നീലക്കുറുക്കന്‍‌മാര്‍ നാടുവാഴാനിറങ്ങുമ്പോള്‍ 2

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

            ല്‍ഹിയിലെ ജനത കോണ്‍ഗ്രസ്സ് ഗവണ്മെന്റിന്റെ ജനദ്രോഹനടപടികളില്‍ കിടന്ന് ചക്രശ്വാസം വലിക്കുകയായിരുന്നു.ജനവികാരം മാനിക്കാതെയുള്ള ഭരണം,തൊടുന്നിടത്ത് തൊടുന്നിടത്തുള്ള അഴിമതി, സര്‍‌വോപരി ജനങ്ങളോടുള്ള പുഛം ഇതെല്ലാം 2013 ലെ ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് വോട്ട് ബി ജെ പിയ്ക്കും ആം ആദ്‌മിയ്ക്കുമായി ഭിന്നിച്ചു.അതില്‍ നേട്ടം കൊയ്യാന്‍ ആം ആദ്‌മിക്കു കഴിയുകയും ബി ജെ പിയെ പുറത്തുനിറുത്തി കോണ്‍ഗ്രസ്സ് പിന്‍‌തുണയോടെ ഭരണത്തിലേറുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ്സ് അതിന്റെ എല്ലായിപ്പോഴത്തേയും വൃത്തികെട്ട കളിതന്നെ കളിച്ചു, ബി ജെപിയല്ല ആരുതന്നെ ഭരിച്ചാലും ആം ആദ്‌മി ഭരിക്കരുതെന്നവര്‍ തീരുമാനിക്കുകയും ആവശ്യമായ സമയത്ത് തന്നെ പിന്‍‌തുണകൊടുക്കാതിരിക്കുകയും ചെയ്തു.

           പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി ആരുമല്ലെന്ന് തെളിഞ്ഞു.പക്ഷെ പിന്നീട് വന്ന (പാര്‍ലമെന്റില്‍) ബി ജെ പി ഗവണ്മെന്റ് തിരഞ്ഞെടുപ്പിനുമുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളില്‍ നിന്നും പിന്നോക്കം പോവുകയും അവരുടെ വൃത്തികെട്ട വര്‍ഗീയഅജണ്ട നടപ്പിലാക്കാനാരംഭിക്കുകയും ചെയ്തു.ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തി, ഇന്ത്യയിലൊട്ടാകെ.ദല്‍ഹിയിലെ ബി ജെ പി ഭരണത്തെ ഇന്ത്യയിലെ ജനങ്ങളെങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ടെസ്റ്റ് ഡോസായിരുന്നു ദല്‍ഹി ഇലക്ഷന്‍. ബി ജെ പിയുടെ ദുര്‍ഭരണത്തില്‍ പോലും പാഠം പഠിക്കാത്ത കോണ്‍ഗ്രസ്സിനും ദുര്‍ഭരണംനടത്തുന്ന ബിജെപിയ്ക്കും ജനം കൃത്യമായിത്തന്നെ മറുപടികൊടുത്തു.എഴുപതില്‍ അറുപത്തിയേഴു സീറ്റുനേടി ആം ആദ്‌മി അധികാരത്തിലേറി.

                    ഇത് ചരിത്രം.ഓര്‍ക്കുന്നോ, പണ്ട് മന്‍‌മോഹന്‍‌സിങ്ങിന്റെ കാലത്ത് എത്രയോ ടണ്‍ അരി ഗോഡൗണില്‍ കെട്ടിക്കിടന്നു.ആരോ അന്നൊരു നിര്‍ദ്ദേശം വച്ചു ജനങ്ങള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കാം എന്ന്.എന്നാല്‍ ഭരണകൂടത്തിന്റെ നികുംഭിലകളില്‍ നിന്ന് ഉത്തരവേത്തി, പാടില്ല, അത് ചീത്ത കീഴ്വഴക്കമുണ്ടാക്കും.ആ അരി മുഴുവന്‍ കടലില്‍ തട്ടി എന്നത് ചരിത്രം.അതാണ് ഭരണകൂടം. ആ ഭരണകൂടത്തെ വെല്ലുവിളിയ്ക്കുക എന്നത് അത്ര നിസ്സാരകാര്യമല്ല. അവന്‍ പറ്റിയ ഒരവസരത്തിനായി കാത്തിരിക്കുകയാണ്.അവന്റെ മേലുനൊന്താല്‍, അവന് വേദനിച്ചാല്‍ പിന്നെ നീതിയും നിയമവുമൊന്നും അവന്‍ നോക്കില്ല, അവന്‍ അവന്റെ പണി ചെയ്യും.

                        അതുകൊണ്ടുതന്നെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം ശ്രദ്ധയോടെ വേണം.കേരളവും ബംഗാളുമൊക്കെ അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് എന്നോര്‍ക്കുക.ഒരു വ്യക്തിക്കോ ഒരുപറ്റം ആള്‍ക്കൂട്ടത്തിനോ സുശക്തമായ ഭരണകൂടത്തെ വെല്ലുവിളിക്കാനാവില്ല എന്നതിനു ചരിത്രം സാക്ഷി. കിട്ടാവുന്ന എല്ലാവരേയും കൂട്ടുപിടിച്ച് ജനങ്ങളെയാകെ അണിനിരത്തി നടത്തേണ്ട ഒന്നാണാ പോരാട്ടം.ഈ പോരാട്ടത്തില്‍ നമുക്കാശ്രയിക്കാവുന്ന സഖ്യശക്തി പൊതുജനമാണ്.അവരെ നയിക്കാന്‍ ആശയത്തിന്റെ , സംഘടനാബോധത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ ഒരിക്കലും ഉടയാത്ത തകര്‍ക്കാന്‍ പറ്റാത്ത ശക്തിയുണ്ടാകണം,ബോധമുണ്ടാകണം പോര്‍ച്ചട്ടയായി.ഭരണകൂടത്തിന്റെ ആക്രമണങ്ങളുടെ നൂറുനൂറായിരം കൈകളെ ചെറുക്കാനുള്ള കരുത്തുണ്ടാകണം.ഒരു ചുമ്പനസമരം കൊണ്ടോ അല്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ അഴിമതി മാത്രം എതിര്‍ത്തതു കൊണ്ടോ ഭരണകൂടവിരുദ്ധ , പ്രത്യേകിച്ചും ഫാസിസ്റ്റ് വര്‍ഗീയ വിരുദ്ധപോരാട്ടമാകുന്നില്ല എന്നുതന്നെയുമല്ല ഭരണകൂടത്തിന്റെ നൂറായിരം കൈകളില്‍ ഒന്നിനെ മാത്രം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറ്റെല്ലാ കൈകളും ശക്തമാകാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല.

                  ആം ആദ്മി പാര്‍ട്ടിയുടെ കാതലായ ദൗര്‍ബല്യവും അതുതന്നെയാണ്.അഴിമതി നമ്മൂ ടെ സമൂഹത്തിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരകരോഗം തന്നെ.എന്നാല്‍ എന്താണതിന്നുകാരണം?ലോക്‌പാലിന്റെ കുറവാണോ?വിവരാവകാശനിയമത്തിന്റെ കുറവാണോ?അതോ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമത്തിന്റെ അഭാവമാണോ?ആം ആദ്മിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം ഈ മൂന്നുകാര്യങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.സത്യത്തില്‍ അത് ഈ പാര്‍ട്ടിയുടെ ജന്മസമയത്തെ നക്ഷത്രങ്ങളുടെ നില്പ്പുകൊണ്ടുണ്ടായതാണ് താനും.തുടക്കം നമുക്കോര്‍മ്മയില്ലേ? അണ്ണാഹസാരെയുടെ ലോക്‌പാല്‍ സമരത്തില്‍നിന്നുള്ള ആവേശമാണിതിന്റെ ജന്മത്തിനുകാരണമായതെന്നോര്‍ക്കണം.ആ ഒരു പാര്‍ട്ടിയ്ക്ക് ഇങ്ങനെയൊരു ചുരുങ്ങിയ മണ്ഡലത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമേ കഴിയൂ എന്നതാണ് വാസ്തവം.

                        മോശം പറയരുതല്ലോ.ആ പാര്‍ട്ടി അധികാരത്തിലേറി ചുരുങ്ങിയ നാള്‍ കൊണ്ടുതന്നെ ഒരുപാട് ജനോപകാരപ്രദമായ നടപടികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ബി ജെ പി ഗവണ്മെന്റുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്തവിധം പരിപാടികള്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ വൈദ്യുതി ചാര്‍ജ് കുറച്ചും കുടിവെള്ളം സൗജന്യമായി നല്‍കിയും ഒക്കെ ജനങ്ങളെ കയ്യിലെടുക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.അതോടൊപ്പം മറ്റൊരു പ്രത്യേകത അതിന്റെ പ്രകടനപരതയാണ്. ഒരുദാഹരണം ചൂണ്ടിക്കാണിക്കാം , മുഖ്യമന്ത്രി കെജിരിവാള്‍ താമസിക്കുന്ന വീട്ടിലെ എ സി ഒഴിവാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഫേസ്‌ബുക്ക് വഴിയാണ്.പോലീസുകാരന്‍ റോഡില്‍ നിന്ന് പത്തുരൂപ കൈക്കൂലി വാങ്ങിക്കുന്നത് മത്രി ചാനലുകാരേയും പത്രക്കാരേയും ഒക്കെ കൂട്ടിപ്പോയി പീടിക്കാന്‍ നടന്നാല്‍ , റേഷന്‍ കടയിലെ അരി മോശമാണോയെന്ന് പരിശോധിക്കാന്‍ മന്ത്രി തന്നെ നേരിട്ടിറങ്ങിയാല്‍ പിന്നെ സെക്രട്ടറിയേറ്റിലിരുന്ന് ഭരണം നടത്താന്‍ അവര്‍ക്ക് സമയമെവിടെ?ഇക്കാര്യങ്ങളൊക്കെ നോക്കാന്‍ ഉദ്യോഗസ്ഥരില്ലേ? അവരെ ചലിപ്പിക്കാതെ ഇതിനൊക്കെ മന്ത്രിമാര്‍തന്നെ ഓടിനടക്കുന്നതിന്നാണോ അവര്‍ ലോക്‌പാലെന്ന് അര്‍ത്ഥമാക്കുന്നത്? പിന്നെ ഒന്നുണ്ട്, കുടിവെള്ളം സൗജന്യമാക്കുകയും വൈദ്യുതി ചാര്‍ജ് പത്തിലൊന്നാക്കുകയും ചെയ്താല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമെവിടുന്ന് കണ്ടെത്തും?അപ്പോള്‍ പറയും കുത്തകകളെ പരമാവധി ചൂഷണം ചെയ്യുമെന്ന്.വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ അത്തരം പണിക്കിറങ്ങിയാലത്തെ അനുഭവം മുഖ്യമന്ത്രിയ്ക്ക് കൃത്യമായറിയാം.

             അപ്പോള്‍ അതുതന്നെയാണ് ഇന്നാട്ടിലെ വിവരമുള്ളവര്‍ ആശങ്കപ്രകടിപ്പിക്കുന്നതും.കാര്യമായ ഒരു സംഘടനസെറ്റപ്പ് പോലുമില്ല എന്നുതന്നെയുമല്ല ഉള്ളതുതന്നെ അഴകൊഴമ്പന്‍ രീതിയിലാണുതാനും.കൂനിന്മേല്‍ കുരു എന്നപോലെയാണ് പാര്‍ട്ടിയിലെ ആഭ്യന്തരകുഴപ്പങ്ങളും. സ്ഥാപകനേതാക്കളായ രണ്ടുപേരെ പുറത്താക്കിയത് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിച്ചിരിക്കുന്നു.ഇത്രയ്ം അയഞ്ഞ ഒരു സംഘടനാസം‌വിധാനത്തില്‍ ഇതിനപ്പുറമൊന്നും ഇവിടെനിന്നും പ്രതീക്ഷിക്കാനും വയ്യ താനും.ഇതോടൊപ്പം തന്നെ ഭീകരമായ മറ്റൊന്നാണ് വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരേര്‍പ്പാട്.ഓരോരുരത്തനും അവനവന്റെ സൗകര്യം പോലെ ഫേസ്‌ബുക്കില്‍ പ്രത്യക്ഷ്യപ്പെട്ട് നയപ്രഖ്യാപനം നടത്തുന്ന ഒരവസ്ഥ. സംഘടനയുടെ അഖിലേന്ത്യാനേതാക്കള്‍ തന്നെ പലവട്ടം ഇതിനെതിരെ പ്രതികരിച്ചിരുന്നു,എന്നിട്ടും ഇതിനൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് മാത്രം.സംഘടനയുടെ കുത്തഴിഞ്ഞ - വേറിട്ട ഒരു പാര്‍ട്ടിയെന്നാണ് പലരുടേയും അവകാശവാദം. - സമ്വിധാനം തന്നെ പതിയപതിയെ സംഘടനയുടെ ശവക്കുഴി മാന്തുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

                 ചുരുക്കിപ്പറഞ്ഞാല്‍ ആമാദ്മി പാര്‍ട്ടി തന്നെയാണ് നീലവെള്ളത്തില്‍ വീണ                   കുറുക്കന്‍.ആ കുറുക്കനെ പാവം കുറേയേറെ ആളുകള്‍ നെഞ്ചേറ്റിയിരിക്കുകയാണ്.നിലവിലുള്ള രാഷ്ട്രീയസം‌വിധാനങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനാവാത്ത കുറേ പാവപ്പെട്ടവര്‍.അവരുടെ രക്ഷകനായി അവതരിക്കേണ്ട പാര്‍ട്ടിയേക്കൂടി അവരില്‍ നിന്നകറ്റാനേ ഈ നീലക്കുറുക്കനുകഴിയൂ.തന്നെയുമല്ല വലിയ താമസമില്ലാതെ തന്നെ നീലക്കുറുക്കന്റെ മുഖമ്മൂടി അഴിഞ്ഞുവീഴുമ്പോള്‍ ഇവരില്‍ രക്ഷകരെ കണ്ട പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന നൈരാശ്യം എത്രയോ ഭീകരമായിരിക്കും.

4 comments :

  1. ചുരുക്കിപ്പറഞ്ഞാല്‍ ആമാദ്മി പാര്‍ട്ടി തന്നെയാണ് നീലവെള്ളത്തില്‍ വീണ കുറുക്കന്‍.ആ കുറുക്കനെ പാവം കുറേയേറെ ആളുകള്‍ നെഞ്ചേറ്റിയിരിക്കുകയാണ്.നിലവിലുള്ള രാഷ്ട്രീയസം‌വിധാനങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനാവാത്ത കുറേ പാവപ്പെട്ടവര്‍.അവരുടെ രക്ഷകനായി അവതരിക്കേണ്ട പാര്‍ട്ടിയേക്കൂടി അവരില്‍ നിന്നകറ്റാനേ ഈ നീലക്കുറുക്കനുകഴിയൂ.തന്നെയുമല്ല വലിയ താമസമില്ലാതെ തന്നെ നീലക്കുറുക്കന്റെ മുഖമ്മൂടി അഴിഞ്ഞുവീഴുമ്പോള്‍ ഇവരില്‍ രക്ഷകരെ കണ്ട പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന നൈരാശ്യം എത്രയോ ഭീകരമായിരിക്കും.

    ReplyDelete
  2. ഇനിയെന്ത് പ്രതീക്ഷിക്കാന്‍!

    ReplyDelete
  3. a party does not have life, if we give too much freedom for its members. Hierarchical obedience is a must for a party. if they can not impose it, it has no life. so AAP is going to be a memory shortly. Cadre and Fist for controlling moving forward for an organization.. BJP has both .. it will next 60 years.. just like congress. The only change you can expect is, instead of Ambani it will be Adani :)

    ReplyDelete
  4. പ്രിയ മുക്കുവന്‍
    താങ്കള്‍ പറഞ്ഞതില്‍ യോജിക്കാന്‍ പറ്റാത്ത കാര്യം ൬൦ വര്‍ഷം ബി കെ പി തുടരും എന്നതാണ്.അതുണ്ടാകുമെന്ന് തോന്നുന്നില്ല.കാരണം കോണ്‍ഗ്രസ്സിനില്ലാതിരുന്ന ഒരു കാര്യം ബി ജെ പിയ്ക്ക് ദോഷം ചെയ്യും - വര്‍ഗീയ അജണ്ട.ഇത്ര പ്രകടമായി അവര്‍ കാണിക്കുന്ന വര്‍ഗീയ അസഹിഷ്ണുത അവര്‍ക്കുതന്നെ ദോഷം ചെയ്യും.അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.പാര്‍ലമെന്റ് ഇലക്ഷനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും മികവ് കാണിക്കാന്‍ അവര്‍ക്കായില്ല എന്നതോര്‍ക്കണം.ഏതായാലും എന്റെ ബ്ലോഗില്‍ വന്നതിന്നും വായിച്ചതിന്നും നന്ദി.അതില്‍കൂടുതല്‍ നന്ദി ഒരു കമന്റിട്ടതിന്ന്.!

    ReplyDelete