ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും..................

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                             ഇതെഴുതി എഴുതി ക്ലീഷേയായെങ്കിലും ഓരോ കോപ്രായങ്ങൾ കാണുമ്പോൾ വീണ്ടും എഴുതാതിരിക്കുന്നതെങ്ങനെ?ഇന്നത്തെ മാതൃഭൂമിയിലേയും ദേശാഭിമാനിയിലേയും മുഖ്യവാർത്തയാണ് വിഷയം.മാതൃഭൂമി കെട്ടിലും മട്ടിലും മാറ്റംവരുത്തി ഫോണ്ട് മാറ്റി സുന്ദരിയായിട്ടുണ്ട്.എന്നാൽ ആ സൗന്ദര്യം മാതൃഭൂമിയുടെ നിലവിലെ മുഖ്യവിഷയമായ മാർക്സിസ്റ്റ് വിരോധത്തിൽ തട്ടി അനുഭവവേദ്യമാവാതെ പോകുന്നു.മാതൃഭൂമി എന്നുകേൾക്കുമ്പോൾ തന്നെ ഓടിരക്ഷപ്പെടാൻ തുടങ്ങുന്നു ആളുകൾ.
               ഇന്നത്തെ മാതൃഭൂമിയും ദേശാഭിമാനിയും നോക്കൂ.രണ്ടു പത്രങ്ങളും മുഖ്യവാർത്തയായി കൊടുത്തിരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയുടെ പിളിറ്റ്ബ്യൂറോ വിശേഷങ്ങളാണ്.ദേശാഭിമാനി പറയുന്നു,"നിർദിഷ്ട ബാങ്കിങ്ങ് ബിൽ, നിക്ഷേപകർക്കെതിരെയുള്ള കടന്നാക്രമണം:പിബി."മുൻപേജ് മുഴുവൻ ഈ ബില്ലിനേക്കുറിച്ചും ബില്ല് ജനങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളേക്കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്.മാതൃഭൂമിയോ?മാതൃഭൂമിയും പൊളിറ്റ്ബ്യൂറോ വിശേഷം തന്നെയാണ് പങ്കുവയ്ക്കുന്നത്,"പി ബി കാരാട്ടിനൊപ്പം" എന്നാണാ വാർത്ത.കോൺഗ്രസ്സ് ബന്ധം സി പി എമ്മിൽ ഭിന്നത, തീരുമാനം കേന്ദ്രകമ്മിറ്റിയ്ക്കു വിട്ടു.ഇത് അടിവാർത്തകളും.
                      പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായ സമ്മേളനങ്ങൾ നടക്കുന്നു.ഈ സമ്മേളനത്തിൽ വയ്ക്കേണ്ട റിപ്പോർട്ട് ചർച്ച ചെയ്ത് രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.ലോകത്തുള്ള മുഴുവൻ പ്രശ്നങ്ങളോടുള്ള പ്രതികരണത്തോടുമൊപ്പം കോൺഗ്രസ്സ് ബന്ധവും(പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഇത് വളരെ പ്രധാനം) ചർച്ഛയാകും.പാർട്ടി എന്നാൽ പല ജനങ്ങളുള്ളതിനാൽ പല അഭിപ്രായങ്ങളും പൊന്തിവരും,സ്വാഭാവികം.അവ എങ്ങനെയാണ് പരിഹരിക്കുക എന്നത് എല്ലാവർക്കുമെന്ന പോലെ മാതൃഭൂമിയ്ക്കുമറിയാം. അത് അടുത്ത ഘടകമായ കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യും, തിരിച്ചും മറിച്ചും പലവട്ടം ചർച്ച ചെയ്ത് ആശയവ്യക്തതയുണ്ടാക്കും.അത്രതന്നെ.അവിടേയും തീർന്നില്ലെങ്കിൽ അത് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കും.അതാണ് അന്തിമവിധിയുടെ സ്ഥലം.ഇതൊക്കെ മാതൃഭൂമിയ്ക്കറിയാം.അങ്ങനെ വിചാരിച്ചാൽ റിപ്പോർട്ട് ചെയ്താൽ മാതൃഭൂമിയുടെ അവതാരോദ്ദേശം സാധിക്കുകയില്ലല്ലോ?ഏത് മാർക്സിസ്റ്റ് പാർട്ടിയെ കുത്തുക എന്നത്!.അതുകൊണ്ട് പ്രധാനപ്രശ്നമായ പി എഫ് ആർ ഡി എ ബില്ല് അവിടെ നിൽക്കട്ടെ, ജനമിത്രമായ  പാർട്ടിയേ ഒതുക്കാം.
            പക്ഷേ ഒരു കാര്യത്തിനു മാതൃഭൂമിയെ നാം നന്ദിപൂർവം സ്മരിക്കേണ്ടതാണ്,മാർക്സിസ്റ്റ് പാർട്ടിയിലെങ്കിലും നേതാക്കളുടെ തിരുവാ വായ്ക്കൈ പൊത്തി ശിരസ്സാ വഹിക്കുന്ന അണികളല്ല ഉള്ളത്.കോൺഗ്രസ്സിലും ബി ജെ പിയിലേയും സ്ഥിതിയെന്താ?രാഹുൽ (ഇപ്പോൾ) അല്ലെങ്കിൽ അമിട്ട് പ്രഖ്യാപിക്കും,നാളെ മുതൽ എല്ലാവരും തലകുത്തി നിന്നോളണം.അണികൾക്കത് വേദവാക്യമാണ്!,അവരത് കൈമെയ് മറന്ന് പൊതുജനത്തിനുമേൽ ഇടിച്ചുകേറ്റിക്കൊള്ളും.എന്നാൽ മാർക്സിസ്റ്റ് പാർട്ടിയിലങ്ങിനെ ഒരു നേതാവ് പ്രഖ്യാപിക്കാനില്ല എന്നും ചർച്ചകളിലൂടെയാണ് തീരുമാനമെടുക്കുന്നതെന്നും ആ ചർച്ചയിൽ വിവിധ അഭിപ്രായങ്ങൾ ഉയർനുവരാമെന്നും അതിൽ വ്യക്തത വരുത്തിയാണ് തീരുമാനമാകുന്നതെന്നും മാതൃഭൂമി ഭംഗ്യന്തരേണ ജനങ്ങളോടു പറഞ്ഞല്ലോ! നന്ദിയുണ്ട്!!

No comments :

Post a Comment