മതപരിവര്‍ത്തനത്തിന്റെ അവസ്ഥാന്തരങ്ങള്‍

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
       
ശാസ്ത്രഗതി മാസികയില്‍ (ജൂലൈ 2015 ലക്കം) കെ എസ് ഗണേശന്‍ എഴുതിയ ലേഖനം കാലികപ്രസക്തിയുള്ളതായി തോന്നുന്നതിനാല്‍ പോസ്റ്റ് ചെയ്യുകയാണ്.

                      "ഒരു വ്യക്തി വിഭ്രാന്തിയ്ക്ക് അടിമപ്പെട്ടാല്‍ അതിനെ ഭ്രാന്ത് എന്ന് വിളിക്കും.ഒരു സമൂഹം വിഭ്രാന്തിയ്ക്ക് അടിമപ്പെട്ടാല്‍ അതിനെ മതം എന്നും (When one person suffers from a delusion, it is called insanity.When many people suffer from a delusion it is called Religion. )" റോബര്‍ട്ട് എം. പിര്‍സഗ് (Robert.M.Pirsig ) എന്ന അമേരിക്കന്‍ ചിന്തകന്റേതാണീ വാക്കുകള്‍.പിര്‍സഗിന്റെ നിരീക്ഷണം അതിശയോക്തിപരമായി തോന്നേണ്ടതില്ല.തികച്ചുംശരിയായ ഒരു നിരീക്ഷണമാണ് അത് എന്നതിന് ചരിത്രത്തില്‍ നിദര്‍ശനങ്ങള്‍ ഏറെ.

                       മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായി രൂപപ്പെട്ട മതമെന്ന സാമൂഹ്യസ്ഥാപനം തുടക്കത്തില്‍ വിശ്വാസാധിഷ്ഠിതം മാത്രമായിരുന്നുവെങ്കിലും ക്രമേണ സാമൂഹിക,രാഷ്ട്രീയ,സാമ്പത്തീകതലങ്ങളെ നിയന്ത്രിക്കുന്ന പ്രബലശക്തിയായി അത് മാറി."പ്രപഞ്ചസൃഷ്ടിയെന്ന സമസ്യ നിര്‍ദ്ധാരണം ചെയ്യുന്നു', 'ധാര്‍മ്മിക മൂല്യങ്ങളുടെ ഉറവിടമാണ്' ,'ലോകത്ത് സമാധാനം നിലനിറുത്തുന്നു' ,'വ്യക്തികളെ സമാശ്വസിപ്പിക്കുന്നു' തുടങ്ങി യ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് മതം കൊണ്ടാടപ്പെടുന്നത്.മതങ്ങളുടെ പ്രപഞ്ചവിജ്ഞാനത്തില്‍ അത് രൂപപ്പെട്ട കാലദേശത്തിന്റെ പരിമിതികള്‍ പ്രകടമാണ്.സങ്കീര്‍ണ്ണമായതെന്തും ലഘുവായതുടക്കത്തില്‍ നിന്നും കാലാന്തരത്തില്‍ സംഭവിച്ച പരിണാമത്തിന്റെ ഫലമാണ് .ഗോത്രീയ വെളിപാടുകള്‍ക്ക് പ്രപഞ്ചത്തെ വിശദീകരിക്കാനാവില്ലെന്ന് തിരിച്ചറിയുന്നത് കൊണ്ടാവാം, നൂറ്റാണ്ടുകളായി വിശ്വസിച്ചുവരുന്ന സൃഷ്ടിവാദകഥയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിശ്വാസം അത്രപോരാതിരിക്കുന്നതും ബിഗ്ബാങ്ങ് സിദ്ധാന്തവും പരിണാമസിദ്ധാന്തവും സ്വീകാര്യമാവുന്നതും. മനുഷ്യന്റെ ധാര്‍മ്മികമൂല്യങ്ങള്‍ ഏതെങ്കിലും മതത്തിന്റെ സംഭാവനയല്ല.മതങ്ങള്‍ ഉണ്ടാകുന്നതിനുമുന്‍പേ മനുഷ്യരില്‍ ധാര്‍മ്മികമൂല്യങ്ങളുണ്ട്.അത് സഹജമായൊരു ഗുണമാണ്.ഏറിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം.ധാര്‍മ്മികമൂല്യങ്ങള്‍ മനുഷ്യരില്‍ മാത്രമല്ല ഉള്ളത്.പക്ഷിമൃഗാദികളിലും പ്രകടമാണവ.അറേബ്യന്‍ ബാബ്ളര്‍ എന്ന പക്ഷി , വാമ്പയര്‍ വാവല്‍ തുടങ്ങിയവയെ പക്ഷിമൃഗാദികളുടെ ധാര്‍മ്മികതയുടെ നിദര്‍ശനമായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്തിനേറേ നമ്മുടെ കാക്ക നല്ലൊരുദാഹരണമല്ലേ? മനുഷ്യരിലെ ധാര്‍മ്മികതയ്ക്കും മൂല്യബോധത്തിനും മതത്തിന്റേയോ ദൈവത്തിന്റേയോ ആവശ്യമില്ല. 'Moral minds :- How nature designed our moral sense of right and wrong ' എന്ന ഗ്രന്ഥത്തില്‍ (2006) മാര്‍ക് ഹോസര്‍ (Marc D.Hauser) സ്ഥിരീകരിക്കുന്നപോലെ , മനുഷ്യന്റെ ധാര്‍മ്മികത സഹജവും സാര്‍‌വജനീനവുമത്രെ. ഇനി സമാധാനത്തിന്റെ കാര്യം.മതം എപ്പോഴെങ്കിലും സമാധാനത്തിനു കാരണമായിട്ടുണ്ടോ?മതപീഢനവും അക്രമവാസനയും എല്ലാ മതങ്ങളിലും കാണാം.മതത്തിന്റേയും ദൈവത്തിന്റേയും പേരിലൂണ്ടായിട്ടുള്ള നരഹത്യകളാലും അക്രമങ്ങളാലും ലോകചരിത്രത്തിന്റെ എത്രയോ ഏടുകള്‍ രക്തപങ്കിലമാണ്.എത്രയെത്ര ജീവനുകളാണ് കുരിശുയുദ്ധങ്ങളിലൂടെയും മുഹമ്മദ് നബിയുടെ പടയോട്ടങ്ങളിലൂടെയും പൊലിഞ്ഞത്.സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെടുന്ന ഇസ്ലാം മതത്തിന്റെ ഖുറാനില്‍തന്നെ അന്യമതവിശ്വ്വാസികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി ശ്ലോകങ്ങള്‍ അടങ്ങിയിട്ടുണ്ട്.(www.thereligionofpeace.com/Quran/023-violence.htm കാണുക. )

                                   മതങ്ങളുടെ പേരില്‍ നടന്ന അക്രമങ്ങളുടേ ചില ഉദാഹരണങ്ങളിലൂടെ ഒന്ന് കടന്ന് പോകാം.പതിനൊന്നാംനൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ നടന്ന ഒന്‍പതിലധികം കുരിശുയുദ്ധങ്ങളിലായി 90 ലക്ഷം‌പേര്‍ കൊല്ലപ്പെട്ടു.1562 - 98 ല്‍ ഫ്രാന്‍സിലെ കത്തോലിക്കരും പ്രട്ടസ്റ്റന്റ്കാരും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ 40 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.16 – 18 കാലയളവില്‍ ജര്‍മ്മനിയിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ നടന്ന 30 വര്‍ഷത്തെ മത യുദ്ധങ്ങളില്‍ 11.5 ലക്ഷവും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇന്‍‌ക്യുസിഷന്‍ എന്ന പേരില്‍ യൂറൊപ്പില്‍ മാത്രം 1.5 ലക്ഷവും വധിക്കപ്പെട്ടു.രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ വംശീയോന്മൂലനത്തിന് വിധേയരായ യഹൂദരുടെ സംഖ്യ 60 ലക്ഷം വരും.ഇന്ത്യാ പാക്ക് വിഭജനത്തില്‍ മതവെറിയുടെ പേരില്‍ 8 ലക്ഷം പേര്‍ കൊല്ലപ്പെടുകയുണ്ടായി.ആഫ്രിക്കയിലെ സുഡാനില്‍ മുസ്ലീങ്ങളും കൃസ്ത്യാനികളും തമ്മില്‍ 1950 കളിലും 1960 കളിലും ഉണ്ടായ ആഭ്യന്തരയുദ്ധത്തില്‍ 5 ലക്ഷവും 1960 - 88ല്‍ സുന്നികളും ഷിയാകളും തമ്മിലുണ്ടായ ഇറാഖ് യുദ്ധത്തില്‍ 20 ലക്ഷവും 1996 ല്‍ ചെച്നിയായില്‍ മുസ്ലീങ്ങളും റഷ്യയിലെ കൃസ്ത്യാനികളും തമ്മിലുണ്ടായ യുദ്ധത്തില്‍ 1 ലക്ഷം മനുഷ്യജീവനുകളും പൊലിഞ്ഞു.

                               ഷിയ - സുന്നി വിഭാഗങ്ങള്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുന്നു.ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന കുപ്രസിദ്ധമായ അക്രമങ്ങളും കൂട്ടക്കൊലകളും മതത്തെ ചൊല്ലിത്തന്നെയായിരുന്നു.ഇസ്രയേല്‍ - പാലസ്തീന്‍ പ്രശ്നവും അടിസ്ഥാനപരമായി മതപരം തന്നെ.ഇതാണോ മതത്തിന്റെ സമാധാനപാത.

                           2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതും 2014 ഡിസംബര്‍ 20 ന് പാക്കിസ്ഥാനിലെ പെഷവാറില്‍ 132 കുരുന്നുകളുടെ ജീവനെടുത്ത താലിബാന്‍ കിരാതത്വവും അറേബ്യന്‍ മേഖലയില്‍ ഐ എസ് ഐ എസ് നടത്തീക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളും നൈജീരിയയിലെ ബൊക്കൊഹറാം കൂട്ടക്കുരുതികളും ഫ്രാന്‍സിലെ ആക്ഷേപഹാസ്യവാരിക ഷാര്‍ലി ഹെബ്ദൊയുടെ ഓഫീസ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയതും മറ്റും കേവലം മതത്തിലെ തീവ്രവാദികളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിമാത്രമായി നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല.കാരണം അക്രമങ്ങളും നരഹത്യകളും മതത്തിന്റെ സ്വഭാവമാണ്.മതം സമാധാനം കൊണ്ടുവരുമെന്നത് മതഫലിതങ്ങളിലൊന്ന് മാത്രമായി കണ്ടാല്‍ മതി.
ലോകത്തുള്ള മതങ്ങളൊന്നും പരസ്പരം അംഗീകരിക്കുന്നില്ല എന്നതാണ് സത്യം.ഓരോ മതത്തെ സംബന്ധിച്ചും മതുമതദഇവങ്ങള്‍ വ്യാജന്മാരാണ്.സ്വന്തം മതദൈവം 916 മാറ്റുള്ള ഒറിജിനലും.മതതീവ്രവാദികളെ സംബന്ധിച്ചിടത്തോളം അവരാണ് യഥാര്‍ത്ഥമതവിശ്വ്വാസികള്‍.മതം അനുശാസിക്കുന്നത് പ്രവര്‍ത്തിക്കുക മാത്രമാണത്രേ അവര്‍ ചെയ്യുന്നത്.'വ്യാഖ്യാന ഫാക്ടറി' പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്ത 'നിഷ്കളങ്കര്‍' . മിതവാദികള്‍ പ്രായോഗികബുദ്ധിയുള്ളവരാണ്.ആധുനികലോകത്ത് ജീവിക്കാനാവശ്യമായ പ്രായോഗിക നിലപാടുകള്‍ അവര്‍ സ്വീകരിക്കും. മതസഹിഷ്ണുതയെന്നത് അത്തരത്തിലൊന്നാണ്. ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസപദ്ധതിയില്‍ ഉറച്ചുനില്‍ക്കേണ്ടതിനാല്‍ മതസഹിഷ്ണുതയും മതസൗഹാര്‍ദ്ദവും കപ്പടനിലപാടുകളാകുന്നു.മാനവിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായി മതതീവ്രപക്ഷം പ്രവര്‍ത്തിക്കുമ്പോള്‍ പരസ്യമായി തള്ളിപ്പറയുക എന്ന തന്ത്രം കൊണ്ട് അതിജീവനം ഉറപ്പുവരുത്താം.മദ്യം എത്ര മുന്തിയ ഇനമായാലും വെള്ളം ചേര്‍ക്കാതെ അകത്താക്കിയാല്‍ കൂമ്പ് വാടും.മതവും നേര്‍പ്പിക്കുക എന്നതാണ് പ്രായോഗികം.ഗോത്രീയനിലപാടുകള്‍ എല്ലാക്കാലത്തേയ്ക്കുമുള്ളതല്ലെന്ന് ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്.ആശ്വാസം കിട്ടുന്നതിനായി സാധ്യമായ ഭൗതികകാര്യങ്ങളെല്ലാം മതവിശ്വ്വാസി ചെയ്യുന്നതിനാല്‍ മതം സമാശ്വസിപ്പിക്കുമെന്ന വാദം ഒരു ചിന്താവൈകല്യമാണ്.

                എല്ലാമതങ്ങളും തങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ പലമാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്.അതിലൊന്നാണ് മതപരിവര്‍ത്തനം.മറ്റൊന്ന് പെറ്റ് പെരുകല്‍ എന്ന 'ജൈവസാങ്കേതികവിദ്യ'യാണ്.മതപരിവര്‍ത്തനത്തേക്കാള്‍ ലാഭം ഈ ജൈവസാങ്കേതികവിദ്യതന്നെ. ജീവിക്കുന്നയിടത്തിന്റെ സാമൂഹികസാഹചര്യങ്ങളും വിഭവങ്ങളുടെ പരിമിതിയുമൊന്നും നോക്കേണ്ടതില്ല.എന്നാല്‍ ജൈസാങ്കേതികവിദ്യയ്ക്ക് കാലവിളംബമുണ്ടാകുന്നതുകൊണ്ട് പരിവര്‍ത്തനമെന്ന മാര്‍ഗ്ഗം പ്രായോഗികമാകുന്നു.സെമറ്റിക്ക് മതങ്ങളെല്ലാം അംഗബലം വര്‍ദ്ധിപ്പിച്ചത് പരിവര്‍ത്തനത്തിലൂടെയായിരുന്നു.പരിവര്‍ത്തനങ്ങളെല്ലാം നടന്നത് അതത് പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വിശ്വ്വാസപദ്ധതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ്.ഓരോ മതത്തിന്റേയും ദൈവങ്ങള്‍ മനസ്സ് വച്ചാല്‍ മറ്റ് മതസ്ഥരെ നിഷ്പ്രയാസം പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമല്ലോ എന്ന യുക്തിചിന്തയൊന്നും മതത്തിന്റെ രാഷ്ട്രീയത്തിനുമുന്നില്‍ വിലപ്പോവില്ല. നിര്‍ബന്ധിച്ചായാലും ആടിനെ തൂപ്പ് കാട്ടി കൊണ്ടുപോകുന്ന പോലെ പ്രലോഭിപ്പിച്ചായാലും ജയിക്കുന്നത് മതപരിവര്‍ത്തനത്തിനു പിന്നിലെ രാഷ്ട്രീയമാണ്.നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം സാധ്യമാക്കുന്നു എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് മതപരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് അതിനു വിധേയരാകുന്ന വ്യക്തികള്‍ക്കുണ്ടാകുന്ന ആത്മീയ പ്രതിസന്ധിയില്‍ നിന്നുമല്ലെന്നാണ്. വിശ്വാസപ്രതിസന്ധിയുടെ പേരിലുള്ള മതപരിവര്‍ത്തനങ്ങള്‍ വളരെക്കുറച്ച് മാത്രമേ നടന്നിട്ടുള്ളു.ഒരു മതം വിട്ടു മറ്റൊന്നിലേയ്ക്ക് ചേക്കേറിയ ഭൂരിപക്ഷത്തേയും അതിനു പ്രേരിപ്പിച്ചത് പലപ്പോഴും സാമൂഹികവും സാമ്പത്തീകവുമായ കടുത്ത പ്രതിസന്ധികളാണ്. എന്നതാണ് വാസ്തവം.അങ്ങനെ നോക്കുമ്പോള്‍ സാമൂഹികവും സാമ്പത്തീകവുമായി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നത് മതപരിവര്‍ത്തനത്തിന്റെ അടിസ്ഥാനകാരണങ്ങളിലൊന്നാണെന്നും വരുന്നു.
ആദ്യമതപരിവര്‍ത്തനത്തിന്റെ പ്രേരണ വിശ്വാസപരമല്ലാതിരുന്നു എന്നതുപോലെ ഇപ്പോള്‍ ആഹ്വാനം ചെയ്യുന്ന പുന:പരിവര്‍ത്തനവും വിശ്വ്വാസപരമല്ല തന്നെ.കേവലം ഭൗതികനേട്ടങ്ങള്‍ മാത്രമാണ് ആഗ്രഹിക്കുന്നതും വാഗ്ദാനം ചെയ്യപ്പെടുന്നതും.പരിവര്‍ത്തനവിധേയമാകുന്നവര്‍ക്ക് പരിവര്‍ത്തനം അതിജീവനത്തിന്റെ പ്രശ്നവും പരിവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം അത് അധീശത്വത്തിന്റെ രാഷ്ട്രീയവുമാണ്.

                           ഇന്ത്യയില്‍ നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങളെയെല്ലാം ഈ തലത്തില്‍ വിശകലനം ചെയ്യുന്നതായിരിക്കും ശരി.അതിനിടയാക്കിയ സാമൂഹ്യസാഹചര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങിവരണം എന്ന് മുദ്രാവാക്യം മുഴക്കുന്നത് നിരര്‍ത്ഥകമാണ്. ഹിന്ദുമതത്തിലെ ജാതീയമായ വിവേചനം സൃഷ്ടിച്ച സാമൂഹ്യസമത്വങ്ങളില്‍നിന്നുള്ള രക്ഷാമാര്‍ഗം എന്ന നിലയ്ക്കാണ് ഇന്ത്യയില്‍ മതപരിവര്‍ത്തനങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്.ദളിത് പിന്നോക്കവിഭാഗങ്ങളില്‍ പെട്ട ഒരു വിഭാഗം മുസ്ലീമും ക്രിസ്ത്യാനിയും ആയതങ്ങനെയാണ്. 1956 ഒക്ടോബര്‍ 14 ന് ഡോ. അംബേദ്കറും അനുയായികളും ബുദ്ധമതത്തില്‍ ചേര്‍ന്നതും ജാതീയവിവേചനങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗമെന്ന നിലയ്ക്കായിരുന്നു.കേരളത്തില്‍ പിന്നോക്കസമുദായങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് മിഷനറിമാരുടെ മുന്‍‌കൈയ്യില്‍ നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു.തെങ്ങിനു നനച്ചപ്പോള്‍ തടത്തിലുള്ള ചീരയും നനഞ്ഞതുപോലെ മാത്രമേ വിദ്യാഭ്യാസാദി രംഗങ്ങളില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജാതീയമായ വിവേചനങ്ങള്‍ അവസാനിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.പരിവര്‍ത്തിത ക്രൈസ്തവര്‍ ദളിതക്രിസ്ത്യാനികളും പിന്നോക്കക്രിസ്ത്യാനികളുമായിരിക്കുന്നത് അതുകൊണ്ടാണ്. ക്രിസ്ത്യാനികളാണെങ്കിലും അവര്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്നാമ്പുഅറങ്ങളിലാണ്. മതത്തില്‍ തലയെണ്ണുമ്പോള്‍ എണ്ണം പറയാന്‍ ശിരസ്സുകള്‍ എത്രയുണ്ടെങ്കിലും മതിയാവില്ല എന്നത് മാത്രമാണ് അവിടെ അവരുടെ പ്രസക്തി.വിട്ടുപോന്ന മതത്തിലേയ്ക്കുള്ള മടക്കത്തെ വീട്ടിലേയ്ക്കുള്ള മടക്കമായി മഹത്വവല്‍ക്കരിക്കുന്നത് ഒരു കാപട്യമാണ്.ഒന്നാമത് വീട് എന്നത് പോലെയുള്ള ഒരു അനിവാര്യതയല്ല ഒരുവന് / ഒരുവള്‍ക്ക് മതം.രണ്ടാമത് തങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മതത്തിനുള്ളില്‍ മതത്തിന്റെ പേരില്‍തന്നെ അടിച്ചേല്പ്പിക്കപ്പെട്ടിരുന്ന ഒട്ടും സുഖകരമല്ലാത്ത കീഴാളത്തമാണ്.

                      മതം മാറ്റത്തിന്റെ പശ്ചാത്തലം എന്നതിനാല്‍ വിട്ടുപോന്നയിടം അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു നഷ്ടസ്വപ്നമല്ല.എന്നെങ്കിലും മടങ്ങിചെല്ലേണ്ടയിടമെന്ന്‍ മനസ്സില്‍ താലോലിക്കുന്ന ഒരു സ്വര്‍ഗവുമല്ല.മടങ്ങിചെല്ലുന്നവരെ കാത്തിരിക്കുന്നത് പഴയതില്‍നിന്നും ഗുണപരമായ തീര്‍ത്തും വ്യത്യസ്ഥമായ എന്തെങ്കിലും അനുഭവമാകാന്‍ യാതൊരു സാധ്യതയുമില്ല.മടങ്ങി വരൂ എന്ന് മാടി വിളിക്കുന്നവീട് നിറയെ അന്നത്തേതുപോലെ ഇന്നും ജാതികളുടേയും ഉപജാതികളുടേയും നിലവറകളും ഇരുള്‍ മുറികളും സമൃദ്ധമത്രെ.മടങ്ങുന്നെങ്കില്‍ അത് ദൈവമതങ്ങള്‍ രൂപം കൊള്ളുന്നതിനും മുമ്പുള്ള വീടുകളിലേയ്ക്കായിരിക്കണം.മനുഷ്യര്‍ മതമനുഷ്യരല്ലാതിരുന്ന കാലത്തേയ്ക്ക്.
Post a Comment