നീലക്കുറുക്കന്മാര്‍ നാടുവാഴാനിറങ്ങുമ്പോള്‍

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                      രാത്രി ഇരതേടി നടന്ന കുറുക്കന്‍ അറിയാതെ ചെന്നുചാടിയത് പെയിന്റുപണിക്കാര്‍ കലക്കിവച്ച നീലചായത്തില്‍.കരകയറാന്‍ പറ്റാതെ ആ വെള്ളത്തില്‍തന്നെ രാത്രി കഴിച്ചുകൂട്ടിയ കുറുക്കനെ രാവിലെയെത്തിയ പണിക്കാരെടുത്ത് ദൂരെയെറിഞ്ഞു.പക്ഷെ അവന്റെ ദേഹം മുഴുവന്‍ നീലനിറമായിമാറി.നീലക്കുറുക്കനെക്കണ്ട് ബാക്കി കുറുക്കന്മാര്‍ അല്‍ഭുതപ്പെട്ടു.അങ്ങനെ നീലക്കുറുക്കനെ അവരുടെ രാജാവായി വാഴിച്ചു.അതിനു കുറുക്കന്റെ വാഗ്‌വിലാസം കൂടി തുണച്ചുകെട്ടോ.പക്ഷെ രാത്രി ഇരതേടലൊക്കെ കഴിഞ്ഞ് വയറുനിറഞ്ഞ കുറുക്കന്മാര്‍ കൂവാന്‍ തുടങ്ങിയതോടെ നീലക്കുറുക്കനും നിലമറന്ന് കൂവിപ്പോയി.അതോടെ മറ്റു കുറുക്കന്മാര്‍ നീലക്കുറുക്കനെ വലിച്ചു ദൂരെയെറിഞ്ഞു.ഈ കഥ കേള്‍ക്കാത്ത മലയാളികളോ മനുഷ്യരോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഏതാണ്ടെല്ലാ ഭാഷയിലേയും ഗുണപാഠകഥകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇഷ്ടകഥാപാത്രങ്ങളിലൊന്നാണീ നീലക്കുറുക്കന്‍.ഇപ്പോഴീ നീലക്കുറുക്കനെ ഇവിടെ കൂട്ടുവിളിക്കാന്‍ ഒരു കാരണമുണ്ട്, അതാണിന്നത്തെ പോസ്റ്റും.

                     ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ദല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടന്നിരുന്നു.ഏതാണ്ട് ഒരു മാതിരി മധ്യവര്‍ഗക്കാരുടെയൊക്കെ പ്രീതിയും പിന്‍‌തുണയുമാ സമരം നേടിയെടുത്തിരുന്നു.എന്തിനേറെ അണ്ണാഹസാരെയുടെ സത്യാഗ്രഹപന്തലിലേയ്ക്ക് ഇത്തരക്കാരുടെ കുത്തൊഴുക്കായിരുന്നു ഉണ്ടായത്.കിരണ്‍ ബേദിയേപ്പോലുള്ള മധ്യവര്‍ഗശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍, പ്രശാന്ത് ഭൂഷണേപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍, രാംദേവിനേപ്പോലുള്ള സന്യാസിമാര്‍ എന്നിവരുടേയൊക്കെ അകമഴിഞ്ഞ സഹായം ആ സമരത്തിനുണ്ടായിരുന്നു.ഈ സമരത്തിന്റെ മുന്‍‌പന്തിയില്‍തന്നെയുണ്ടായിരുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അരവിന്ദ് കെജ്‌രിവാള്‍.ഖരാഗ്‌പൂര്‍ ഐ ഐ ടിയില്‍ നിന്ന് മെകാനിക്കല്‍ എഞ്ചിനീയറിങ്ങ് പാസായ കെജിരിവാള്‍ ഇന്‍‌കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്റ് കമ്മീഷ‌ണറായി ജോലി ചെയ്തുവരവേയാണ്സാമൂഹ്യപ്രവര്‍ത്തനങ്ങളിലാകൃഷ്ടനായി അദ്ദേഹം ജോലി ഉപേക്ഷിച്ചത്. 2011 ലദ്ദേഹം അണ്ണാ ഹസാരേയുടെ പ്രസ്ഥാനത്തിലെത്തിപ്പെടടുകയും കിരണ്‍ബേദി, ഹസ്സാരെ എന്നിവരൊക്കെ ഉള്‍ക്കൊള്ളുന്ന ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ ( IAC ) എന്ന പ്രസ്ഥാനത്തിനു രൂപംകൊടുക്കുകയും ചെയ്തു.എന്നാല്‍ അതിനെ ഒരു രാഷ്ട്രീയപാര്‍ട്ടിയാക്കാനൂള്ള ശ്രമത്തില്‍ ഹസാരെയുമായി വഴിപിരിയുകയും അദ്ദേഹവും സഹപ്രവര്‍ത്തകരും കൂടി ആം ആദ്‌മി (സാധാരണ മനുഷ്യന്‍) എന്നൊരു രാഷ്ട്രീയപാര്‍ട്ടിയ്ക്കു രൂപം നല്‍കുകയും ചെയ്തു.
2013 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ തോല്‍പിച്ച് അധികാരത്തിലെത്തി. എങ്കിലും അതൊരു ന്യൂനപക്ഷഗവണ്മെന്റായിരുന്നു.8 കോണ്‍ഗ്രസ്സ് എം എല്‍ എ മാരുടേയും ഒരു ജനതാദള്‍ എം എല്‍ എയുടേയും ഒരു സ്വതന്ത്ര എം എല്‍ എയുടേയും പുറത്തുനിന്നുള്ള പിന്‍‌തുണയിലാണദ്ദേഹം ഭരണത്തിലേറിയത്.ദോഷം പറയരുതല്ലോ, അദ്ദേഹം മാനിഫെസ്‌റ്റോവില്‍ പറഞ്ഞതുപോലെ അധികാരത്തില്‍ വന്നയുടന്‍ ഇലക്ട്രിക്ച്ചാര്‍ജ് പകുതിയാക്കി കുറച്ചു, കുടിവെള്ളം ഒരു പരിധിവരെ സൗജന്യമാക്കി.എന്നാല്‍ ദിവസങ്ങള്‍ക്കകം ലോക്‌പാല്‍ ബില്ല് സഭയിലവതരിപ്പിക്കാന്‍ കൂട്ടുകക്ഷികള്‍ സമ്മതിച്ചില്ലെന്ന കാരണത്താന്‍ രാജി വയ്ക്കുകയും ചെയ്തു.

                             എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയും എന്നാല്‍ പിന്നീട് അണികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ചുതോല്‍ക്കുകയും ചെയ്തു.
പിന്നീട് ദല്‍ഹി നിയമസഭ ഇലക്ഷനില്‍ അദ്ദേഹം നേതൃത്വം കൊടുത്ത ആം ആദ്‌മിപാര്‍ട്ടി എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് എഴുപതില്‍ അറുപത്തിയേഴ് സീറ്റ് നേടി തകര്‍പ്പന്‍ വിജയം കൈവരിക്കുകയും ചെയ്തു.അദ്ദേഹം ഇലക്ഷന്‍ മാനിഫെസ്റ്റോവില്‍ പറഞ്ഞ കാര്യങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തിക്കൊണ്ട് മുന്നേറുകയാണ്.അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍.
ആം ആദ്‌മി പാര്‍ട്ടിയുടെ ജനനസമയത്തെ രാശിനില അതിനെ ഒരു അഴിമതി വിരുദ്ധ പാര്‍ട്ടിയാക്കിമാറ്റി.അണ്ണാ ഹസാരെയുടെ നേതൃത്വത്തിലൂള്ള ആ ഒരു മഹാപ്രസ്ഥാനത്തില്‍ നിന്നു തെറ്റിപ്പിരിഞ്ഞ പാര്‍ട്ടിയ്ക്ക് അണ്ണായേക്കാള്‍ വലിയ അഴിമതി വിരുദ്ധത കാണിച്ചേ പറ്റൂ.അത് കൃത്യമായി വര്‍ക്ക് ഔട്ട് ആകുകയും ചെയ്തു.ബി ജെ പി ഗവണ്മെന്റിനെതിരെ അണ്ണാ ഹസാരെ ആരംഭിക്കാനിരുന്ന അഴിമതി വിരുദ്ധസമരം ആളില്ലാത്തതിനാല്‍ നിറുത്തിവൈക്കപ്പെടുകയാണുണ്ടായത്.അപ്പോള്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ആദവും അവസാനവും അഴിമതി വിരുദ്ധത മാത്രമായി.അതല്ലാതെ ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഭീകരമായ വര്‍ഗീയത ഇവര്‍ക്കറിയില്ല, ജനങ്ങളെ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേയ്ക്ക് കൂപ്പുകുത്തിക്കുന്ന ആഗോളവല്‍ക്കരണം,ഉദാരവല്‍ക്കരണം സാമ്പത്തീകമാന്ദ്യം ഇതൊന്നും അവരറിയുക പോലുമില്ല.ഇവര്‍ക്കതൊന്നും ഒരു വിഷയമായിട്ട് തോന്നുന്നുമില്ല. അവരുന്നയിക്കുന്ന ഈ അഴിമതി തന്നെ ഇത്രവ്യാപകമായത് കമ്പോളാധിപത്യത്തിലൂന്നിയ ക്രോണീ മുതലാളിത്തമാണെന്നവരറിയുന്നില്ല.അഴിമതി അഴിമതി അഴിമതി മാത്രം.ഈ അഴിമതി വിരോധം കൃത്യമായി അണ്ണാഹസാരേയുടെ അണികളെ ചോര്‍ത്തിയെടുക്കുന്നതില്‍ ആം ആദ്‌മി വിജയിച്ചു.
 
                                         ശേഷം അടുത്ത പോസ്റ്റില്‍ .......................
Post a Comment