ക് , പ്രധാനദിവ്യന്മാര്‍ക്ക് രസിക്കാത്ത നാട്ടിലെ ചെറുപ്പക്കാരെ പലരേയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അകത്താക്കിക്കൊണ്ടിരിക്കുകയാണ്.അകത്താക്കുക എന്ന് പറഞ്ഞാല്‍ പുറത്തുവരുന്നത് ജീവഛവമായിട്ടായിരിക്കും എന്നര്‍ത്ഥം.സ്ഥലത്തെ ബ്ലേയ്ഡ് കാരന് അലോസരമുണ്ടാക്കിയ ഒരുത്തനെ മാവോയിസ്റ്റാക്കി കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത വന്നത് ഈ അടുത്ത ദിവസമാണ്.അപ്പോള്‍ ഒരു ന്യൂനപക്ഷത്തിന്റെ താളത്തിനൊത്ത് തുള്ളാനും ഇഷ്ടമില്ലാത്തവരെ ഒതുക്കാനുമുള്ള ഒരു പദമായി മാവോയിസ്റ്റ് മാറി എന്നര്‍ത്ഥം.നാട്ടില്‍ ശല്യമുണ്ടാക്കുന്നവരെ, ക്രമസമാധാനം തകര്‍ക്കുന്നവരെ, പ്രശ്നങ്ങളുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്കുവിധേയമാക്കുന്നതിലും നമ്മുടെ പോലീസിനും അവരെ നിയന്ത്രിക്കുന്ന ഭരണക്കാര്‍ക്കും ഇഷ്ടം ഇത്തരക്കാരെ കസ്റ്റടിയിലെടുക്കുക എന്നതാണ്.എന്നാല്‍ ഈ നടപടി നാടിനും ഭാവിയില്‍ ഈ ഭരണക്കാര്‍ക്കും ദോഷമേ ഉണ്ടാക്കൂ എന്നും നാടിന്റെ നന്മക്കതു ദോഷം ചെയ്യും എന്നു മാത്രം പറഞ്ഞുകൊള്ളുന്നു.

1 comment :

  1. ഒരു ന്യൂനപക്ഷത്തിന്റെ താളത്തിനൊത്ത് തുള്ളാനും ഇഷ്ടമില്ലാത്തവരെ ഒതുക്കാനുമുള്ള ഒരു പദമായി മാവോയിസ്റ്റ് മാറി എന്നര്‍ത്ഥം.നാട്ടില്‍ ശല്യമുണ്ടാക്കുന്നവരെ, ക്രമസമാധാനം തകര്‍ക്കുന്നവരെ, പ്രശ്നങ്ങളുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്കുവിധേയമാക്കുന്നതിലും നമ്മുടെ പോലീസിനും അവരെ നിയന്ത്രിക്കുന്ന ഭരണക്കാര്‍ക്കും ഇഷ്ടം ഇത്തരക്കാരെ കസ്റ്റടിയിലെടുക്കുക എന്നതാണ്.എന്നാല്‍ ഈ നടപടി നാടിനും ഭാവിയില്‍ ഈ ഭരണക്കാര്‍ക്കും ദോഷമേ ഉണ്ടാക്കൂ എന്നും നാടിന്റെ നന്മക്കതു ദോഷം ചെയ്യും എന്നു മാത്രം പറഞ്ഞുകൊള്ളുന്നു.

    ReplyDelete