വിഴിഞ്ഞം: സത്യവും മിഥ്യയും.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


             കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്ക്, മാര്‍ക്സിസ്റ്റ് പാര്‍ട്ടി വികസനവിരുദ്ധരാണെന്നും, വിഴിഞ്ഞം പ്രോജെക്ട് നടപ്പിലാക്കാനുള്ള അവസാനത്തെ അവസരമാണെന്നും, ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നഷ്ടപ്പെടുത്തുകയാണെന്നും ഒക്കെയുള്ള ഗ്വാഗ്വാ വിളികള്‍ കൊണ്ട് മുഖരിതമാണ്.വളരെ കൃത്യമായ ചില അജണ്ടകളാണവര്‍ അതിനായി ഉന്നയിക്കുന്നത്.പഴയകാലം മുതലേ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പഴികേട്ടുകൊണ്ടിരിക്കുന്ന ട്രാക്റ്റര്‍ വിരുദ്ധസമരവും അതുപോലെ തന്നെ കം‌പ്യൂട്ടര്‍‌വല്‍ക്കരണത്തിനെതിരായ സമരവുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെ എടുത്തുപയോഗിക്കുന്നതില്‍ ഒരു ലോഭവും ഇവര്‍ കാണിക്കുന്നില്ല.എന്നാല്‍ ഇവരോര്‍ക്കുന്നില്ല, തങ്ങളുടെ മുന്‍‌ഗാമികള്‍ ട്രാക്റ്റര്‍‌വല്‍ക്കരണത്തെ അനുകൂലിച്ചതിന്റെ കൂടി ഫലമാണ് ഇന്ന് തങ്ങളനുഭവിക്കുന്ന നോക്കുകൂലിപ്രശ്നമെന്ന്. എന്നാല്‍ കം‌പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരായ സമരമാകട്ടേ, ട്രാക്റ്റര്‍ വിരുദ്ധസമരം പോലെയായിരുന്നില്ല.തങ്ങളെ ബാധിക്കുന്ന പ്രശ്നമായിരുന്നതിനാല്‍ സര്‍ക്കാരുദ്യോഗസ്ഥരായ ഇടത്തരക്കാരുടെ കൂടി പിന്‍‌തുണ ഈ സമരത്തിനുണ്ടായിരുന്നു.അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ പൊളിഞ്ഞുപോയി എന്ന പ്രതീതിയുണ്ടാക്കിയെങ്കിലും പിന്നീട് കം‌പ്യൂട്ടര്വല്‍ക്കരണത്തെക്കുറിച്ച് പഠിക്കാന്‍ അന്നത്തെ ഗവണ്മെന്റ് ഒരു കമ്മിറ്റിയെ നിയോഗിക്കുകയും തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടാവുന്ന കമ്പ്യൂട്ടര്‍‌വല്‍ക്കരണം ഈ കമ്മിറ്റി വേണ്ടെന്നു പറയുകയും ചെയ്തു.അതൊന്നും പഠിക്കുകയോ അറിയുകയോ ചെയ്യാതെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കൂവിവിളിക്കാന്‍ കിട്ടുന്ന ഏതവസരത്തിലും ഈ പ്രശ്നങ്ങള്‍ എടുത്തുപയോഗിക്കുന്നു ചരിത്രമറിയാത്ത ചിലര്‍.

            ഇതുതന്നെയാണ് ഇന്ന് വിഴിഞ്ഞം പ്രോജക്റ്റിന്റെ കാര്യത്തിലും  നടന്നുകൊണ്ടിരിക്കുന്നത്.അരാണ് അദാനിയെന്നതു പോകട്ടെ, എന്താണ് അദാനിയുമായിട്ടുണ്ടാക്കിയ കരാര്‍ എന്നുപോലുമറിയാതെയാണ് ഇവര്‍ ബഹളമുണ്ടാക്കുന്നത്.ഇതിനു സമാനമായ ഒരു പ്രശ്നം മുന്‍പുണ്ടായത് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപെട്ടാണ്. ഇന്ന് വികസനത്തിനായുള്ള അവസാന അവസരമാണെങ്കില്‍ അന്നത് വികസനത്തിന്റെ ലാസ്റ്റ് ബസ്സായിരുന്നു എന്ന് മാത്രം.അന്നും ഈ പഴകിപ്പുളിഞ്ഞ ട്രാക്റ്റര്‍ കമ്പ്യൂട്ടര്‍ വിരുദ്ധവായത്താരികളുമായി സൃഗാലവൃന്ദവും ഉമ്മന്റെ കൂട്ടിനുണ്ടായിരുന്നു.എന്നിട്ടോ? യു ഡി എഫ് ഗവണ്മെന്റുണ്ടാക്കിയ കരാറിനേക്കാള്‍ വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്നതും കേരള സര്‍ക്കാറിനു ഗുണകരവുമായ കരാറോടെ പിന്നീട് വന്ന ഇടതുപക്ഷഗവണ്‍മെന്റ് കരാര്‍ മാറ്റിയെഴുതി എന്നതാണ് സത്യം.അപ്പോള്‍ അവസാനബസ്സ് അവസാനാവസരം എന്നൊക്കെ പറയുന്നത് പ്രത്യേകിച്ചും യു ഡി എഫ് ഗവണ്മെന്റ് പറയുന്നത് തീര്‍ത്തും സംശയത്തോടെതന്നെ കാണേണ്ടിയിരിക്കുന്നു.

                     അപ്പോള്‍ എന്താണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത? ഒന്നാമത്തെ കാര്യം അദാനി ഗ്രൂപ്പുമായുണ്ടാക്കിയ ബിഡ് ഇതുവരെ തല്പരകക്ഷികള്‍ പുറത്തുവിട്ടിട്ടില്ല.പിന്നെ നമുക്ക് ആധാരമായെടുക്കാവുന്നത് മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളാണ്, പ്രത്യേകിച്ചും ആ കാര്യങ്ങളോട് തല്പരകക്ഷികള്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാത്ത സ്ഥിതിയ്ക്ക്.

                 നോക്കുക, അദാനിഗ്രൂപ്പിന്റെ തന്നെ കണക്കുപ്രകാരം ഈ പ്രോജക്റ്റിനാകെ വരുന്ന ചിലവ് 7525 കോടി രൂപയാണ്, അതില്‍ 5072കോടി രൂപ (67.4%) കേരളഗവണ്മെന്റും ബാക്കി 2453 കോടി രൂപ (32.6%) അദാനി ഗ്രൂപ്പും ചിലവഴിക്കും. കേരളം ഇത്രയും പണം ചിലവഴിക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്.( അല്ല വായ്പകാണെങ്കില്‍ തന്നെയും അത് തിരിച്ചടയ്ക്കാന്‍ നികുതിപ്പണം തന്നെ വേണ്ടിവരും.) അപ്പോള്‍ ജനങ്ങളുടെ പണമുപയോഗിച്ച് പണിയുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്യങ്ങള്‍ ജനം അറിയണ്ട ("പലകാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല, അത് പദ്ധതി നടത്തിപ്പിനെ ബാധിക്കും" എന്ന കേരള മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ അഭിമുഖം ഓര്‍ക്കുക) എന്ന ലയിന്‍ ശുദ്ധമാന അഹങ്കാരമാണെന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.ഇതൊരു പരമരഹസ്യമായ മിലിട്ടറി ഓപറേഷനൊന്നുമല്ലല്ലോ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍?

                       ഇനി മറ്റൊന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നത് തീരപ്രദേശത്തിനും പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലും സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികപ്രശ്നങ്ങളാണ്. ഈ പദ്ധതിയ്ക്കു നല്‍കിയ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍‌ജികള്‍ ഇപ്പോള്‍ സുപ്രീംകോടതി, ഹരിത ട്രിബ്യൂണല്‍ എന്നിവയുടെ മുന്നിലാണ്. ഈ കേസുകളില്‍ കേരള ഗവണ്മെന്റ് എടുക്കുന്ന നിലപാട് മനപൂര്‍‌വം ഈ കേസ് തോല്‍ക്കുന്നതിനു സഹായകരമാണ്.ഉദാഹരണത്തിനു സുപ്രീം കോടതിയിലെ കഴിഞ്ഞ രണ്ട് സിറ്റിങ്ങുകളില്‍ സംസ്ഥാനസര്‍ക്കാറിന്റെ അഭിഭാഷകന്‍ ഹാജരായില്ല.
പോര്‍ട്ട് നടത്തിപ്പ് ഒരു ബിസിനസ്സാണ്, അതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കുമ്പോള്‍ , സര്‍ക്കാറിന്റെ സ്വത്ത് ഒരു സ്വകാര്യകമ്പനിയ്ക്ക് വിട്ടുകൊടുക്കുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാനപ്പെട്ട രണ്ട് വസ്തുതകള്‍ (1) എത്ര റവന്യൂ ഷെയര്‍ (വരുമാന / നഷ്ട വിഹിതം) ഗവണ്മെന്റിനു സ്വകാര്യകമ്പനി വാഗ്ദാനം നല്‍കുന്നു.(2) എത്രവര്‍ഷം കഴിഞ്ഞ് തുറമുഖം സര്‍ക്കാറിനു തിരികെ ലഭിക്കും.കേരളസര്‍ക്കാറിനു അദാനി പോര്‍ട്ട് നല്‍കിയ ബിഡ് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറവ് റവന്യൂ ഷെയര്‍ ആണ് സര്‍ക്കാറിനു നല്‍കുക.വിശദവിവരം ഇങ്ങനെ ( മാധ്യമങ്ങള്‍ നല്‍കിയതും സര്‍ക്കാര്‍ ഒളിപ്പിച്ചുവയ്ച്ചതും)(1) പോര്‍ട്ട് തുടങ്ങി ആദ്യത്തെ 15 വര്‍ഷക്കാലം ഒരു ഷെയറും സര്‍ക്കാറിനു ലഭിക്കില്ല (2) പതിനഞ്ചാമത്തെ വര്‍ഷം 1% റവന്യൂ ഷെയര്‍ സര്‍ക്കാറിനുണ്ടാകും.(3)ഇത് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് 55 -)മത്തെ കൊല്ലം സര്‍ക്കാറിന്റെ ഷെയര്‍ 40% ആയിരിക്കും.

                                      ഇനി മറ്റു തുറമുഖങ്ങളിലെ നിലവിലൂള്ള സ്ഥിതിനോക്കാം.വിഴിഞ്ഞത്ത് വരുന്നത് കണ്ടൈനര്‍ ട്രാന്‍സ്‌ഷിപ്മെന്റ് തുറമുഖമാണ്.അതുപോലെ വേറൊന്നുള്ളത് പിന്നെ വല്ലാര്‍പാടത്താണ്.ആദ്യം മുതലേ അവിടുത്തെ പാര്‍ട്ടണറായ ദുബായ് പോര്‍ട്ട് സര്‍ക്കാറിനു നല്‍കുന്നത് 33.3% ഷെയറാണ്. തൊട്ടുപിന്നില്‍ നിന്ന കമ്പനി സര്‍ക്കാറിനു വാഗ്ദാനം നല്‍കിയത് 10% ഷെയറാണെന്നുകൂടി ഓര്‍ക്കണം. (ഇത്രയും ഷെയര്‍ ലഭിച്ചിട്ടും ശേഷിയുടെ ൩൦% മാത്രമാണവിടെ കയറ്റിറക്ക് നടക്കുന്നത്.അതുകൊണ്ട് ഇന്ത്യാഗവണ്മെന്റിനു ഇറക്കിയതുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിനനുസരിച്ചുള്ള തുകലഭിക്കുന്നില്ല.)
2014 ല്‍ തമിഴ് നാട്ടിലെ എന്നൂര്‍ തുറമുഖത്തിനുവേണ്ടിയാണ് സമീപകാലത്ത് ഒരു ബിഡ് നടന്നത്. അവിടെ ജയിച്ചത് അദാനിഗ്രൂപ്പാണ്, 37% ഷെയര്‍ അവര്‍ സര്‍ക്കാറിനുനല്‍കും, അതും പ്രവര്‍ത്താനാരംഭം മുതല്‍ തന്നെ.രണ്ടാം സ്ഥാനത്ത് വന്നത് ദുബായ് പോര്‍ട്ട് 27% ആണ് ക്വാട്ട് ചെയ്തതെന്നും ഓര്‍ക്കണം. തമാശ തീര്‍ന്നില്ല, തമിഴ്നാട്ടിലെ തന്നെ മറ്റൊരു തുറമുഖത്തിന് അദാനിഗ്രൂപ്പ് ഓഫര്‍ ചെയ്തത്(ബിദ്ദില്‍) ആരംഭം മുതല്‍ 5.37%മാണ് , അത് കുറവാണെന്നുപറഞ്ഞ് അവരെ പുറത്താക്കുകയും ചെയ്തു.അപ്പോഴാണ് മുകളില്‍ പറഞ്ഞ ഉമ്മന്‍ ലീലകള്‍.പതിനഞ്ചുവര്‍ഷത്തേയ്ക്ക് ഒന്നുമില്ല, പിന്നീട് ഒരു ശതമാനം മുതല്‍. ഇതാര്‍ക്കുവേണ്ടിയാണീ കരാര്‍? ഉമ്മനുവേണ്ടിയോ അദാനിയ്ക്കുവേണ്ടിയോ അതോ ഇവിടുത്തെ നാട്ടുകാര്‍ക്ക് വേണ്ടിയോ?

                                      ഈ പദ്ധതിയുടെ മുടക്കുമുതല്‍ ആദ്യം 5187 കോടി രൂപയായിരുന്നു. അത് ലാന്റ് ലോര്‍ഡ് പദ്ധതിപ്രകാരം നടപ്പാക്കാനായിരുന്നു തീരുമാനം.എന്നാല്‍ പിന്നീടത് 2014 ലെ കേന്ദ്രഗവണ്മെന്റുമായുള്ള ചര്‍ച്ചയ്ക്കുശേഷം പി പി പി മോഡലായി.അതുപ്രകാരം മുടക്കുമുതല്‍ 6430 കോടി രൂപയായി , അതില്‍ 3930 കോടി രൂപ സ്വകാര്യസം‌രം‌ഭകനും 2500 കോടി രൂപ സംസ്ഥാനസര്‍ക്കാറും വഹിക്കണമെന്നായിരുന്നു ധാരണ. ഇതാണ് 2014 ഡിസംബര്‍ വരെയുള്ള സ്ഥിതി.എന്നാല്‍ അദാനി വന്നതോടുകൂടി തുക 7525 കോടി രൂപയാവുകയും അതില്‍ അദാനി മുടക്കേണ്ടതുക 2543 കോടി രൂപയാവുകയും ചെയ്തു.ഇതില്‍ 1635 കോടി രൂപ അദാനിയ്ക്കു സൗജന്യമായി ലഭിക്കും.പകുതി കേന്ദ്രഗവണ്മെന്റു നല്‍കുമ്പോള്‍ ബാക്കിപകുതി പതിനഞ്ചുവര്‍ഷത്തിനുശേഷം കേരളം അടയ്ക്കണം എന്ന ധാരണയിലും നല്‍കും.എങ്ങനെയുണ്ട് കാര്യങ്ങള്‍?

                    ഇങ്ങനെ ഒരു തുറമുഖം കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍ എത്രവര്‍ഷം അത് സ്വകാര്യസം‌രം‌ഭകന്ന് കൈവശം വയ്ക്കാമെന്നുണ്ട്, പൊതുവേ അത് 30 കൊല്ലമാണ്.ഇന്ത്യയിലെ ഇതുപോലത്തെ എല്ലാ തുറമുഖങ്ങളും ഈ 30 കൊല്ലം കഴിഞ്ഞാല്‍ സര്‍ക്കാറിനു തിരിച്ചുനല്‍കണം.ഇവിടെ വികസനത്തോടുള്ള അതിപ്രണയം കൊണ്ടായിരിക്കണം ഈ പോര്‍ട്ട് 60 കൊല്ലം കൈവശം വൈക്കാന്‍ അദാനിയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍.
ഇനി മറ്റൊന്ന് ഇന്ത്യയിലെ മറ്റേതൊരു തുറമുഖപദ്ധതിയിലും കാണാത്ത ഒരു പുതുമ നമുക്കിവിടെ ദര്‍ശിക്കാനാകും.പോര്‍ട്ട് എസ്റ്റേറ്റ് വികസനം എന്നൊരു ഘടകംകൂടി ഈയടുത്തകാലത്ത് പോര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണത്.ബിഡ് നല്‍കാന്‍ തയ്യാറുള്ള കമ്പനികളുടെ ആവശ്യപ്രകാരമാണത് എഴുതിചേര്‍ത്തത്. (അദാനിമാത്രമാണ് ബിഡ് നല്‍കാന്‍ തയ്യാറായത് എന്നതുകൊണ്ട് അദാനിയുടെ ആവശ്യമാണിതെന്നത് സത്യം.) 2453 കോടി രൂപ ഇറക്കുന്ന പദ്ധതി നഷ്ടത്തില്‍ കലാശിച്ചാലും ഇറക്കുന്ന പണത്തിന്റെ എത്രയോ ഇരട്ടി പോര്‍ട്ട് എസ്റ്റേറ്റ് പ്രകാരം തിരിച്ചുപിടിക്കാന്‍ കഴിയും.ഈ പോര്‍ട്ട് എസ്റ്റേറ്റ് പദ്ധതിപ്രകാരം എത്ര ഭൂമിയാണ് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഉമ്മനും അദാനിയ്ക്കും മാത്രം അറിയാവുന്ന രഹസ്യമാകുമ്പോള്‍ നമ്മള്‍ സാധാരണപൗരന്മാര്‍ എന്തുചെയ്യണം "വികസനവിരുദ്ധരാ"വുകയല്ലാതെ? പോര്‍ട്ട് എസ്റ്റേറ്റ് വികസനമെന്നപേരില്‍ നല്‍കുന്ന ഭൂമിയില്‍ കൊമേഷ്യല്‍ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആശുപത്രികള്‍ ഒക്കെ നടത്ത്നുന്നതിന്നു വിട്ടുകൊടുക്കാനുള്ള തീരുമാനം കേന്ദ്രഗവണ്മെന്റ് ഉദൈഓഗസ്ഥര്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍ന്ന് അദാനി ബിഡ് സമര്‍പ്പിക്കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ കേന്ദ്രഗവണ്മെന്റും ഉമ്മന്‍‌ചാണ്ടിയും അദാനിയുമായി നടന്ന ചര്‍ച്ചയില്‍ പിന്നീടത് തിരുകികയറ്റാന്‍ ധാരണയാവുകയായിരുന്നു.
 
               പൊതുവേ സ്വാകാര്യപങ്കാളിത്തത്തോടെ തുറമുഖനിര്‍മ്മാണംനടത്തുമ്പോള്‍ പുലിമുട്ട് ( BREAK WATER ) നിര്‍മ്മാണം അതത് സ്വകാര്യ കമ്പനിയാണ് നടത്താറ്.വിഴിഞ്ഞത്ത് 3.2 കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കണം, അതിനായി 70 ലക്ഷം ടണ്‍ പാറക്കല്ലുകള്‍ വേണം.മെട്രോ , ഫ്ലൈ ഓവറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പാറകണ്ടെത്താന്‍ പോലുമാവാതെ വിഷമിക്കുന്ന സ്ഥിതിയാണിന്നുള്ളത്.സഹ്യപര്‍‌വതം മാന്തി മാന്തി ഇല്ലാതായിത്തുടങ്ങി.അതുകൊണ്ടുതന്നെ അക്ഷരാര്‍ത്ഥത്തില്‍ ശ്രമകരമാണീ നിര്‍ദ്ദിഷ്ടപുലിമുട്ട് നിര്‍മ്മാണം.അത് സൗകര്യപൂര്‍‌വം കേരള ഗവണ്മെന്റിന്റെ തലയില്‍ വച്ചുകെട്ടി അദാനിഗ്രൂപ്പ്.952 കോടി രൂപയാണിതിനു ചിലവ് പ്രതീക്ഷിക്കുന്നത്.ഇതിന്റെ പണികഴിഞ്ഞാല്‍ മാത്രമേ അദാനി കളത്തിലിറങ്ങൂ.ഇന്നത്തെ കണ്ടീഷനില്‍ ഈ പണി തീര്‍ക്കുക അത്ര ക്ഷിപ്രസാധ്യമല്ല താനും.എന്നാല്‍ 583 കോടി രൂപയുടെ കടല്‍ നികത്തലും ഡ്രഡ്ജിങ്ങും അദാനി സന്തോഷപൂര്‍‌വം ഏറ്റെടുക്കുകയും ചെയ്തു
 
                     ഇതിനൊക്കെ പുറമെയാണ് ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍. ഈ പദ്ധതി ഇന്നത്തെ രൂപത്തില്‍ നടപ്പാക്കിയാല്‍ നിലവിലുള്ള വിഴിഞ്ഞം ഹാര്‍ബര്‍ നാമാവശേഷമാകും.കരയിടിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വേറെയും.ഇവയൊക്കെയാണ് ഹരിതട്രിബൂണല്‍ പരിഗണിക്കുന്നത്.

               വികസനത്തിന്റെ അവസാന അവസരം എന്നും പറഞ്ഞ് അദാനിഗ്രൂപ്പിന്റെ കക്ഷത്തില്‍ തലവച്ചുകൊടുക്കുന്നതിന്നുമുന്‍പ് പ്രയപ്പെട്ട അദാനി ഉമ്മന്‍ ഫാനുകള്‍ ഈ പോസ്ററ്റിലൂടെയൊന്ന് കറ്റന്നുപോകണമെന്നും ഒരു സം‌വാദത്തിനു തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

(ശ്രി ഹരീഷ് വാസുദേവന്‍ തയ്യാറാക്കിയ ഒരു ലഘുലേഘയെ അവലംബിച്ചെഴുതിയത്.)

Post a Comment