ത്രീ ചിയേഴ്സ് ടു സുപ്രീം കോടതി.

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

കോടതി പരാമര്‍ശം ഞാന്‍ കണ്ടില്ല, വിധിയോ വായിച്ചുമില്ല. ആകെക്കൂടി എനിക്കുകിട്ടിയ വിവരം പത്രങ്ങളില്‍ നിന്നാണ് . ആ വിവരം വച്ചാണ് ഞാന്‍ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നത്.പണ്ട് പരസ്യത്തില്‍ പറയുന്നതുപോലെ " സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ " എന്ന അവസ്ഥയായി.

                       കോടതി ഇത്രയുമേ പറഞ്ഞുള്ളു, സി ബി എസ് ഇ യെ ഏല്പ്പിച്ച , അഖിലേന്ത്യാ മെഡിക്കല്‍ അഡ്മിഷനുള്ള പ്രവേശനപരീക്ഷ എഴുതണമെങ്കില്‍ ശിരോവസ്ത്രം ഒഴിവാക്കണം.അത് പറയാനുള്ള ഒരു കാരണം, നേരത്തെ ഇവര്‍ നടത്തിയ എന്‍‌ട്രന്‍സ് പരീക്ഷയില്‍ വ്യാപകമായ കോപ്പിയടി നടന്നു എന്നതാണ്. അതുകോണ്ടാണ് നേരത്തെ നടത്തിയ പരീക്ഷ സുപ്രീംകോടതി റദ്ദുചെയ്യുകയും പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുകയും ചെയ്തത്. അതുകൊണ്ടുതന്നെ കോപ്പിയടി നടത്താതിരിക്കാനുള്ള എന്ത് മുന്‍‌കരുതലെടുക്കാനും സി ബി എസ് ഇ യ്ക്ക് അനുവാദം നല്‍കിയിരുന്നു. അവര്‍ അതിനായി ഒരു ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തി. അതിലൊന്നായിരുന്നു ശിരോവസ്ത്രം ധരിച്ച് വരരുതെന്ന മുന്നറിയിപ്പ്. ഹാളിന്നുള്ളില്‍ ചെരുപ്പുപയോഗിക്കാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ , കാല്‍കുലേറ്റര്‍ തുടങ്ങിയവ പാടില്ല എന്നതെല്ലാം അടുത്ത നിബന്ധനകളും.
ഏതായാലും ഈ നിബന്ധന നാട്ടിലെ ഒരു വിഭാഗം മുസ്ലീങ്ങളെ ചൊടിപ്പിച്ചു.തങ്ങളുടെ മതാചാരത്തിനെതിരായുള്ള കടന്നുകയറ്റമായി അവരിതിനെ കണ്ടു.ഒന്നുരണ്ടുപേര്‍ സുപ്രീംകോടതിയെ സമീപിച്ചു. അന്നേരം കോടതി നടത്തിയ നിരീക്ഷണമാണ് ഗംഭീരം.രണ്ട് മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ വിശ്വാസത്തിനു കുഴപ്പമൊന്നും വരില്ല എന്നാണ് കോടതി പ്രസ്താവിച്ചത്. പരീക്ഷാഹാളില്‍ ശിരോവസ്ത്രം അനുവദിക്കണമെന്ന ആവശ്യം ദുരഭിമാനമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന്നു പിന്നാലെ ഒരുവിഭാഗം മുസ്ലീം സഹോദരന്മാര്‍ വളരെ വിലകുറഞ്ഞ പ്രസ്താവനകളുമായി രംഗത്തെത്തി
 
                                           ഒരു മതേതര രാജ്യത്താണീ അലമ്പൊക്കെ എന്നോര്‍ക്കണം.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ ഈ കൊച്ചുകേരളത്തിലെ മതജാതിശക്തികളുടെ തേര്‍‌വാഴ്ചയ്ക്കൊരു ശമനം വന്നതായിരുന്നു.എല്ലാ രംഗങ്ങളിലും ജനാധിപത്യം ആധിപത്യം സ്ഥാപിക്കാനാരംഭിക്കുകയും ചെയ്തതാണ്.അതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങളും ജനപിന്തുണയുമൊക്കെ അരങ്ങൊരുങ്ങിവരികയും ചെയ്തിരുന്നു.എന്നാല്‍ കേവലം രാഷ്ട്രീയമായ ആധിപത്യം മാത്രം മോഹിച്ച് അന്നത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്നാട്ടിലെ സകലജാതിമത ശക്തികളേയും കൂട്ടുപീടിച്ച് ആ ജനാധിപത്യസര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തി.ക്രിസ്ത്യന്‍ - ഇസ്ലാം - നായര്‍ സമുദായങ്ങള്‍ ഒന്നിച്ച് നിര്‍ലജ്ജം കോണ്‍ഗ്രസ്സിനുപിന്നില്‍ അണിനിരന്ന് ജനകീയസര്‍ക്കാറിനെതിരെ അക്രമസമരം സംഘടിപ്പിച്ചു.കോണ്‍ഗ്രസ്സിനു ഭരണമില്ലാത്തതിന്റെ വേദന.നായര്‍ - ക്രിസ്ത്യന്‍ - ഇസ്ലാം സമുദായത്തിലെ ഉന്നതന്മാര്‍ക്ക് തങ്ങളുടെ പിടി അവരിലെ പാവപ്പെട്ടവരില്‍ നിന്ന് നഷ്ടപ്പെടുന്നതിന്റെ വേവലാതി.അങ്ങനെ പാവപ്പെട്ട ക്രിസ്ത്യാനിയേയും നായന്മാരേയും മുസ്ലീമിനേയും പറഞ്ഞിളക്കി അക്രമം നടത്തുമ്പോള്‍ മറുഭാഗത്തുനിന്ന് ക്രമസമാധാനം തകര്‍ന്നെന്ന മുറവിളി.അവസാനം കനത്ത സമ്മര്‍ദ്ദങ്ങളുടെ പുറത്ത് - പിന്നീടദ്ദേഹം അത് വേദനയോടെ പലയിടത്തും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട് - നെഹ്റു ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യഗവണ്മെന്റിനെ പിരിച്ചുവിട്ടു.
 
                            ഇത് സത്യത്തില്‍ വളമായത് ഊര്‍ധ്വന്‍ വലിച്ച് സഹജമായ നരകക്കുഴിയിലേയ്ക്ക് താണുകൊണ്ടിരുന്ന കേരളത്തിലെ മതങ്ങളിലെ പിന്‍‌തിരിപ്പന്‍ ശക്തികളേയായിരുന്നു.ആ നരക്കുഴിയില്‍ നിന്ന് പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിച്ച് നിലനില്‍ക്കുന്ന രക്തരക്ഷസ്സിനേപ്പോലെ അവര്‍ ഉയര്‍ത്തെഴുന്നെറ്റു.പിന്നീടതിന്ന് ആ നരകക്കുഴിയിലേയ്ക്ക് മടങ്ങേണ്ടി വന്നിട്ടില്ല.രാഷ്ട്രീയ പാര്‍ട്ടികളെ, പ്രത്യേകിച്ചും ചിരകാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സിനെ ഗ്രസിച്ച കൊടുംശാപമായി ഈ ജാതിമതശക്തികള്‍ മാറി.സൗകര്യം പോലെ "മതേതരം" എന്ന വാക്കിനെ വ്യാഖ്യാനിക്കാന്‍ ഈ ശക്തികളും അവരുടെ ഊര്‍ജമായ കോണ്‍ഗ്രസ്സും പഠിച്ചു.പരസ്പരം ഒരിക്കലും ചേര്‍ന്നുപോകാത്ത ഈ മതങ്ങളെ ഭരണരംഗത്തുനിന്നും മാറ്റിനിറുത്തേണ്ടതിന്നു പകരം "മതേതരം" എന്ന വാക്കിനര്‍ത്ഥം എല്ലാ മതങ്ങള്‍ക്കും തുല്യമായ പങ്കാളിത്തമെന്ന ദുര്‍‌വ്യാഖ്യാനമവര്‍ പടച്ചുണ്ടാക്കി.അങ്ങനെ ഭരണത്തിന്റെ എല്ലാ രംഗത്തുമവര്‍ കടന്നുകയറി സ്വാധീനം വര്‍ദ്ധിപ്പിച്ചു.
                            ഒരു മതം അല്ലെങ്കില്‍ ജാതി ചെയ്യേണ്ട കാര്യങ്ങളൊന്നുമല്ല ഇന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ജാതിയുടേയോ മതത്തിന്റേയോ പേരിലുണ്ടാക്കുന്ന സംഘടന അവര്‍ ചെയ്യെണ്ട ചില മിനിമം കാര്യങ്ങളിലൊതുങ്ങി നില്‍ക്കണം.എന്നാലോ , സ്വന്തം അനുയായികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് പ്രചരിപ്പിക്കുക, മൈക്രോ ഫൈനാന്‍സ് നടത്തുക, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുക അങ്ങനെ അങ്ങനെ ഒരു നൂറായിരം കാര്യങ്ങളേറ്റെടുത്തു.സര്‍‌വശക്തനായ ദൈവത്തിന്റെ അനുയായികള്‍ ആശുപത്രികള്‍ നടത്തുന്നതെന്തിന് ? ഒരു ചെറിയ അനുഗ്രഹം കൊണ്ട് എല്ലാവരേയും സമ്പന്നന്മാരാക്കാന്‍ ശക്തിയുള്ള ദൈവം സ്വന്തമായുള്ളപ്പോള്‍ എന്തിനു മൈക്രോഫൈനാന്‍സ് ? വിദ്യാലയങ്ങള്‍ സ്വന്തം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തമാക്കിയിട്ട് ജോലി നല്‍കാന്‍ ലക്ഷങ്ങള്‍ പഠിക്കാന്‍ അഡ്മിഷന്‍ നല്‍കാന്‍ തലവരിയായി ലക്ഷങ്ങള്‍ , ഇതാണവരുടെ സമുദായസ്നേഹം.അങ്ങനെ വളര്‍ന്ന് വളര്‍ന്നവര്‍ ഇന്ന് വല്ലാതെ വളര്‍ന്നിരിക്കുന്നു.പണവും ഗുണ്ടാത്തരവും കോണ്ട് ഏത് സര്‍ക്കാറിനേയും വെല്ലുവിളിക്കാനുള്ള ശക്തി ഇന്നിവര്‍ നേടിയിരിക്കുന്നു.അതുകൊണ്ടുതന്നെ ഏതൊരു ഗവണ്മെന്റിനും ഇവരെ തൊടാന്‍ പേടിയാണിന്ന്.ഇവര്‍ക്കെന്തുമാകാം അല്പ്പം മാന്യതയും നിയമവിധേയത്തവുമുള്ള സാധാരണക്കാരന്‍ ഇന്ന് പുറത്തും അധികാരവും ഗര്‍‌വും ഗുണ്ടാത്തരവും കൈമുതലായുള്ള ഇവര്‍ അകത്തും. എന്നാല്‍ സ്വസമുദായത്തില്പെട്ട സാധാരണക്കാരനിവരേക്കൊണ്ട് തരിമ്പും ആശ്വാസമില്ല എന്നുതന്നെയല്ല ബുദ്ധിമുട്ടുകള്‍ ധാരാളമായുണ്ട് താനും.തങ്ങളുടെ പേരും പറഞ്ഞ് വിലപേശി വാങ്ങിയ സ്ഥാപനങ്ങളില്‍ ഒരഡ്മിഷന്‍ കിട്ടണമെങ്കിലോ ഒരു ജോലി തരപ്പെടണമെങ്കിലോ ലക്ഷങ്ങള്‍ ഈ പാവങ്ങള്‍ കൈക്കൂലി നല്‍കണമെന്നതാണ് സ്ഥിതി.
ഇന്ത്യയിലാകമാനം നോക്കിയാലും ഇതൊക്കെതന്നെ സ്ഥിതി.കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസ്സ് , അതിനു ജനപിന്തുണ നഷ്ടപ്പെട്ടിട്ടും ഭരണത്തില്‍ തുടരാന്‍ വേണ്ടി അതാതിടത്തെ ജാതിമതശക്തികള്‍ക്ക് കീഴടങ്ങിയാണ് ഭരണത്തില്‍ തുടര്‍ന്നത്.ഒരാളെ തൃപ്തിപ്പെടുത്തുമ്പോള്‍ ചുറ്റിലും നിന്ന് ഒരു നൂറായിരം ആവശ്യങ്ങളുയര്‍ന്നുവരും.അതിനേയൊക്കെ തൃപ്തിപ്പെടുത്തിയുള്ള ഞാണിന്മേല്‍ കളിയായിരുന്നു അവര്‍ക്ക് ഭരണം.അവര്‍ ഭരിച്ചിരുന്ന ഏത് സംസ്ഥാനം നോക്കിയാലും ഇത് തന്നെ സ്ഥിതി.ഇതിന്റെ ഒരു വലിയ പതിപ്പായിരുന്നു അവര്‍ക്ക് കേന്ദ്രഭരണം.മുസ്ലീങ്ങളുടെ ശരീഅത്തില്‍ അവരെ പ്രീണിപ്പിച്ച് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ ഹിന്ദുത്വശക്തികള്‍ പ്രശ്നമുണ്ടാക്കി.അന്നേരം അവരെ പ്രീണിപ്പിക്കാന്‍ വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തു.അതിന്റെ ബാക്കിയാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

                                     ആരും ഇവരെ തൊടാന്‍ ധൈര്യം കാണിച്ചിരുന്നില്ല. സത്യത്തില്‍ കോണ്‍ഗ്രസ്സ് ഒരല്പം ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇവരെ പുഷ്പം പോലെ ഒതുക്കാമായിരുന്നു.എന്നാല്‍ വോട്ട് ബാങ്ക് എന്ന ഒരൊറ്റപ്രശ്നത്തിന്റെ പുറത്ത് ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാതെ പോയി.അവിടെയാണ് ഇന്നലെ സുപ്രീംകോടതി അതിന്റെ ശക്തി വെളിവാക്കിയിരിക്കുന്നത്. അന്തസ്സായി കോടതി പറഞ്ഞു, രണ്ട് മണിക്കൂര്‍ ശരോവസ്ത്രം ധരിച്ചില്ലെന്നുവച്ച് വിശ്വാസം ഇല്ലാതവുകയില്ല.ഒന്നോര്‍ക്കണം , കനത്ത ഇസ്ലാം മതവിശ്വാസികള്‍ പാര്‍ക്കുന്ന പാക്കിസ്ഥാന്‍ ഇറാക്ക് , ബംഗ്ലാദേശ് തുടങ്ങിഅയ് രാജ്യങ്ങളിലൊന്നും ശിരോവസ്ത്രം നിര്‍ബന്ധമല്ലെന്നറിയുമ്പോഴാണ് ഇവിടുത്തെ ജാതിമതക്കോമരങ്ങള്‍ ഉണ്ടാക്കുന്ന വൃത്തികേടുകളുടെ തീവ്രത അറിയുന്നത്.
കോടതിയ്ക്കു പിന്നെ വോട്ട് ബാങ്ക് നോക്കാനില്ലല്ലോ ?. ഈ പ്രശ്നത്തില്‍ മറ്റൊരു പ്രത്യേകത കൂടി കാണാനുണ്ട്. ഒരു ചെറിയശതമാനം മുസ്ലീം സഹോദരന്മാര്‍ കോടതിനിരീക്ഷണത്തെ പിന്‍‌തുണയ്ക്കാന്‍ തയ്യാറായി എന്നതാണ്. പൊതുധാരയിലേക്കുയര്‍ന്നുനില്‍ക്കാന്‍ മുസ്ലീം സഹോദരന്മാര്‍ തയ്യാറാവുന്നു എന്നത് തീര്‍ച്ചയായും ഒരു നല്ലകാര്യം തന്നെ.ഇത് ആ വിഭാഗത്തിനെ മുന്നിലേക്കെത്തിക്കാന്‍ സഹായിക്കും.എന്ന് മാത്രമല്ല ,ഇതൊരു നല്ല മുഹൂര്‍ത്തമായി കണക്കാക്കണം.കാരണം മതങ്ങളെ അതിന്റെ സ്വാഭാവികമായ കുടിപ്പാര്‍പ്പിലേയ്ക്ക് - ആ നിത്യനരകത്തിലേയ്ക്ക് - തള്ളിവിടാന്‍ ഇതൊരവസരമഅയി എല്ലാ ജനാധിപത്യവിശ്വാസികളും എടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.മതജാതിശക്തികള്‍ക്ക് അവരര്‍ഹിക്കുന്ന ആ തെമ്മാടിക്കുഴിതന്നെയാണ് കിട്ടേണ്ടത്.ആ ശവക്കല്ലറകള്‍ വെള്ളപൂശിക്കാണിച്ച് ആളുകളെ പറ്റിക്കുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം.

പിന്‍കുറിപ്പ് : ഇന്ന് കണ്ട ഒരു ഫേസ്‌ബുക്ക് കുറിപ്പ് - നീലകണ്ഠശര്‍മ്മയുടെ ഹൃദയം മാത്യുവിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇനിയെങ്കിലും ഈ മതവും ജാതിയുമൊക്കെ പിരിച്ചുവിട്ട് ഇതിന്റെ കോപ്പന്മാര്‍ക്ക് ജോലിയെന്തെങ്കിലും ചെയ്ത് ജീവിച്ചുകൂടെ!!
Post a Comment