നാണക്കേടുകളിൽ കുളിച്ചുനിൽക്കുന്ന മലയാളി.

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     പണ്ട് നടന്ന ഒരു സംഭവമാണ്. അമേരിക്ക ഇറാക്കിലിടപെട്ടു.കാരണം ഇറാക്ക് രാസായുധങ്ങളുണ്ടാക്കി ഒളിപ്പിച്ചുവച്ചിട്ടുണ്ടത്രെ. ആരു പറഞ്ഞു, അമേരിക്ക പറഞ്ഞു. പലവട്ടം അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി യു എൻ ഇറാക്കിനോട് തിരച്ചിലിനു വിധേയമാകാൻ ആവശ്യപ്പെട്ടു.എന്നാൽ ഇറാക്ക് വഴങ്ങിയില്ല.കാരണം അത് രാജ്യത്തിന്റെ സ്വതന്തബോധത്തെ ഹനിക്കും.അവസാനം നാറ്റോ സഖ്യം ഇറാക്കിലേക്ക് ഇരച്ചുകയറി. രാസായുധം ഒളിച്ചുവച്ചിരിക്കുന്നതൊക്കെ തങ്ങൾ പുറത്തുകൊണ്ടുവരും എന്നായിരുന്നു വീരവാദവും വെല്ലുവിളിയും.ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹിസൈനിനു ഒളിച്ചോടേണ്ടി വന്നു. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സഖ്യം രാസായുധങ്ങൾക്കായി ഇറാക്കിനേ ഉഴുതുമറിച്ചു. ഭൂഗർഭത്തിലെ ഒരു ബങ്കറിൽ നിന്ന് സദ്ദാംഹുസ്സൈനെ പട്ടാളം പിടികൂടി തൂക്കിക്കൊന്നു.(രാസായുധം കണ്ടെടുക്കാൻ അവർക്കായില്ല എന്നുതന്നെയല്ല ഒരു മാതിരി മാനം മര്യാദയായി പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യത്തെ കുട്ടിച്ചോറാക്കുന്നതിൽ അമേരിക്കയും സഖ്യകക്ഷികളും വിജയിക്കുകയും ചെയ്തു.പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല. സദ്ദാമിനെ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച് ലോകത്ത് ഒരേ ഒരു സ്ഥലത്തുമാത്രമേ പ്രതിഷേധം നടന്നുള്ളു, അത് ഈ കൊച്ച് കേരളത്തിലായിരുന്നു.കേരളം ഒരു ദിവസം മുഴുവൻ ഹർത്താലാചരിച്ചു.
                         ഇതിനെച്ചൊല്ലി പല അഭിപ്രായക്കാർ കാണും. അമ്മയെതല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ പഴമൊഴി.സി പി എമ്മിനു വോട്ട് കിട്ടാനാൺ! ഹർത്താലാചരിച്ചത്, സി പി എം ന്യൂനപക്ഷക്കാർക്ക് അവിഹിതമായത് ചെയ്യുന്ന സംഘടനയാണ് എന്നുമൊക്കെ നിരവധി ആരോപണങ്ങളുണ്ടായി.പക്ഷെ പറഞ്ഞുവരുന്നത്  ലോകത്തെവിടെ എന്തുസംഭവമുണ്ടായാലും അതിന്റെ പ്രതികരണങ്ങൾ ഇവിടെ കേരളത്തിൽ ഉയരുമായിരുന്നു.അത് അലന്റെയെ വെടിവച്ചുകൊന്നപ്പോഴായാലും കൂബയുടെ നേരെ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പൊഴാണെങ്കിലും ഒക്കെ പ്രതികരിക്കാനുള്ള ഹൃദയവലുപ്പമുള്ള ലോകത്തെ ഒരേഒരു ജനത കേരളീയ ജനതയായിരിക്കുമെന്ന് സധൈര്യം പറയാമായിരുന്നു.എവിടെ ജനത ക്രൂശിലേറപ്പെടുന്നുവോ , എവിടെ ജനങ്ങൾ വേദനിക്കുന്നുവോ അവരോടൊപ്പം തോളോട് തോൾ ചേർന്ന് വേദനകൾ പങ്കുവൈക്കാനുള്ളവരായിരുന്നു നമ്മൾ.
                        എന്നാലിന്നോ?ഇന്നത്തെ സുപ്രധാനപ്പെട്ട ഒരു വാർത്ത മാധ്യമങ്ങൾ പിൻതുടരുന്നത് , എഴുപത് വയസ്സുകഴിഞ്ഞ ഒരു മുഖ്യമന്ത്രി ഉൾപ്പെട്ടു എന്ന് കരുതുന്ന ലൈംഗീകപവാദക്കേസിലെ സി ദിക്കുവേണ്ടിയുള്ള യാത്രയാണ്. എത്ര അധ:പതിച്ചിരിക്കുന്നു നമ്മൾ എന്ന് നോക്കൂ! സിഡി ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ ആ വിവരം ഉയർത്തിവിട്ട ഉന്മാദം , അത് സിഡിക്കു പോകുന്ന ടീം സഞ്ചരിക്കുന്ന ആ വാഹനത്തോടൊപ്പം സഞ്ചരിക്കുകയാണ്.എന്നാൽ ഇതിൽ നമ്മൾ മാത്രമാണോ കുറ്റക്കാർ?കേരളത്തിലെത്രയോ വിവാദസ്ത്രീകളുണ്ടായിരുന്നിട്ടുണ്ട്.എന്നാൽ രാഷ്ട്രീയ നേതൃത്വം എന്നും ഇത്തരം കേസുകളിൽനിന്നകന്നുമാറി സഞ്ചരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപവാദം എന്ന് പറയാവുന്നത് പഴയ ആ പി റ്റി ചാക്കോ കേസാണ്.ഈ സംഭവത്തിൽ നമ്മുടെ മുഖ്യമന്ത്രി കാണിച്ച അമിതമായ വിശദീകരണങ്ങളാണ് ഈ കേസിനെ ഇത്രത്തോളം വഷളാക്കിയത്.ആവശ്യമില്ലാത്ത നിഷേധങ്ങൾ. ഏതായാലും ഈ പ്രശ്നത്തിൽ നമ്മളെല്ലാം ലോകരുടെ മുന്നിൽ തലകുനിച്ചുനിൽക്കുകയാണ്.
                         ഇതുപോലെ ഇനിയും ഒരുപാടുകേസുകൾ എടുത്തുകാണിക്കാനുണ്ട്.എങ്കിൽകൂടിയും അനാവശ്യമെന്ന്  എനിക്ക് തോന്നുന്നത് ഹിന്ദു ദേവാലയങ്ങളിലെ കാണിക്ക വിവാദമാണ്.ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ആളുകളും ദേവാലയങ്ങളിൽ പോകുന്നവരും ദൈവപ്രീതിക്കായും സ്വന്തം കാര്യസാദ്ധ്യത്തിനായും വഴിപാടുകളും കാണിക്കകളും അർപ്പിക്കുന്നവരുമാണ്. ചില ദേവാലയങ്ങളിലെ ദൈവങ്ങൾക്ക് ശക്തികൂടിയതുകൊണ്ടാണോ എന്നറിയില്ല അവിടങ്ങളിലെ നടവരവ് കൂടുതലാണ്. ഈ പെടാപ്പാടെല്ലാം പെട്ടിട്ടും അവരുടെ ആഗ്രഹങ്ങൾ പൂവണിയുന്നുണ്ടോ എന്ന കാര്യത്തിൽ ആർക്കും യാതൊരുൽക്കണ്ഠയുമില്ല. അവിടെ വിഴുന്ന കാണിക്കപ്പണത്തിലാണ് ഇവരുടെ കണ്ണ്. ഹിന്ദുദൈവങ്ങളിലെ ഈ വരവ് യാതൊരു തത്വദീക്ഷയുമില്ലാതെ സർക്കാർ കൊണ്ടുപോവുകയാണെന്നും അത് മറ്റുജാതിക്കാർക്കായി ചിലവാക്കുകയാണെന്നുമാണ് ഇപ്പോളിവിടത്തെ തർക്കം.അതും ഹിന്ദുദൈവങ്ങളുടെ പേരിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണീ പ്രശ്നം ഉയർത്തുന്നതെന്നതാണ് ഏറ്റവും സങ്കടം.
                    കാണിക്കയിടുന്ന പണം ദൈവത്തിവകാശപ്പെടുന്നതല്ലേ?അതിനു പിന്നെ ഭക്തജനങ്ങൾ അവകാശം പുറപ്പെടുവിക്കുന്നത് ശരിയാണോ?ഒരാവശ്യം ഉന്നയിച്ച് ദൈവത്തിനു പണം നൽകുന്നു. ആ സംതൃപ്തിയിൽ ഭക്തൻ വീട്ടിൽ പോയി കിടന്നുറങ്ങുന്നു. അവന്റെ ആഗ്രഹം ആ പണത്തിൽ തൃപ്തനായി ദൈവം അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടുണ്ടാകാം , അല്ലെങ്കിൽ കൂടുതൽ പണം നൽകിയ മറ്റൊരാൾക്കുവേണ്ടി അത് നൽകിയിട്ടുണ്ടാവാം.എന്തായാലും ആ പണത്തിനു പിന്നെ അവകാശി ദൈവമാണ്. ആ ദൈവം ആ പണംകൊണ്ടെന്ത് ചെയ്യുന്നെന്ന് ഭക്തനറിയണ്ട കാര്യമുണ്ടോ? ദൈവത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതിന്നു തുല്യമല്ലേ അത്? വേണമെങ്കിൽ ദൈവത്തിനു കാണിക്കയിടാതിരിക്കാം , ഒരു ദൈവവും ചോദിക്കാൻ വരില്ല.  ആ സ്വാതന്ത്ര്യം ഉപയോഗിക്കാതെ കാണിക്കയിട്ടിട്ട് അതെന്ത് ചെയ്തൂ ദൈവം എന്നന്വേഷിക്കുന്നത് നാലാം തരം പരിപാടിയല്ലേ?
           ഇനി ആ പണം സർക്കാർ കയ്യിട്ടുവാരുന്നുണ്ടെങ്കിൽ, ദൈവത്തിനതിഷ്ടമില്ലെങ്കിൽ ദൈവം സർക്കാറിനു പണികൊടുത്തോളും.അല്ലാതെ ദൈവത്തിന്റെ പണത്തിന്റെ കാര്യത്തിൽ മനുഷ്യനിടപെടുന്നതിൽ കാര്യമില്ല. അത് ദൈവത്തിന്റെ സ്വാതന്ത്ര്യത്തിൽ മനുഷ്യൻ കൈകടത്തുന്നതിന്നു തുല്യമല്ലേ? ആര് അല്ലെങ്കിൽ ഏത് ദൈവം അതിനവർക്ക് അധികാരം കൊടുത്തു?
                    ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ധനാർത്ഥിക്കുവേണ്ടി ദൈവത്തിനെപ്പോലും ബുദ്ധിമുട്ടിക്കുന്ന കേരളിയന്റെ ശീലം അത്ര നല്ലതല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
Post a Comment