ഗുരു വിളംബര ശതാബ്ദി

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                      ''നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന ശ്രീനാരായണ ഗുരു വിളംബരത്തിന്റെ ശതാബ്ദി അറിയാത്ത കേരളത്തിലെ ഒരേയൊരു പ്രസ്ഥാനം വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന എസ്എന്‍ഡിപി യോഗമാണ്. സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം നാടും ബന്ധപ്പെട്ട സംഘടനകളും സാധാരണഗതിയില്‍ സ്മരിക്കാറുണ്ട്. മാര്‍ടിന്‍ ലൂഥര്‍ കിങ്ങിന്റെ സ്വാതന്ത്ര്യപ്രസംഗം, വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, മനുഷ്യാവകാശ പ്രഖ്യാപനം, എബ്രഹാം ലിങ്കന്റെ സ്വാതന്ത്ര്യപ്രഖ്യാപനം, പാരീസ് കമ്യൂണ്‍ പ്രഖ്യാപനം തുടങ്ങി എത്രയെത്ര സംഭവങ്ങള്‍ ലോകം കാലാകാലങ്ങളില്‍ ഓര്‍മിക്കുകയും ഓര്‍മ പുതുക്കുകയും ചെയ്യുന്നു. അത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകരാനാണ്. എന്നാല്‍, സാക്ഷാല്‍ ഉഗ്രസംഘപരിവാര്‍ കര്‍സേവകനായി നടേശന്‍ മാറിയതോടെ എസ്എന്‍ഡിപി യോഗനേതൃത്വത്തിന് ഗുരുവിളംബരം സ്മരിക്കപ്പെടേണ്ട ഒന്നല്ലാതായി

   
ഗുരു ജീവിച്ചിരുന്നെങ്കില്‍ 160 വയസ്സാകുമായിരുന്നു. പൊള്ളയായ ദേശാഭിമാനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും അസ്വാസ്ഥ്യജനകമായ അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയില്‍. ഈ ഘട്ടത്തില്‍ കാലത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതാണ് ഗുരു തന്റെ അറുപതാം വയസില്‍ നടത്തിയ ''നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന വിളംബരം. ഒരു നൂറ്റാണ്ട് മുമ്പ്, 1916ല്‍, ഈ പ്രസ്താവന 'പ്രബുദ്ധ കേരളം' മാസികയിലാണ് അച്ചടിച്ചത്. അന്ന് ഗുരു താമസിച്ചത് ആലുവ അദൈ്വതാശ്രമത്തിലായിരുന്നു. അതിനാല്‍ ആ ആശ്രമത്തിന്റെ പേരും ചേര്‍ത്തായിരുന്നു വിളംബരം. ഗുരുവിന്റെ ശിഷ്യന്‍ ചൈതന്യ സ്വാമിയാണ് ഗുരു കല്‍പന പ്രകാരം അത് അച്ചടിപ്പിച്ചത്. ജാതി ചിന്തയില്ലാത്തവരെ മാത്രമേ ആലുവ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ക്കൂ എന്നും വ്യക്തമാക്കി. വിളംബരത്തിന്റെ പൂര്‍ണരൂപം അന്യത്ര. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ആളല്ല താനെന്നും, തന്നെ അങ്ങനെ ഒരു ചില്ലുകൂട്ടില്‍ അടയ്‌ക്കേണ്ടെന്നും ജീവിച്ചിരിക്കുമ്പോള്‍തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാണ്. അത് അനുയായികള്‍ എന്ന് കരുതപ്പെട്ട എസ്എന്‍ഡിപി യോഗം നേതാക്കള്‍ അടക്കം ഒരു പങ്ക് വഴിതെറ്റിയതുകൊണ്ടാണ്

       
അതുകൊണ്ടാണ് 1916 മെയ് 22 ഡോക്ടര്‍ പല്‍പുവിന് അയച്ച കത്തില്‍ യോഗവുമായുള്ള ബന്ധം വിഛേദിക്കുന്നതായി അറിയിച്ച് ഗുരു എഴുതിയത്. കത്ത് ഇപ്രകാരമാണ്. ''എന്റെ ഡോക്ടര്‍ അവര്‍കള്‍ക്ക്, യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യമൊന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു. എന്ന് നാരായണ ഗുരു.'' സമ്പത്തിനുവേണ്ടി ഗുരുവിനെ പീഡിപ്പിക്കുകയും വ്യവഹാരനടപടികള്‍ക്കായി കോടതി കയറ്റുകയും ചെയ്ത ദുരവസ്ഥയും അന്ന് എസ്എന്‍ഡിപി യോഗത്തിലുണ്ടായി. അങ്ങനെ ഗുരു ജീവിച്ചിരിക്കുമ്പോള്‍തന്നെ വഴിതെറ്റല്‍ ആരംഭിച്ച എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ അപചയം പൂര്‍ണതയില്‍ എത്തിച്ചതിന്റെ ദുഷ്‌കീര്‍ത്തിയാണ് യോഗത്തെ ഇന്ന് നയിക്കുന്ന വെള്ളാപ്പള്ളി കുടുംബത്തിനുള്ളത്. ഗുരുവിന്റെ ആദര്‍ശങ്ങള്‍ ആറടിമണ്ണില്‍ കുഴിച്ചുമൂടുന്നതില്‍ ഏറ്റവും ക്രൂരമായ കടുംകൈ അവര്‍ പ്രവര്‍ത്തിച്ചു. അതിനാല്‍, മനുഷ്യന്‍ ഒന്നാണെന്ന ഗുരുസന്ദേശം ഇന്നത്തെ എസ്എന്‍ഡിപി യോഗനേതൃത്വത്തിന് ചതുര്‍ഥിയായി

                 60-
ാം വയസ്സില്‍ ഗുരുവിന് പൊടുന്നനവേ തോന്നിയ വെളിപാടല്ല, നമുക്ക് ജാതിയില്ലെന്ന ആശയം. ആ ജീവിതത്തിന്റെ ആകെത്തുകതന്നെ ആ സന്ദേശമാണ്. കേരളത്തിലെ സമാധാനപരമായ സാമൂഹ്യപരിവര്‍ത്തനത്തിന് ഗുരു നല്‍കിയ സംഭാവനകള്‍ അതിനുമുമ്പേ നാടിന് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 1856 ല്‍ ജനിച്ച്, 1928 സപ്തംബര്‍ 21 ന് അവസാനിച്ച ഗുരുവിന്റെ 72 വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതം, ഒരിക്കല്‍പോലും ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നതോ അന്യമതവിദ്വേഷം വിതയ്ക്കുന്നതോ ആയിരുന്നില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടവും അന്നത്തെ സാമൂഹ്യപശ്ചാത്തലവും വിലയിരുത്തണം. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തില്‍ -ഇപ്പോള്‍ കോര്‍പറേഷന്‍- വയല്‍വാരം എന്ന വയ്‌ക്കോല്‍ മേഞ്ഞ വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും ഇളയ സന്താനമായി ജനനം. പേരു നാണു എന്ന നാരായണന്‍. നാലാം വയസില്‍ വിദ്യാരംഭം. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ പണ്ഡിതനായ കുമ്മന്‍പള്ളി രാമന്‍പിള്ളയാശാന്റെ കീഴില്‍ പഠനം. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ ഒരു ആറുകാല്‍പുര കെട്ടിക്കൊടുത്തു. അത് കുട്ടികളെ പഠിപ്പിക്കാനുള്ള കളരിയായി. അതോടെ നാണുവാശാനായി. കുടിപ്പള്ളിക്കൂടത്തിലെ പഠിപ്പിക്കലിനുശേഷം നാണുവാശാന്‍, പുലയര്‍, പറയര്‍ തുടങ്ങിയ താഴ്ന്ന ജാതിയെന്ന് കണക്കാപ്പെട്ടിരുന്നവരുടെ മാടങ്ങളില്‍പ്പോയി പഠിപ്പിക്കുകയും ശുചിത്വം ശീലിപ്പിക്കുകയും ചെയ്തു. ഇത് അനാചാരങ്ങളും തീണ്ടലും തൊടീലുമുള്ള അന്നത്തെ കേരളത്തില്‍ നിസ്സാരമായി തള്ളാനാകുന്ന ഒന്നായിരുന്നില്ല.
ഹിന്ദുക്കളില്‍ സവര്‍ണരും അവര്‍ണരുമുണ്ടായിരുന്നു. അവര്‍ണരില്‍ ഈഴവരും ഉള്‍പ്പെടും. ഈഴവര്‍ക്ക് ബ്രാഹ്മണരുടെ അടുത്തുപോകാന്‍ അവകാശമില്ല. പുലയനും പറയനും ഈഴവന്റെ അടുത്തുപോകാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ ഈഴവന്‍ അശുദ്ധനാകും. ഇങ്ങനെ അശുദ്ധമാകുന്നതിന് 'തീണ്ടുക' എന്നാണ് പറയപ്പെട്ടത്. തമ്മില്‍ തൊട്ടാല്‍ മാത്രം അശുദ്ധമാകുന്ന ജാതികളുണ്ട്. നമ്പൂതിരിയെ നായര്‍ തൊട്ടാല്‍ അശുദ്ധമാകും. തൊട്ട് അശുദ്ധമാകുന്നതിനെ 'തൊടീല്‍' എന്നു വിളിക്കപ്പെട്ടു. ഉയര്‍ന്ന ജാതിക്കാരന്‍ അശുദ്ധമാകാതിരിക്കാന്‍ കീഴ്ജാതിക്കാരന്‍ അകന്നു നില്‍ക്കണം. ഈ അകലത്തിന്റെ പേരാണ് 'തീണ്ടാപ്പാട്'. അശുദ്ധം എന്ന വാക്കില്‍ നിന്നാണ് അയിത്തം എന്ന ദുരാചരണ പേരുണ്ടായത്. നായാടി വിഭാഗത്തില്‍പ്പെട്ടവരെ ഉയര്‍ന്ന ജാതിക്കാര്‍ കാണാന്‍ പോലും പാടില്ല. കണ്ടാല്‍ 'അശുദ്ധ'മായി. അയിത്തം ഉണ്ടാകാതിരിക്കാന്‍ 'തീണ്ടാടുക', 'ഒച്ചാട്ടുക' എന്നീ ആചാരങ്ങളുമുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരന്‍ വഴിപോകുമ്പോള്‍ അയിത്ത ജാതിക്കാര്‍ക്ക് മുന്നറിയിപ്പായി ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അതിനെയാണ് 'ഒച്ചാട്ടുക' എന്ന് പറയുന്നത്. തീണ്ടാപ്പാടു ദൂരെ നില്‍ക്കേണ്ട താഴ്ന്ന ജാതിക്കാരന്‍ അടുത്തുചെന്നുപോയാല്‍ ശിക്ഷ കടുത്ത പ്രഹരമാണ്. തീണ്ടിയതുകൊണ്ട് തല്ലിയാല്‍ അതിന് നിയമ സംരക്ഷണമുണ്ട്. ഇങ്ങനെയൊരു കാലത്താണ് കുടിപ്പള്ളിക്കൂടം ആശാനായിരിക്കുമ്പോഴേ നാണുവാശാന്‍ കീഴാളരുടെ വീടുകളിലെത്തി കുഞ്ഞുങ്ങളെ അക്ഷരവും മുതിര്‍ന്നവരെ ശുചിത്വവും പഠിപ്പിച്ച് ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചത്

          
അടുത്ത ഘട്ടത്തിലെ ഗുരുവിന്റെ ജീവിതവും ജാതിചിന്തയെ വെല്ലുവിളിക്കുന്നതായിരുന്നു. നാണുവാശാനെ ലൗകിക ജീവിതത്തില്‍ പറിച്ചുനടാന്‍ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍, മാടനാശാന്റെ അനന്തിരവളുടെ മകളായ കാളിയമ്മയെ വധുവായി നിശ്ചയിച്ചു. നാണുവാശാന്റെ സഹോദരി വധൂഗൃഹത്തില്‍പോയി പുടവകൊടുത്താണ് വിവാഹം നടത്തിയതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. വൈകാതെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് സന്ന്യാസത്തിന്റെ വഴിയിലേക്ക്. ക്ഷേത്രങ്ങളുടെ പരിസരം, കാവുകള്‍, കുന്നുകള്‍, കാടുകള്‍, സമുദ്രതീരങ്ങള്‍- ഇവയിലെല്ലാം ഒരു അവധൂതനായി എത്തി. വിശക്കുമ്പോള്‍ ജാതി നോക്കാതെ വീടുകളില്‍ എത്തി ഭിക്ഷ വാങ്ങി കഴിക്കും. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചു. സസ്യഭക്ഷണം നേരത്തേ ശീലിച്ച നാരായണ ഗുരു ഇക്കാലത്ത് മുക്കുവരുടെ ചാളകളില്‍നിന്നു ലഭിച്ച ചുട്ട മത്സ്യവും കഴിക്കാന്‍ മടികാട്ടിയില്ല. 'ഭക്ഷണ ഫാസിസം' ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബിജെപി-ആര്‍എസ്എസ് ശക്തികളുടെ കൂട്ടിലടച്ച തത്തകളായി എസ്എന്‍ഡിപി യോഗനേതൃത്വം മാറിയതിനാല്‍, അവര്‍ക്ക് ഗുരുവിന്റെ മതാതീത ജീവിതദര്‍ശനം ഇന്ന് അരോചകമായി തോന്നാം.

      
കേരള നവോത്ഥാനത്തിന്റെ പിതാവായി ഗുരു മാറുന്നതിന് തുടക്കമായത് 1887 ലെ അരുവിപ്പുറം പ്രതിഷ്ഠയാണല്ലോ. ശിവരാത്രിനാളില്‍ പുഴയില്‍നിന്നും ശിവലിംഗാകൃതിയിലെ ഒരു കല്ല് മുങ്ങിയെടുത്തു പുഴക്കരയിലെ കരിങ്കല്‍ത്തറയില്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രവും ചട്ടവട്ടങ്ങളും പിന്നാലെ വന്നത്. പ്രതിഷ്ഠയുടെ സമീപം അദ്ദേഹം എഴുതിവെച്ചു.                             
                                        ''ജാതി ഭേദം, മതദ്വേഷം
                                        ഏതുമില്ലാതെ സര്‍വരും
                                           സോദരത്വേന വാഴുന്ന
                                         മാതൃകാസ്ഥാനമാണിത്''

             ശിവപ്രതിഷ്ഠയിലൂടെ, ദൈവപ്രതിഷ്ഠയ്ക്ക് പുരോഹിതവര്‍ഗത്തിന് അധികാരമുള്ള ഒരു പരമ്പരാഗത രീതിശാസ്ത്രത്തെ തച്ചുതകര്‍ക്കുകയായിരുന്നു അദ്ദേഹം. ഈ അര്‍ഥത്തില്‍ പുരോഹിതവര്‍ഗത്തില്‍നിന്നുള്ള അധികാരം പിടിച്ചെടുക്കല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. അന്ന്, ശ്രീനാരായണന് 31 വയസ്സ്. ഈ നവോത്ഥാനമുഹൂര്‍ത്തം ഇന്ന് ഓര്‍ക്കാനിഷ്ടപ്പെടാത്ത സമുദായനേതാവാണ് വെള്ളാപ്പള്ളി. ബ്രാഹ്മണരുടെ എച്ചിലിലകളില്‍ ഉരുളുന്ന അനാചാരത്തിന് പ്രോത്സാഹനം നല്‍കുന്ന പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശര തീര്‍ത്ഥയാണല്ലോ ബിജെപിയുടെ തിരക്കഥ പ്രകാരം വെള്ളാപ്പള്ളി നടത്തിയ സമത്വമുന്നേറ്റ യാത്രയ്ക്ക് ജ്യോതി പ്രകാശനം നടത്തിയത്. കര്‍ണാടകത്തിലെ ദളിത് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സ്വാമിയാണ് പേജാവര്‍ മഠാധിപതി. ദളിതര്‍ക്ക് ചായയും വെള്ളവും ചിരട്ടയില്‍ നല്‍കുന്ന ആചാരത്തിന്റെ ആശാന്‍. ബ്രാഹ്മണന്റെ എച്ചിലിലകളില്‍ ശയനപ്രദക്ഷിണം നടത്തിയാല്‍ പിന്നോക്കക്കാര്‍ക്ക് ജീവിതമോക്ഷവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് പ്രചരിപ്പിക്കുന്ന സ്വാമി. കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ ന്യായീകരിച്ച സന്ന്യാസി. ഇത്തരക്കാരുമായുള്ള കൂട്ടുകെട്ടില്‍ തുടരുമ്പോള്‍ ഗുരുവിളംബരത്തിന്റെ ശതാബ്ദി വിസ്മരിക്കുന്നത് അത്ഭുതകരമല്ല.
  
               
ജാതി-മതഭേദമെന്യേയാണ് ഗുരു ശിഷ്യരെ ചേര്‍ത്തിരുന്നത്. വ്യത്യസ്ത ജാതി-മതങ്ങളില്‍പെട്ടവര്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്. അവരില്‍ ജന്മംകൊണ്ട് ബ്രാഹ്മണരും നായന്മാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയിരുന്നവരെല്ലാമുണ്ടായിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥര്‍ സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്നയാളാണ്. പക്ഷേ, 'ഡീക്ലാസിഫൈ' ചെയ്യിപ്പിച്ചു. ഗുരുവിന്റെ ആദ്യത്തെ ഇംഗ്ലീഷ് ജീവചരിത്രമെഴുതിയ അഡ്വ. പരമേശ്വരമേനോനാണ് ഗുരുവില്‍നിന്നും ദീക്ഷ സ്വീകരിച്ച് ധര്‍മ്മതീര്‍ത്ഥസ്വാമികളായത്. മറ്റൊരു ശിഷ്യന്‍ ഏണസ്റ്റ് കെര്‍ക് ഇംഗ്ലണ്ടിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചയാളായിരുന്നു. മറ്റൊരു ശിഷ്യനായ കൊളംബില്‍ ഖാദര്‍ ഒരു മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. തന്റെ അനന്തരാവകാശിയായി നിര്‍ദേശിച്ചത് പൂര്‍വാശ്രമത്തില്‍ നായര്‍ കുടുംബത്തില്‍പ്പെട്ടയാളെയാണ്. വില്‍പത്രത്തില്‍ തന്റെ അനന്തരാവകാശിയായി പേര് രജിസ്റ്റര്‍ ചെയ്തത് ബോധാനന്ദ സ്വാമികളെയായിരുന്നു. ഇങ്ങനെ നന്നായി തീരേണ്ട, ഒന്നായി തീരേണ്ട മനുഷ്യരായിരുന്നു ഗുരുവിന്റെ സങ്കല്‍പം. ഇത് തിരിച്ചറിയാനുള്ള കണ്ണ് സംഘപരിവാറിന്റെ കണ്ണട വച്ചിരിക്കുന്നതിനാല്‍ എസ്എന്‍ഡിപി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി കുടുംബത്തിന് കൈമോശം വന്നിരിക്കുന്നു.

             
പള്ളത്ത് രാമന്റെ 'മിത്രകാന്തി' എന്ന ഖണ്ഡകാവ്യം വായിച്ചു കേട്ടിട്ട് സ്വാമികള്‍ രാമനോട് ഇങ്ങനെയാണ് പറഞ്ഞത്, ''നായിക മുക്കുവത്തിയും നായകന്‍ ഈഴവനും. കൊള്ളാമല്ലോ, മീനും കള്ളും നല്ലവണ്ണം ഇണങ്ങും, അല്ലേ?'' ഇതില്‍ തെളിയുന്നത് ഗുരുവിന്റെ നര്‍മ്മം മാത്രമല്ല, ക്രിസ്ത്യാനിയും ഹിന്ദുവും ഹിന്ദുക്കളും അഹിന്ദുക്കളും യോജിച്ച് കഴിയേണ്ടവരാണെന്ന കാഴ്ചപ്പാടാണ്. മനുഷ്യരൊന്നാണ് എന്ന തന്റെ ഉറച്ച വിശ്വാസം 1925 ല്‍ മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും ഗുരു പ്രകടിപ്പിച്ചത് ഈ വേളയില്‍ ഓര്‍ക്കുന്നത് നന്ന്. ഹിന്ദുമതത്തിലെ വര്‍ണാശ്രമധര്‍മ്മത്തെപ്പറ്റിയുള്ള സംവാദത്തില്‍ ഗുരു ഗാന്ധിജിക്ക് പുതുവെളിച്ചം പകര്‍ന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിയും മതവുമെല്ലാം പ്രകൃത്യാ ഉള്ളതാണെന്ന വിശ്വാസം ഗാന്ധിജി പ്രകടിപ്പിച്ചു. ഒരു മാവ് ചൂണ്ടിക്കാട്ടിയിട്ട്, ''ആ മരത്തിലെ ഇലകളെല്ലാം ആകൃതിയില്‍ വ്യത്യസ്തമായിരിക്കുന്നു. അതുപോലെ മനുഷ്യര്‍ പല ജാതിയിലും മതത്തിലുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അതു സ്വാഭാവികം മാത്രം''. ഗാന്ധിജിയുടെ ഈ അഭിപ്രായം കേട്ട് പുഞ്ചിരിച്ച് ഗുരു പ്രതികരിച്ചതാകട്ടെ, ഇപ്രകാരമാണ്. ''ആകൃതിയില്‍ വ്യത്യാസമുള്ള ആ ഇലകള്‍ ചവച്ചു നോക്കൂ. എല്ലാറ്റിനും ഒരേ രുചിയും ഗുണവും. അതുപോലെയാണ് മനുഷ്യനും. എല്ലാവരും ഒരേ സത്തയുടെ ആവിഷ്‌കാരങ്ങള്‍.'' ഇങ്ങനെ വിവിധ ജാതികളിലും മതങ്ങളിലും പിറന്നവരായ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം നല്‍കിയ ഗുരു തന്റെ 60-ാം വയസ്സില്‍ നല്‍കിയ ''നമുക്ക് ജാതിയില്ല'' എന്ന വിളംബരം വര്‍ത്തമാനകാലത്ത് ഗുരുവിനെ കൂടുതല്‍ അറിയുന്നതിനുള്ള അവസരമാണ്. ആ അറിവിനെ കാവിക്കൊടി പുതപ്പിച്ച് മറയ്ക്കാനാകില്ല എന്ന് എസ്എന്‍ഡിപി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിമാര്‍ ഓര്‍ക്കുന്നത് നന്ന്. ഗുരുവിനെ വിസ്മരിക്കുന്ന ഈ നേതൃത്വത്തെ കഴിഞ്ഞ തദ്ദേശഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍തന്നെ യോഗം പ്രവര്‍ത്തകരും ശ്രീനാരായണീയരും തിരിച്ചറിഞ്ഞിട്ടുണ്ട്.

Post a Comment