സെബിയുടെ കഥ , മനുവിന്റേയും.പിന്നെ കൊല്ലം ദുരന്തവും.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

             മീപകാലത്ത് നമ്മുടെ കൺമുന്നിലൂടെ കടന്നുപോയ രണ്ട് വാർത്തകളാണ് അഞ്ചേരിയിലെ സെബിയുടെ മരണവും ഇടുക്കിയിലെ മനു എസ്. നായരുടെ മരണവും.സംസ്ഥാനത്തിന്റെ തികച്ചും പരസ്പരബന്ധമില്ലാത്ത രണ്ട് സ്ഥലങ്ങളിലാണിത് നടന്നതെങ്കിലും ഈ രണ്ടു മരണങ്ങളേയും കൂട്ടിയിണക്കുന്ന ഒന്നുണ്ട്. ആ പൊതുവായ ഒന്ന് തന്നെയാണ് കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടാൻ ഇടയായതും.
                അഞ്ചേരിയിലെ സെബിയുടെ മരണം കാൻസർ മൂർഛിച്ചുണ്ടായതാണ്.ചിരകാലമായി കാൻസറിനു ചികിൽസയിലായിരുന്നു സെബിൻ. അവസാനം ഡോക്ടറാ പ്രഖ്യാപനം നടത്തി, "താങ്കളുടെ രോഗം മാറിയിരിക്കുന്നു, എന്നാലും ഇടക്കിടക്കുള്ള ചെക്കപ്പ് മുടക്കരുത്, ഏതു നിമിഷവും രോഗം തിരിച്ചുവന്നേക്കാം."ഒരോപ്പറേഷനും 30 റേഡിയേഷനും പിന്നീട് കീമോതെറാപ്പിയും ഇതിനു വേണ്ടിവന്നു.ഈ ഘട്ടത്തിലാണ് ബാംഗളൂരുള്ള ഒരു ആദ്ധ്യാത്മിക സംഘടനയ്ക്കുവേണ്ടി മണ്ണൂത്തി അഗ്രികൾചറൽ യൂണിവേർസിറ്റിയിലെ ഒരു റിട്ടയേർഡ് പ്രൊഫസർ സെബിനെ സന്ദർശിച്ചത്.അവരാണ് ലക്ഷ്മിതരുവും മുള്ളാത്തയും ആണ് കാൻസറിനു കൺകണ്ട ഔഷധമെന്ന ധാരണ സെബിയിൽ അടിച്ചേൽപ്പിക്കുന്നത്. (മംഗളം ദിനപത്രം 2015 നവംബർ 7).പിന്നീട് ഈ ചെടികളുടെ ഇലയും മറ്റും പിഴിഞ്ഞ് നീരെടുത്തും കഷായം വച്ചും കുടിക്കുകയായിരുന്നു സെബിന്റെ ചികിൽസ. എന്നുതന്നേയുമല്ല , മിന്നൽവേഗത്തിലാണ് ഈ "അഭിനവ കാൻസർ മരുന്നുകൾ " കേരളമെങ്ങും പരന്നത്. കേരളമെമ്പാടും ഈ കാൻസർ മരുന്ന് വീശിയടിച്ചു.തീർച്ചയായിട്ടും സെബി തന്നെയായിരുന്നു പ്രധാന പ്രചാരകൻ.കാൻസർ ചികിൽസയിൽ കൃതഹസ്തനായ ഡോ.പി.വി.ഗംഗാധരന്റെ പേരുപോലും ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടു.അദ്ദേഹവും മുള്ളാത്ത പഴങ്ങൾ ശുപാർശ ചെയ്യുന്നു എന്നായിരുന്നു പ്രചരിപ്പിച്ചത്.അവസാനം അദ്ദേഹത്തിനു നിഷേധപ്രസ്താവനയിറക്കേണ്ടി വന്നു.അങ്ങനെ സെബിയെ മുൻനിർത്തിയുള്ള പ്രചരണം ഉച്ചസ്ഥായിലിലെത്തിയ സമയത്താണ് തന്റെ ഉമിനീർ ഗ്രന്ഥിയിലെ കാൻസർ മൂർഛിച്ച് അദ്ദേഹം അന്തരിക്കുന്നത്.

                           ഇടുക്കിയിലെ മനു എസ്.നായരുടെ കഥയും വ്യത്യസ്ഥമല്ല. തന്റെ ശരീരഭാരം കുറയ്ക്കാനുള്ള ചികിൽസയിലായിരുന്നു അദ്ദേഹം.ഏതോ സ്വകാര്യ ആശുപത്രിയിലെ പച്ചിലമരുന്ന് ചികിൽസയായിരുന്നു അദ്ദേഹത്തിന്. ഇതോടെ അദ്ദേഹത്തിനു ഷുഗർ വല്ലാതെ കൂടുന്നു. ഒരു ഘട്ടത്തിൽ ഇത് 500 യൂണിറ്റ് വരെയെത്തി എന്ന് പറയപ്പെടുന്നു.ഷുഗർ കൂടിയതിനാൽ മോഡേൺ മെഡിസിനിൽ വിദഗ്ധചികിൽസയ്ക്ക് വിധേയനാകണമെന്ന് നിർദ്ദേശിച്ച ഡോക്ടറോട് താൻ പച്ചില മരുന്ന് കഴിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്ഥലം വിടുകയാണ് മനു ചെയ്തത്രെ.( http://localnews.manoramaonline.com/thiruvananthapuram/local-news/idukki-youth-dies-increasing-sugar-level.html).
                                             നമ്മൂടെ രോഗചികിൽസയ്ക്ക് സമൂഹം അംഗീകരിച്ച ഒരു സിസ്റ്റം ഉണ്ട്.ഒരു പ്രത്യേക പാഠ്യപദ്ധതിയിലൂടെ പഠിച്ച് പാസ്സായി കടന്നുവന്ന ഒരാൾക്കുമാത്രമേ രോഗികളെ ചികിൽസിക്കാൻ അനുവാദമുള്ളു.അതുപോലെ മരുന്നുകൾ കൊടുക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് നടന്നുവരുന്നത്.മരുന്നുകളുണ്ടാക്കുന്ന കാര്യത്തിലാണെങ്കിൽ അതിലും സ്റ്റ്രിക്റ്റ് ആണ് കാര്യങ്ങൾ.കാലങ്ങളായി ഗവേഷണം നടത്തി കഷ്ടപ്പെട്ട് ഒരു മരുന്നിന്റെ ഫോർമുലയുണ്ടാക്കിയാൽ അത് ശാസ്ത്രസമൂഹത്തിൽ ചർച്ചയ്ക്ക് വിധേയമാക്കും.തുടർന്ന് മരുന്നുണ്ടാക്കി മനുഷ്യസമാനമായ ജീവികളിൽ (കുരങ്ങ് ,മുയൽ തുടങ്ങി) പ്രയോഗിച്ചുനോക്കുന്നു.തുടർന്ന് മനുഷ്യരിൽ നിയന്ത്രിതമായ രീതിയിൽ പ്രയോഗിക്കുന്നു. പിന്നീട് ഇതിന്റെ ഫലങ്ങളെ കൂലങ്കുഷമായ ടെസ്റ്റുകൾക്ക് വിധേയമാക്കി മാത്രം ആ മരുന്ന് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നു.അപ്പോഴും നിരവധി പരിശോധനാ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും ഉല്പാദനവും വിതരണവും.ഈ രീതിയ്ക്കാണ് ശാസ്ത്രീയരീതി എന്ന് പറയുന്നത്, ഇതാണ് ശരിയായ രീതിയും.
                      എന്നാൽ ലോകത്തിന്റെ പലഭാഗത്തും വളരെ ചെറിയതോതിൽ ഈ സംബ്രദായത്തെ നിഷേധിക്കാനും വലിയ ഗുണപരിശോധനയൊന്നുമില്ലാത്ത പ്രകൃദത്തമെന്നു പറയപ്പെടുന്ന വസ്തുക്കൾ മരുന്നുകളെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.കൃത്രിമമായി ഉണ്ടാക്കുന്ന അനുഭവസാക്ഷ്യങ്ങളായിരിക്കും ഇത്തരം ചികിൽസയുടെ മൂലധനം.നിങ്ങൾക്കറിയാമോ? ലോകപ്രശസ്തനായ ----- നു ------ അസുഖമായിരുന്നു.അദ്ദേഹം ഇതാ ഈ മരുന്ന് കഴിച്ചപ്പോഴാണ് രോഗശാന്തിയുണ്ടായത് " എന്ന മട്ടിലൊക്കെയാണ് പ്രചാരണം. ഇതിൽ കേരളീയർ ഈയാമ്പാറ്റകളേപ്പോലെ വീണുകൊണ്ടിരിക്കുകയാണ്. ഇതിന്റെ രക്തസാക്ഷികളാണ് സെബിയും മനുവും.
                                    എന്തുകൊണ്ടാണ് ജനങ്ങൾ പ്രത്യേകിച്ച് കേരളീയർ ഇത്തരം വ്യാജപ്രചരണങ്ങളിൽ കുടുങ്ങിപ്പോവുന്നത്?പൊതുവേ രണ്ട് മൂന്ന് കാരണങ്ങളാണിതിനുള്ളതെന്നാണെനിക്കു തോന്നുന്നത്. (1) സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യപരിപാലനകേന്ദ്രങ്ങളെ നിഷ്ക്രിയമാക്കി സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിച്ചു. അവിടെ ചികിൽസ ചിലവുള്ളതാണ്. ഇതിനായി രോഗിക്ക് പണം കണ്ടെത്താനുള്ള പദ്ധതികളെല്ലാം ചുവപ്പുനാട പോലുള്ള കുരുക്കുകളിൽ കുരുങ്ങി സമയത്തിനുതകാതെ പോകുന്നു.(2) ചെറുപ്പം മുതലെ ഒരിന്ത്യൻ പൗരനു കിട്ടുന്ന വിദ്യാഭ്യാസം.പൊതുവേ പറഞ്ഞാൽ ഒരു ജോലി സംബാദിക്കാനായി ഭൂമി ഉരുണ്ടതാണെന്ന് പഠിക്കുകയും നിത്യജീവിതത്തിൽ ഭൂമി പരന്നിരിക്കുന്നതായി വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുകയും അതിനുള്ള ന്യായങ്ങൾ നിർമ്മിക്കുകയും ചെയ്യുക.ചുരുക്കത്തിൽ ജീവിതത്തിൽ ശാസ്ത്രബോധം പൊതുബോധമാക്കുന്നതിനുള്ള യാതൊരു പാഠ്യപദ്ധതികളുമില്ലാതിരിക്കുക.അതോടൊപ്പം തന്നെ ചെറുപ്പത്തിലെ മതചിന്തകൾ വളർത്താനുള്ള അന്തരീക്ഷം സൃഷ്ടിച്ചുവച്ചിരിക്കുകയും ചെയ്തിരിക്കുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിതത്തിന്റെ അനിശ്ചിതത്വത്തിനെ ശാസ്ത്രീയമായി നേരിടാനുള്ള ഒന്നും നമ്മുടെ വിദ്യാഭ്യാസം കൊണ്ട് കഴിയില്ല.എന്നാൽ അവൻ അടിയുറച്ച് വിശ്വസിച്ചുപോരുന്ന മതപാഠങ്ങൾക്കുമവനെ രക്ഷിക്കാൻകഴിയുന്നില്ല.ഇത് കേരളത്തിലുള്ളവരുടേയും കൂടി പ്രശ്നമാണ്. അതുകൊണ്ടുതന്നെ രോഗങ്ങൾ, ദാരിദ്ര്യം , നിനച്ചിരിക്കാത്ത പ്രശ്നങ്ങൾ ഒക്കെ മലയാളിയെ സംഭ്രാന്തിയിലാഴ്ത്തുന്നു. അതിനു തെളിവാണ് ഇവിടെ വർദ്ധിച്ചുവരുന്ന മദ്യപാനശീലം (ബാറുകൾ അടച്ചുപൂട്ടിയിട്ടും ചില്ലറവില്പനശാലകൾ അടച്ചു പൂട്ടിക്കൊണ്ടിരുന്നിട്ടും വർഷം തോറും മദ്യക്കച്ചവടം കൂടുകയാണെന്നോർക്കണം.) , വർദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണത , മനോരോഗമരുന്നുകളുടെ വർദ്ധിതവില്പന ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.യുക്തിബോധവും ശാസ്ത്രചിന്തയുമില്ലാത്ത ഒരു ജനത പിന്നെന്തുചെയ്യാൻ? ഇങ്ങനെ ഒടുങ്ങുകയല്ലാതെ.

                                        ഈ സംഭവങ്ങളും കൊല്ലം വെടിക്കെട്ടുദുരന്തവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.അവിടെ അമ്പലത്തിനു സ്മീപത്തു താമസിക്കുന്ന ഒരു വൃദ്ധയാണ് കൊല്ലം കളക്റ്റർക്ക് പരാതി നൽകിയത്, ആ അമ്പലത്തിലെ മൽസരക്കമ്പം തന്റെ വീടിനു നാശനഷ്ടങ്ങളുണ്ടാക്കുന്നു, അതുകൊണ്ട് മൽസരക്കമ്പം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നായിരുന്നു പരാതി. കാര്യങ്ങളന്വേഷിച്ച കളക്റ്റർ മൽസരക്കമ്പം നിരോധിക്കുന്നു. അമ്പലക്കമ്മിറ്റിക്കത് ആക്ഷേപമായി.കാലങ്ങളായി നടന്നുവന്നിരുന്ന കമ്പം നിരോധിക്കുകയെന്നാൽ....... അവർ വേണ്ട രീതിയിലിടപെട്ടിട്ടും കളക്ടറും ബന്ധപ്പെട്ടവരും അനങ്ങുന്നില്ല. അവസാനമവർ അറ്റകൈ പ്രയോഗം നടത്തുന്നു.രാഷ്ട്രിയസമ്മർദ്ദം കളക്ടറുടെ മേൽ ചെലുത്തിയിട്ടും രക്ഷയില്ലാതെ പോലീസിനെ സമ്മർദ്ദത്തിലാക്കി കാര്യം നേടുകയായിരുന്നു.നിരോധിച്ച കെമിക്കലുകളും അനുവദിച്ചതിൽകൂടുതൽ അളവും ഇവിടെ ഉപയോഗിച്ചു എന്നാണ് എക്സ്പ്ലോസീവ് ഡയറക്റ്റർ പറഞ്ഞത്.അതായത് ഇത്തവണ മാത്രമല്ല മുമ്പുകാലങ്ങളിലെല്ലാം ഇങ്ങനെയായിരുന്നു കമ്പം നടന്നിരുന്നത് എന്നർത്ഥം.

                         ആളെക്കൂട്ടാൻ ( അങ്ങനെ അമ്പലത്തിനു വരുമാനവും മറ്റ് കച്ചവടങ്ങളും വർദ്ധിപ്പിക്കാനുള്ള കമ്പോളയുക്തിയായി നിരോധിച്ച കെമിക്കലുകളുടെ കൂടിയ അളവ് ഉപയോഗിക്കുന്നു) അങ്ങനെ കച്ചവടം വർദ്ധിപ്പിക്കാനുള്ള ആ മുതലാളിത്ത്വത്തിന്റെ കിരാതയുക്തിയാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്.അതിന്റെ നിർവഹണത്തിന് മുതലാളിമാർ മതത്തെ കൂട്ടുപിടിച്ചു എന്ന് മാത്രം. അപ്പോൾ ഈ അപകടം സ്വയമുണ്ടായതല്ല ഉണ്ടാകിയതാണെന്ന് വരുന്നു.രാഷ്ട്രീയക്കാരൻ ഒരല്പം യുക്തിയുപയോഗിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടം.അതെങ്ങനെ കച്ചവടക്കാരും (മുതലാളിത്തം) , മതജാതിശക്തികളും ഒരു ഭാഗം രാഷ്ട്രീയക്കാരും ഇവിടെ കൈകോർത്തതിന്റെ പരിണിതഫലമാണ് ഈ അപകടം.ഇതും ഒരു യുക്തിയിലായ്മയുടേ തന്നെ ഫലമാണ്.
Post a Comment