ശബരി റെയില്‍ കഠിനമെന്റയ്യപ്പാ !!!!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


               1997 – 98 ലാണ് ശബരി റെയിലിന് അംഗീകാരം ലഭിച്ചത്. ഷൊര്‍ണൂര്‍ - എറണാകുളം റൂട്ടിലെ അങ്കമാലിയില്‍ നിന്നാരംഭിച്ച് കാലടി വഴി തൊടുപുഴ പാല വഴി പത്തനംതിട്ട ജില്ലയിലെ അഴുതയിലവസഅനിക്കുക എന്നതായിരുന്നു ആദ്യം അംഗീകരിച്ച റൂട്ട്.എന്നാല്‍ അഴുത കേരള സര്‍ക്കാറിന്റെ ടൈഗര്‍ റിസര്വിന്റെ ബഫര്‍ സോണാണെന്നതുപരിഗണിച്ച് അവസാനിക്കുന്നത് എരുമേലിയിലെക്കാക്കി.ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയും മലനാടായ ഇടുക്കി ജില്ലയിലെ തൊടുപുഴയും കൃസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രമായ പാലാ ഭരണങ്ങഅനം വഴി ഹിന്ദു മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ എരുമേലിയില്‍ അവസാനിക്കും ശബരിറെയില്‍ പാത.ഈ പാത അതിന്റെ പേര് അന്വര്‍ത്ഥമാക്കും മട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കും പിന്നെ ഉല്‍സവകാലയളവുകളില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്കും അതുപോലെ തന്നെ ഭരണങ്ങഅനം തീര്‍ത്ഥാടകര്‍ക്കും പ്രയോജനകരമാവുമെന്ന് കരുതുന്നു.


                അവസാനം അംഗീകരിച്ച അലൈന്‍‌മെന്റ് പ്രകാരം അങ്കമാലിയില്‍ നിന്ന് എരുമേലിയിലേയ്ക്ക് കി മി ആണ് ദൂരം. 97 - 98 ല്‍ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം മതിപ്പുചിലവ് 517 കോടി രൂപയായിരുന്നു.അന്ന് രണ്ടര - മൂന്ന് വര്‍ഷമായിരുന്നു നിര്‍മ്മാണകാലാവധി.(എന്നുവച്ചാല്‍ ഇന്ന് ഈ പാതയിലൂടെ ട്രെയിന്‍ ചൂളം വിളീച്ച് കൂകിപ്പായണമായിരുന്നു.)എന്നാല്‍ 2015 ല്‍ എത്തിയപ്പോഴും റെയില്‍‌വേ നിര്‍മ്മാണം തുടങ്ങിയേടത്തുതന്നെ.2011 ല്‍ ഈ പ്രോജെക്റ്റിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 4000 കോടി രൂപയാണ് എന്നോര്‍ക്കണം. ശബരി റെയില്‍ പത്രവാര്‍ത്തഈ പദ്ധതിക്കായി ആകെ 438.89 ഹെക്റ്റര്‍ സ്ഥലമാണാവശ്യം.(എറണാകുളം 173.79 ഹെക്റ്റര്‍, ഇടുക്കി 48 ഹെക്റ്റര്‍, കോട്ടയം 217.10 ഹെക്റ്റര്‍.)ഇതില്‍ എറണാകുളം ജില്ലയിലെ സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.ഏറ്റെടുത്ത സ്ഥലത്തിനു പണവും ലഭിച്ചു.സ്ഥലത്തിനു പണവും ലഭിച്ചു എന്ന് പറയുമ്പോള്‍ അതൊരു ഈസി പ്രോസസ് ആണെന്ന് വിചാരിക്കരുത്.ഓരോ പുതിയ നീക്കത്തിനും നിരവധി സമരങ്ങള്‍ വേണ്ടി വന്നു എന്നതാണ് സത്യം.

                 ഉദാഹരണം എന്റെ കാലടി തന്നെ.കാലടിയില്‍ മറ്റൂര്‍ വില്ലേജ്, വടക്കുംഭാഗം വില്ലേജ് എന്നീ വില്ലേജുകളിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടി വന്നത്.ഇതില്‍ വടക്കുംഭാഗം വില്ലേജില്‍ പെടുന്ന ഒരു നാലുസെന്റ് കോളനിയുണ്ട്, ഏതാണ്ട് മുന്നൂറോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഒരു ഭാഗം.എന്നാല്‍ കോളനിയെന്നുകേള്‍ക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ളവയൊന്നും നടക്കാത്ത തികച്ചും മാന്യമായ ഒരു കോളനി.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ആ കോളനി.പുതുതായി വന്ന ഈ റെയില്‍ കോളനിയെ രണ്ടായി മുറിക്കുകയും ഏതാണ്ട് നൂറോളം വീടുകളെ അവിടെനിന്ന് വേരോടെ പിഴുതുമാറ്റുകയും ചെയ്തു.(തമാശ അതല്ല , ഈ നൂറുവീട്ടുകാരില്‍ ബഹുഭൂരിപക്ഷവും ചേര്‍ന്ന് പുതിയൊരു കോളനിയുണ്ടാക്കി. ആ കോളനി ഒരു പിടിച്ചുനില ആയപ്പോള്‍ അതിലേ എക്സ്പ്രസ്സ് ഹൈവേ വരുന്നു കുടിയൊഴിയണം എന്നൊരു കിം‌വദന്തി പരക്കുകയും സി പി എമ്മിന്റെ നേതൃത്വത്തില്‍ പുതിയൊരു പോര്‍മുഖം തുറക്കുകയും ചെയ്തെങ്കിലും ആ ഹൈവേ ചാപിള്ളയായതിനാല്‍ വലുതായൊന്നും സംഭവിച്ചില്ല.) എന്നിട്ടും ഈ ശബരി ആ നാലുസെന്റ് കോളനിയെ അമീബ പിളരുമ്പോലെ രണ്ടാക്കി മുറിച്ചു. പണ്ട് ഒറ്റക്കുടുംബം പോലെ നടന്നിരുന്നവര്‍ ഇന്ന് റെയിലിനപ്പുറവും ഇപ്പുറവും ആയിതിരിയുകയും പരസ്പരം കണ്ടാല്‍ മിണ്ടാതാവുകയും ചെയ്തു.
 
                               അതൊരു വശം.മറ്റേവശം, ഈ പ്രോജെക്റ്റിനായി ഒരു പ്രോജെക്റ്റ് ഓഫീസ് മൂവാറ്റുപുഴയില്‍ തുടങ്ങിയത് ഈയടുത്തകാലത്ത് അടച്ചുപൂട്ടി. എന്നാല്‍ റെയിലിന്റെ സ്ഥിതിയോ? കാലടിവരെ പാത വിരിക്കാന്‍ പാകത്തിനാക്കിയിട്ടുണ്ട്.തുടര്‍ന്ന് കാലടി പെരിയാറിനുകുറുകെയുള്ള പാലമാണ്.ദോഷം പറയരുതല്ലോ, ആ പാലത്തിനുവേണ്ട കാലുകല്‍ പൂര്‍ത്തിയായിട്ടുണ്ട്.അതോടെ തീര്‍ന്നു കൊട്ടിഘോഷിച്ചുവന്ന ശബരി റെയില്‍.മണ്ഡലക്കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വളരെയേറെ സഹായകരമഅകും ഈ റെയിലെന്നാണ് അന്ന് ( പത്തൊന്‍‌പത് ഇരുപത് കൊല്ലം മുന്‍പ് ഇത് തുടങ്ങുന്ന കാലത്ത് ) പറഞ്ഞുകേട്ടിരുന്നത്.ശേഷം സമയത്ത് കോട്ടയം പാല തുടങ്ങിയ റബ്ബര്‍കൃഷിപ്രദേശത്തുനിന്നുമുള്ള റബ്ബറുമായി ഗുഡ്സ് ട്രെയിനുകള്‍ കൂകിപ്പായും എന്നും അന്ന് പറഞ്ഞിരുന്നു.എന്നാല്‍ അന്ന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കേവലം ശബരിമല തീര്‍ത്ഥാടകരേക്കൊണ്ടൊന്നും ഒരു ട്രെയിന്‍ സര്‍‌വീസ് ലാഭകരമായി കൊണ്ടുനടത്താന്‍ കഴിയില്ലെന്നും റബ്ബര്‍ കര്‍ഷകര്‍ ഒരിക്കലും ട്രെയിനില്‍ ലോഡ് കയറ്റിഅയക്കില്ല എന്നും പറഞ്ഞിരുന്നു.അവരീ പ്രോജക്ലറ്റിനെ അന്ന് നാഷണല്‍ വേസ്റ്റ് എന്നാണ് വിളിച്ചത്.പകരം ആ ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ റെയില്‍‌വേ ലയിനുകളെല്ലാം ഡബിള്‍ ലൈനാക്കിയാല്‍ അതായിരിക്കും കൂടുതല്‍ ലാഭകരമെന്നും പറഞ്ഞ് കാലടിയില്‍ നിന്നൊരു ജാഥ നടത്തിയിരുന്നു.എന്നാല്‍ പരിഷത്തുക്കാരെ അന്നെല്ലാവരുംകൂടി ശകുനം മുടക്കികള്‍ എന്ന് വിളിച്ചാക്ഷേപിക്കുകയാണുണ്ടായത്. ( പത്തൊന്‍പത് കൊല്ലം കഴിഞ്ഞ ഇന്നും ഏതാണ്ട് 60 കോടിയിലധികം മുടക്കി ആ പാത തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു.)

                       മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ കേരളത്തിലേയ്ക്കുവരുന്ന പദ്ധതികളെല്ലാം ഇങ്ങനെ മുടന്തന്‍ ന്യായം പരഞ്ഞ് തട്ടീം മുട്ടീം കിതച്ചും ഇടറിയും ഒക്കെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയാണിത് കാണിക്കുന്നത്.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതൊരുതരം പ്രത്യേക ഇച്ഛശക്തിയാണ് ഈ കാണുന്നത്.ഒരു പ്രോജക്റ്റ് ആയിരം കോടി ചിലവ് കണക്കാക്കി പ്രഖ്യാപിക്കുക. എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് അത് നീട്ടിനീട്ടി കൊണ്ടുപോവുക. ഇടയ്ക്കിടയ്ക്ക് അതിന്റെ മതിപ്പുചിലവ് അവലോകനം ചെയ്ത് (കാലാകാലങ്ങളില്‍ വരുന്ന വര്‍ദ്ധനയ്ക്കനുസരിച്ച് ) കൂട്ടിക്കൂട്ടി പ്രഖ്യാപിച്ച് പതിനായിരത്തിലെത്തിക്കുക.എങ്ങനെയുണ്ട് കാര്യങ്ങള്‍ ? നമ്മുടെ മുന്‍‌ചീഫ് വിപ്പ് യുഡീഫിനോടുള്ള ദേഷ്യം കൊണ്ടാണെങ്കിലും പറഞ്ഞ ഒരു കാര്യമുണ്ട്, നൂറുരൂപയുടെ ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ അതില്‍ 80രൂപ കമ്മീഷനും ലാഭവുമൊക്കെയായി മാറും ബാക്കി ഇരുപത് രൂപയാണ് പ്രോജെക്റ്റ് നടത്തിപ്പിനു ലഭിക്കുക എന്ന്.അപ്പോള്‍ നൂറു രൂപയുറ്റെ പ്രോജെക്റ്റ് നീട്ടി നീട്ടി ആയിരത്തിലും പതിനായിരത്തിലുമെത്തിച്ചാല്‍ അതുവഴിയുണ്ടാകുന്ന ലാഭവും കമ്മീഷനും എത്ര വലുതായിരിക്കും? പേനയില്‍ നിന്ന് വീഴുന്ന ഒരു കുത്ത് സ്ഥാനം മാറിയാല്‍ മതി പ്രോജെക്റ്റ് അനന്തമായി നീണ്ടുപോകാന്‍. മാത്രമല്ല പൊതുജനങ്ങളെ ഇളക്കിവിട്ട് സമരങ്ങള്‍ സംഘടിപ്പിക്കാനും പലരും ഇക്കൂട്ടരില്‍ മിടുക്കരായിരിക്കും.പണ്ടൊരു സുഹൃത്ത് പരഞ്ഞൊരു കഥയുണ്ട്.ഒരു കമ്പനി അവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് സാധനം സപ്ളൈ ചെയ്യാന്‍ കഴിയുന്നില്ല. സമയത്ത് സാധനം കൊടുത്തില്ലെങ്കില്‍ കമ്പനി കൊടുക്കേണ്ടുന്ന നഷ്ടം ഭീകരമായയിരിക്കും.എന്തുചെയ്യും? കമ്പനി ഭീമമായ ഒരുതുക നല്‍കി ഒരു മാനേജ്മെന്റ് വിദഗ്ധനെ ഏല്പിച്ചു രക്ഷപെടാന്‍.അയാള്‍ കരാര്‍ ശരിക്കും പഠിക്കുന്നു, അങ്ങനെ അയാളൊരു ക്ലോസ് കണ്ടെത്തി. സമരം മൂലം കമ്പനി ലോക്കൗട്ടാവുകയും അങ്ങനെ സാധനം കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.അയാള്‍ മാനേജ്മെന്റിനു ബുദ്ധി ഉപദേശിച്ചുകൊടുത്തു. പിറ്റേന്നുമുതല്‍ കാന്റീനില്‍ ഊണിനൊപ്പം നല്‍കുന്ന മീങ്കഷണത്തിന്റെ വലിപ്പം ചെറുതായി. തൊഴിലാളികള്‍ പണിമുടക്കി , കമ്പനി ലോക്കൗട്ട് ചെയ്തു,കാര്യങ്ങള്‍ ശുഭമായി കലാശിച്ചു.

                         ഇനി ഇതിന്റെ മറ്റൊരുവശം കൂടി നോക്കുക. ആര്‍ക്കാണോ സാധനങ്ങള്‍ എത്തേണ്ടിയിരുന്നത് ( ബി ടീം) അവരീ വസ്തു അസംസ്കൃതവസ്തുവാക്കിയുപയോഗിച്ച് മറ്റൊരുല്പ്പന്നം ഉണ്ടാക്കി മറ്റൊരു കമ്പനിയ്ക്ക് കൈമാറേണ്ടതായിരുന്നു എന്ന് വിചാരിക്കുക. ബി കമ്പനി സമയത്ത് കൊടുത്തില്ലെങ്കില്‍ ബി കമ്പനിയ്ക്കും സി കമ്പനിയ്ക്കും ഒക്കെ വരുന്ന ന്‍ഷ്ടം കണക്കാക്കിയാലോ?ഇതിങ്ങനെ ചെയിനായി പോകും.ആയിരം രൂപയുടെ പ്രോജെക്റ്റ് പെരുകി പെരുകി പതിനായിരം കോടിയായാല്‍ സത്യത്തില്‍ ആര്‍ക്കാണുനഷ്ടം? നമുക്ക് തന്നെ.ഈ പ്രോജെക്റ്റ് തീര്‍ന്നാല്‍ അതുകൊണ്ട് മറ്റൊരു പ്രോജെക്റ്റ് ( ഉദാഹരണം ഒരണക്കെട്ട് നിര്‍മ്മാണം.അതിലെ ജലം കൊണ്ട് ആയിരം ഹെക്റ്റര്‍ ഭൂമിയില്‍ കൃഷിയിറക്കാം, അതിലെ വിളയുപയോഗിച്ച് പതിനായിരം പേര്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കാം എന്നാണെങ്കിലോ?അതുണ്ടാക്കുന്ന നഷ്ടം ഒന്ന് കണക്കാക്കി നോക്ക്കൂ!)ഉണ്ടാകേണ്ടതായിരുന്നു എന്നും വിചാരിക്കുക. ഇതൊരു സങ്കല്പമല്ല.മാനന്തവാടിയ്ക്കടുത്ത് കാരാപ്പുഴ പ്രോജെക്റ്റ് എന്നൊരു പരിപാടിയുണ്ട്.1974 ല്‍ ആരംഭിച്ച് 1977 ല്‍ തീരേണ്ട ഈ പ്രോജെക്റ്റ് തീര്‍ന്നത് 2004 ആണ്.(അതുതന്നെ മുഴുവനായില്ല എന്നാണു തോന്നുന്നത്.2007 ല്‍ ഞാന്‍ വയനാട് പണിയെടുക്കുമ്പോള്‍ അവിടെ അത്യാവശ്യം പണിയൊക്കെ നടക്കുന്നുണ്ടായിരുന്നു.)ഈ പ്രോജെക്റ്റിനേക്കുറിച്ച് ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു രേഖ പറയുന്നത് നോക്കുക,വയനാട് ജില്ലയിലെ വൈത്തിരി,സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 5600 ഹെക്റ്റര്‍ കൃഷിയുക്തമാക്കുന്നതിന്നായി ആരംഭിച്ച പ്രോജെക്റ്റ് മിനിമം 1977 ല്‍ തീരുമെന്ന് വിചാരിച്ചാണ് പണിയാരംഭിക്കുന്നത് . 7.6 കോടി രൂപയ്ക്ക് തീരുമെന്ന് വിചാരിച്ച ഈ പ്രോജെക്റ്റ് 2004 ല്‍ തീരുമ്പോഴേയ്ക്കും ചിലവായത് 392.25 കോടി രൂപ.അതുണ്ടാക്കിയ നഷ്ടം ഒന്നാലോചിച്ചുനോക്കൂ.കഴിഞ്ഞുപോയ 27 വര്‍ഷങ്ങളിലെ കൃഷിനഷ്ടം കൂടി ആലോചിക്കണം.കാരാപ്പുഴ പ്രോജെക്റ്റ്

                അപ്പോ ഇതല്ലേ  കാട്ടിലെ തടി തേവരുടെ ആന എന്ന വിചാരം?അതായത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോണ്‍‌ട്രാക്റ്റര്‍മാരും കൂടിയുള്ള ഒരവിശുദ്ധകൂട്ടുകെട്ട്.ഇവിടെ തടി കാട്ടിലേതല്ല എന്നും ആന തേവരുടേതല്ല എന്നും ഉറക്കെ പറയേണ്ടവര്‍ നമ്മളാണ് , പൊതുജനം. ആ പൊതുജനം അലസത കാണിച്ചാല്‍ ഈ നാടുതന്നെ ലാഭം കിട്ടിയാല്‍ തൂക്കിവില്‍ക്കും എന്നര്‍ത്ഥം.

                   നമ്മള്‍ ശബരിയേക്കുറിച്ചാണ് പരഞ്ഞുവന്നത്, ശബരി റെയില്‍‌വേ പ്രോജെക്റ്റ്.മൂന്നുവര്‍ഷം കാലാവധിയ്ക്ക് പണിയാരംഭിച്ച പ്രോജെക്റ്റ് ഈ 2015 ലും ഒന്നുമായിട്ടില്ല.അതിന്റെ പ്രോജെക്‍റ്റ് ഓഫീസ് മൂവാറ്റുപുഴ ഉണ്ടായിരുന്നത് പൂട്ടിയവിവരം പറഞ്ഞു. 2011 ല്‍ 4000കോടിയാണ് മതിപ്പുചിലവ് കണക്കാക്കിയത്. അപ്പോള്‍ 2015 ല്‍ അത് ഏഴായിരം കോടിയെങ്കിലും ആകും.എന്നാല്‍ ഈ ബജറ്റില്‍ അതിനു വക കൊള്ളിച്ചത് കേവലം അഞ്ച് കോടി രൂപ മാത്രം.കേരളീയരോട് പോയി --- പാന്‍ പറയുന്നതിന്നു തുല്യമായില്ലേ അത്? എന്നിട്ടും നമ്മള്‍ ഈ തെണ്ടികള്‍ക്ക് ജൈ വിളിച്ച് നടക്കുന്നുണ്ടല്ലോ?
ഇനി ഇതിന്റെ മറ്റൊരു വശം.ഈ റെയില്‍ കറ്റന്നുപോകുന്നിടത്തെ പ്രോജെക്റ്റിനാവശ്യമുള്ള ഭൂമി അളന്നുതിരിച്ചു മാര്‍ക്ക് ചെയ്തിട്ടിട്ട് കാലങ്ങളായി.തികച്ചും സാധാരണക്കാരായവരുടെ ഭൂമി.അന്നന്നു കൂലിപ്പണിയെടുത്ത് അതുകൊണ്ട് ജീവിച്ചുപോകുന്നവരുടെ ഭൂമി.ഈ ഭൂമി അലന്നുതിരിച്ച് മാര്‍ക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ആ ഭൂമിയില്‍ നികുതി പിരിക്കുന്നത് നിറുത്തും.ആ ഭൂമി പിന്നെ ക്രയവിക്രയം ചെയ്യാനോ പണയം വച്ച് ബാങ്കില്‍ നിന്ന് വായ്പയെടുക്കാനോ പിന്നെ സാധ്യമല്ല. സാധാരണക്കാരായ ഇവരുടെ പലകാര്യങ്ങളും , കല്യാണം, രോഗചികില്‍സയടക്കം , ഇവര്‍ നടത്തിക്കൊണ്ടിരുന്നത് ഈ ഭൂമിയുപയോഗിച്ചാണ്.സഹകരണ സ്ംഘങ്ങളില്‍ പണയം വച്ചോ അറ്റകൈക്ക് വിറ്റോ ഒക്കെയാണിവര്‍ കാര്യങ്ങള്‍ കണ്ടുകൊണ്ടിരുന്നത്.എന്നാല്‍ ഈ ഭൂമി മാര്‍ക്ക് ചെയ്തതോടെ ഈ വഴി അവരുടെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു, എന്നാല്‍ ഈ ഭൂമി ഏറ്റെടുത്ത് അതിന്റെ പണം നല്‍കിയാല്‍ ആ പണമുപയോഗിച്ച് അവര്‍ക്ക് പലകാര്യങ്ങളും ചെയ്യാമായിരുന്നു.അതിനൊട്ടനുവദിക്കുന്നുമില്ല, ഭൂമി ഇവര്‍ക്ക് തിരിച്ചൊട്ട് കൊടുക്കുന്നുമില്ല.ഇത് ആ പാവങ്ങളുറ്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന്നു തുല്യമല്ലേ? ഒരു ഗവണ്മെന്റിനു ചെയ്യാവുന്ന ഏറ്റവും മോശപ്പെട്ട കാര്യമല്ലെ അതിന്റെ സ്വന്തം ജനതയെ ഇങ്ങനെ വഴിയാധാരമഅക്കുക എന്നുള്ളത്?എത്രയും വേഗം ഇതിന്നൊരു തീരുമാനമുണ്ടാക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.

2 comments :

  1. എന്നാല്‍ ഈ ഭൂമി ഏറ്റെടുത്ത് അതിന്റെ പണം നല്‍കിയാല്‍ ആ പണമുപയോഗിച്ച് അവര്‍ക്ക് പലകാര്യങ്ങളും ചെയ്യാമായിരുന്നു.അതിനൊട്ടനുവദിക്കുന്നുമില്ല, ഭൂമി ഇവര്‍ക്ക് തിരിച്ചൊട്ട് കൊടുക്കുന്നുമില്ല.ഇത് ആ പാവങ്ങളുറ്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന്നു തുല്യമല്ലേ? ഒരു ഗവണ്മെന്റിനു ചെയ്യാവുന്ന ഏറ്റവും മോശപ്പെട്ട കാര്യമല്ലെ അതിന്റെ സ്വന്തം ജനതയെ ഇങ്ങനെ വഴിയാധാരമഅക്കുക എന്നുള്ളത്

    ReplyDelete
  2. പ്രോജക്റ്റുകള്‍ കഴിവതും നീട്ടിക്കൊണ്ടുപോവുക എന്നതാണ് നയം. അതില്‍ കാര്യമുണ്ട്

    ReplyDelete