ഭരണാധികാരികളും ഭരണാധികാരികളും

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

           അടിയന്തിരാവസ്ഥ അവശേഷിപ്പിച്ച ക്രൂരമായ കഥകൾക്കൊപ്പം മറ്റി ചില കഥകളുമുണ്ട്.അതിനൊന്ന് ഇങ്ങനെ , അക്കാലത്തെ കിങ്ങ് ആയ സഞ്ജീവ് ഗാന്ധി പരിവാരങ്ങളോടൊപ്പം സോവിയറ്റ് റഷ്യ സന്ദർശിക്കുന്നു.കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ഒരു കെട്ടിടത്തിനു മുന്നിൽ എത്തുന്നു.അതിന്റെ ബോർഡ് നോക്കി ഗാന്ധി വായിക്കുന്നു; "സ്റ്റാലിൻ", എന്നിട്ടൊരു കമന്റും, " സ്റ്റാലിൻ ഹൂ ഇസ് ദിസ് സ്റ്റാലിൻ?".ആരും മറുപടി പറയുന്നില്ല. പിന്നേയും കറങ്ങുന്നതിനിടയിൽ വിത്തുകുതിരകളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രത്തിനു മുന്നിലെത്തി അവർ.അവിടത്തെ ബോർഡ് നോക്കി ഗാന്ധി വായികുന്നു, "സ്റ്റാലിയൻ! ഹോ , ദാറ്റ് സ്റ്റാലിൻ". ഇതുകേട്ടുനിന്ന ഒരു അനുയായിയുടെ കമന്റ് . ഗാന്ധിമാരും ഗാന്ധിമാരും ഉണ്ട് എന്ന്.

                             ഈ കഥ ഇപ്പോളോർക്കാൻ കാരണം ഇതിനൊരു ചെറിയമാറ്റം വരുത്തിയാൽ ഇന്നും ഇത് ഉപയോഗിക്കാൻ കഴിയും എന്നതുകൊണ്ടാണ്." ഗാന്ധിമാരും ഗാന്ധിമാരും " എന്നുള്ളത് ഭരണാധികാരികളും ഭരണാധികാരികളുമുണ്ട് എന്നാക്കിയാൽ ധാരാളം മതിയാകും.നമ്മുടെ ഭരണാധികാരികളുടേയും മറ്റ് വിദേശരാജ്യങ്ങളിലേയും ഭരണമാതൃകകൾ പരിശോധിച്ചാൽ മാത്രം മതി ഈ വ്യത്യാസം തിരിച്ചറിയാൻ.ഒരൊറ്റ പഴയ ഉദാഹരണം മാത്രം പറയാനെന്നെ അനുവദിക്കുക. എസ്.കെ. പൊറ്റക്കാടിന്റെ ആഫ്രിക്കൻ സന്ദർശനകഥകളിലെവിടയോ വായിച്ചതാണ്.ബ്രിട്ടീഷ് കോളനിയായ ഏതോ ഒരാഫ്രിക്കൻ രാജ്യത്തുവച്ച് രണ്ട് ജപ്പാൻ ടൂറിസ്റ്റുകളെ അധികൃതർ തുണിയഴിച്ച് വിശദപരിശോധന നടത്തി.നാണക്കേടിലായ ആ സന്ദർശകർ സ്വന്തം രാജ്യത്തേക്ക് പരാതിയയച്ചു. പരാതി കയ്യിൽകിട്ടിയ ജാപ്പനീസ് അധികൃതർ ഉടനെ പോലീസിനെ വിട്ട് ജപ്പാനിൽ സന്ദർശനത്തിനെത്തിയ രണ്ട് ബ്രിട്ടീഷ്കാരെ തപ്പിപ്പിടിച്ച് കൊണ്ടുവന്ന് അടുത്ത പോലീസ്സ്റ്റേഷനിൽ വിശദമായി തുണിയഴിച്ച് പരിശോധിച്ചു.അവരാകെ ചൂടായി ബ്രിട്ടീഷ് ഗവണ്മെന്റിനു പരാതിയയച്ചു , കാര്യമന്വേഷിച്ച ബ്രീട്ടീഷ് ഗവണ്മെന്റിനോട് ആഫ്രിക്കൻ കഥ വിശദീകരിക്കുകയും മേലാൽ ഇത്തരം പരിശോധനകൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്തത്രെ.
അവർ എന്റെ മക്കളെ ഞോണ്ടിയാൽ ഞാനവരുടെ മക്കളേയും ഞോണ്ടും എന്ന കാടൻ നിയമത്തെ ആർക്കും അനുകൂലിക്കാൻ കഴിയില്ല.എന്നാലും നമ്മുടെ പ്രഥമപുരുഷനായ രാഷ്ട്രപതി അമേരിക്കൻ സന്ദർശനത്തിനായി വിമാനമിറങ്ങിയപ്പോൾ ആളെ അറിഞ്ഞുകൊണ്ടുതന്നെ തുണിയഴിച്ച് വിശദമായി പരിശോധിച്ചതറിഞ്ഞിട്ടും നമ്മളെന്തു ചെയ്തു?നമ്മൾ , മന്ത്രി സുധാകരന്റെ ഭാഷയിൽ പറഞ്ഞാൽ , വെറും കൊജ്ഞാണന്മാരായതുകൊണ്ടല്ലേ അമേരിക്ക ഇതിനു തുനിഞ്ഞത്?പകരം ഒരമേരിക്കക്കാരനെ സല്യൂട്ട് ചെയ്ത് സ്വീകരിക്കാനല്ലാതെ മാന്യമായ ഒരു പരിശോധന പോലും നാം നടത്തില്ല എന്നുള്ളതല്ലേ സത്യം.എങ്ങനെ പറയാതിരിക്കുംസാർ ഭരണാധികാരികളും ഭരണാധികാരികളുമെന്ന്?
2012 ഫെബ്രുവരി 15ന് ഇന്ത്യയുടെ സമുദ്രാതിർത്തിക്കകത്ത് മൽസ്യബന്ധനം നടത്തിക്കൊണ്ടിരുന്ന രണ്ട് കേരള മുക്കുവരെ യാതൊരു വിധ പ്രകോപനവും കൂടാതെ വെടിവച്ച് കൊന്ന രണ്ട് ഇറ്റാലിയൻ നാവികരേക്കുറിച്ച് അറിയാത്തവരില്ല.മുക്കുവരിൽ ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ വയറ്റിലുമാണ് വെടിയേറ്റത്.എന്നിട്ടുള്ള സംഭവവികാസങ്ങളുംകൂടി ശ്രദ്ധിക്കുന്ന ആരും പറയുന്ന ഒരു വാചകമാണ് "ഭരണകർത്താക്കളും ഭരണകർത്താക്കളും "എന്നത്. ഈ അരിം കൊല ചെയ്തതിന് ജയിലിലായ ആ കൊടും ക്രിമിനലുകളെ ഇറക്കിക്കൊണ്ടുപോകാൻ ഇറ്റലിയിൽ നിന്നൊരു മന്ത്രി പുംഗവൻ നേരിട്ടെത്തി.ഒരു കാര്യത്തിൽ അവർക്ക് വലിയ നിർബന്ധമായിരുന്നു, ഇന്ത്യൻ കോടതിയുടെ വിധിയ്ക്ക് ആ ക്രിമിനലുകളെ വിട്ടുകൊടുക്കില്ല എന്ന്.ഇവിടെ ശിക്ഷിക്കപ്പെട്ട് തങ്ങളുടെ രാജ്യത്തെ രണ്ട് പൗരന്മാർ - അവർ എത്ര വലിയ ക്രിമിനലുകളായാലും - ജയിലിൽ കഴിയേണ്ടിവരുന്ന അവസ്ഥ ഇറ്റാലിയൻ ഭരണാധികാരികൾക്ക് ചിന്തിക്കാവുന്നതിലുമപ്പുറത്തായിരുന്നു.ചെയ്യാവുന്നതിന്റെ അങ്ങേയറ്റം , നിയമബാഹ്യമായിട്ടാണെങ്കിലും ആ രാജ്യത്തെ ഭരണാധികാരികൾ തങ്ങളുടെ രണ്ട് പൗരന്മാർക്കായി ചെയ്യാൻ തയ്യാറായി.എന്നാൽ നമ്മുടെ ഭരണാധികാരികളോ , ആദ്യം മുതലേതന്നെ ഒരു വഴുവഴുപ്പൻ സമീപനമാണവർ കാണിച്ചുകൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ ഇറ്റലിക്കാർക്ക് കാര്യങ്ങൾ എളുപ്പമായി.കൊല്ലപ്പെട്ടവർക്ക് ന്യായമായ നഷ്ടപരിഹാരം പോലും നൽകാതെ ആ കൊലയാളികളെ ഇറക്കിക്കൊണ്ടുപോയി.

                          അന്നത് രാജ്യം ഭരിച്ചുകൊണ്ടിരുന്ന കക്ഷിയുടെ അഖിലേന്ത്യാപ്രസിഡണ്ടിന് തന്റെ മാതൃരാജ്യത്തോടുള്ള അമിതവിധേയത്വമായി അത് പ്രചരിപ്പിക്കപ്പെട്ടു.സത്യമായിരിക്കാം അല്ലായിരിക്കാം.ഏതായാലും നമ്മൂടെ രാജ്യത്തെ ഭരണാധികാരികൾക്ക് സ്വന്തം പ്രജകളോടുള്ള താല്പര്യത്തിന്റെ അടയാളമായി ഞാനിത് കാണുന്നു.ഞാൻ മാത്രമല്ല ,അന്നത്തെ മുഖ്യപ്രതിപക്ഷപാർട്ടിയായ ബി ജെ പി ഈ സംഭവത്തിൽ നിന്ന് വല്ലാതെ മുതലെടുത്തു.സോഷ്യൽ മാധ്യമങ്ങളിലൂടെ അവർ ആഞ്ഞടിച്ചത് ആ കടൽക്കൊലയാളികൾ ഇന്നേതു ജയിലിലാണാവോ എന്ന് ചോദിച്ചുകൊണ്ടാണ്.ഭാരതമൊട്ടാകെ ആ ചോദ്യം അലയടിച്ചിരുന്നു അല്ല അലയടിപ്പിച്ചിരുന്നു എന്നതാണ് ശരി.തികച്ചും ന്യായമായ ചോദ്യം.പിന്നീട് അന്നത്തെ മുഖ്യപ്രതിപക്ഷം ഭരണപക്ഷവും അന്നത്തെ ഭരണപക്ഷം ദുർബലമായ പ്രതിപക്ഷവുമായി മാറി.സ്വാഭാവീകമായി നാം പ്രതീക്ഷിക്കുക , ഭരണം മാറിക്കഴിഞ്ഞാൽ ഈ കൊലയാളികളെ ന്യായമായും ഇന്ത്യയിൽ കൊണ്ടുവരുമെന്നും ഈ അരുംകൃത്യത്തിന് നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ്.അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള പുതിയ പ്രധാനമന്ത്രി മസിലും പെരുപ്പിച്ച് കൊലകാരന്മാരെ വിട്ടുകിട്ടാൻ ഇറ്റലിയിലേയ്ക്ക് വച്ചുപിടിച്ചു.ജനം മുഴുവൻ ആ കൊള്ളക്കാർ തിരിച്ചുവരുന്നത് കാണാൻ കാത്തിരുന്നു.എന്നിട്ട് സംഭവിച്ചതോ ? ആ പോയ മനുഷ്യൻ വെറുംകയ്യോടെ തിരിച്ചുവരുന്നതാണ്
ഉന്നതങ്ങളിലെ അടക്കംപറച്ചിലുകൾ പറയുന്നത് , ഇറ്റലിക്കാരിയായ മുൻഭരണകക്ഷി പ്രസിഡണ്ടിനെതിരെ എന്തെങ്കിലും ആരോപണമുന്നയിക്കണമെന്ന് ഇറ്റലി ഭരണാധികാരികളോട് പുതിയ ആൾ അഭ്യർത്ഥിച്ചുപോൽ.ഇറ്റലിക്കാരാണെങ്കിലോ , ഇക്കാര്യം പ്രസിദ്ധപ്പെടുത്തി നാറ്റിക്കുമെന്ന് പുതിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിപോൽ.അങ്ങനെ പാവം അണ്ടി കളഞ്ഞ അണ്ണാനെപ്പോൽ തിരിച്ചുവന്നുപോൽ.ഇവിടേയും ആ ആഫ്രിക്കൻ കഥ മണക്കുന്നില്ലേ സഹോദരങ്ങളെ. സ്വന്തം നട്ടുകാരുടെ സുരക്ഷയേക്കാൾ വലുതാണ് തന്റെ ഭരണസുരക്ഷയെന്ന് ആത്മാർത്ഥമായി വിശ്വസിച്ച് അതിന്നായി മാത്രം പരിശ്രമിച്ച ഒരിന്ത്യൻ ഭരണാധികാരിയുടെ അവസ്ഥയാണ് നാം കണ്ടത്.

                    അപ്പോൾ പറയാൻ പുതുതായൊന്നുമില്ലാത്ത , വെറും ഗിമ്മിക്കുമാത്രമുപയോഗിച്ച് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന രണ്ട് രാഷ്ട്രീയപാർട്ടികളുടെ അവസ്ഥയാണിത്. ജനജീവിതം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാനിവർക്കില്ല. നോക്കൂ , ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ ഇവരൊറ്റക്കെട്ടാണ് , കോർപറേറ്റുകൾക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ഇവരൊറ്റക്കെട്ടാണ്.ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്നതിലിവരൊറ്റക്കെട്ടാണ്.ഏതാണ്ട് ഇതേ രീതിയിൽ തന്നേയുള്ള ഭരണമാണ് ഇറ്റലിയിലും പല യൂറോപ്യൻ രാജ്യങ്ങളിലും നടക്കുന്നത്.എന്നിട്ടും അവിടുത്തെ ജനങ്ങളുടെ സുരക്ഷക്കായി ഏതറ്റം വരെ പോകാനും ആ ഭരണാധികാരികൾ തയ്യാറാവുകയും ഇവിടെ ഈ ഇന്ത്യയിൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നതിനൊരൊറ്റക്കാരണമേയുള്ളൂ. ജനങ്ങൾക്ക് വിദ്യാഭ്യാസമില്ല , ജനങ്ങൾക്ക് അറിവില്ല. അങ്ങനെയൊരു ജനതയെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്.

                            ഇന്ധനവില ലിറ്ററിനു അമ്പത് രൂപയാക്കാമെന്ന് പറഞ്ഞാണ് ഇന്നത്തെ ഭരണകക്ഷി അധികാരത്തിൽ വന്നത്.എന്നാലോ അന്ന് അറുപത്തിനാലു രൂപ ലിറ്ററിനുണ്ടായിരുന്ന ഇന്ധനത്തിനിന്നു വില എഴുപത്തിനാലു രൂപയാണ്.നാളെ പഴയ ഭരണകക്ഷി അത് ലിറ്ററിനു ഇരുപത്തുയഞ്ചുരൂപയാക്കാമെന്നു പറഞ്ഞാൽ ഈ ജനം മുഴുവൻ തിരിച്ചുകുത്തും.അവരത് ലിറ്ററിനു നൂറുരൂപയാക്കിയാലും ഒരു പ്രശ്നവുമില്ലാതെ സഹിക്കും.ഇതിന്റെ കാരണം ഒന്നുമാത്രം , ജനങ്ങളിലെ നിരക്ഷരത.അക്ഷരാഭ്യാസമില്ലാത്തവനെ പറഞ്ഞ് പറ്റിക്കാനെളുപ്പമാണ് എന്നോർക്കണം.
Post a Comment