എന്റെ ഗാരേജിലെ ഡ്രാഗൺ!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:



{കോലാഹലം എന്ന തന്റെ ബ്ലോഗിൽ വൈശാഖൻ തമ്പി എഴുതിയ പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുന്നു.അദ്ദേഹത്തിന്റെ ആ പോസ്റ്റ് കാൾസാഗന്റെ Dragon in my garageനോട് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു.]

ഞാൻ പറയുന്നു, "എന്റെ ഗാരേജിൽ തീ തുപ്പുന്നൊരു ഡ്രാഗൺ ഉണ്ട്."

ഞാനിത് ഗൗരവമായി പറഞ്ഞാൽ, എന്തോ തമാശ വരാൻ പോകുന്നു, എന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ പല കാര്യങ്ങളും നിങ്ങളുടെ മനസിൽ തോന്നിയേക്കാം; ശരിയ്ക്കും അങ്ങനൊരു ഡ്രാഗൺ എന്റെ ഗാരേജിലുണ്ട് എന്നൊഴികെ.

പക്ഷേ ഞാൻ വിടാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ പക്കൽ ഒഴിവുസമയം ഉണ്ടെങ്കിൽ, എന്നാപ്പിന്നെ ആ ഡ്രാഗണിനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം എന്ന് ഒരു വെല്ലുവിളി പോലെ നിങ്ങൾ തീരുമാനിച്ചേക്കാം.

നിങ്ങളെ ഞാനെന്റെ ഗാരേജിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നിങ്ങൾ ലേശം ചുച്ഛത്തോടെ പിറകേ വരുന്നു.

ഞാൻ വാതിൽ തുറക്കുന്നു. അവിടെ ഒരു ഏണി ചാരി വച്ചിട്ടുണ്ട്, കുറേ പഴയ പെയിന്റ് പാട്ട കിടപ്പുണ്ട്, ഒരു സൈക്കിളുമുണ്ട്. ഡ്രാഗൺ മാത്രമില്ല.

"ഡ്രാഗണെവിടെ?" നിങ്ങൾ ചോദിക്കുന്നു.

"ദാ ഇവിടുണ്ടല്ലോ അത്" ഞാൻ കൈചൂണ്ടി, "ഓഹ്, അത് അദൃശ്യനായ ഒരു ഡ്രാഗണാണെന്ന് പറയാൻ ഞാൻ വിട്ടുപോയി"

നിങ്ങൾ അല്പം ക്ഷമയും വിവരവുമുള്ള ആളാണ്. ഇത് കേട്ടയുടൻ എന്നെ തല്ലാനൊരുങ്ങുന്നില്ല. പകരം വേറൊരു ഐഡിയ മുന്നോട്ട് വെക്കുന്നു,

"നിങ്ങളൊരു കാര്യം ചെയ്യൂ, ഈ തറയിൽ കുറച്ച് അരിപ്പൊടിയോ മണലോ വിതറൂ. ഡ്രാഗൺ നടക്കുമ്പോൾ അതിന്റെ കാല്പാട് കാണാമല്ലോ"

"ഗുഡ് ഐഡിയ! പക്ഷേ ഒരു കുഴപ്പമുണ്ട്. എന്റെ ഡ്രാഗൺ കാൽ തറയിൽ തൊടാതെയാണ് നടക്കുന്നത്!"

നിങ്ങൾ ചില്ലറക്കാരല്ല. എന്നെയങ്ങനെ വിടാനുദ്ദേശിക്കുന്നില്ല. "അങ്ങനെയെങ്കിൽ നമുക്കൊരു ഇൻഫ്രാ റെഡ് സെൻസർ കൊണ്ടുവരാം. തീതുപ്പുന്ന ഡ്രാഗണായതുകൊണ്ട് അതിന്റെ തെർമൽ ഇമേജ് എടുക്കാമല്ലോ"

"അയ്യോ, ഈ ഡ്രാഗൺ ചൂടില്ലാത്ത തീയാണ് തുപ്പുന്നത്!" ഞാനും വിടുന്നില്ല.

"എന്നാലല്പം പെയിന്റെടുത്ത് ഡ്രാഗണിന്റെ നേർക്ക് സ്പ്രേ ചെയ്യാം. അപ്പോ അതിന്റെ രൂപം തെളിഞ്ഞ് വരുമല്ലോ"

"ശ്ശോ! എന്റെ ഡ്രാഗൺ സാദാ പദാർത്ഥം കൊണ്ട് നിർമിക്കപ്പെട്ടിരുന്നു എങ്കിൽ എത്ര നന്നായേനെ. ഇതിപ്പോ, അതിന്റെ ദേഹത്ത് പെയിന്റ് പിടിക്കില്ല"

ഇനിയും നിങ്ങളുടെ ബുദ്ധിയിൽ തോന്നുന്ന മാർഗങ്ങളൊക്കെ നിങ്ങൾ മുന്നോട്ട് വെച്ചേക്കാം. അപ്പോഴെല്ലാം, എന്തുകൊണ്ട് ആ മാർഗം ഉപയോഗിക്കാനാവില്ല എന്ന് വിശദീകരിക്കുന്ന ഒരു ഗുണം കൂടി ഞാൻ എന്റെ ഡ്രാഗണിന് ചേർത്തുകൊടുക്കുന്നു.

ഇനിയാണ് കാതലായ ചോദ്യം, എന്റെ ഡ്രാഗണിനെ നിങ്ങൾക്ക് ഒരുരീതിയിലും സെൻസ് ചെയ്യാനാകുന്നില്ല. പക്ഷേ അങ്ങനൊരു ഡ്രാഗൺ ഇല്ലാന്ന് ഒരിയ്ക്കലും നിങ്ങൾക്ക്
തെളിയിക്കാനും ആകില്ല. അതിന്റെ അർത്ഥം അങ്ങനൊരു ഡ്രാഗൺ ഉണ്ടെന്നാണോ? ഞാൻ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല എന്നതുകൊണ്ട് ഞാൻ പറയുന്നത് ശരിയാകുമോ?

അതൊക്കെ പോട്ടെ. കാണാനാകാത്ത, തറയിൽ തൊടാതെ പൊന്തി നിൽക്കുന്ന, പെയിന്റ് പറ്റാത്ത, ചൂടില്ലാത്ത തീ തുപ്പുന്ന ഒരു ഡ്രാഗൺ ഉള്ളതും, അങ്ങനൊരു ഡ്രാഗൺ ഇല്ലാത്തതും തമ്മിൽ എന്താണ് വ്യത്യാസം? അല്ലാ, വല്ല വ്യത്യാസവുമുണ്ടോ?

ഇത്തരം ഡ്രാഗണുകളെക്കുറിച്ച് നിങ്ങൾ ജീവിതത്തിൽ സ്ഥിരം കേൾക്കുന്നുണ്ട്. ദൈവം, പ്രേതം, ആത്മാവ് തുടങ്ങി പല പല പേരുകളിലായിരിക്കും എന്ന് മാത്രം.

(
കാൾ സെയ്ഗന്റെ "The Dragon in my Garage"-നോട് കടപ്പാട്)



2 comments :

  1. ദൈവമേ കൈതൊഴാം കാക്കുമാറാകണം
    പാവമാനെന്നെ നീ കാക്കുമാറാകണം!

    ReplyDelete
  2. ഇരുട്ടുമൂലയിലെ കറുത്ത പൂച്ച എന്നൊരു ശൈലിയുണ്ട് ഇംഗ്ലിഷിൽ!!

    ReplyDelete