എസ് എൻ ഡി പി യിലെ സ്വത്വ കലഹങ്ങൾ

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                         പ്രകൃതിയീലെ ആയിരക്കണക്കായ ജീവജാലങ്ങളിൽ ഓരോന്നിനും അതിന്റേതായ സവിശേഷമായ ധർമ്മങ്ങൾ നിർവഹിക്കാനുണ്ട്.അത് നിർവഹിക്കുമ്പോൾ മാത്രമേ ആ വർഗത്തിന് ആ വർഗം തന്നെയായി നിലനിൽക്കാൻ പറ്റൂ.ഉദാഹരണം നമ്മുടെ ചിത്രശലഭങ്ങൾ തന്നെ.അവ പൂക്കൾതോറും പറന്ന് പൂന്തേൻ ഉണ്ട് ജീവിക്കുന്നു.പൂന്തേനിനായി പൂക്കളിൽ ഇരിക്കുമ്പോൾ അവയുടെ ദേഹത്തുപറ്റുന്ന പൂമ്പൊടി അതറിയാതെ തന്നെ അടുത്ത പൂവിൽ നിക്ഷേപിക്കുകയും അങ്ങനെ പരാഗണം നടക്കുകയും ചെയ്യുന്നു.പ്രകൃതിയിലെ ഏതുജീവിവർഗം എടുത്താലും പ്രകൃതിയുടെ നിലനിൽപ്പിനായുള്ള സവീശേഷധർമ്മം അതിനു നിർവഹിക്കാനുണ്ടാകും.എന്നാൽ എനിക്ക് പൂമ്പൊടി വേണ്ട , പൂന്തേൻ മാത്രം മതി എന്ന നിലപാടെടുത്ത ഒരു ചിത്രശലഭത്തെ പോലും നമുക്ക് കാണാൻ കഴിയില്ല.ഒന്നാമത് അങ്ങനൊരു ബോധം അതിനില്ല , രണ്ടാമത് അങ്ങനെയൊരു നിലപാടെടുത്താൽ രണ്ട് വർഗത്തിന്റേയും നാശമായിരിക്കും ഫലം.

                             എന്നാൽ മനുഷ്യന്റെ കാര്യം വ്യത്യസ്ഥമാണ്.അവന് സ്വന്തമായൊരു ബോധമുണ്ട്.ആ ബോധമുപയോഗിച്ച് പ്രകൃതിനിയമങ്ങൾ മനസ്സിലാക്കാനും തന്റെ പ്രവൃത്തികൾ അതിനനുസരിച്ച് ക്രമീകരിക്കാനും മനുഷ്യന് കഴിയും.ക്രമീകരിക്കാൻ കഴിയും എന്ന് മാത്രമല്ല ആവശ്യമെങ്കിൽ അതിൽ മാറ്റം വരുത്താനും അവനുകഴിയും.ഒന്നുകിൽ മഴ നനയുക അല്ലെങ്കിൽ വല്ല മരച്ചോട്ടിലോ മറ്റോ നിന്ന് രക്ഷപെടുക എന്ന അവസ്ഥയിൽ നിന്ന് ചേമ്പില ചൂടിയും വാഴയില ചൂടിയും ആദ്യഘട്ടത്തിലും പിന്നീട് ഓലക്കുടയും ശീലക്കുടയും ആയി , ഇന്ന് വൈ ഫൈ ഫിറ്റ് ചെയ്തിട്ടുള്ള ശീലയല്ലാത്ത ശീലകൊണ്ടുള്ള കുടയിലെത്തിനിൽക്കുന്നത് അതുകൊണ്ടാണ്.മനുഷ്യനിടപെട്ടിട്ടുള്ള ഏതൊരു കാര്യത്തിലും പടിപടിയായി ഇത്തരം മാറ്റങ്ങൾ കാണാൻ കഴിയും. ഇങ്ങനെയാണ് മനുഷ്യന്റെ കാര്യമെന്നത് അവന്റെ ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നുവെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. തന്നിൽ അർപ്പിതമായിരിക്കുന്ന ഉത്തരവാദിത്വം മറന്ന് തന്റെ സ്വാർത്ഥലാഭത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അവന്റേയും പ്രകൃതിയുടേയും നിലനിൽപ്പുതന്നെ അവതാളത്തിലാക്കിയിരിക്കുന്നു.ഇത് പ്രകൃതിജീവിതത്തിനു മാത്രമല്ല സാമൂഹ്യജീവിതത്തിനു കൂടി ബാധകമാണെന്നതാണ് സത്യം.

                             ഇത്രയും വിശദമായ ഒരാമുഖം ഞാൻ പറഞ്ഞതുതന്നെ എസ് എൻ ഡി പി ഇന്ന് എത്തിച്ചേർന്നിരിക്കുന്ന കൂട്ടക്കുഴപ്പത്തിന്റെ ആഴം മനസ്സിലാക്കുന്നതിന്നായാണ്. കേരളത്തിലെ നവോത്ഥാനത്തിന്റെ നടുനായകസ്ഥാനം വഹിച്ചിരുന്ന ശ്രീ നാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് എസ് എൻ ഡി പ്യ്ക്ക് തുടക്കം കുറിച്ചത്. അവശതയനുഭവിക്കുന്ന എല്ലാ മനുഷ്യരുടേയും ആശ്വാസത്തിനുതകുന്ന ഒരു മഹാപ്രസ്ഥാനമാകണം സംഘം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെയാണദ്ദേഹം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്ന് എന്ന ആപ്തവാക്യം കേരളത്തിൽ വിതച്ചത്. ഒരു ജാതി എന്നാൽ മനുഷ്യജാതി എന്നാണദ്ദേഹം പറഞ്ഞുവച്ചത്. തന്റെ സംഘം വഴി ഈ വാക്യം വളർന്ന് പന്തലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ടുകൂടിയാകാം എസ് എൻ ഡി പി യുടെ ആദ്യപ്രസിഡണ്ട് പദം ഗുരുതന്നെ ഏറ്റെടുത്തത്.സെക്രട്ടറി മഹാകവി കുമാരനാശാനും.എന്നാൽ വളരെ വേഗം തന്നെ ഗുരു സംഘത്തിൽ നിന്നകന്നു.സംഘത്തിന്റെ വഴിപിഴച്ച പോക്കിൽ മനം നൊന്ത് അദ്ദേഹം എഴുതി : " മുമ്പേ തന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവർത്തിയിൽ നിന്നും വിട്ടിരിക്കുന്നു."

                         " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന വാക്യം വളരെപ്പെട്ടെന്ന് തന്നെ ഒരു ജാതിയെന്നാൽ ഈഴവജാതി എന്നും ഒരു മതമെന്നാൽ ഹൈന്ദവമതം എന്നുമൊക്കെയായി നേതൃത്വം മാറ്റിയെടുത്തു.അങ്ങനെ ഈഴവരുടെ മാത്രം ഒരു സംഘടനയായും പിന്നീട് ഈഴവരിലെപണക്കാരുടെ മാത്രം സംഘമായും മാറ്റിയെടുത്തു.സംഘത്തിന്റെ ഗുണഫലങ്ങൾ സമുദായത്തിലെ ന്യൂനപക്ഷം വരുന്ന പണക്കാർക്ക് മാത്രമായി ചുരുങ്ങി.ഈഴവസമുദായം എന്ന വോട്ട് ബാങ്ക് ചൂണ്ടിക്കാട്ടി ഭരണകക്ഷിയെ - അത് ഏതുപക്ഷമായാലും - ഭീഷണിപ്പെടുത്തി കോളേജുകളും മറ്റ് സ്ഥാപനങ്ങളും നേടിയെടുക്കുന്ന ഒരു ബ്ലാക്ക്മെയിൽ സംഘമായി എസ് എൻ ഡി പി മാറി.ഇങ്ങനെ നേടിയെടുക്കുന്ന സ്ഥാപനങ്ങൾ അതത് കാലത്തെ നേതാക്കളുടെ കറവപ്പശുക്കളായി മാറുകയാണുണ്ടായത്. സമുദായത്തിലെ പാവപ്പെട്ടവർക്ക് സ്വസമുദായത്തിലെ സ്ഥാപനത്തിൽ അഡ്മിഷനോ ജോലിയോ ലഭിക്കണമെങ്കിൽ പോലും കോഴ നൽകേണ്ട സ്ഥിതിവിശേഷം വന്നു.

                 ഇത് സംഘത്തിലെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകൽച്ചയ്ക്ക് വഴിവച്ചു.അകൽച്ചയുണ്ടായെന്നു തന്നെയല്ല ആ അകൽച്ച പതിയെ വലുതാവാനും തുടങ്ങി.പാവപ്പെട്ടവൻ മഞ്ഞസാരിയും അല്ലെങ്കിൽ മഞ്ഞ മുണ്ടുമുടുത്ത് ജൈ വിളിക്കാനും അവരെക്കാണിച്ച് നേട്ടമുണ്ടാക്കാൻ പ്രമാണിമാരും എന്നതായി സ്ഥിതിവിശേഷം . ഇത് സംഘത്തിലെ പാവപ്പെട്ടവർ വൻതോതിൽ മനസ്സിലാക്കാനും അതനുസരിച്ച് അവരിൽ അമർഷം കുമിഞ്ഞുകൂടാനും തുടങ്ങി. ഇതുണ്ടാക്കിയ ഫലം മറ്റൊന്നായിരുന്നു. എസ് എൻ ഡി പി യുടെ ഉഗ്രശപഥങ്ങൾ പണ്ടേപോലെ ഫലിക്കാതായിത്തുടങ്ങി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സംഭവിച്ചത്. സരിത സോളാർ പ്രശ്നത്തിൽ അവിടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയും ഇപ്പോഴത്തെ യോഗനേതൃത്വവും തമ്മിൽ ശക്തമായി ഉടക്കിയിരുന്നു. അവസാനം സംഘം നേതാവ് യു ഡി എഫ് കാരനെ തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്ന് ഉഗ്രശപഥവും ചെയ്തു.എന്നാൽ ഫലം വന്നപ്പോൾ പാഠം പഠിച്ചത് ശപഥം ചെയ്ത നേതാവണെന്നു മാത്രം.സംഘനേതൃത്വവും അണികളും തമ്മിലുണ്ടായ വിള്ളലാണതുകാണിക്കുന്നത്.ഇതിനെ മറികടക്കാൻ വഴികാണാതെ നേതൃത്വം പരവശപ്പെടുന്ന അവസ്ഥയുണ്ടായി.

                        തങ്ങളുടെ ബ്ലാക്ക് മെയിലിനു പണ്ടത്തെപ്പോലെ ശക്തിയുണ്ടോ എന്നതൊരു പ്രശ്നം മറ്റൊന്ന് അണികൾ നേതാക്കളിൽനിന്ന് അകന്നുപോകുന്നുവെന്നതും.ഇത് മറികടക്കാനാവാതെ അക്ഷരാർത്ഥത്തിൽ നേതൃത്വം വലയുകതന്നെ ചെയ്തു.ഈ ആശയകുഴപ്പം നേതാക്കന്മാരുടെ പ്രസ്ഥാവനകളിൽ പ്രതിഫലിച്ചുകാണാമായിരുന്നു. ഒരിക്കൽ കോൺഗ്രസ്സിനെ തള്ളിപ്പറയും സി പി എമ്മിനോട് അടുപ്പം കാണിക്കും.അടുത്ത നിമിഷം നേരെ തിരിച്ചുപറയും.ആരെ തള്ളണം ആരെ കൊള്ളണം എന്ന ആശയക്കുഴപ്പം ഇവരിൽ പ്രകടമായിരുന്നു.സി പി എമ്മിനെ കൊണ്ടാൽ അണികൾ കൂടെ നിൽക്കും എന്നാൽ തങ്ങളുടെ കച്ചവടരാഷ്റ്റ്രീയം പൊളിയും.തിരിച്ചായാൽ കച്ചവടം കൊഴുക്കും അണികളുണ്ടാവില്ല.എന്നാൽ എൻ എസ് എസ് നേപ്പോലെ സമദൂരം പ്രഖ്യാപിക്കാനുള്ള ധൈര്യവുമില്ല.അത് ചെയ്താൽ സ്വന്തം ബിസിനസ്സ് സാമ്രാജ്യമടക്കം തകരും എന്ന പ്രശ്നം. എസ് എൻ ഡി പി അനുഭവിച്ച ഏറ്റവും വലിയ സ്വത്വപ്രശ്നമായിരുന്നു ഇത്.

                                   അവരെ ഇതിൽ നിന്ന് താൽക്കാലികമായിട്ടാണെങ്കിലും രക്ഷിച്ചത് ബി ജെ പിയും ആർ എസ്സ് എസ്സുമായിരുന്നു.കേരളത്തിൽ ഒരു സഖ്യകക്ഷിയേത്തേടി അലയുകയായിരുന്നു അവർ. സ്വന്തം നിലക്ക് കാലങ്ങളായി ശ്രമിച്ചിട്ടും പച്ചപിടിക്കാത്ത അവസ്ഥയിലാണ് അവർ സഖ്യകക്ഷികളെ പിടിക്കാൻ തീരുമാനിച്ചത്.അതിനായി അവർ സമീപിച്ചത് എൻ എസ് എസ് , എസ് എൻ ഡി പി , കെ പി എം എസ് ( നായർ സർവീസ് സൊസൈറ്റി , ശ്രീനാരായണ ധർമ്മ പരിപാലനസംഘം , കേരള പുലയർ മഹാസഭ.) എന്നിവരെയായിരുന്നു. എന്നാൽ എൻ എസ് എസ് കയ്യോടെ ആ നിർദ്ദേശം തള്ളി.അനുകൂല മനോഭാവം കാണിച്ചത് എസ് എൻ ഡി പിയും ആയാലെന്താ എന്ന് കെ പി എമെ സിലെ ഒരു വിഭാഗവും ചിന്തിച്ചു. എസ് എൻ ഡി പി യെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അവരെത്തിചേർന്നിട്ടുള്ള പ്രതിസന്ധിയേ മുറിച്ചുകടക്കുക എന്ന ലക്ഷ്യമാണവർക്കുള്ളത്.അണികളെ നേതൃത്വത്തിലേക്കടുപ്പിക്കാൻ പറ്റിയ മാർഗം എന്ന നിലയിൽ അവർ ഹിന്ദുവർഗീയത തിരഞ്ഞെടുത്തു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സവിശേഷ സാഹചര്യം അതിനൊരുന്തുകൂടിയായി വർത്തിക്കുകയും ചെയ്തു എന്നതും സത്യം.പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഇവിടെയെന്തോ മലമറിക്കും എന്ന ധാരണ അനേകം നിക്ഷ്പക്ഷകാർക്കുണ്ടാവുകയും ബി ജെ പിയിലേക്ക് ശക്തമായൊരൊഴുക്ക് ഉണ്ടായെന്നതും സത്യം.എന്നാൽ വളരെപെട്ടെന്നുതന്നെ കോൺഗ്രസ്സും ബി ജെ പിയും ഒരേതൂവൽ പക്ഷികളാണെന്നുള്ള സത്യം മനസ്സിലാവുകയും ആ വലിയ ഒഴുക്ക് ഏതാണ്ട് ശമിക്കുകയും ചെയ്തിട്ടുണ്ട് ഇന്ന്. ഇനി ഒഴുക്ക് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് തിരിച്ചാവുന്ന കാലം വിദൂരമല്ല. അപ്പോൾ ഈ സവിശേഷ സാഹചര്യം മുതലെടുത്ത് യോഗനേതൃത്വം ബി ജെ പിയോട് ചേരാൻ തീരുമാനിച്ചു
 
                            ഇനി അതിനുവേണ്ട ഒരു ആശയമണ്ഡലമൊരുക്കണ്ടേ? അതിനായി കണ്ടെത്തിയത് തളിപ്പറമ്പിൽ സി പി എം റാലിയിലെ ഗുരുവിന്റെ ടാബ്ലോയായിരുന്നു.ഇന്നാട്ടിലെ ഏറ്റവും പിന്തിരിപ്പൻ പത്രങ്ങളുടെ പ്രചരണസന്നാഹങ്ങളോടെ സി പി എമ്മിനെതിരെ കുതിരകേറാൻ സംഘം ആരംഭിച്ചു.കാരണം വേറൊന്നുമല്ല ബി ജെ പിയിലേക്ക് പോകുന്നതിന്നുള്ള ന്യായീകരണം ആയിരുന്നു അത്.എന്നാൽ അത് ആളിപ്പടരാതിരുന്നത് മറ്റൊരു യാദൃശ്ചികസംഭവം മൂലമാണ് . തലശ്ശേരിയിൽ ആർ എസ്സ് എസ്സുകാർ ഒരു ഗുരുപ്രതിമയുടെ അംഗഛേദം വരുത്തുകയും അതിനെ കാട്ടിൽ തള്ളുകയും ചെയ്തതാണാസംഭവം. സി പി എമ്മിന്റെ ഒരു പതിനായിരം കാവലയോഗങ്ങൾക്ക് കഴിയാത്ത കാര്യം ഈയൊരൊറ്റസംഭവം നടത്തിയെടുത്തു.രണ്ടാമത്തെ സംഭവത്തില നേതൃത്വത്തിന്റെ മൌനം അണികളെ ഒരു പുനശ്ചിന്തനത്തിനു വഴിവച്ചു.അവസരത്തിനൊത്തുയർന്ന മാർക്സിസ്റ്റ് പാർട്ടി വൻ പ്രചരണമഴിച്ചുവിടുകയും ചെയ്തു.എല്ലാ മനുഷ്യരുടേയും ഗുരുവായിരുന്ന ശ്രീനാരായണ ഗുരുവിനെ ഹിന്ദുവിന്റെ തൊഴുത്തിൽ കെട്ടുന്നതിന്റെ അപകടം പാർട്ടി വിശദീകരിച്ചു.ഇതും വലിയ തോതിൽ നാരായണീയരെ സ്വാധീനിച്ചു.ആദ്യമാദ്യം നാരയണീയരുടെ കൂട്ടായ്മകളിൽ നടന്ന പ്രതിഷേധം പതിയെ ആർ എസ്സ് എസ്സുകാരുടെ മഞ്ഞ മുണ്ടുടുത്തുള്ള പ്രതിഷേധമാവുകയും അതുതന്നെ വളരെപെട്ടെന്ന് ഇല്ലാതാവുകയും ചെയ്തു.

               അപ്പോൾ ഫലത്തിലെന്തായി? സ്വന്തം സംഘടനയിലെ സ്വത്വകലഹങ്ങൾ അവസാനിപ്പിക്കാൻ കണ്ടെത്തിയ വഴി സംഘടനയുടെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തി നിൽക്കുന്ന് കാഴ്ചയാണിന്ന് കാണുന്നത്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ എസ് എൻ ഡി പി കൊണ്ട് ഉദ്ദേശിച്ചിരുന്ന കാര്യം നടന്നുകഴിഞ്ഞു. ഇനി ചെയ്യാവുന്നത് ആ സംഘടനയെ മാന്യമായി ദയാവധം ചെയ്യുക എന്നുള്ളതാണ്. എത്രയും നേരത്തെ സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നുവോ അത്രയും കുറച്ച് മാത്രമേ കേരളത്തിന്റെ വായുവിൽ അഴുകിയഗന്ധം പരക്കുകയുള്ളു.
Post a Comment