വരൂ ! നമുക്ക് മഴയെ വരവേൽക്കാം.!!

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


                       ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ കിടപ്പ് ഒരു ഭിത്തിയിൽ ഏണിചാരിവച്ച പോലെയാണ്.കടൽ നിരപ്പിലുള്ള ഫോർട്ട് കൊച്ചിയിൽനിന്ന് ഏതാണ്ട് 150 കിലോമീറ്റർ ചെല്ലുമ്പോഴേക്കും സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരമുള്ള മൂന്നാറാകും.അതായത് 150 കിലോമീറ്റർ കൊണ്ട് ആറായിരം അടി ഉയരുന്ന ഭൂമി, ഭിത്തിയിൽ ഏണിചാരിവച്ച പോലെതന്നെയായിരിക്കണം.

                           ഇങ്ങനെയുള്ള ഭൂപ്രകൃതിയിൽ പെയ്യുന്ന മഴ ഏതാനും മണിക്കൂറുകൾ കൊണ്ട് ഒഴുകി കടലിൽചേരണം.കേരളമാണെങ്കിലോ ഭാഗ്യവശാൽ ലോകത്ത് കൂടുതൽ മഴകിട്ടുന്ന പ്രദേശങ്ങളിലൊന്നാണ് താനും.ചരിത്രം നോക്കിയാൽ ജലസമ്പന്നമായിരുന്നു കുറേക്കാലം മുമ്പുവരെ നമ്മുടെ കേരളം.ഇത് സാധ്യമായത് ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് പ്രകൃതി ആർജിച്ച ചിലകാര്യങ്ങളായിരുന്നു കേരളത്തെ ജലസമൃദ്ധമാക്കി നിലനിറുത്തിയത്.

                      പശ്ചിമഘട്ടമലകളിലെ കാടുകളിലെ "കാനോപി"( മരങ്ങളുടെ ഇലചാർത്തുകളുടെ വിന്യാസം) മുതൽ ഇടനാട്ടിലേയും തീരപ്രദേശങ്ങളിലേയും കിണറുകളും കുളങ്ങളും വയലുകളും കേരളത്തിലൂടെ സമൃദ്ധമായൊഴുകിയിരുന്ന നദികളും ഇടനാടൻ കുന്നുകളുംവരെ ഈ ജലസമൃദ്ധിക്കുകാരണമാണ്.ഇവ കേരളത്തെ വർഷക്കാലത്തെ വൻ വെള്ളപ്പൊക്കങ്ങളിൽനിന്നും വേനൽക്കാലത്തെ വൻ വരൾചയിൽനിന്നും നമ്മെ രക്ഷിച്ചിരുന്നു.

                    കാനോപ്പി എന്നാൽ പലതട്ടുകളിലായി നിൽക്കുന്ന മരങ്ങളെന്നേ അർത്ഥമുള്ളു.ആകാശത്തുനിന്നെത്തുന്ന മഴത്തുള്ളി ഉയരമുള്ള ഇലകളിൽതട്ടി ചിതറി അടുത്ത വിതാനത്തിലെ ഇലകളിൽ വീഴുന്നു, അവിടെനിന്നും ചിതറി താഴേയ്ക്ക്. അങ്ങനെ പല തലങ്ങളിൽതട്ടിചിതറി അവസാനം പൊടിയായിട്ടായിരിക്കും ഭൂമിയിലെത്തുക. അങ്ങനെ മഴവെള്ളം കുത്തിവീണുള്ള മണ്ണിളക്കവും മണ്ണൊലിപ്പും തടയുന്നു.മഴവെള്ളം താഴെ എത്തുമ്പോഴോ , അവിടെ അടിഞ്ഞുകൂടിക്കിടക്കുന്ന നല്ല കനത്തിലുള്ള ഉണക്കൈലകളിലേക്കാണ് എത്തുക.ഈ വെള്ളം ഇലകളിൽ കെട്ടിക്കിടന്ന് ചീഞ്ഞ് "ഹ്യൂമസ്" എന്ന സ്പോഞ്ച് പോലുള്ള ഒരു വസ്തുവായി മാറുന്നു,ഈ ഹ്യൂമസ്സ് വളരെയധികം വെള്ളത്തിനെ പിടിച്ചുവയ്ക്കുന്നു,സ്പോഞ്ച് പോലെ തന്നെ.ഈ വെള്ളം വേനൽക്കാലത്ത് താഴേക്ക് ഒഴുക്കിവിടുന്നതിനാൽ വേനൽക്കാലങ്ങളിൽപോലും ഒരു നിശ്ചിത അളവിൽ വെള്ളം പുഴകളിൽ ഉണ്ടായിരിക്കും.

                        പുഴകളിൽ ഒഴുകിയെത്തുന്ന വെള്ളം പുഴയിലെ മണലിന്റെ സാന്നിദ്ധ്യത്തിൽ ഒഴുക്ക് കുറയുകയും മണലിലൂടെ വെള്ളം താഴേക്ക് ഇരിക്കുകയും ചെയ്യുന്നു.ഈ വെള്ളവും ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നു.( ആയകാലത്ത് പെരിയാറിലേക്ക് ഒരു ദിവസം 2700 ടൺ മണൽ ഒഴുകിയെത്തുമ്പോൾ 55000 ടൺ മണൽ വാരിയെടുത്തിരുന്നു എന്നുമൊരു കണക്ക് ആരോ പറഞ്ഞിരുന്നു.ആനുപാതികമായി മറ്റ് പുഴകളിലും.അതുകൊണ്ട് സംഭവിക്കാനുള്ളത് സംഭവിച്ചു.മിക്കവാറും കേരളത്തിലെ പുഴകളെല്ലാം മരിച്ചുകഴിഞ്ഞു.മണലില്ലാത്തതിനാൽ പുഴയുടെ ആഴം വർദ്ധിക്കുകയും തീരം ഇടിഞ്ഞുതാഴുകയും ചെയ്യാൻ തുടങ്ങി.ഇത് പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു, വെള്ളം അവിടിവിടെ കെട്ടിക്കിടക്കാൻ തുടങ്ങി, കരകണ്ടഭാഗങ്ങളിൽ വൻ രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ച് ആരംഭിച്ച കൃഷിയുമായതോടെ പുഴയുടെ മരണം പൂർത്തിയായി.ഇന്ന് പുഴയുടെ ഉപയോഗം മാലിന്യങ്ങൾ നിക്ഷേപിക്കുകയെന്നതാണ്. പിന്നെയുണ്ടായിരുന്നത് പർവതങ്ങൾ, കുന്നുകൾ, വയലുകൾ, കുളങ്ങൾ, കിണറുകൾ ഒക്കെയാണ്.വാശിയോടെ നാം ഒത്തൊരുമിച്ച് അദ്ധ്വാനിച്ച് ചവറ്റുകുട്ടയിലേക്കിട്ട "ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് " ആരംഭിക്കുന്നത് " Western Ghats are the water tank of KeraLa" എന്നും പറഞ്ഞുകൊണ്ടാണ്.ആ പശ്ചിമഘട്ടം ലൈസൻസുള്ള ഒരു പാറമടയ്ക്ക് ലൈസൻസില്ലാത്ത നൂറ് എന്ന തോതിൽ ഡൈനാമിറ്റ് വച്ച് പൊട്ടിച്ച് നാട്ടിലേയ്ക്ക് കടത്തിക്കൊണ്ടിരിക്കുകയാണ്.

               കേരളത്തിലെ മഴയ്ക്ക് കാരണക്കാരിൽ പ്രമുഖർ പശ്ചിമഘട്ടത്തിലെ വനങ്ങളാണെന്നത് പറയാത്ത പരിസ്ഥിതി ശാസ്ത്രജ്ഞരില്ല.ഒരേക്കർ വിസ്തീർണ്ണമുള്ള കുന്ന് അതിനു ചുറ്റുമുള്ള 150 കുടുംബങ്ങൾക്ക് വേനൽക്കാലത്തേക്ക് കുടിവെള്ളം നൽകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ആ കുന്നുകളൊക്കെ ഇന്ന് ടൗണിലെ ഏതെംകിലുമൊക്കെ ഫ്ലാറ്റിന്റെയോ വൻ എടുപ്പുകളുടേയോ ഒക്കെ അസ്ഥിവാരങ്ങളായി മാറിയിരിക്കുന്നു.68 ലക്ഷം കുളങ്ങളുണ്ടായിരുന്ന കേരളത്തിലെ കുളങ്ങളുടെ എണ്ണം ആയിരങ്ങളായി ചുരുങ്ങിയിരിക്കുന്നു.കിണറുകളുടെ കഥയും തഥൈവ.ഒരു വയൽ അതിന്റെ ചുറ്റളവിന്റെ അത്രയും വിസ്താരത്തിൽ ആയിരം അടിവരെ താഴ്ചയിൽ ജലസ്ഥംഭം (Water Column) നിലനിറുത്തുന്നു എന്നായിരുന്നു കണക്ക്.ഈ ജലം വേനൽക്കാലത്ത് നമ്മുടെ കിണറുകളിലേക്ക് തന്നെ പോയ്ക്കൊണ്ടിരുന്നു.എന്നാൽ ഇന്ന് വയലുകളെവിടെ?അറുപതുകളിൽ 8 ലക്ഷം ഹെക്ടറിനുമേൽ വയലുകൾ കേരളത്തിലുണ്ടായിരുന്നത് ഇന്ന് അമ്പതിനായിരം ഹെക്ടറായി ചുരുങ്ങിയ നാട്ടിൽ കൊടുംവരൾച്ച തന്നെ വരും. ചുരുക്കിപ്പറഞ്ഞാൽ ഭൂമിയിൽ നിന്ന് നാം വെള്ളം എടുക്കുന്നുവെന്നല്ലാതെ തിരിച്ച് കൊടുക്കുന്ന പരിപാടിയില്ലെന്നർത്ഥം.

                     കുറച്ചുകാലങ്ങളായി വികസനമെന്ന പേരിലും മറ്റുകാരണങ്ങളാലും ഈ പ്രകൃതികാത്തുവച്ച എല്ലാ സംരക്ഷണോപാധികളും നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.കിണറുകളും കുളങ്ങളും വയലുകളുമെല്ലാം നികത്തി റോഡുകളും വൻ എടുപ്പുകളും നിർമ്മിച്ച് നഗരവൽക്കരണം നടത്തുകയാണ് നമ്മൾ. ഇവയ്ക്കായി ഇടനാടൻ കുന്നുകളും പശ്ചിമഘട്ടത്തിലെ കാടുകളും പാറക്കെട്ടുകളും നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ ഫലമായി മഴപെയ്യുമ്പോൾ വൻ വെള്ളപ്പൊക്കവും മഴമാറിയാൽ പിറ്റേന്ന് മുതൽ കുടിവെള്ളക്ഷാമവും അനുഭവിക്കുന്ന പ്രദേശമായി ശരാശരി 300 സെന്റീമീറ്റർ വാർഷികമഴ ലഭിക്കുന്ന കേരളം. തന്നേയുമല്ല ഭൂഗർഭജലം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയും അത് റീചാർജ് ചെയ്യാതിരിക്കുകയുമാകയാൽ എറണാകുളം ജില്ലയിലെ ഭൂഗർഭജലവിതാനം 3 മീറ്ററിലധികം താഴ്ന്നുകഴിഞ്ഞു എന്നാണ് വിദഗ്‌ധർ പറയുന്നത്.എന്നുവച്ചാൽ വലിയതാമസമില്ലാതെ തന്നെ കേരളം മൊത്തത്തിലൊരു മരുഭൂവായിമാറുമെന്നർത്ഥം.

                          തന്നേയുമല്ല , നമ്മുടെ കൃഷിരീതിയിൽ കാലങ്ങളായി വന്നുകൊണ്ടിരിക്കുന്ന മാറ്റം - ഭക്ഷ്യവിളകൾ മാറ്റി പകരം നാണ്യവിളകളിലേയ്ക്ക് - മഴവെള്ളസംഭരണത്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. തട്ടുകളായി വെള്ളം കെട്ടിനിറുത്തിയിരുന്ന ഭക്ഷ്യകൃഷിരീതിയ്ക്ക് പകരം വെള്ളം വാർത്തുകളയേണ്ടുന്ന നാണ്യകൃഷിരീതിവന്നതും ഭൂമിയിലേയ്ക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നതിനെ തടസ്സപ്പെടുത്തുന്നു.അതോടൊപ്പം കാണേണ്ട മറ്റൊരു പ്രതിഭാസമാണ് നമ്മുടെ മഴയിൽ വന്ന മാറ്റം.കേരളത്തിൽ നമുക്ക് രണ്ട് മഴക്കാലമാണ് പ്രധാനമായും ലഭിക്കുന്നത്.ജൂൺ മുതൽ സെപ്തമ്പർ അവസാനം വരെ നീണ്ടുനിൽകുന്ന ഇടവപ്പാതി (കാലവർഷം, മൺസൂൺ) മഴയും പിന്നീട് ഒക്റ്റോബർ മുതൽ ഡിസംബർ വരെ വരുന്ന തുലാവർഷവും.ഇതിൽ കൂടുതൽ മഴലഭിക്കുന്നത് കാലവർഷത്തിൽനിന്നുതന്നെയാണ്. എങ്കിൽകൂടിയും ശരാശരി ഒരുവർഷത്തിൽ ആറുമാസം നീണ്ടുനിൽക്കുന്ന മഴക്കാലം കേരളത്തിലുണ്ടായിരുന്നു.

                      നമുക്കാവശ്യമായ വെള്ളത്തിന്റെ 70% വും ലഭിക്കുന്നത് കാലവർഷം കൊണ്ടാണ്.എന്നാൽ ഈ മഴവെള്ളം സംഭരിക്കാൻ നമുക്കാവുന്നില്ല. കേരളത്തിലെ 45 ലക്ഷത്തോളം കിണറുകളിൽ 48%വും വേനൽക്കാലത്ത് വറ്റുന്നതാണ്.പഴയകാലത്ത് ഏതാണ്ട് ആറുമാസക്കാലയളവിൽ തുടർച്ചയായി മഴ ഇവിടെ ലഭിച്ചിരുന്നു.എന്നാൽ ഇന്ന് കാലാവസ്ഥാമാറ്റത്തിന്റേയും മറ്റും ഫലമായി ആകെ പെയ്യുന്ന മഴയുടെ 50 ശതമാനവും 30 മുതൽ 40 മണിക്കൂർകൊണ്ട് പെയ്ത് തീരുകയാണ്.എന്നുവച്ചാൽ പഴയതുപോലെ ജലം സംഭരിച്ചുവയ്ക്കാൻ പ്രകൃതിക്കാവുന്നില്ല എന്നർത്ഥം. ഇതോടൊപ്പമാണ് മനുഷ്യപ്രവർത്തനം കൊണ്ടുണ്ടായ മാറ്റം.

                      ഈ ദുരവസ്ഥക്കൊരു മാറ്റം വരുത്താൻ കേരളജനത തന്നെ വിചാരിക്കണം.മഴവെള്ളം സംഭരിക്കാനുള്ള എല്ലാമാർഗങ്ങളും അവലംബിക്കാൻ നാം മുന്നോട്ട് വരണം. വളരെ നിസ്സാരമായ പരിപാടികളിലൂടെ നമുക്ക് നമ്മുടെ കുടിവെള്ളം സംരക്ഷിക്കാൻ കഴിയും. നമ്മുടെ പറമ്പിൽ വീഴുന്ന മഴവെള്ളം നമ്മുടെ പറമ്പിൽതന്നെ കെട്ടിനിറുത്തി അവിടെത്തന്നെ താഴാൻ അനുവദിച്ചാൽ മതി.

                          ഇന്ന് കാണുന്ന കാഴ്ച , നമ്മുടെ മുറ്റങ്ങൾ സിമിന്റും ടൈലുമുപയോഗിച്ച് വാട്ടർപ്രൂഫാക്കി നിറുത്തി മഴവെള്ളം റോഡിലേക്കൊഴുക്കിവിടും.ആ വെള്ളം കോൺക്രീറ്റ് തോടുകളോ കാനകളിലൂടെയോ ഒഴുകി നദിയിൽ ചെന്ന് ചേർന്ന് കടലിലേക്ക് പോകുന്നു.ഫലത്തിൽ നമ്മുടെ ഭൂമിയിലെ ജലവിതാനം റീച്ചാർജ് ചെയ്യപ്പെടാതെ പോകുന്നു.ഇതിനുള്ള പ്രതിവിധി , നമ്മുടെ പറമ്പിലെ മഴവെള്ളം സംഭരിച്ചുവയ്ക്കുകയോ അല്ലെങ്കിൽ പറമ്പിൽതന്നെ താഴ്ന്നുപോകാൻ അനുവദിക്കുകയോ ആണ്. സാമ്പത്തികം അനുവദിക്കുമെങ്കിൽ വീടിനുമുകളിൽ പെയ്യുന്നമഴവെള്ളം ടാങ്കുകളിൽ ഫിൽറ്ററുകളുപയോഗിച്ച് അരിച്ച് വേനൽക്കാലത്തേക്ക് ശേഖരിച്ചുവയ്ക്കാം. പിന്നെ ചെയ്യാവുന്ന ഒരു കാര്യം പറമ്പിൽ പലസ്ഥലങ്ങളിലായി മഴക്കുഴികൾ പണിയുകയും മഴവെള്ളം ഭൂമിയിൽ താഴാൻ അനുവദിക്കുകയുമാണ്. വേറെ ഒരു മാർഗം പ്രത്യേകിച്ചൊന്നും ചെയ്യാതെ വെള്ളം തടമെടുത്ത് പറമ്പിൽ കെട്ടിനിറുത്തുക എന്നതാണ്. ഈ വെള്ളം മണ്ണിലൂടെ ഫിൽറ്റർ ചെയ്തിറങ്ങി ജലസ്രോതസ്സുകൾ നിറച്ചുകൊള്ളും.ഇങ്ങനെ ചെയ്താൽ സമീപഭാവിയിൽതന്നെ കുടിവെള്ളക്ഷാമത്തിൽ നിന്ന് കരകയറാൻ നമുക്കാവും.
ഈയൊരു വർഷം വലിയ ചിലവില്ലാത്ത ഒരു പരിപാടി എന്ന നിലയ്ക്ക് വെള്ളം കെട്ടിനിറുത്തി അടുത്ത വേനൽക്കുണ്ടാകുന്ന മാറ്റം അനുഭവിച്ചറിയാൻ എല്ലാ മലയാളികളും സന്നദ്ധരാകണമെന്നും അങ്ങനെ കേരളത്തെ വീണ്ടെടുക്കാനുള്ള പരിപാടിയ്ക്ക് തുടക്കം കുറിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

5 comments :

  1. മഴവെള്ളം സംഭരിക്കാനുള്ള എല്ലാമാർഗങ്ങളും അവലംബിക്കാൻ നാം മുന്നോട്ട് വരണം. വളരെ നിസ്സാരമായ പരിപാടികളിലൂടെ നമുക്ക് നമ്മുടെ കുടിവെള്ളം സംരക്ഷിക്കാൻ കഴിയും. നമ്മുടെ പറമ്പിൽ വീഴുന്ന മഴവെള്ളം നമ്മുടെ പറമ്പിൽതന്നെ കെട്ടിനിറുത്തി അവിടെത്തന്നെ താഴാൻ അനുവദിച്ചാൽ മതി.

    ReplyDelete
  2. മുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നത് ആഭാസമാണ്. വൃത്തികേടാണ്.
    കഴിയുന്നത്ര വെള്ളം നമുക്ക് സംഭരിക്കാം.

    ReplyDelete
  3. ഗ്രാമങ്ങളിൽ ാരയേക്കറിലും ഒരേക്കറിലും ഒക്കെ ഇരിക്കുന്ന വീടുകളുടെ മുറ്റം ടൈൽ ഇടുന്നതുകൊണ്ട് അത്രവലിയ ഇമ്പാക്റ്റ് ഉണ്ടാകുമോ? ഒരു ഗ്രാമീണന്റെ സംശയമായി കണ്ടാൽ മതി

    ReplyDelete
    Replies
    1. ഒരു വീട് , പലവീടുകൾ ആകുമ്പോൾ ഭൂമിയിൽ സംഭരിച്ചുവയ്ക്കുന്ന ചെള്ളത്തിന്റെ അളവ് കുറയും.പ്രകൃതിദത്തമായ മാർഗങ്ങളൊക്കെ (വെള്ളം ഭൂമിയിൽ സംഭരിക്കാൻ) നാം നശിപ്പിക്കുകയും ചെയ്തു എന്നതാണ് പ്രശ്നം.

      Delete
  4. ടൈൽ ഇടുമ്പോഴും മഴ വെള്ളം പൂർണ്ണമായും ഒലിച്ചു പോകാതെ ഇടയ്ക്കിടെ മണ്ണിലേക്ക് ഊർന്നിറങ്ങാനുള്ള സൗകര്യം ഒരുക്കാമല്ലോ.

    ReplyDelete