ഞാൻ ആരോടും ഒപ്പമല്ല.

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

         
              ഒരു പെൺകൊച്ച് മമ്മൂട്ടിയേക്കുറിച്ചെന്തോ പറഞ്ഞെന്നും പറഞ്ഞ് മുഖപുസ്തകത്തിൽ (FaceBook) ആ പെൺകുട്ടിയേയും അവളുടെ കൂട്ടാളികളേയും ഓടിച്ചിട്ടടിക്കുകയാണ് മലയാളി ആണുങ്ങൾ.ഒരു സിനിമയിൽ മമ്മുട്ടി പറഞ്ഞ ഡയലോഗ് സ്ത്രീവിരുദ്ധമാണെന്നായിരുന്നു ആ കുട്ടി പറഞ്ഞത്.സത്യത്തിൽ ആ അഭിപ്രായത്തിൽ മമ്മുട്ടി വന്നുചേർന്നു എന്നതല്ലാതെ മമ്മുട്ടിയ്ക്ക് അതിൽ പ്രത്യേക റോളൊന്നുമില്ല എന്നാണെനിക്കു തോന്നുന്നത്.ഏതോ ഒരു സംഭാഷണരചയിതാവ് മമ്മുട്ടിയുടെ വായിൽ തിരുകി വച്ചതാണ് ആ ഡയലോഗ്.എന്നാൽ യഥാർത്ഥ ജീവിതത്തിൽ മമ്മുട്ടി എന്ന നടൻ വളരെ ഡീസന്റായ മനുഷ്യനാണെന്നാണ് എന്റെ അറിവ്.ശരിയാവാം തെറ്റാവാം.അപ്പോൾ ഒരു രചയിതാവ് സന്ദർഭത്തിനനുസരിച്ച് എഴുതി വച്ച ഒരു ഡയലോഗ് ഭൂമിമലയാളത്തെ വല്ലാതെ മാറ്റി മറിക്കാനൊന്നും പോകുന്നില്ല.മമ്മുട്ടി ആയിപ്പോയി ആ ഡയലോഗ് പറഞ്ഞതെന്നല്ലാതെ അങ്ങേർക്ക് ആ പറഞ്ഞ ആശയത്തോട് യോജിപ്പുണ്ടാവണമെന്നില്ല.(പണ്ട് മലയാളസിനിമയിലെ ഏറ്റവും വലിയ ബലാൽസംഗവീരൻ ജോസ് പ്രകാശോ ബാലൻ.കെ.നായരോ ഒക്കെ ആയിരുന്നെങ്കിലും നിത്യജീവിതത്തിൽ അവരൊക്കെ മാന്യന്മാരായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്.)
                   ഇനി ഇത്തരം ഡയലോഗുകൾ ജനങ്ങളിൽ ചീത്ത കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണെങ്കിൽ അത്തരമൊരു ജനതയല്ല കേരളത്തിലേത്.ഒരു നടന്റെ സിനിമ ഡയലോഗ് കേട്ട് ചീത്തയാവാനുള്ള പോഴത്തം മലയാളിക്കുണ്ടെന്നു തോന്നുന്നില്ല. എങ്കിലും അഭിപ്രായസ്വാതന്ത്ര്യമുള്ള നാട്ടിൽ സ്വന്തം അഭിപ്രായം മുഖം നോക്കാതെ പറഞ്ഞ ആ പെൺകുട്ടിയുടെ ധീരതയെ നമ്മൾ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.പ്രത്യേകിച്ചും "നിങ്ങൾ പറയുന്നതിനെ ഞങ്ങൾ എതിർക്കുന്നു,എന്നാൽ അതു പറയാനുള്ള സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടാനും ഞങ്ങൾ തയ്യാറാണ്", എന്ന ആപ്തവാക്യം മുറുകെപ്പിടികുന്ന യുവാക്കളുള്ള കേരളത്തിൽ.
                  എന്നാൽ കേരളത്തിലെ യുവതലമുറ ഈ അഭിപ്രായപ്രകടനത്തെ നേരിട്ട രീതി തികച്ചും മോശമായതായിപ്പോയി എന്ന് പറയാതിരിക്കാൻ വയ്യ.ആ കുട്ടി പറഞ്ഞതിനോട് നമുക്ക് വിയോജിക്കാം,എന്നാൽ അവർക്കത് പറയാനുള്ള സ്വാതന്ത്ര്യത്തെ നമ്മൾ മാനിച്ചേ മതിയാകൂ.ആ ഒരു സമീപനമാണോ നമ്മൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് അവർക്കെതിരെ ഘോരഘോരം ഗർജ്ജിച്ച , ഇപ്പോഴും ഗർജ്ജിച്ചുകൊണ്ടിരിക്കുന്ന പുരുഷസിംഹങ്ങൾ ഒന്ന് ആത്മപരിശോധന നടത്തണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്.അഭിപ്രായം പറഞ്ഞ ആ നടിയേയും അവരുടെ കൂട്ടാളികളേയും നമ്മൾ യുക്തിപൂർവം നമ്മുടെ വാദഗതികൾ പറഞ്ഞുമനസ്സിലാക്കിക്കുകയല്ലേ നല്ല ശരിയായ നടപടി?അതിനു പകരം അവരൊന്നും നാളിതുവരെ കേട്ടിട്ടില്ലാത്ത പുതിയ അശ്ലീലവാക്കുകളിൽ സംബോധന ചെയ്ത് ചീത്ത പറയുമ്പോൾ,അവഹേളിക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മളെതന്നെയല്ലേ നമ്മൾ അവഹേളിക്കുന്നത്? യുദ്ധത്തിലാണെങ്കിൽ പോലും സ്ത്രീകളോടും കുട്ടികളോടും മാന്യത കാണിക്കണമെന്നുതന്നെയല്ലേ നമ്മുടെ മരിച്ചു മണ്ണടിഞ്ഞ് നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുന്ന കാർണോന്മാർ നമ്മളെ പഠിപ്പിച്ചത്?നമ്മുടെ വിശുദ്ധഗ്രന്ഥങ്ങളും നമ്മേ പഠിപ്പിച്ചതിതുതന്നെ! എന്നിട്ടു നാം കാട്ടിക്കൂട്ടുന്നതോ? അവരും അവരുടെ കൂട്ടുകാരും (അതുംകഴിഞ്ഞ് കൂട്ടുകാരിയുടെ ഭർത്താവ് സംവിധാനം ചെയ്ത) സിനിമകൾ പോലും കാണരുതെന്ന് ആഹ്വാനം ചെയ്യുന്നു.ഇതൊക്കെ ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നിരിക്കുന്നത് എന്നറിയാൻ താല്പര്യമുണ്ട്.
             ഏതായാലും ഇത്തരം തെറിവിളികൾ അവസാനിപ്പിച്ച്  ഒരാത്മപരിശോധനയ്ക്കു സമയമായി എന്നുമാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ.അതോടൊപ്പം ഈ പ്രശ്നത്തിൽ ഞാൻ ആരോടും ഒപ്പമില്ല എന്നും പ്രഖ്യാപിക്കുന്നു.
Post a Comment