കേരളം വേണ്ടെന്ന് പറഞ്ഞവർ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                        ചെന്നൈയിലിരുന്ന് കേരളത്തിന്റെ 60 വർഷത്തെ കുറിച്ച് ചിന്തിക്കുമ്പോൾ കേരളപ്പിറവി തടയാൻ ഈ നഗരത്തിലെ താമസക്കാരായ ചില മലയാളികൾ നടത്തിയ അവസാന നിമിഷ ശ്രമം ഓർക്കാതിരിക്കുന്നതെങ്ങനെ?

                              മദിരാശി മലയാളികളുടെ പ്രമുഖ സംഘടനയായ മദ്രാസ് കേരള സമാജം 1950കളിൽ ഐക്യകേരള രൂപീകരണത്തെ ശക്തമായി പിന്തുണച്ചിരുന്നു. അതിന്റെ അദ്ധ്യക്ഷൻ ഡോ. സി.ആർ. കൃഷ്ണപിള്ള മദിരാശിയിൽ നിന്ന് ജയകേരളം എന്നൊരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു അക്കാലത്ത് മാതൃഭൂമി കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്ന മലയാള വാരിക.

                   ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഗാന്ധി ആണ്. ഈസ്റ്റ് ഇൻഡ്യ കമ്പനി  കൽക്കത്ത, ബോംബേ, മദ്രാസ് എന്നിവിടങ്ങളിൽ രൂപീകരിച്ച മൂന്ന് പട്ടാളങ്ങൾ വെട്ടിപ്പിടിച്ച  പ്രദേശങ്ങളടങ്ങുന്ന ബ്രിട്ടീഷ് ഇന്ത്യയും കമ്പനി ബഹദൂറിന്റെ പരമാധികാരം അംഗീകരിച്ച  രാജാക്കന്മാരുടെ രാജ്യങ്ങളും അടങ്ങുന്നതായിരുന്നു അന്നത്തെ ഇന്ത്യാ മഹാരാജ്യം. കോൺഗ്രസിൽ ആധിപത്യം നേടിയ ഗാന്ധി അതിന്റെ കീഴ്ഘടകങ്ങളെ ഭാഷാപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിച്ചു. സ്വാതന്ത്ര്യം നേടിയശേഷം സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യം നേടിയപ്പോൾ നെഹ്രു സർക്കാർ അതിനെ മുൻഗണന അർഹിക്കുന്ന വിഷയമായി കണ്ടില്ല.
                               പോട്ടി ശ്രീരാമുലു എന്ന ഗാന്ധിശിഷ്യൻ മദ്രാസ് സംസ്ഥാനത്തിലെ തെലുങ്കു പ്രദേശങ്ങളെ വേർപെടുത്തി ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബുലുസു സാംബമൂർത്തി എന്ന തെലുങ്ക് കോൺഗ്രസ് നേതാവിന്റെ മദിരാശിയിലെ വീട്ടിൽ 1955 ഒക്ടോബർ 19ന് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.. ശ്രീരാമുലുവിന്റെ ആരോഗ്യനില വഷളായപ്പോൾ തെലുങ്കു പ്രദേശത്ത് ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തും അവർ തീവണ്ടികൾ തടഞ്ഞു. സമരക്കാർ ചരക്കു വണ്ടികൾ കുത്തി തുറന്ന് അരിയെടുത്ത് ഭക്ഷണമുണ്ടാക്കി വിശപ്പടക്കി. നെഹ്രുവും മുഖ്യമന്ത്രി കെ. കാമരാജും അനങ്ങിയില്ല.

                                       തെലുങ്ക് പ്രദേശത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ടി. പ്രകാശത്തെ മുന്നിൽ നിർത്തി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിതര സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗവർണർ ജനറലായും കേന്ദ്ര മന്ത്രിയായും സേവനമനുഷ്ടിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്ന രാജഗോപാലാചാരിയെ കോൺഗ്രസ് 1952 രണ്ടാം തവണ മദ്രാസ് മുഖ്യമന്ത്രിയാക്കിയിരുന്നു. അധികാരം ഏറ്റെടുത്ത വേളയിൽ അദ്ദേഹം പറഞ്ഞു:“കമ്മ്യൂണിസ്റ്റുകാരാണ് എന്റെ ഒന്നാം നമ്പർ ശത്രു. കോൺഗ്രസിതര കക്ഷികൾ ഉയർത്തിയ ഭീഷണി നീങ്ങിയതിനെ തുടർന്ന് 1954 കാമരാജ്  മുഖ്യമന്ത്രിപദം ഏറ്റെടുത്തു.

                                ഡിസംബർ 15ന്, സത്യഗ്രത്തിന്റെ 58ആം ദിവസം, ശ്രീരാമുലു മരിച്ചുഅദ്ദേഹത്തിന്റെ മൃതദേഹവുമായി തെലുങ്കർ നഗരത്തിലൂടെ നടത്തിയ കൂറ്റൻ വിലാപയാത്ര ഹിന്ദു പത്രത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കണ്ട ഓർമ്മ ഇപ്പോഴും മനസിലുണ്ട്. അന്ന് മദിരാശിയിലും അക്രമങ്ങൾ നടന്നു.

                                      ഡിസംബർ 19ന് നെഹ്രു ആന്ധ്ര സംസ്ഥാനം രൂപീകരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം കേന്ദ്രം ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ ജസ്റ്റിസ് ഫസൽ അലി അദ്ധ്യക്ഷനും കെ.എം. പണിക്കർ, ഹൃദയ നാഥ് കുൺസ്രു എന്നിവർ  അംഗങ്ങളുമായുള്ള ഒരു കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.

                                     ഭാഷാസംസ്ഥനങ്ങൾ എന്ന ആശയം മുന്നോട്ടു വെച്ചത് കോൺഗ്രസ് ആണെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അതേറ്റെടുത്തു. വിശാലാന്ധ്ര എന്ന പേരിൽ ഒരു തെലുങ്കു സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം പ്രചരിപ്പിക്കാൻ പി. സുന്ദരയ്യ 1945 ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. .എം.എസ്. നമ്പൂതിരിപ്പാട്ഒന്നേകാൽ കോടി മലയാളികൾ, “കേരളം മലയാളികളുടെ മാതൃഭൂമിഎന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ എഴുതി.

                                      ഐക്യകേരളം വരുമെന്നായപ്പോൾ മദിരാശിയിലെ ചില മലയാളികൾ അതിനെതിരെ സമ്മേളനം സംഘടിപ്പിച്ചു. നേരത്തെ ഐക്യകേരളത്തെ അനുകൂലിച്ചിരുന്ന കെ. കേളപ്പനാണ് അത് ഉത്ഘാടനം ചെയ്യാനെത്തിയത്. കേരളം ഒന്നായാൽ കമ്മ്യൂണിസ്റ്റുകാർക്ക് മുൻകൈ ലഭിക്കുമെന്ന ഭയമാണ് കേളപ്പനെ എതിർ ചേരിയിൽ എത്തിച്ചത്. സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ  ട്രാവൻകോർ നാഷനൽ ൻഡ് കൊയിലോൺ ബാങ്ക് തകർക്കാനെടുത്ത നടപടികളുടെ ഫലമായി ജയിൽവാസം അനുഭവിച്ചശേഷം തിരുവിതാം-കൂർ വിട്ട് മദിരാശിയിൽ താമസമാക്കിയ വ്യവസായി സി.പി. മാത്തൻ ആയിരുന്നു.

                                                  ആരൊക്കെയാണ് കേരള സംസ്ഥാനത്തെ എതിർക്കാനെത്തുന്നതെന്നറിയാനായി സമ്മേളനം നടക്കുന്ന ആർമീനിയൻ സ്ട്രീറ്റിലെ ഹാളിലെത്തിയപ്പോൾ സ്റ്റാൻലി മെഡിക്കൽ കോളെജിലെ നിരവധി വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അവിടെ സ്ഥലം പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു. പരിചയമുള്ള ഒരു വിദ്യാർത്ഥിയോട് അവർ കേരള സംസ്ഥാനത്തെ എതിർക്കുന്നതിന്റെ കാരണം ഞാൻ തിരക്കി. ഒരെതിർപ്പും ഇല്ലെന്ന് സുഹൃത്ത് പറഞ്ഞു. കോളെജിലെ ഒരു പ്രൊഫസർ നിർദ്ദേശിച്ചതനുസരിച്ചാണ് അവർ വന്നത്. പ്രാക്ടിക്കൽസിൽ തോല്പിക്കാൻ കഴിയുന്നയാളായതുകൊണ്ട് പ്രൊഫസറെ ധിക്കരിക്കനാകില്ല. അതുകൊണ്ട് അവർ വന്നു നിശ്ശബ്ദരായി ഇരുന്നു.       
                                     ഡോ. കൃഷ്ണപിള്ള സമ്മേളന സ്ഥലത്തെത്തി സംഘാടകരോട് സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു. അവർ) അവശ്യം അംഗീകരിച്ചുഅദ്ദേഹത്തിന്റെ പ്രസംഗത്തോടുള്ള പ്രതികരണം സദസ്യരിൽ ഭൂരിഭാഗവും ഐക്യകേരളത്തെ അനുകൂലിക്കുന്നവരാണെന്ന് വ്യക്തമാക്കി. അതോടെ സംഘാടകരുടെ പദ്ധതി പാളി.

                               സംസ്ഥാന പുന:സംഘടനാ കമ്മിഷൻ മദിരാശിയിൽ വന്നപ്പോൾ ഞങ്ങൾ ചിലർ കെ.എം. പണിക്കരെ കണ്ടു. സംസാരത്തിനിടയിൽ ആരൊ ഐക്യകേരളവിരുദ്ധ സമ്മേളനത്തിന്റെ കാര്യം പറഞ്ഞു. “നിങ്ങൾക്ക് വേണമെങ്കിലും ഇല്ലെങ്കിലും കേരള സംസ്ഥാനം വരും,“ എന്നായിരുന്നു പണിക്കരുടെ പ്രതികരണം.
( ബി ആർ പി ഭാസ്കർ കേരളപ്പിറവിയോടനുബന്ധിച്ച് സോഷ്യൽ നെറ്റ് വർക്കിൽ എഴുതിയ ലേഖനം

1 comment :

  1. ഐക്യകേരളം വരുമെന്നായപ്പോൾ മദിരാശിയിലെ ചില മലയാളികൾ അതിനെതിരെ സമ്മേളനം സംഘടിപ്പിച്ചു. നേരത്തെ ഐക്യകേരളത്തെ അനുകൂലിച്ചിരുന്ന കെ. കേളപ്പനാണ് അത് ഉത്ഘാടനം ചെയ്യാനെത്തിയത്. കേരളം ഒന്നായാൽ കമ്മ്യൂണിസ്റ്റുകാർക്ക് മുൻ‌കൈ ലഭിക്കുമെന്ന ഭയമാണ് കേളപ്പനെ എതിർ ചേരിയിൽ എത്തിച്ചത്. സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ ട്രാവൻ‌കോർ നാഷനൽ ആ‍ൻഡ് കൊയിലോൺ ബാങ്ക് തകർക്കാനെടുത്ത നടപടികളുടെ ഫലമായി ജയിൽവാസം അനുഭവിച്ചശേഷം തിരുവിതാം-കൂർ വിട്ട് മദിരാശിയിൽ താമസമാക്കിയ വ്യവസായി സി.പി. മാത്തൻ ആയിരുന്നു.

    ReplyDelete