മായക്കാഴ്ചകൾ

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                           2006 ൽ പുറത്തിറങ്ങിയ ഒരിംഗ്ലീഷ് ചിത്രമുണ്ട് , “ The Illusionist" എന്ന പേരിൽ. നീൽ ബർഗർ സംവിധാനം ചെയ്ത് എഡ്വേർഡ് നോർട്ടൺ , ജെസ്സീക്കാ ബീൽ എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച ഒരു സൂപ്പർ മാജിക്ക് ചിത്രം.മകളുടെ ദരിദ്രനായ ആൺസുഹൃത്തിനെ നാട്ടിൽ നിന്നാട്ടിപ്പായിച്ചു പ്രഭുവായ അഛൻ.സുഹൃത്ത് പിന്നീട് വലിയ മാജിക്കുകാരനായി തിരിച്ചുവരുന്നു.അപ്പോഴേക്കും ആ നാട്ടിലെ കാര്യങ്ങളൊക്കെ കുഴഞ്ഞുമറിഞ്ഞിരുന്നു.മകളെ ഒന്നിനും കൊള്ളാത്ത ഒരു പ്രഭുകുമാരനേക്കൊണ്ട് കെട്ടിച്ചിരുന്നു.സുഹൃത്ത് തന്റെ കാമിനിയെ വീണ്ടെടുക്കാനുള്ള കരുക്കൾ നീക്കുന്നു.കാമിനിയെ അവസാനം അയാൾ സ്വന്തമാക്കുമ്പോൾ ആ നാടിനേയും രക്ഷിക്കാനയാൾക്കായി.ഇത് വിദേശസിനിമാക്കാർ പ്രമേയം തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത.നമ്മുടെ സിനിമകൾ മാത്രമാണ് ത്രികോണപ്രേമത്തിലും മരംചുറ്റിയോട്ടത്തിലും കുടുങ്ങിക്കിടക്കുന്നത്
 
 Optical illusions “ എന്ന പേരിൽ കാഴ്ച ശാസ്ത്രം ചർച്ച ചെയ്യുന്ന കുറേ കാര്യങ്ങളുണ്ട്.നമ്മുടെ കണ്ണുകൾ ( പഞ്ചേന്ദ്രിയങ്ങളെല്ലാം തന്നെ ) നമ്മെ കളിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന മുഴുവൻ ദത്തങ്ങളും സ്വീകരിച്ച് കാര്യങ്ങളെ വിശദീകരിച്ചുതരുന്ന തലച്ചോറുപോലും കബളിക്കപ്പെടുന്നു.താഴേ കാണുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക.ആദ്യചിത്രത്തിൽ നീലവൃത്തങ്ങളാൽ ചുറ്റപ്പെട്ടുനിൽക്കുന്ന രണ്ട് ഓറഞ്ച് വൃത്തങ്ങൾ കണ്ടോ? ഓറഞ്ചുവൃത്തങ്ങളിൽ ഏതുവൃത്തമാണ് വലുത്?പെട്ടെന്ന് നാം പറയുക ചെറിയ നീലവട്ടങ്ങൾക്കിടയിലുള്ള ഓറഞ്ച് എന്നായിരിക്കും . എന്നാൽ ആ രണ്ട് വൃത്തങ്ങളും ഒരേ വലുപ്പമാണ്.പശ്ചാത്തലമാണ് ഇവിടെ നമ്മെ കബളിപ്പിക്കുന്നത്.അതുപോലെ തന്നെ മൂന്ന് ആളുകൾ നിൽക്കുന്ന രണ്ടാം ചിത്രം ശ്രദ്ധിക്കൂ . ആ മൂന്നുപേരിൽ ആരാണ് വലിയവൻ?എന്താ സംശയം , ഏറ്റവും പിറകിൽ നിൽക്കുന്നവൻ അല്ലേ? എന്നാൽ സത്യത്തിൽ മൂന്നുപേർക്കും ഒരേവലുപ്പം തന്നെയാണുള്ളത്. ഒരു കഷണം നൂലോ മറ്റോ ഉപയോഗിച്ച് നീളം ഒന്നളന്നുനോക്കൂ , മൂന്നുപേരും ഒരേ വലിപ്പക്കാരാണെന്നു കാണാം.ഇവിടേയും നമ്മേ കബളിപ്പിക്കുന്നത് പിന്നിലേയ്ക്ക് പോകുംതോറും കൂടിച്ചേരാൻ വെമ്പുന്ന രേഖകളാണ് . അപ്പോൾ സത്യമറിയാൻ എന്താണൊരു പോംവഴി?നമ്മുടെ കാഴ്ചകൾ നമ്മുടെ അനുഭവങ്ങൾ നാം കേൾക്കുന്ന ശബ്ദങ്ങളൊക്കെ നമ്മെ കബളിപ്പിച്ചേക്കാം. അപ്പോൾ എന്താണൊരു പോംവഴി

            “
 
                       ഇക്കാര്യങ്ങളെല്ലാം മനസ്സിലേക്കോടൊയെത്തിയത് ഈയടുത്തകാലത്ത് നമ്മുടെ കൊച്ചുകേരളത്തിലെ രാഷ്ട്രീയമണ്ഡലത്തിലൂണ്ടായ ചില വിവാദങ്ങൾ കണ്ടപ്പോഴാണ്. ചിരകാലമായി വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒരേപോലെ പാടിപ്പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഇല്ലൂഷനാണ് മാർക്സിസ്റ്റ് പാർട്ടി അക്രമികളുടെ പാർട്ടി എന്നത്.അതിനുപോൽബദകമായി കഴിഞ്ഞ കുറേ നാളായി വലതുപാണന്മാർ പാടിവരുന്ന പാട്ടാണ് ടി പി വധം. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ടി പി വധത്തിൽ കുടുക്കി മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളെ കുടുക്കാൻ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും വല്ലാത്ത ശ്രമമുണ്ടായി.അന്നത്തെ വടകര പാർലമെന്റ് മെംബറടക്കം പാടിനടന്നത് വൻ തിമിംഗലങ്ങളെ അകത്താക്കാതെ അദ്ദേഹത്തിനു വിശ്രമമില്ല എന്നാണ്.ഇതേ സമയം പാർട്ടി തന്നെ , മറ്റ് നിയമപരമായ അന്വേഷണങ്ങൾ നടക്കുമ്പോൾതന്നെ , പാർട്ടിലവലിൽ അന്വേഷണം നടത്തുകയും കൊലക്കുറ്റത്തിന് ഇന്നും ജയിലിലുള്ള ഒരു പാർട്ടിക്കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും അയാളെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.കൊലപാതകത്തിനുള്ള മോട്ടീവ് കൂടി പാർട്ടി ആ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പോലീസ് ഈ വധത്തിനു പിന്നിൽ നടന്ന ഗൂഢാലോചന കുറ്റം ചുമത്തി കുറേപേരെ ജയിലിലാക്കുകയും കുറച്ചുപേരെ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു.ഇതിന്റെയൊക്കെ പശ്ചാത്തലസൃഷ്ടി നിർവഹിച്ചത് നമുക്കറിയാവുന്നതുപോലെ ഇവിടുത്തെ വലതുപക്ഷമാധ്യമങ്ങളാണ് .ഇല്ലാത്തതിനെ ഉണ്ടാക്കുകയും ഒന്നിനെ നൂറായി പൊലിപ്പിച്ചുകാണിക്കുകയും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണീ മാധ്യമങ്ങൾ , പ്രത്യേകിച്ച് സംഭവം മാർക്സിസ്റ്റ് പാർട്ടിക്കെതിരാണെങ്കിൽ .നുണയുടേയും വ്യാജവാർത്തകളുടേയും ഏതറ്റം വരേയും പോകാനിവർക്ക് ഇക്കാര്യത്തിൽ യാതൊരു മടിയുമില്ല.ഇങ്ങനെ ജില്ലയിൽ നിന്ന് വീടും വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട്പോയ ഒരാളായിരുന്നു ശ്രീ അശോകൻ.കേരള എൻ ജി ഒ യൂണിയന്റെ സമുന്നതനായ നേതാവായിരുന്ന ശ്രീ അശോകൻ ഒരു പിടി അസുഖങ്ങളുടെ പിടിയിലുമായിരുന്നു.അങ്ങനെ വീട് വിട്ട് വീട്ടുകാരിൽ നിന്നും പിരിഞ്ഞ് ജീവിച്ച അശോകൻ രോഗം മൂർഛിച്ച് അന്തരിക്കുകയും ചെയ്തിരുന്നു.ഇതൊക്കെ കഴിഞ്ഞപ്പോഴാണ് ഈ ഗൂഢാലോചനക്കേസ് കഴമ്പില്ലാത്തതാണെന്നും പോലീസ് കെട്ടിയുണ്ടാക്കിയതാണെന്നും പറഞ്ഞ് കോടതി തള്ളിയത്. ഈ മാധ്യമങ്ങളുടെ വിടുപണിയുടെ സഹായത്തോടെ പോലീസ് കെട്ടിപ്പൊക്കിയ കടലാസുകൊട്ടാരമാണ് ഇങ്ങനെ നീതിയുടെ ഇളംകാറ്റ് വീശിയപ്പോൾതന്നെ തകർന്നുവീണത് .

                    ഈ മാധ്യമങ്ങളുടെ ലജ്ജാകരമായ ഒരിക്കലും നീതീകരിക്കാനാവത്ത ഈ പ്രവൃ ത്തി ഒരു നിരപരാധിയുടെ ജീവനെടുത്തിട്ടും പശ്ചാത്താപത്തിന്റെ ഒരു ചെറുകണിക പോലും നുണകൊണ്ട് കൊലനടത്തിയ മാധ്യമങ്ങളിൽ നിന്നുണ്ടായില്ല എന്നോർക്കണം. ഇയൊരൊറ്റ സംഭവത്തിൽ നിന്നുതന്നെ മനസ്സിലകും ആരാണിവിടെ അക്രമത്തിനു വളം വച്ച് കൊടുക്കുന്നതെന്ന്. പട്ടിക തീരുന്നില്ല . ഈ മാധ്യമങ്ങളുടെ വിലയിരുത്തൽ പ്രകാരം മാർക്സിസ്റ്റ് പാർട്ടി ഗ്രൂപ്പിസം മൂലം തകർന്നിരിക്കുന്നു.പാർട്ടിയുടെ നിലനിൽപ്പ് തന്നെ ഈ ഗ്രൂപ്പിസത്തിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നു.ഇങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് തൃശ്ശൂർ ജില്ലയിൽ രണ്ട് പേർ കൊലചെയ്യപ്പെടുന്നത്.ലാൽജിയും മധു ഈച്ചരത്തും. രണ്ട് പേരും കോൺഗ്രസ്സുകാർ.ആദ്യം ഒരാളും പിന്നാലെ ആദ്യവധത്തിനു പ്രതികാരമായി രണ്ടാമത്തെ വധവും നടന്നു.അല്പം ചില മുറുമുറുപ്പുകൾ ഉണ്ടായെങ്കിലും അത് വളരെ പെട്ടെന്ന് ഒതുക്കപ്പെട്ടു. തൃശൂർ ജില്ലയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരാണീ കൊലപാതകത്തിനു പിന്നിലെന്ന് കോൺഗ്രസ്സുകാരടക്കമുള്ള സകലമാനപേർക്കും അറിയാം.എന്നാൽ ഒരു മാധ്യമത്തിലും കോൺഗ്രസ്സിന്റെ ഗ്രൂപ്പുകളേക്കുറിച്ച് ഒന്നും വന്നില്ല. അവിടെയാണ് നേരത്തെ പറഞ്ഞ പശ്ചാത്തലമൊരുക്കലിന്റെ പ്രാധാന്യം. പിന്നീട് കൊടുങ്ങല്ലൂരിൽ നടന്ന ഹനീഫ വധം കോൺഗ്രസ്സിലെ പൊട്ടിത്തെറിയായി മാറിയെങ്കിലും ഈ മാധ്യമങ്ങളതൊന്നും അറിഞ്ഞിട്ടില്ല . കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി വിലപിച്ചിട്ടും ഇവർക്കതൊന്നും ഒരു പ്രശ്നമായില്ല , കാരണം ഇതിലൊന്നും മാർക്സിസ്റ്റ്കാർക്ക് ബന്ധമില്ലല്ലോ?
 
                               ഇതിനെ തന്നെ മറ്റൊരു ലജ്ജാവഹമായ മുഖമാണ് ഗുരുവിനെ കുരിശിൽ തറച്ചെന്നു പറയുന്ന കേസിലും കണ്ടത്.തളിപ്പറമ്പിനടുത്തൊരു ഗ്രാമത്തിലാണ് ഈ പ്ലോട്ട് വന്നത്. നാട്ടിലെ ഒരു മാധ്യമം ഇത് അതിനീചമായി കുത്തിപ്പൊക്കി ശ്രീനാരായണീയരുടെ വായിലേയ്ക്ക് തിരുകിക്കൊടുത്തു. ശരി സമ്മതിച്ചു തെറ്റുതന്നെ ആ ഫ്ലോട്ട് അവതരിപ്പിക്കാൻ പാടില്ലായിരുന്നു.അത് പാർട്ടിയുടെ നേതാക്കളും പറഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ശ്രീനാരയണീയർ മാർക്സിസ്റ്റ് നേതാക്കളെ പുലഭ്യം വിളിച്ചുകൊണ്ട് പ്രകടനങ്ങളും അക്രമങ്ങളും നടത്തി. അതും നല്ലതുതന്നെ .വികാരമാണല്ലോ. .അതങ്ങനെ ആളിക്കത്തുമ്പോഴാണ് തലശ്ശേരിയിൽ നാരായണഗുരു പ്രതിമയ്ക്ക് അംഗഛേദം വരുത്തി ഇളക്കിയെടുത്ത് കാട്ടിലെറിഞ്ഞത്.ഈ പോസ്റ്റ് വായിക്കുന്ന നിഷ്പക്ഷരോടൊരു ചോദ്യം.ഏതാണ് വികാരം കൂടുതൽ മൂർഛിക്കുന്ന പ്രശ്നം?ആ പ്രശ്നത്തിൽ ഇവിടുത്തെ മറ്റ് പ്രസ്ഥാനങ്ങളുടെ നിലപാടെന്തായിരുന്നു? മാധ്യമങ്ങളുടെ നിലപാടെന്തായിരുന്നു ? നാരായണീയരുടെ നിലപാടെന്തായിരുന്നു?ആരെങ്കിലും ആ പ്രശ്നം അറിഞ്ഞതായി ഭാവിച്ചുവോ?മാർക്സിസ്റ്റ് പാർട്ടിക്കെതിരേ പ്രകടനങ്ങൾ നടക്കുന്ന കാലത്തുതന്നെയാണ് ആർ എസ്സ് എസ്സുകാരുടെ ഭാഗത്തുനിന്നും ഈ പ്രതിമ തകർക്കൽ ഉണ്ടായത്. ഏതെങ്കിലും ഒരു പ്രകടനത്തിൽ അവർക്കെതിരെ ഒരു ചെറിയ പ്രതിഷേധമുദ്രാവാക്യം വിളിപോലും ഉണ്ടായില്ലല്ലൊ?എന്തേ?അതാണ് പശ്ചാത്തലനിർമ്മാണത്തിലെ മിടുക്ക്.

                           ഏത് മാനദണ്ഡമെടുത്തുനോക്കിയാലും ഈ കേരളത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടിരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിക്കാരാണ് .അതിൽ 90 ശതമാനവും സംഘട്ടനത്തിലല്ല തന്നെ. ബോംബെറിഞ്ഞും വടിവാളിനുവെട്ടിയും വീടാക്രമിച്ചും ഒളിഞ്ഞിരുന്നാക്രമിച്ചുമൊക്കെയാണ് ഈ കൊലകൊളൊക്കെയുണ്ടായിരിക്കുന്നത്.അഖിലേന്ത്യാതലത്തിൽ ഒരു പാട് കൂട്ടക്കൊലകൾ നടന്നിട്ടുള്ളതായി നമുക്കറിയാം.മിക്കവാറുമെല്ലാ വലതുപക്ഷപ്രസ്ഥാനങ്ങളുമൊക്കെ ഈ കൂട്ടക്കൊലകൾ നടത്തിയിട്ടുള്ളവരാണ് . ഇന്ദിരാഗാന്ധി വധത്തോടനുബന്ധിച്ച് നടന്ന സിക്ക് കൂട്ടക്കൊല കോൺഗ്രസ്സ് നടത്തിയതാണ്. ബി ജെ പിയും ആർ എസ്സ് എസ്സും നടത്തിയകൂട്ടക്കൊലകളുടെ കാര്യം പറയാനില്ല. എന്നാൽ ഇവിടെയൊന്നും കമ്യൂണിസ്റ്റുപാർട്ടികളുടെ പേർ വരുന്നില്ല. ഈ പ്രസ്ഥാവനയ്ക്കപ്പോൾ മറുപടി വരും , കമ്യൂണിസ്റ്റുകാർക്ക് ശക്തിയില്ലാത്തതികൊണ്ടല്ലേ എന്ന്. അങ്ങനെയാണെങ്കിൽ ആർ എസ്സ് എസ്സ് ഇവിടെ വളരുന്നത് ഇത്തരം കൂട്ടക്കൊലകളിലൂടെയാണെന്ന് കാണാം. ഉദാഹരണത്തിന് ഉത്തർപ്രദേശിലെ മുസ്സാഫിർനഗർ മാത്രമെടുത്താൽ മതി.എന്നാലും എറ്റവും അക്രമകാരിയായ പാർട്ടി മാർക്സിസ്റ്റ് പാർട്ടിയായി ഉയർത്തിക്കാണിക്കണം. അതിനാണ് നേരത്തെ കണ്ട ഒപ്റ്റികൽ ഇല്ലൂഷനേപ്പോലെ ഒരു പശ്ത്താലം മാർക്സിസ്റ്റു പാർട്ടിയ്ക്ക് ഉണ്ടാക്കിക്കൊടുക്കണം.അവർക്കൊരിക്കലും ഇല്ലാത്ത ഒരു പശ്ചാത്തലം.അങ്ങനെ പാർട്ടിയെ ഒരു ഭീകരപാർട്ടിയായി ചിത്രീകരിച്ച് സാധാരണക്കാരെ പാർട്ടിയിൽ നിന്നകറ്റണം.എന്തിനാണത്? ഇന്ന് മാർക്സിസ്റ്റ് പാർട്ടിയെ തെറിവിളിച്ച് ജാഥ നയിച്ചവന്റെ ജീവിതപ്രശ്നം പരിഹരിക്കാൻ ആ സാമുദായികപ്രസ്ഥാനം അവനൊപ്പം നിൽക്കില്ല. അതിനീ ഭീകരസംഘടന തന്നെവേണം.

                     പാർട്ടിയുടെ നാളിതുവരേയുള്ള ചരിത്രം അതാണ് കാണിക്കുന്നത്. സാധാരണക്കാരന്റെ സാധാരണ ആവശ്യങ്ങൾക്ക് അവനോടൊപ്പം ഈ പാർട്ടിമാത്രമേ കാണൂ. റോഡ് റിപ്പയർ ചെയ്യാത്തതിൽ പ്രതിഷേധിക്കാനും , അപകടകരമായ പോസ്റ്റ് മാറ്റിസ്ഥാപിക്കാനും അടക്കം അവന്റെ നിത്യോപയോഗസാധനങ്ങൾക്ക് വിലവർദ്ധിക്കുമ്പോൾ ഹർത്താൽ നടത്തി ജനവികാരത്തിനു രൂപം കൊടുക്കാനും മാർക്സിസ്റ്റ് പാർട്ടിയേ ഉണ്ടാകൂ എന്നാണ് സാധാരണക്കാരന്റെ അനുഭവം. ഹർത്താൽ നടത്തുമ്പോൾ അതിനെ ന്യായങ്ങൾ നിരത്തി എതിർക്കുന്നവർക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് മറുപടിയില്ലെന്നവനറിയാം.

                              അതായത് പാർട്ടി ഒരു വികാരമായി ജനമനസ്സിൽ കുടികൊള്ളുന്നു. ഇത് തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനു വിഘാതമാണെന്ന് ഈ ശക്തികൾക്കറിയാം. പ്രത്യേകിച്ചും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളേറ്റെടുത്ത് ഉത്തരേന്ത്യയിലും പാർട്ടി ശക്തമായി വരുന്നതും ഇവർ കാണുന്നു.അത് തടഞ്ഞേ മതിയാകൂ എന്നും ഇവർക്കറിയാം. അത് പരീക്ഷിച്ചുനോക്കുകയാണിവിടെ. ഇവിടെയുള്ള മധ്യവർഗികളെ ഇത്തരം അക്രമ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ എളുപ്പമാണെന്നവർക്കറിയാം.അത് അവർ ചെയ്യുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങളെ സ്കാൻ ചെയ്തുനോക്കി എങ്ങനെ മാർക്സിസ്റ്റ് വിരുദ്ധ പശ്ചാത്തലം ഒരുക്കാൻ കഴിയുമെന്നിവർ പരീക്ഷിക്കുകയാണ്. ഒരു പരിധിവരെ അതിലവർ ജയിക്കുകയും ചെയ്യുന്നു. അപ്പോൾ നുണകളുടേയും അർദ്ധോക്തികളൂടേയും മായക്കാഴ്ചകളുയർത്തി പാർട്ടിയേക്കുറിച്ച് ജനമനസ്സുകളിൽ വ്യാജബോധം സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷപ്രസ്ഥാനങ്ങളുടെ ശ്രമം.

                          എന്താണിതിന്നൊരു മറുമരുന്ന്? ഒപ്റ്റികൽ ഇല്ലൂഷനുകളെ മറികടക്കാനുള്ള വഴിയായി പറയുന്നത് ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമാർഗങ്ങളുപയോഗിക്കണമെന്നാണ്. ശാസ്ത്രീയമായി അളവുകളും മറ്റും നടത്തി ഒപ്തികൽ ഇല്ലൂഷനുകളെ മറികടക്കാൻ നമുക്കാവും.ഇതേ ശാസ്ത്രീയത സ്വന്തം ജീവിതത്തിലും പകർത്താതെ ഇത്തരം വലതുശക്തികളെ തുരത്താൻ നമുക്കാവില്ല.
Post a Comment