സ്വാതന്ത്ര്യത്തിന്റെ 69 വർഷങ്ങൾ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

         

മിനേഷ് രാമനുണ്ണി "ബോധി കോമൺസി"ലെഴുതിയ ലേഖനം.മറ്റൊരു കാര്യം , കഴിഞ്ഞ പോസ്റ്റ് ചിന്ത വീക്കിലിയിൽ വന്ന ഒരു ലേഖനമായിരുന്നു.അത് എഴുതാൻ വിട്ടുപോയതിൽ ഖേദിക്കുന്നു.

        നുഷ്യർ നിർഭയമായി ശിരസ്സുയർത്തിപ്പിടിച്ചു മതിൽക്കെട്ടുകൾ ഭേദിച്ച് സ്വതന്ത്രമായി അറിവ് നേടുന്ന ഒരു ലോകത്തെക്കുറിച്ചു നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുൻപ് ടാഗോർ എഴുതിയിട്ടുണ്ട് . സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരികല്‍പ്പനകളിൽ അതിമനോഹരമായ ഒരു ആശയമായിരുന്നു അത്. സ്വാതന്ത്ര്യത്തെക്കുറിച്ചു ഇന്ത്യക്കാരൻ കണ്ട സ്വപ്നങ്ങളെ ഇത്രയും മനോഹരമായി നെയ്തെടുക്കാൻ മറ്റാർക്ക് കഴിയും?
                  എന്നാൽ സ്വാതന്ത്ര്യ ലബ്ധിയിൽ നിന്ന് ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നാം കാണുന്നത് ഗുജറാത്തിലെ തെരുവുകളിൽ ഒരു സംഘം ദളിതർ തങ്ങളെയും മനുഷ്യരായി കണക്കാക്കാൻ വേണ്ടി സംഘടിക്കുന്നതാണ്. ടാഗോർ സ്വപ്നം കണ്ട, ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ എവിടെ? ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ ലിസ്റ്റിൽ തീർച്ചയായും ഏതാനും ഇന്ത്യക്കാർ സ്ഥാനം പിടിക്കും എന്നത് തീർച്ചയാണ്. അതെ സമയം ലോകത്തെ ഏറ്റവും പരമ ദരിദ്രരുടെ കൂട്ടത്തിൽ കോടിക്കണക്കിന് ഇന്ത്യക്കാർ സ്ഥാനം പിടിക്കും എന്നതും മറ്റൊരു വസ്തുതയാണ്. അവിടെയാണ് ഒരു വലിയ സമൂഹം പാർശ്വവൽക്കരിക്കപ്പെട്ടവരായി മാറിയ വസ്തുത നാം ഓർക്കേണ്ടത്. നവ-ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കൃഷിക്കാർ, കർഷക തൊഴിലാളികൾ, ആദിവാസികൾ, സാധാരണ ജനങ്ങൾ എന്നിവരുടെ പരമ്പരാഗത തൊഴിലുകൾ നഷ്ടമാവുകയും വലിയൊരു വിഭാഗം ജനങ്ങൾ വികസനത്തിന്റെ പേരിൽ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് നിഷ്കാസിതരാവുകയും ചെയ്തു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിച്ചവരുടെ കൂട്ടത്തിൽ അവരുണ്ടായിരുന്നില്ല.
                            അതോടൊപ്പം തന്നെ ഭയക്കേണ്ട ഒന്നാണ് വർഗീയതയുടെ വ്യാപനവും. ഒറ്റക്കും തറ്റക്കും നിന്നിരുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്നത്തെ നിലയിലുള്ള സ്വതന്ത്ര ഇന്ത്യ രൂപപ്പെടുത്തിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഓരോ രാജ്യങ്ങൾക്കും തനതു സംസ്കാരവും ശീലവും രീതികളും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ അവരുടെ പ്രവർത്തന രീതികളിൽ ഓരോ രാജ്യവും അതിന്റെ സാംസ്കാരികവും സാമൂഹികവുമായ വൈജ്യാത്യങ്ങൾ നില നിർത്തി. അതിൽ നിന്നാണ് ഇന്ത്യ എന്നൊരു പുതിയ ഭൂപ്രദേശം രൂപം കൊള്ളുന്നത്‌. അതുകൊണ്ട് തന്നെ ഈ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന തരത്തിൽ രാജ്യത്തെ ബഹുസ്വരവും പരിഷ്കൃതവുമായി നില നിർത്താൻ ഭരണഘടനാ ശിൽപ്പികൾ ശ്രമിച്ചിരുന്നു. അതിനാൽ നമ്മുടെ ഭരണഘടന രാജ്യത്ത് നടപ്പിലാക്കിയത് ഒരു ഫെഡറൽ സംവിധാനമാണ്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി തിരിച്ചു അവയുടെ ഭരണ നിർവഹണ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ എന്ന നിലക്കാണ് ഭരണ സംവിധാനം രൂപപ്പെടുത്തിയത്. ഇത് ഇന്ത്യയെ അതിന്റെ പ്രാദേശികമായ വൈവിധ്യങ്ങൾ തുടർന്ന് കൊണ്ട് തന്നെ കെട്ടുറപ്പുള്ള ഒരു രാജ്യമായി നിലനില്ക്കാൻ സഹായിച്ചു. അതോടൊപ്പം മതേതരമായി രാജ്യത്തെ നില നിർത്താനും എല്ലാ വിശ്വാസികൾക്കും അവിശ്വാസികൾക്കും അവരവരുടെ രീതികൾ പിന്തുടർന്ന് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നല്കാനും ഭരണഘടനക്ക് കഴിഞ്ഞു.
                      എന്നാൽ സമീപകാലത്തെ ചില സംഭവങ്ങൾ രാജ്യത്തിന്‍റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നുണ്ടോ എന്ന സംശയം ഉയർത്തുന്നുണ്ട് . രാജ്യത്തെ ഏകശിലാ രൂപത്തിൽ വാർത്തെടുക്കുക എന്ന രീതിയിലുള്ള ആവശ്യങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നു വരുന്നു. പുതിയകാല ഇന്ത്യയിൽ ചിലയിടങ്ങളിൽ എങ്കിലും വ്യക്തി സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും ആരാധാന സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ സംജാതമായിട്ടുണ്ട്. അഭിപ്രായപ്രകടനത്തിന്റെ പേരില് കല്ബുർഗിയെയും പൻസാരെയെയും ദാബോല്ക്കറെയും പോലുള്ളവർക്ക് സംഭവിച്ച ദാരുണ അന്ത്യം ഒരു ബഹുസ്വര സമൂഹത്തിൽ സംഭവിച്ചുകൂടാത്തതാണ്. പെരുമാൾ മുരുകന് എഴുത്ത് നിർത്തേണ്ടി വരുന്നതും സംഗീതം കൊണ്ട് ഹൃദയങ്ങളെ അടുപ്പിക്കുന്ന ഗുലാം അലിയെപ്പോലുള്ള വിഖ്യാത സംഗീത പ്രതിഭകൾക്ക് നേരെ നടക്കുന്ന ആക്രോശങ്ങളും ഏറ്റവുമൊടുവിൽ തന്റെ ജന്മമായിരുന്നു തന്റെ ഏറ്റവും വലിയ തെറ്റ് എന്ന് ഒരു കത്തിലെഴുതി ജീവിതം അവസാനിപ്പിച്ച രോഹിത്തിന്റെ അവസ്ഥ വരെയുള്ള വിഷയങ്ങൾ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. ദലിതുകൾക്കു നേരെ ഗുജറാത്തിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമെല്ലാം നടന്ന ആക്രമണങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
                        ഭരണഘടന ശിൽപ്പികൾ ആർട്ടിക്കിൾ 51 എ പ്രകാരം ശാസ്ത്ര പ്രചാരണം നമ്മുടെ കടമകളിൽ ഒന്നായി ഉൾപ്പെടുത്തി. ആധുനികമായ ഒരു രാഷ്ട്ര നിർമ്മിതിക്ക് ഇത് അത്യാവശ്യമായിരുന്നു എന്ന തിരിച്ചറിവ് തന്നെയാണു ഈ ചുവടുവെപ്പിനു പിന്നിലും. ജവഹർലാൽ നെഹ്‌റു തന്റെ “ഇന്ത്യയെ കണ്ടെത്തൽ” എന്ന പുസ്തകത്തിൽ ശാസ്ത്ര ബോധത്തിന്റെയും പ്രചാരണത്തിന്റെയും ആവശ്യകതയെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട് . എന്നാൽ ഇന്ന് ശാസ്ത്ര പ്രചാരണവും ഗവേഷണവും നടക്കേണ്ട സയന്സ് കൊണ്ഗ്രസ്സുകൾ വരെ പുരാണവും മതവും ചർച്ച ചെയ്യുന്ന വേദികൾ ആവുന്നതും പുതിയ ആശയങ്ങളുമായി രാജ്യത്തെ നയിക്കേണ്ട ശാസ്ത്ര ചരിത്ര ഗവേഷണ സ്ഥാപനങ്ങൾ മിത്തുകളുടെ ആധികാരികതയെക്കുറിച്ച് ഗവേഷണം നടത്താൻ പുറപ്പെടുന്നതും നാം എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്. 1995 ൽ ഒരു ലേഖനത്തിൽ ഫാസിസത്തെക്കുറിച്ചു ഉമ്പർട്ടോ എക്കോ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. തീവ്ര ദേശീയതയും ചരിത്രത്തിലുള്ള തിരുത്തലുകളും ഭയത്തിന്റെ അന്തരീക്ഷവും നുണകളുടെ പ്രചാരണവും അടക്കമുള്ള ആ നിരീക്ഷണങ്ങൾ സമകാലിക സംഭവങ്ങളെ മനസ്സിലിട്ടു വായിക്കുമ്പോൾ ചില ആശങ്കകൾ നമുക്കും തോന്നിത്തുടങ്ങും.
                           അംബേദ്‌കർ ഭവൻ തകർത്ത നടപടിക്കെതിരെ മഹാരാഷ്ട്രയിൽ നടന്ന പടുകൂറ്റൻ പ്രതിഷേധവും ഗുജറാത്തിൽ ദളിത് സമൂഹം നടത്തുന്ന വലിയ മുന്നേറ്റവുമെല്ലാം പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ്. ഭരണകൂടങ്ങൾക്കു ഇത്തരം മുന്നേറ്റങ്ങൾക്ക് നേരെ കണ്ണടച്ച് നിൽക്കാൻ കഴിയില്ല എന്നതിന്റെ തെളിവുകളാണു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ രാജി വെച്ചതും പ്രധാനമന്ത്രിക്കു ദളിതുകൾക്കു നേരെ ഗോരക്ഷാ പ്രവർത്തകർ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കേണ്ടി വന്നതും. ചെറുത്തു നിൽപ്പിന്റെ ഒരു പുതിയ രാഷ്ട്രീയം ഇന്ത്യയിൽ രൂപപ്പെടുകയാണ്‌. രോഹിത് വെമുല തന്റെ ജീവത്യാഗത്തിലൂടെ ഉയർത്തിയ തീ പല മനസ്സുകളിലും ആളിപ്പടർന്നിട്ടുണ്ട്, പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ, ജെ.എൻ.യുവിൽ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ, പോണ്ടിച്ചേരിയിൽ അങ്ങനെ നിരവധി ഇടങ്ങളിൽ ചെറുത്തു നിൽപ്പുകളുടെ സ്വരം ഉയർന്നു വരുന്നുണ്ട്. വർഗീയതക്കെതിരെ, അസമത്വങ്ങൾക്കെതിരെ, സവർണ്ണ ബ്രാഹ്മണിക്ക് മനുവാദത്തിനെതിരെ ആസാദി പ്രഖ്യാപനവുമായി യുവാക്കളും ദളിതുകളും ആദിവാസികളും അടങ്ങുന്ന ജനത മുന്നോട്ടു വരുന്ന ഒരു രാഷ്ട്രീയ ഭൂമിക ഇന്ത്യയിൽ ഒരുങ്ങുന്നുണ്ട്. സമത്വത്തിലേക്കുള്ള പാതയാണ് ആ ഭൂമികയെ സജീവമാക്കി നിർത്തുന്നത്. വ്യക്തി സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സമത്വവും ഉറപ്പു വരുത്തുന്ന, ടാഗോർ വിഭാവനം ചെയ്ത ആ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ഇന്ത്യൻ സാഹചര്യങ്ങളിൽ ദുഷ്കരമാണെന്നറിയാം. എങ്കിലും സ്വാതന്ത്ര്യമെന്ന വലിയൊരു സ്വപ്നം അത്തരം കഠിന ലക്ഷ്യങ്ങളെ പോലും പ്രാപ്യമാക്കാൻ തക്ക കരുത്ത് നല്കുമെന്നതിനു ചരിത്രം സാക്ഷിയാണ്.

1 comment :

  1. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ, ജെ.എൻ.യുവിൽ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ, പോണ്ടിച്ചേരിയിൽ അങ്ങനെ നിരവധി ഇടങ്ങളിൽ ചെറുത്തു നിൽപ്പുകളുടെ സ്വരം ഉയർന്നു വരുന്നുണ്ട്. വർഗീയതക്കെതിരെ, അസമത്വങ്ങൾക്കെതിരെ, സവർണ്ണ ബ്രാഹ്മണിക്ക് മനുവാദത്തിനെതിരെ ആസാദി പ്രഖ്യാപനവുമായി യുവാക്കളും ദളിതുകളും ആദിവാസികളും അടങ്ങുന്ന ജനത മുന്നോട്ടു വരുന്ന ഒരു രാഷ്ട്രീയ ഭൂമിക ഇന്ത്യയിൽ ഒരുങ്ങുന്നുണ്ട്. സമത്വത്തിലേക്കുള്ള പാതയാണ് ആ ഭൂമികയെ സജീവമാക്കി നിർത്തുന്നത്. വ്യക്തി സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സമത്വവും ഉറപ്പു വരുത്തുന്ന, ടാഗോർ വിഭാവനം ചെയ്ത ആ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ഇന്ത്യൻ സാഹചര്യങ്ങളിൽ ദുഷ്കരമാണെന്നറിയാം. എങ്കിലും സ്വാതന്ത്ര്യമെന്ന വലിയൊരു സ്വപ്നം അത്തരം കഠിന ലക്ഷ്യങ്ങളെ പോലും പ്രാപ്യമാക്കാൻ തക്ക കരുത്ത് നല്കുമെന്നതിനു ചരിത്രം സാക്ഷിയാണ്.പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ, ജെ.എൻ.യുവിൽ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ, പോണ്ടിച്ചേരിയിൽ അങ്ങനെ നിരവധി ഇടങ്ങളിൽ ചെറുത്തു നിൽപ്പുകളുടെ സ്വരം ഉയർന്നു വരുന്നുണ്ട്. വർഗീയതക്കെതിരെ, അസമത്വങ്ങൾക്കെതിരെ, സവർണ്ണ ബ്രാഹ്മണിക്ക് മനുവാദത്തിനെതിരെ ആസാദി പ്രഖ്യാപനവുമായി യുവാക്കളും ദളിതുകളും ആദിവാസികളും അടങ്ങുന്ന ജനത മുന്നോട്ടു വരുന്ന ഒരു രാഷ്ട്രീയ ഭൂമിക ഇന്ത്യയിൽ ഒരുങ്ങുന്നുണ്ട്. സമത്വത്തിലേക്കുള്ള പാതയാണ് ആ ഭൂമികയെ സജീവമാക്കി നിർത്തുന്നത്. വ്യക്തി സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സമത്വവും ഉറപ്പു വരുത്തുന്ന, ടാഗോർ വിഭാവനം ചെയ്ത ആ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ഇന്ത്യൻ സാഹചര്യങ്ങളിൽ ദുഷ്കരമാണെന്നറിയാം. എങ്കിലും സ്വാതന്ത്ര്യമെന്ന വലിയൊരു സ്വപ്നം അത്തരം കഠിന ലക്ഷ്യങ്ങളെ പോലും പ്രാപ്യമാക്കാൻ തക്ക കരുത്ത് നല്കുമെന്നതിനു ചരിത്രം സാക്ഷിയാണ്.

    ReplyDelete